ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ‘ലസാർ’ 30-ാം വയസിൽ അന്തരിച്ചു

Published : May 16, 2026, 12:53 PM IST
Worlds oldest dog Lazare

Synopsis

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന് കരുതപ്പെട്ടിരുന്ന 30 വയസ്സുകാരൻ ലസാർ അന്തരിച്ചു. ദത്തെടുത്ത് ആഴ്ചകൾക്ക് ശേഷം മരണമടഞ്ഞ ലസാറിന് ഗിന്നസ് റെക്കോർഡ് ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന് കരുതപ്പെട്ടിരുന്ന 'ലസാർ' (Lazare) അന്തരിച്ചു. ഫ്രഞ്ച് ടോയ് സ്പാനിയൽ ഇനത്തിൽപ്പെട്ട നായ 30 -ാം വയസ്സിൽ ആണ് മരണമടഞ്ഞത്. വ്യാഴാഴ്ചയായിരുന്നു ലസാറിന്‍റെ അന്ത്യമെന്ന് അവന്‍റെ സംരക്ഷക അറിയിച്ചു. മരണത്തിന് മുൻപ് ലസാറിന് ഏറ്റവും പ്രായം കൂടിയ നായയെന്ന ഔദ്യോഗിക പദവി ലഭിച്ചിരുന്നോ എന്നറിയാൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി (AFP) ഗിന്നസ് വേൾഡ് റെക്കോർഡ്സുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭ്യമായിട്ടില്ല.

ദത്തെടുത്ത് ആഴ്ചകൾക്ക് ശേഷം മരണം

മൃഗസംരക്ഷണ ചാരിറ്റി പ്രവർത്തകരുടെ വിവരങ്ങൾ പ്രകാരം, ശലഭച്ചിറകുകൾ പോലുള്ള ചെവികളുള്ള 'പാപ്പിലോൺ ഡ്വാർഫ് സ്പാനിയൽ' ഇനത്തിൽപ്പെട്ട ലസാർ 1995 ഡിസംബർ 4 -നാണ് ജനിച്ചത്. ജീവിതത്തിന്‍റെ ഭൂരിഭാഗം കാലവും ഒരേ ഉടമയ്ക്കൊപ്പം കഴിഞ്ഞിരുന്ന അവനെ, അവരുടെ മരണശേഷമാണ് ചാരിറ്റിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ മാസം ഈ അഭയകേന്ദ്രത്തിലെത്തിയ ഒഫെലി ബൂഡോൾ എന്ന യുവതി ലസാറിനെ ദത്തെടുക്കുകയായിരുന്നു. തന്‍റെ അമ്മയ്ക്കായി ഒരു വളർത്തുമൃഗത്തെ തേടിയാണ് ഒഫെലി എത്തിയതെങ്കിലും, തന്നേക്കാൾ ഒരു വയസ്സ് മാത്രം പ്രായക്കൂടുതലുള്ള ലസാറിനെ അവൾ സ്വന്തം കുടുംബത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്ക് ശേഷം അവൻ മരണത്തിന് കീഴടങ്ങി.

 

 

കാഴ്ചയും കേൾവിയും ഇല്ലെങ്കിലും ഊർജ്ജസ്വലൻ

30 വർഷവും അഞ്ച് മാസവും പ്രായമുണ്ടായിരുന്ന ലസാറിന് കാഴ്ചയും കേൾവിയും പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. എങ്കിലും അവൻ അതീവ ഉന്മേഷവാനായിരുന്നുവെന്ന് ഒഫെലി ഓർക്കുന്നു. രണ്ട് ഔദ്യോഗിക രജിസ്ട്രികളിൽ നിന്ന് ലസാറിന്‍റെ ജനനത്തീയതി സ്ഥിരീകരിച്ചിട്ടുണ്ടെന്നും, ഗിന്നസ് റെക്കോർഡിനായുള്ള അപേക്ഷകൾ സമർപ്പിച്ചിരുന്നുവെന്നും ചാരിറ്റി പ്രവർത്തകർ വ്യക്തമാക്കി. നേരത്തെ, 2023 -ൽ 31 -ാം വയസ്സിൽ മരണമടഞ്ഞ പോർച്ചുഗീസ് ഇനത്തിൽപ്പെട്ട 'ബോബി' എന്ന നായയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നത്. എന്നാൽ, 2024-ൽ നടന്ന പുനഃപരിശോധനയിൽ ബോബിയുടെ പ്രായം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി ട്രെയിൻ യാത്ര; ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികൾ, വീഡിയോ
ലിഫ്റ്റിൽ നിന്നും ഇറങ്ങിയപ്പോൾ അബദ്ധവശാൽ തട്ടി, ക്ഷമ പറഞ്ഞിട്ടും മുഖത്തടിച്ച യുവതിയെ ഇടിച്ചുകൂട്ടി യുവാവ്, വീഡിയോ വൈറൽ