
യുഎസിലെ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും മോഷ്ടിക്കുകയും പിന്നീട് പിടിക്കപ്പെടുമ്പോൾ കരഞ്ഞ് നിലവിളിക്കുകയും ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ സ്ത്രീയുടെ വീഡിയോ കൂടി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെ ഈ വർഷം മാത്രം സമാനമായ സംഭവങ്ങളില്‍ ഉൾപ്പെടുന്ന മൂന്നോ നാലോ ഇന്ത്യന്‍ വംശജരായ സ്ത്രീകളുടെ വീഡിയോകളാണ് യുഎസില്‍ നിന്നും പുറത്ത് വരുന്നത്. ലക്ഷക്കണത്തിന് ആളുകൾ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. എന്നാല്‍ വീഡിയോ എപ്പോൾ, എവിടെവച്ചാണ് എടുത്തതെന്ന് വ്യക്തമല്ല.
സാധനങ്ങൾ എടുത്ത് ഇറങ്ങിയപ്പോൾ പണം കൊടുക്കാന്‍ മറന്ന് പോയതാണെന്നും താന്‍ പണം കൊടുക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് യുവതി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥന്‍ കൈ വിലങ്ങ് അണിയിക്കാനായി യുവതിയോട് തിരിഞ്ഞ് നില്‍ക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം 'നോ സാർ, നോ പ്ലീസ്' എന്ന് യുവതി കരഞ്ഞ് കൊണ്ട് പറയുന്നതും വീഡിയോയില്‍ കേൾക്കാം. വീഡിയോ ഫേസ്ബുക്കിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടതെങ്കിലും പിന്നീട് ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കപ്പെട്ടു. എന്നാല്‍, പിന്നാലെ ഈ വീഡിയോ നിരവധി എക്സ് ഹാന്‍റിലുകളില്‍ പങ്കുവയ്ക്കപ്പെട്ടു.
കൈവിലങ്ങ് വച്ചാല്‍ എന്ത് സംഭവിക്കുമെന്ന് യുവതി ചോദിക്കുമ്പോൾ. യുവതിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും അവിടെ ഏതാനും മണിക്കൂറുകളുടെ നടപടിക്രമങ്ങൾക്ക് ശേഷം വിട്ടയക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സമയം തന്‍റെ ഭര്‍ത്താവിനെ വിളിക്കണമെന്ന് യുവതി ആവശ്യപ്പെടുന്നുണ്ടെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അത് അനുവദനീയമല്ലെന്ന് പറയുന്നു. നിങ്ങൾ മുതിർന്ന ഒരാളാണെന്നും നിങ്ങളുടെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം യുവതി ടാർഗറ്റ് സ്റ്റോറില്‍ നിന്നും എന്താണ് കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നും വീഡിയിയോല്‍ വ്യക്തമല്ല. എക്സില്‍ പങ്കുവയ്ക്കപ്പെട്ട മറ്റൊരു ക്ലിപ്പില്‍ 2025 മെയിലെ വീഡിയോയാണെന്നും ജെമിഷ അവലാനി എന്ന 46 കാരിയായ ഇന്ത്യന്‍ ടൂറിസ്റ്റാണ് വീഡിയോയില്‍ ഉള്ളതെന്നും പറയുന്നു. ഇവര്‍ യുഎസ് ടാർഗറ്റ് സ്റ്റോറില്‍ നിന്നും 1,300 ഡോളറിന്‍റെ സാധനങ്ങളാണ് മോഷ്ടിച്ചതെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഇല്ല. മുമ്പും സമാനമായ മൂന്നാല് വീഡിയോകൾ എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതില്‍ ഉൾപ്പെട്ടിരുന്നവര്‍ ഇന്ത്യക്കാരാണെന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേൾക്കാം.