
മാൾട്ടയിൽ ഒരു ഇന്ത്യൻ ഫുഡ് ഡെലിവറി ഏജന്റുമായി ജർമ്മനിയിൽ നിന്നുള്ള ഒരു യൂട്യൂബർ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. @Bartmann എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യൂട്യൂബറിനുള്ള ഭക്ഷണവുമായി എത്തിയതാണ് ഡെലിവറി ഏജന്റ്. വീഡിയോയിൽ, യൂട്യൂബർ സാധാരണ പോലെയാണ് സംഭാഷണം തുടങ്ങുന്നത്. ഡെലിവറി ഏജന്റിനോട് അവന്റെ പേരും എവിടെ നിന്നാണ് അവൻ വരുന്നത് എന്നും ചോദിക്കുന്നു. യുവാവ് താൻ ഇന്ത്യക്കാരനാണ് എന്നും പറയുന്നുണ്ട്. പിന്നീട് യൂട്യൂബർ ചോദിക്കുന്നത് മാൾട്ടയിലെ അവന്റെ ജീവിതത്തെ കുറിച്ചാണ്. എത്ര രൂപയാണ് വാടക കൊടുക്കുന്നത് എന്നും ചോദിക്കുന്നുണ്ട്. ഡെലിവറി ഏജന്റ് തന്റെ മാസവാടക 180 യൂറോയാണെന്ന് മറുപടി നൽകുന്നു.
അടുത്തതായി യൂട്യൂബർ ചെയ്ത കാര്യമാണ് ഡെലിവറി ഏജന്റായ യുവാവിനെ അമ്പരപ്പിച്ചത്. 'ഞാൻ നിങ്ങളെ സന്തോഷിപ്പിക്കട്ടെ? നിങ്ങളുടെ മാസവാടക ഞാൻ കൊടുക്കട്ടെ?' എന്നാണ് യൂട്യൂബർ യുവാവിനോട് ചോദിക്കുന്നത്. പെട്ടെന്ന് ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ യുവാവ് ആകെ അമ്പരന്ന് പോയി. എന്ത് പറയണം എന്ന് അറിയാതെ അവൻ നിൽക്കുന്നതും വീഡിയോയിൽ കാണാം. 'അതെ, ഞാൻ നിങ്ങൾക്ക് മാസ വാടക തരുന്നു, ഓക്കേ? അത് 200 യൂറോയാണ്. നിങ്ങൾ നന്നായി ജോലി ചെയ്യുന്നുണ്ട്. നിങ്ങൾ എല്ലാ ആളുകൾക്കും ഭക്ഷണം എത്തിക്കുന്നു, ആരും നിങ്ങളോട് സുഖമാണോ എന്നൊന്നും ചോദിക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങളെ സന്തോഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്' എന്നാണ് യൂട്യൂബർ പറയുന്നത്.
ഉടൻ തന്നെ യൂട്യൂബർ യുവാവ് പറഞ്ഞ വാടകയേക്കാൾ 200 യൂറോ കൂടുതൽ നൽകി. യുവാവ് പുഞ്ചിരിക്കുന്നതും കാണാം. 'കഴിഞ്ഞ നാല് വർഷമായി ഞാൻ ഇവിടെയുണ്ട്, സർ. ആരും എനിക്ക് ഇത്രയും പണം നൽകിയിട്ടില്ല, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല' എന്നും യുവാവ് പറയുന്നു. പിന്നീട് എന്ന് ഇരുവരും ആലിംഗനം ചെയ്യുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യൂട്യൂബർ ചെയ്തത് വലിയൊരു കാര്യമാണ് എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.