
ഒരു രാത്രിക്ക് വെറും 20 രൂപ മാത്രം ഈടാക്കുന്നൊരു ഹോട്ടല്‍ പാകിസ്ഥാനിലുണ്ട്, പെഷവാറിൽ. ലോകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ താമസമാണ് അവിടെ നിങ്ങൾക്ക് ലഭിക്കുകയെന്ന് ദി ട്രാവൽ ഫ്യുജിറ്റീവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ട്രാവൽ വ്ലോഗർ ഡേവിഡ് സിംപ്‌സൺ തന്‍റെ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഡേവിഡ് തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പങ്കുവച്ച ഹോട്ടലിൻറെ അവസ്ഥ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. പക്ഷേ, തന്‍റെ അഭിപ്രായത്തിന് കാരണങ്ങളുണ്ടെന്നാണ് ഡേവിഡിന്‍റെ വാദം.
ഏറ്റവും ലളിതമായ ഹോട്ടൽ മുറികൾ പോലും യാത്രക്കാരുടെ ബജറ്റ് തകർക്കുമെന്നതില്‍ സംശയമുല്ല. എന്നാല്‍ പാകിസ്ഥാനിലെ ഈ ഹോട്ടൽ എന്തു കൊണ്ടും ബജറ്റ് ഫ്രണ്ട്ലിയാണ്. പ്രത്യേകിച്ചും ദീർഘ ദൂര യാത്രക്കാര്‍ക്ക്. ഇവിടെ താമസിക്കാൻ റോഡരികിലെ ഒരു കപ്പ് ചായയിൽ താഴെയാണ് ചെലവെന്നും ഡേവിഡ് പറയുന്നു. പക്ഷേ, അതിന് ചില ദോഷങ്ങളുമുണ്ടെന്ന് 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹോട്ടൽ' എന്ന് വിശേഷണത്തോടെ പങ്കുവച്ച വീഡിയോയില്‍ ഡേവിഡ് പറയുന്നു.
പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ഒരു ഹോട്ടലിൽ ഒരു രാത്രി താമസത്തിന് വെറും 70 പാകിസ്ഥാൻ രൂപ (20 ഇന്ത്യന്‍ രൂപ) മാത്രമാണ് ആകുക. അടുത്തിടെ അവിടെ താമസിച്ചതിന്‍റെ ഒരു വീഡിയോ ഡേവിഡ് പങ്കുവച്ചു. ആ അനുഭവത്തെ അയാഥാർത്ഥ്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം പറഞ്ഞു, "ഞാൻ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്, പക്ഷേ ഇവിടെ എനിക്ക് അനുഭവപ്പെട്ട ഊഷ്മളതയ്ക്ക് സമാനതകളില്ല." എന്ന് കൂട്ടിച്ചേര്‍ത്തു. വീഡിയോ ചെറിയ സമയത്തില്‍ തന്നെ വൈറലായ. നിരവധി പേര്‍ ഹോട്ടലിന്‍റെ കൂടുതല്‍ വിവരങ്ങൾ ആരാഞ്ഞു.
പെഷവാറിലെ ഒരു പഴയ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന് 'കാരവൻസെറായി' (Caravanserai) എന്നാണ് പേര്. സിൽക്ക് റൂട്ടിലൂടെ സഞ്ചരിക്കുന്ന വ്യാപാരികളെ ഒരിക്കൽ താമസിപ്പിച്ചിരുന്ന ചരിത്രപരമായ സത്രങ്ങളുടെ പേര്. എന്നാൽ ഈ ഹോട്ടലിന് പ്രത്യേക പലതാണ്. ഇവിടെ മുറികളില്ല. ചുമരുകളും. അതു കൊണ്ട് തന്നെ എയർ കണ്ടീഷനിംഗില്ല, അലങ്കാരങ്ങളില്ല. പകരം, അതിഥികൾ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ, തുറന്ന ആകാശത്തിന് താഴെ നിരനിരയായി വിരിച്ചിട്ടിരിക്കുന്ന കട്ടിലുകളിൽ (പരമ്പരാഗതമായി നെയ്ത കിടക്കകൾ) ഉറങ്ങുന്നു. ഒരു കിടക്കയ്ക്ക് ഒരു രാത്രിക്ക് 70 പാകിസ്ഥാൻ രൂപ മാത്രം. ഒരു ഫാൻ ഉണ്ടാകും ആഡംബരമായി. എല്ലാവർക്കുമായി ഒരു കുളിമുറി. ചായ്ക്ക് ഫ്രീയാണ്. ഹോട്ടലിന്‍റെ ഉടമ തന്നെയാണ് അതിഥികളെ സ്വീകരിക്കാനുണ്ടാവുക. അദ്ദേഹം പെഷവാറിന്‍റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ കുറിച്ച് താമസക്കാരോട് വിവരിക്കും. ഡേവിഡിന്‍റെ വിവരണത്തോടെ വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. നിരവധി പേരാണ് ഹോട്ടലിനെ കുറിച്ച് കൂടുതല്‍ അറിയാനായി എത്തിയത്.