'മാസാന്ത്യത്തിൽ ചെലവുകൾ കൂട്ടിയപ്പോൾ കണ്ട 63,000 രൂപ എന്ന തുക എന്നെ അല്പം ഭയപ്പെടുത്തിയെങ്കിലും, പണം എവിടെയൊക്കെയാണ് പോയതെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു.'

വൻനഗരങ്ങളിലെ ജീവിതച്ചെലവ് എത്രത്തോളം ഉയരുകയാണെന്ന് വ്യക്തമാക്കുന്ന 26 -കാരിയായ കോർപ്പറേറ്റ് ജീവനക്കാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശിവാഞ്ജലി എന്ന യുവതിയാണ് കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ തനിക്ക് വന്ന 63,000 രൂപയുടെ പ്രതിമാസ ചെലവുകളുടെ കൃത്യമായ കണക്കുകൾ വീഡിയോയിലൂടെ പങ്കുവെച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ഒരു 3BHK ഫ്ലാറ്റിലാണ് ശിവാഞ്ജലി താമസിക്കുന്നത്. വാടകയും മെയിൻ്റനൻസും ഉൾപ്പടെ പ്രതിമാസം 25,000 രൂപയാണ് ഇവരുടെ വിഹിതം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഓഫീസിൽ നിന്നായതിനാൽ ആ ഇനത്തിൽ പണം ലാഭിക്കാൻ സാധിക്കാറുണ്ട്. രാത്രിയിലെ ഭക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന കുക്കിൻ്റെ ശമ്പളത്തിലേക്ക് 2,000 രൂപയും, ഗ്രോസറി ആവശ്യങ്ങൾക്കായി 3,000 രൂപയുമാണ് ചെലവാകുന്നത്.

എന്നാൽ, ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയും റസ്റ്റോറന്റുകൾ വഴിയുമുള്ള ഭക്ഷണത്തിനാണ് വലിയ തുക ചെലവായത്. സ്വി​​ഗി, സൊമാറ്റോ ഓർഡറുകളും പുറത്തുനിന്നുള്ള ഭക്ഷണവും ചേർത്ത് 12,000 രൂപയോളം ചെലവ് വന്നതായി അവർ വ്യക്തമാക്കുന്നു.

വീട്ടുജോലികൾക്കായി 1,000 രൂപയും, പെട്രോളിനായി 3,000 രൂപയും ഓട്ടോ-ക്യാബ് യാത്രകൾക്കായി 4,000 രൂപയും ചെലവഴിച്ചു. കൂടാതെ, ജിം മെമ്പർഷിപ്പ്, എഐ ആപ്പുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവ അടങ്ങുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി 6,000 രൂപയും ഷോപ്പിംഗും പേഴ്‌സണൽ കെയറും ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് 7,000 രൂപയും ചെലവായി.

'മാസാന്ത്യത്തിൽ ചെലവുകൾ കൂട്ടിയപ്പോൾ കണ്ട 63,000 രൂപ എന്ന തുക എന്നെ അല്പം ഭയപ്പെടുത്തിയെങ്കിലും, പണം എവിടെയൊക്കെയാണ് പോയതെന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് സഹായിച്ചു' എന്ന് ശിവാഞ്ജലി കുറിച്ചു.

View post on Instagram
 

വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ചെറിയ വരുമാനത്തിലും മാനസികസമ്മർദ്ദമില്ലാതെ ഗ്രാമീണാന്തരീക്ഷത്തിൽ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, വാടകയും ഭക്ഷണവും ഉൾപ്പെടെ മാസം വെറും 5,000 രൂപയിൽ ബെംഗളൂരുവിൽ ജീവിക്കുന്നവരും ഉണ്ടെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി.