"വാട്ട് ബ്രോ... ഇറ്റ് ഈസ് വെരി റോങ് ബ്രോ..." 

പ്രശാന്ത് കിഷോർ എന്ന പികെ ഇതുകൂടി പറഞ്ഞവസാനിപ്പിച്ചു: എനിക്ക് വളരെ കുറച്ചേ തമിഴ് അറിയുകയുള്ളൂ, പക്ഷേ അടുത്ത വർഷം ടിവികെ തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് നിങ്ങളുടെ ഭാഷയിലായിരിക്കും. പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ വിജയ് എന്ന പുതിയ രാഷ്ട്രീയ നേതാവിനൊപ്പം കണ്ടത് ആരാധകരിൽ ബാക്കിയാക്കുന്ന പ്രതീക്ഷയിതാണ് 'വിജയെ ജന നായകനാക്കുമോ പ്രശാന്ത് കിഷോർ?'

 

മാധ്യമങ്ങൾ എന്നെ വിളിക്കുന്നത് രാഷ്ട്രീയ തന്ത്രജ്ഞൻ എന്നാണ്, എന്നാൽ ഞാൻ ആ സ്ഥാനത്തുനിന്ന് റിട്ടയർമെൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്ട്രാറ്റജിസ്റ്റ് ആയല്ല പ്രിയ സുഹൃത്തിനൊപ്പം നിൽക്കുന്നത്. ടിവികെയ്ക്ക് എൻ്റെ സ്ട്രാറ്റജികളുടെ ആവശ്യമില്ല. ഒരു പൊളിറ്റികൽ പാർട്ടിക്കും ലീഡറിനും ഒപ്പം നിൽക്കുന്നില്ലെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ വിജയ് ഒരു രാഷ്ട്രീയ നേതാവല്ല, തമിഴ്‌നാടിൻ്റെ പുതിയ പ്രതീക്ഷയാണ്. എം എസ് ധോണിയാണ് ഇവിടെ എന്നേക്കാൾ പ്രശസ്തൻ. പക്ഷേ ടിവികെയുടെ വിജയത്തിന് എൻ്റെ സഹായങ്ങൾ ലഭിച്ച് കഴിയുമ്പോൾ 2026ൽ തമിഴ്‌നാട്ടിൽ ഞാനായിരിക്കും ധോണിയേക്കാൾ പ്രശസ്തൻ. മഹാബലിപുരത്ത് നടന്ന ടിവികെയുടെ വാർഷിക ആഘോഷങ്ങളിൽ പ്രശാന്ത് കിഷോറിൻ്റെ വാക്കുകൾ. നിറഞ്ഞ കൈയ്യടികളോടെ പ്രശാന്തിന് പിന്നാലെ ആയിരങ്ങളെ അഭിസംബോധന ചെയ്യാൻ അവരുടെ ദളപതിയെത്തി.. 

"വാട്ട് ബ്രോ... ഇറ്റ് ഈസ് വെരി റോങ് ബ്രോ..." 

കേന്ദ്രത്തിൽ ബിജെപിയെയും തമിഴ്‌നാട്ടിൽ ഡിഎംകെയെയും അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രചാരണപരിപാടിക്ക്‌ തുടക്കമിട്ടാണ് തമിഴക വെട്രി കഴകത്തിൻ്റെ ഒന്നാം വാർഷികാഘോഷങ്ങൾ നടന്നത്. ഗെറ്റ് ഔട്ട് ക്യാമ്പെയ്നായുള്ള ഒപ്പുശേഖരണത്തിൽ ആദ്യ ഒപ്പ് രേഖപ്പെടുത്തി വിജയ്‌ പ്രചാരണത്തിന് തുടക്കമിട്ടു. തമിഴ് രാഷ്ട്രീയം മുഴുവൻ ഉറ്റുനോക്കിയ പ്രശാന്ത് കിഷോറിൻ്റെയും വിജയ്‍യും പരസ്യ ഒത്തുചേരൽ.

സജീവ രാഷ്ട്രീയ പ്രവേശത്തിന് മുന്നേയുള്ള അവസാന ചിത്രം ദളപതി 69ന് 'ജന നായകൻ' എന്ന് പേര്. ഫസ്റ്റ് ലുക്ക് ടിവികെയുടെ പ്രചാരണ പരിപാടിയിലെ ചിത്രമോ എന്ന് പരിഹാസം. സെക്കൻ്റ് ലുക്ക് സാക്ഷാൽ എം ജി ആറിനെ അനുസ്മരിപ്പിച്ച്.. വലിയ വിമർശനങ്ങൾ നേരിട്ടിരുന്ന കാലത്ത്  'മാസ്റ്റർ' സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് 'ജനനായകൻ' എന്ന ടൈറ്റിൽ പോസ്റ്ററിൽ കണ്ടത്. 2020ൽ റിലീസായ ബിഗിൽ എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഓഫീസിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായി മാസ്റ്റർ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി 30 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തെങ്കിലും കണക്കിൽ പെടാത്തതൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് സെറ്റിൽ തിരിച്ചെത്തിയ നടന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. ''നാൻ ആണൈ ഇട്ടാൽ' എന്ന എംജിആർ പടത്തിന്റെ റഫറൻസുമായാണ് സെക്കൻ്റ് പോസ്റ്റർ എത്തിയിരിക്കുന്നത്. ചാട്ടവാറും ചുഴറ്റി നിൽക്കുന്ന ദളപതി വിജയ്‍യുടെ ചിത്രമാണ് പോസ്റ്ററിൽ. 

2003ൽ പുറത്തിറങ്ങിയ തിരുമലൈയാണ് റൊമാൻ്റിക് ഹീറോ പരിവേഷത്തിൽ നിന്ന് സാധാരണക്കാരനായ മാസ് നായകനിലേക്ക് വിജയ് കഥാപാത്രങ്ങളെ മാറ്റിയത്. കോമഡിയും ആക്ഷനും റൊമാൻസും ചേർത്ത പക്കാ എൻ്റർടെയ്നൻ ഗില്ലി പ്രേക്ഷകരുടെ പൾസ് അറിയുന്ന നായകനാക്കി. തിരുപ്പാച്ചി, ശിവകാശി, പോക്കിരി പോലെ പിന്നാലെ വന്ന ചിത്രങ്ങളൊക്കെ വിജയ്ക്ക് രക്ഷകൻ ഇമേജ് നൽകി. 2012ൽ എത്തിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രം തുപ്പാക്കിയാണ് വിജയുടെ മാസ് നായകനെ അടുത്ത ലെവലിലേക്ക് ഉയർത്തിയത്. അതുവരെ ഗ്രാമങ്ങളിൽ സെറ്റ് ചെയ്തിരുന്ന കഥാപശ്ചാത്തലം നഗരങ്ങളിലേക്കും വലിയ ക്യാൻവാസുകളിലേയ്ക്കും വ്യാപിച്ചു. കുടുംബവും പാസവും വിട്ട് വിജയ് എന്ന സ്റ്റാർ ഫാക്ടറിലേയ്ക്ക് കൂടുതലായി കോൺസൻട്രേറ്റ് ചെയ്തു. അവസാനമെത്തിയ ഗോട്ട് മുൻ വിജയ് ചിത്രങ്ങളുടെ റെഫറെൻസുകളുമായി എത്തി വിജയ് എന്ന താരത്തിൻ്റെ യാത്രകളെ അനുസ്മരിപ്പിച്ചു. ഇനി ജന നായകൻ്റെ വരവാണ്.

തമിഴ്‌നാട്ടിലെ പ്രബല പാർട്ടികളായ ഡിഎംകെയേയും അണ്ണാ ഡിഎംകെയേയും വളർന്നു വരുന്ന ബിജെപിയേയും ഒരു പോലെ വെട്ടിലാക്കിയാണ് വിജയ് കഴിഞ്ഞ വർഷം തന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. അഭിനയ രംഗത്ത് നിന്ന് 2026ഓടെ പൂർണ്ണമായും പിൻമാറുമെന്നും ഇനിയുള്ള സേവനം സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നുമായിരുന്നു പ്രഖ്യാപനം. 2024 ഫെബ്രുവരിയിൽ ടിവികെ രൂപം കൊണ്ടു.

സിനിമയിൽ നിന്നുള്ള റിട്ടയർമെൻ്റും രാഷ്ട്രീയ പ്രവേശവും നേരത്തേയായിപ്പോയെന്ന് വിജയ് ആരാധകർ മാത്രമല്ല അയാളിലെ സ്റ്റാറിനെ സെലിബ്രേറ്റ് ചെയ്യാനാഗ്രഹിക്കുന്ന ഓരോ സിനിമ പ്രേമിക്കും അഭിപ്രായമുണ്ടാകും. സ്റ്റൈലിഷ് കഥാപാത്രങ്ങൾ കൊണ്ടും ക്രൗഡ് പുള്ളറായും  രജനികാന്തിന് പിന്നാലെ തമിഴകം സ്വീകരിച്ചതാണ് വിജയ്യെ. എന്നാൽ തലൈവർക്കും അടിപിഴച്ച തമിഴ് രാഷ്ട്രീയത്തിൽ കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ടേക്കാണ് വിജയുടെ കുതിപ്പ്. ശിവാജി ഗണേശൻ, വിജയകാന്ത്, കമൽഹാസൻ എന്നിവർ പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോയെങ്കിലും തങ്ങളുടെ താരശക്തിയെ അരസിയൽ അങ്കത്തിൽ വിജയമാക്കി മാറ്റാനായില്ല. ജനസാഗരങ്ങൾക്ക് മുന്നിൽ തിരക്കഥകളുടെ പിൻബലമില്ലാതെ വിജയ് സംസാരിക്കുമ്പോൾ ഓഡിയോ ലോഞ്ച് വേദികളിലെ മിതഭാഷിയായ ആ പഴയതാരത്തിൻ്റെ ഛായയേതുമില്ല. ഉറച്ച തീരുമാനങ്ങളും മൂർച്ചയുള്ള വാക്കുകളുമായി അയാൾ ജനലക്ഷങ്ങളിൽ ആരവം തീർക്കുന്നുണ്ട്. 


ഹൈലി പെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ കൂടി വേദി പങ്കിട്ട ടിവികെയുടെ വാർഷിക പരിപാടിയെ ചങ്കിടിപ്പോടുകൂടിയാണ് തമിഴ്‌നാട്ടിലെ മറ്റുപാർട്ടികൾ നോക്കിക്കണ്ടത്. പരിപാടിയിലെ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം കണക്കുകൂട്ടിയ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ സൂചന കൂടിയായി. ഇന്ത്യയിലുടനീളം വിജയകരമായ പ്രചാരണങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രശസ്തനായ പ്രശാന്ത് കിഷോർ, ടിവികെയുടെ വിജയത്തിനായി തമിഴ്‌നാട്ടിൽ പുതിയ തന്ത്രങ്ങൾ മെനയുമെന്ന കാര്യത്തിൽ വ്യക്തതവരുത്തിക്കഴിഞ്ഞു. താര വാഴ്ച മറന്ന തമിഴക രാഷ്ട്രീയത്തിൽ അടുത്ത എം.ജി.ആർ  ആകാനാണ് വിജയ്‍യുടെ പുറപ്പാട്. അടുത്തവർഷം ഭരണം പിടിക്കുമെന്നാണ് പ്രഖ്യാപനം. പ്രശാന്ത് കിഷോർ എന്ന പികെ ഇതുകുടി പറഞ്ഞവസാനിപ്പിച്ചു: എനിക്ക് വളരെ കുറച്ചേ തമിഴ് അറിയുകയുള്ളൂ, പക്ഷേ അടുത്ത വർഷം ടിവികെ തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് നിങ്ങളുടെ ഭാഷയിലായിരിക്കും. പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ വിജയ് എന്ന പുതിയ രാഷ്ട്രീയ നേതാവിനൊപ്പം കണ്ടത് ആരാധകരിൽ ബാക്കിയാക്കുന്ന പ്രതീക്ഷയിതാണ് 'വിജയ്‍യെ ജന നായകനാക്കുമോ പ്രശാന്ത് കിഷോർ?'

Read more