മധ്യപ്രദേശിലെ ജബൽപൂരിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് 23 വയസ്സുള്ള സ്പാ ഓപ്പറേറ്ററെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. പ്രതികൾ പണം കവരുകയും, മർദ്ദനത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ജബൽപൂരിൽ 23 വയസ്സുള്ള സ്പാ ഓപ്പറേറ്ററെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ഹോട്ടൽ മുറിക്കുള്ളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. പ്രതികൾ 80,000 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിക്കുകയും 15,000 രൂപ പണമായി കൈവശപ്പെടുത്തുകയും ചെയ്തെന്ന് പോലീസ്. ഹോട്ടൽ മുറിയിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കത്തികാണിച്ച് തട്ടിക്കൊണ്ടുപോയി
സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ബെൽറ്റും കട്ടിയുള്ള കയറും ഉപയോഗിച്ച് പ്രതികൾ സ്പാ ഓപ്പറേറ്ററെ തുടർച്ചയായി മർദ്ദിക്കുന്നത് കാണാം. ഇയാൾ വേദന കൊണ്ട് കരയുകയും സഹായത്തിനായ അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടൽ നടത്തിപ്പുകാരൻ പ്രദീപ് പാണ്ടയാണ് അഭിഷേക് താക്കൂർ എന്ന സ്പാ ഓപ്പറേറ്ററെ യാദവ് കോളനിയിലേക്ക് വിളിച്ചുവരുത്തിയത്. ഇയാൾ സ്ഥലത്തെത്തിയതിന് പിന്നാലെ കത്തികാണിച്ച് തട്ടിക്കൊണ്ടുപോയി വിജയ് നഗറിലെ സീറോ ഡിഗ്രി പ്രദേശത്തിനടുത്തുള്ള ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ വച്ചായിരുന്നു മർദ്ദനം.
പഴയ സാമ്പത്തിക തർക്കം
ഹോട്ടൽ നടത്തിപ്പുകാരനായ സാഹിൽ ചൗധരിയുമായി അഭിഷേകിന് പണമിടപാട് സംബന്ധിച്ച് ഒരു പഴയ തർക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ മുമ്പും തർക്കമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. അഭിഷേകിനെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെ സാഹിൽ ചൗധരിയും കൂട്ടാളികളും ബെൽറ്റും കയറും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിന്‍റെ വീഡിയോ പ്രതികൾ തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നു. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. വീഡിയോയിൽ അഭിഷേക് കരഞ്ഞു കൊണ്ട് മർദ്ദനം അവസാനിപ്പിക്കാൻ പറയുന്നത് കാണാം.
വധഭീഷണിയുണ്ടെന്ന് കുടുംബം
ഹോട്ടൽ മുറിയിൽ വെച്ച് നടന്ന ആക്രമണത്തിന് ശേഷം പ്രതികൾ അഭിഷേകിനെ നിർബന്ധിച്ച് കാറിൽ കയറ്റുകയും നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്നതിനിടെ കാറിൽ വച്ചും മർദ്ദനം തുടർന്നെന്നും പോലീസ് പറഞ്ഞു. രാത്രി മുഴുവൻ പ്രതികൾ അഭിഷേകിനെ കസ്റ്റഡിയിൽ വച്ചതായും ഓൺലൈനായി 80,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ നിർബന്ധിച്ചതായും പിന്നീട് 15,000 രൂപ പണമായി വാങ്ങിയ ശേഷം വിട്ടയച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഭയം കാരണം അഭിലാഷ് ഭോപ്പാലിലേക്ക് പോയി. ഒപ്പം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും അദ്ദേഹത്തിന്‍റെ കുടുംബം പറയുന്നു. വധഭീഷണി ഉണ്ടായിരുന്നതായും അതിനാലാണ് സംഭവം നടന്നതിന് പിന്നാലെ പോലീസിനെ അറിയിക്കാതിരുന്നതെന്നും കുടുംബം അറിയിച്ചു.
മുമ്പ് അഭിഷേക് സാഹിൽ ചൗധരിക്കൊപ്പം ജോലി ചെയ്തിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് അഭിഷേത് സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. പഴയ ബിസിനസ്സ് തർക്കവുമായി ബന്ധപ്പെട്ടതാകാം ആക്രമണത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. വൈറലായ വീഡിയോയ്ക്ക് രണ്ട് ദിവസം പഴക്കമുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അഞ്ജന തിവാരി പറഞ്ഞു. പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്നും എത്രയും പെട്ടെന്ന് അറസ്റ്റുണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.


