
കൊറിയൻ സ്കിൻ ഇന്ന് വലിയ ട്രെൻഡിംഗ് ആണ്. തിളങ്ങുന്ന മുഖം കിട്ടാൻ എന്ത് വേണം എന്ന് പലരും ഇന്റർനെറ്റിൽ തിരയാറുണ്ട്. കൊറിയൻ ഗ്ലാസ് സ്കിന്നിന് വേണ്ടി എന്ന് കാണിച്ച് അനവധി പ്രൊഡക്ടുകളും ഇറങ്ങാറുണ്ട്. എന്നാൽ, ഈ പ്രൊഡക്ടുകളാണോ ആളുകളെ യംഗ് ലുക്കിംഗ് ആക്കുന്നത്. അല്ല അത് നമ്മുടെ ജീവിതരീതിയും ഭക്ഷണവും കാലാവസ്ഥയും എല്ലാം പെടും അല്ലേ? എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഹന്ന എന്ന യുവതി പങ്കുവച്ചിരിക്കുന്നത്.
തന്റെ 63 -കാരനായ അച്ഛൻ എങ്ങനെയാണ് യംഗ് ആയിരിക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്. വീഡിയോയിൽ ഹന്ന തന്റെ അച്ഛനൊപ്പം നിൽക്കുന്നത് കാണാം. എന്നാൽ, 63 -കാരനായ ഹന്നയുടെ അച്ഛന്റെ രൂപമാണ് പലരെയും അമ്പരപ്പിച്ചത്. അവർക്ക് വേണ്ടിയാണ് ഹന്ന ആ രഹസ്യം പങ്കുവയ്ക്കുന്നത്.
'പലരും തന്റെ അച്ഛനെ കണ്ടാൽ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവർക്ക് വേണ്ടി അച്ഛൻ ഒരു ദിവസം എന്താണ് കഴിക്കുന്നത് എന്ന് വെളിപ്പെടുത്താം' എന്നാണ് ഹന്ന പറയുന്നത്.
ഹന്നയുടെ അച്ഛന്റെ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂടുള്ള കട്ടൻ കാപ്പി കുടിച്ചുകൊണ്ടാണ്. പ്രഭാതഭക്ഷണത്തിന്, അദ്ദേഹം സാധാരണയായി വിചിത്രമായ കോമ്പിനേഷനുകളുള്ള സാലഡാണ് കഴിക്കുന്നത് എന്നാണ് ഹന്ന പറയുന്നത്. അതായത്, വാഴപ്പഴം പോലെയുള്ളവ ആ സാലഡിലുണ്ടാകുമെന്നും തനിക്ക് അതിന് പറ്റില്ല എന്നും ഹന്ന പറയുന്നു.
തന്റെ അച്ഛന് മച്ച ലാറ്റെ ഇഷ്ടമാണ് എന്നാണ് ഹന്ന അടുത്തതായി പറയുന്നത്. അതിൽ സോയ മിൽക്കുണ്ടാവും. എന്നാൽ മധുരമില്ലാതെയാണ് അത് കുടിക്കുന്നത്. അദ്ദേഹം പാലുൽപ്പന്നങ്ങളും പഞ്ചസാരയും പരമാവധി ഒഴിവാക്കും. അതേസമയം, തനിക്ക് മധുരമുള്ള മച്ച വേണം എന്നും ഹന്ന പറയുന്നു.
അതുപോലെ, വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ് ആണ് അദ്ദേഹം എപ്പോഴും തിരഞ്ഞെടുക്കുന്നത്. മാംസം മിക്കവാറും ഒഴിവാക്കും. അതുപോലെ ബീഫിന് പകരം ചിക്കൻ അല്ലെങ്കിൽ സീഫുഡ് ആണ് കഴിക്കുന്നത്. മദ്യം പൂർണ്ണമായും ഒഴിവാക്കും. എന്നാൽ, ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛന് നൂഡിൽസിനോട് നോ പറയാനാവില്ലെന്നും നൂഡിൽസ് ധാരാളം കഴിക്കുമെന്നും ഹന്ന പറയുന്നു. അതുപോലെ റോസ്റ്റഡ് ബ്ലാക്ക് ബീൻസാണ് ഇഷ്ടപ്പെട്ട സ്നാക്ക് എന്നും വീഡിയോയിൽ ഹന്ന വെളിപ്പെടുത്തി.
രണ്ട് വർഷം മുമ്പ് കാൻസർ കണ്ടെത്തിയതോടെയാണ് അച്ഛൻ ഇത്രയും കർശനമായ ഡയറ്റ് നോക്കി തുടങ്ങിയത് എന്നും അവൾ പറയുന്നു.