
രോഗിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാനാണ് ആംബുലൻസുകൾ. എന്നാൽ അത്തരമൊരു ആംബുലൻസിൽനിന്നും സ്ട്രെച്ചറോടെ രോഗി റോഡിലേക്ക് വീണാൽ. ഒരു സിനിമാ ദൃശ്യം പോലെ തോന്നുമെങ്കിലും മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയുടെ (വൈസിഎം) ആംബുലൻസിൽ നിന്നും കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം നടന്നു. ആശുപത്രി പരിസരത്ത് ഞായറാഴ്ചയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വിവാദമായി. രോഗികളുടെ സുരക്ഷയും ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വവും സംബന്ധിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു.
വൈസിഎം ആശുപത്രിയുടെ ആംബുലൻസ് നീങ്ങുന്നതിനിടെ ഒരു രോഗി സ്ട്രെച്ചറോടെ റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ആംബുലൻസിൽ നിന്നും രോഗി പുറത്തേക്ക് സ്ട്രെച്ചറോടെ തെറിച്ച് പോയത് ആദ്യം ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരുന്നില്ല. പ്രദേശവാസികൾ സ്ട്രെച്ചറിന് അടുത്തെത്തിയതിന് ശേഷം ആംബുലൻസ് വിവരമറിഞ്ഞ് തിരിച്ച് വരുന്നതും വീഡിയോയിൽ കാണ്ാം. സംഭവത്തിൽ രോഗിക്ക് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വീഴ്ചയ്ക്കുശേഷം രോഗിയെ വീണ്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രോഗിയുടെ ആരോഗ്യനില സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ ആംബുലൻസിന്റെ പിന്നിലെ വാതിൽ ശരിയായി അടച്ചിരുന്നില്ലെന്നും സ്ട്രെച്ചർ സുരക്ഷിതമായി ഉറപ്പിച്ചിരുന്നില്ലെന്നും ആരോപണമുയർന്നു. രോഗിയെ പരിചരിക്കാൻ ആവശ്യമായ ജീവനക്കാരൻ ഒപ്പമുണ്ടായിരുന്നോയെന്നും ചിലർ ചോദിച്ചു.
Shocking! An unidentified patient fell onto the road along with a stretcher from a moving YCM Hospital ambulance in Pimpri-Chinchwad. Citizens recorded the incident and confronted the driver. The patient was taken back to the hospital. Who is accountable for this serious patient safety lapse? #Pune
— Varad Bhatkhande | Journalist (@VaradBhatkhande) October 11, 2026
ഡ്രൈവറെ ചോദ്യം ചെയ്ത് നാട്ടുകാർ
രോഗി റോഡിൽ വീണതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ ആംബുലൻസ് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വാഹനം നീങ്ങുന്നതിന് മുമ്പ് പിന്നിലെ വാതിൽ പൂട്ടിയിരുന്നോയെന്നും രോഗിയെ കൊണ്ടുപോകാനുള്ള സുരക്ഷാ നടപടികൾ പാലിച്ചിരുന്നോയെന്നും നാട്ടുകാർ ഡ്രൈവറോട് ചോദിക്കുന്നത് കേൾക്കാം. സംഭവത്തിനുശേഷം ഡ്രൈവറും ഒരു പൊലീസ് കോൺസ്റ്റബിളും സ്ഥലത്തേക്ക് മടങ്ങിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു