
സോഷ്യൽ മീഡിയയിൽ കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിക്കാനും മറ്റ് രസകരമായ മേഖലകളിൽ കൈവയ്ക്കാനും ആളുകൾ ഉപദേശിക്കാറുണ്ട്. കണ്ടന്റ് ക്രിയേറ്റർമാരാവുക, ട്രാവൽ ഇൻഫ്ലുവൻസർമാരാവുക തുടങ്ങിയ ഉപദേശങ്ങളാണ് പലരും നൽകുന്നത്. അങ്ങനെ ചെയ്യുന്നവരും ഒരുപാടുണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുമായിട്ടാണ് ഈ ടെക്കി രംഗത്തെത്തിയിരിക്കുന്നത്. യുക്ത എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജോലിയിൽ സ്ഥിരതയുണ്ട്, ജോലിക്കപ്പുറമുള്ള ജീവിതം ആസ്വദിക്കാൻ സമയവുമുണ്ടെങ്കിൽ ഒരു സാധാരണ 9-5 ജോലിയെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്നാണ് യുക്ത പറയുന്നത്.
തന്റെ ഫുൾ ടൈം ജോലിയിൽ താൻ സന്തോഷവതിയാണെന്നും, ഇത്തരം തൊഴിൽ ആസ്വദിക്കുന്നവരെ എന്തോ കുറഞ്ഞ കാര്യമാണ് തിരഞ്ഞെടുത്തിരിക്കുന്നെന്ന മട്ടിൽ കാണുന്നത് എന്തിനാണ് എന്നുമാണ് യുക്തയുടെ ചോദ്യം. 'നമുക്ക് 9 മുതൽ 5 വരെയുള്ള ജോലിയെ അംഗീകരിച്ചുകൂടേ? ഇത് മിഡ്‍വീക്കാണ്, ഞാൻ എന്റെ ജോലി തുടങ്ങാൻ പോവുകയാണ്. എന്റെ 9-5 ജോലിയിൽ ഞാൻ സന്തോഷവതിയാണ്, കാരണം എനിക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സുണ്ട്. എന്നാൽ, ഞാൻ ഇൻസ്റ്റഗ്രാം തുറക്കുമ്പോഴൊക്കെ ആളുകൾ പറയുന്നത് ജോലി ഉപേക്ഷിക്കൂ, ലോകം ചുറ്റി സഞ്ചരിക്കൂ എന്നാണ്. എന്നാൽ ഞാൻ പറയുന്നത്, 9 മുതൽ 5 വരെയുള്ള ഒരു ജോലി നിങ്ങളുടെ സ്വന്തം ജീവിതം ജീവിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല എന്നാണ്' അവർ വീഡിയോയിൽ പറഞ്ഞു.
ഫുൾ ടൈം ജോലി ഉണ്ടെന്നുവെച്ച് യാത്രകളോ കുടുംബത്തോടൊപ്പമുള്ള സമയമോ ഹോബികളോ മറ്റ് ലക്ഷ്യങ്ങളോ ഉപേക്ഷിക്കണമെന്നർത്ഥമില്ല. 'വാരാന്ത്യങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്യാം, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കം, പുതിയ കഴിവുകൾ പഠിക്കാം, അല്ലെങ്കിൽ രണ്ടാമതൊരു വരുമാന സ്രോതസ്സ് ഉണ്ടാക്കാം. ഒരു 9-5 ജോലിയിലും സാധ്യതകൾ അനന്തമാണ്. നിങ്ങൾക്ക് എന്നെ അറിയാമെങ്കിൽ, ഒരു ഫുൾടൈം ജോലി ചെയ്തുകൊണ്ട് തന്നെ ഞാൻ ഒരുപാട് യാത്ര ചെയ്യാറുണ്ട്. അതിനാൽ, ആളുകൾ അവരുടെ 9-5 ജോലി ആസ്വദിക്കുന്നു എന്നതിന്റെ പേരിൽ മാത്രം അവരെ മോശക്കാരായി ചിത്രീകരിക്കുന്നത് നിർത്തുക. ചിലർ ഇത് ആഴത്തിൽ ഇഷ്ടപ്പെടുന്നുണ്ട്, അത് കുഴപ്പമില്ല' എന്നും യുക്ത കൂട്ടിച്ചേർത്തു.
'9-5 എന്നത് ഒരു ബാക്ക്-അപ്പ് പ്ലാൻ അല്ല. നമ്മളിൽ ചിലരെ സംബന്ധിച്ചിടത്തോളം, നമ്മൾ ആഗ്രഹിക്കുന്ന ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അടിത്തറയാണിത്' എന്നും അവർ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് യുക്ത പറഞ്ഞതിനെ അനുകൂലിച്ച് കമന്റുകൾ നൽകിയത്.