
വലിയ പ്രതീക്ഷകളോടെ ഉപജീവനത്തിനായി വാങ്ങിയ വാഹനം നിരന്തരം തകരാറിലായതിലും, അത് നന്നാക്കി നൽകാൻ കമ്പനി വിസമ്മതിച്ചതിലും പ്രതിഷേധിച്ച് യുവതി സ്വന്തം ഇ-റിക്ഷയ്ക്ക് തീയിട്ടു. മധ്യപ്രദേശിലെ ശിവ്പുരിയിലാണ് ഈ സംഭവം നടന്നത്. ഫക്കർ കോളനി നിവാസിയായ ഗുഡിയ മഹാർ എന്ന യുവതിയാണ് തന്റെ ഏക വരുമാന മാർഗമായിരുന്ന വാഹനം പെട്രോളൊഴിച്ച് കത്തിച്ചത്.
ദിവസക്കൂലിക്കാരായ ഗുഡിയയും ഭർത്താവ് നാരായൺ മഹാറും തങ്ങളുടെ മൂന്ന് കുട്ടികളെ വളർത്താൻ സ്ഥിരമായ ഒരു വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇ-റിക്ഷ വാങ്ങിയത്. ഏകദേശം 2.30 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ വിലവരുന്ന വാഹനം ഫിനാൻസ് വഴിയാണ് ഇവർ സ്വന്തമാക്കിയത്. കൂലിപ്പണിയിൽ നിന്നുള്ള അനിശ്ചിതമായ വരുമാനത്തിന് പകരമായി ഈ വാഹനം കുടുംബത്തിന് വലിയൊരു പ്രതീക്ഷയായിരുന്നു.
വാഹനം വാങ്ങി രണ്ട് മാസം തികയും മുമ്പേ അത് പണിമുടക്കി. കഴിഞ്ഞ നാല് മാസമായി വാഹനം നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ഗുഡിയ ഏജൻസിയിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ ഓരോ തവണയും അവരെ തിരിച്ചയക്കുകയായിരുന്നു. വാഹനം ഓടിക്കാൻ കഴിയാതെ വീട്ടിൽ ഇരിക്കുമ്പോഴും ലോൺ തിരിച്ചടയ്ക്കേണ്ടി വന്നത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി.
സഹികെട്ട ഗുഡിയ താൻ വാഹനം വാങ്ങിയ അതേ ഏജൻസിക്ക് മുന്നിലെ തിരക്കേറിയ ചന്തയിൽ വെച്ച് ഇ-റിക്ഷയ്ക്ക് തീയിടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ ശ്രമിച്ച ഒരു സാധാരണ കുടുംബത്തിന്റെ ഏക സ്വത്താണ് ഒരു നിമിഷത്തെ പ്രതിഷേധത്തിൽ ചാരമായത്.