
കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിയോ? ടൂര്‍ണമെന്റിന്റെ തുടക്കം നല്‍കുന്ന സൂചന അതാണ്
വിശ്വാസമര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തുന്നു, കൈവിട്ടവര്‍ തിളങ്ങുന്നു. സ്ഥാനം പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ സീസണിന്റെ ആദ്യവാരം ഈ മൂന്ന് സെന്റൻസുകളില്‍ ചുരുക്കാം. കിരീടം ചൂടിച്ച നായകൻ ശ്രേയസ് അയ്യരിനെ കൊല്‍ക്കത്ത ഒപ്പം നിര്‍ത്താത്തിന്റെ ഞെട്ടല്‍ ആരാധകര്‍ക്ക് ഇന്നും മാറിയിട്ടില്ല. 26.75 കോടി രൂപയ്ക്ക് പഞ്ചാബിലേക്ക് ചേക്കേറിയ ശ്രേയസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ മൂല്യം ശരിവെച്ചു. മൂന്ന് റണ്‍സ് അകലെ സെഞ്ചുറിയുണ്ടായിട്ടും തനിക്ക് മുകളില്‍ ടീമിന്റെ പ്രകടനത്തിന് മുൻതൂക്കം നല്‍കി. സെല്‍ഫ്‌ലെസ് ക്യാപ്റ്റനെന്ന ഖ്യാതിയും നേടിയെടുത്തു.