ഉറക്കെ നിലവിളിച്ച് യാത്രക്കാരി, തൊട്ടടുത്തെത്തി അപകടം, എന്നിട്ടും റീൽ പ്രേമം വിടാതെ ഡ്രൈവർ!

Published : Mar 25, 2026, 11:40 AM IST
viral post

Synopsis

ഓട്ടോ ഓടിക്കുന്നതിനിടെ റീൽസ് കണ്ട് ഡ്രൈവർ. യാത്രക്കാരി നിലവിളിച്ചതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എന്നാല്‍, പിന്നെയും റീല്‍ കാണുന്നത് തുടര്‍ന്ന് ഡ്രൈവര്‍. വൈറലായി വീഡിയോ. 

സ്മാർട്ട്ഫോൺ അഡിക്ഷൻ ഇന്ന് സാധാരണമാണ്. ജോലിക്കിടയിൽ പോലും സോഷ്യൽ മീഡിയാ സ്ക്രോൾ ചെയ്യുന്നവരും റീൽസ് കണ്ടിരിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, ഒരു ഡ്രൈവറാണ് അങ്ങനെ ചെയ്യുന്നതെങ്കിലോ? സുരക്ഷയുടെ കാര്യത്തിൽ അതുണ്ടാക്കുന്ന ഭീഷണി എത്ര വലുതായിരിക്കും? അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓട്ടോ ഓടിക്കുന്നതിനിടയിൽ നിരന്തരം റീൽസുകൾ സ്ക്രോൾ ചെയ്ത ഡ്രൈവറുടെ ദൃശ്യങ്ങളാണ് ആകാൻക്ഷ എന്ന യാത്രക്കാരി എക്സിൽ (ട്വിറ്റർ) പങ്കുവെച്ചിരിക്കുന്നത്.

യാത്രയ്ക്കിടയിൽ റോഡിൽ ശ്രദ്ധിക്കുന്നതിന് പകരം ഫോണിൽ സോഷ്യൽ മീഡിയാ വീഡിയോകളിൽ മുഴുകിയിരിക്കുകയായിരുന്നു ഡ്രൈവർ. ഇതിനിടയിൽ മുന്നിലുണ്ടായിരുന്ന ട്രക്ക് റിവേഴ്സ് എടുത്തത് ഡ്രൈവർ ശ്രദ്ധിച്ചതു പോലും ഇല്ല. യാത്രക്കാരി ഉറക്കെ നിലവിളിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണ് ഡ്രൈവർ ബ്രേക്ക് ഇട്ടത്. ഇതോടെ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ, അതിലും ​ഗൗരവകരമായ ഇതൊന്നുമല്ല. ഇത്തരത്തിലുള്ള അപകടസാഹചര്യം ചൂണ്ടിക്കാട്ടി വീഡിയോ കാണരുതെന്ന് യാത്രക്കാരി ഡ്രൈവറോട് ശാന്തമായി ആവശ്യപ്പെട്ടു. എന്നാൽ, ആദ്യം ഇത് സമ്മതിച്ചെങ്കിലും അഞ്ച് മിനിറ്റിനുള്ളിൽ അയാൾ വീണ്ടും വീഡിയോകൾ കാണാൻ തുടങ്ങിയെന്നാണ് ആകാൻക്ഷ പറയുന്നത്.

'ഞാൻ വീഡിയോ റെക്കോർഡ് ചെയ്യുന്നത് അറിഞ്ഞിട്ടും അദ്ദേഹം അത് തടയാൻ ശ്രമിച്ചതല്ലാതെ ഫോൺ ഉപയോഗിക്കുന്നത് നിർത്തിയില്ല. ഇത് ദേഷ്യത്തേക്കാൾ ഉപരി ഭയമാണ് ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു ലഹരിയായി ഇത് മാറിയിരിക്കുന്നു' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്.

 

 

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. ഇത് വലിയ തരത്തിലുള്ള ആശങ്കയാണ് നെറ്റ്സൺസിലുണ്ടാക്കിയിരിക്കുന്നത്. 'ഇതൊരു അഡിക്ഷനാണ് എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ കഴിയില്ല, ഇത് മറ്റുള്ളവരുടെ കൂടി ജീവന്റെ പ്രശ്നമാണ്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഡ്രൈവർമാർ മാപ്പ് മിനിമൈസ് ചെയ്ത് യൂട്യൂബ് വീഡിയോകൾ കാണുന്നത് പതിവാകുകയാണെന്നും പലരും ചൂണ്ടിക്കാട്ടി. അതുപോലെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് ഇറങ്ങിപ്പോകണമെന്നും അധികൃതരെ അറിയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇതൊക്കെയാണ് പ്രണയം, കോരിത്തരിച്ച് നെറ്റിസൺസ്, യാത്രയ്ക്കിടെ ഭാര്യയെ വീഡിയോകോൾ ചെയ്ത് ഡ്രൈവർ, ചോദിച്ചത് ഇക്കാര്യം
നടുറോട്ടിൽ കുഞ്ഞിന് പാൽ കൊടുത്ത് അമ്മ; ഗതാഗതം നിലച്ചു; ഇതാണ് ഐഐടി മദ്രാസെന്ന് നെറ്റിസെൻസ്, വീഡിയോ വൈറൽ