പെരുങ്കമണല്ലൂര്‍-ദക്ഷിണേന്ത്യൻ ജാലിയൻ വാലാബാ​ഗ്|സ്വാതന്ത്ര്യസ്പർശം|India@75

Aug 12, 2022, 9:32 AM IST

പെരുങ്കമണല്ലൂര്‍. മധുര ജില്ലയിലെ ഉസിലാംപെട്ടിക്കടുത്തുള്ള ഒരു ഗ്രാമം. ഈ ഗ്രാമമാണ് തെക്കേ ഇന്ത്യയുടെ  ജാലിയൻവാലാബാഗ് എന്ന് ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. 1920 ഏപ്രിൽ  3ന് ഇവിടെ ബ്രിട്ടീഷ് പോലീസ് നടത്തിയ കൂട്ടക്കൊലയെത്തുടർന്നായിരുന്നു ഈ വിശേഷണം. ഒരു സമുദായത്തെ മുഴുവൻ കള്ളന്മാരും കുറ്റവാളികളുമായി ചിത്രീകരിച്ചതിനെതിരെ ആ നാട്ടുകാര്‍ നടത്തിയ സമരത്തിനെതിരെയായിരുന്നു ബ്രിട്ടീഷ് അതിക്രമം. 

ഈ പ്രദേശത്തെ ദരിദ്രരായ ഗോത്രവിഭാഗമായിരുന്നു പിരമലൈ കള്ളര്‍ സമുദായം. ബ്രിട്ടീഷ് സർക്കാർ ഇന്ത്യ ആകെ വിവിധ ഇടങ്ങളിൽ പല സമുദായങ്ങളെയും ജന്മനാ കുറ്റവാളികളായി മുദ്രകുത്തുന്നതിനു കൊണ്ടുവന്ന കുപ്രസിദ്ധനിയമമാണ് ക്രിമിനൽ ട്രൈബ്സ് ആക്ട്. ഒരു കുറ്റവും ചെയ്തില്ലെങ്കിലും ഈ സമുദായങ്ങളിലെ എല്ലാ അംഗങ്ങളും പോലീസിൽ ചെന്ന് പേര് കൊടുക്കുകയും വിരലയടയാളം നൽകുകയും ഒക്കെ ചെയ്യണമെന്ന്  ആയിരുന്നു നിയമം. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ഏതൊരു വിഭാഗത്തിനെതിരെയും ബ്രിട്ടീഷുകാർക്ക് പ്രയോഗിക്കാവുന്ന  ആയുധമായി മാറി. പലയിടത്തും ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. 

മധുര ജില്ലയിലെ ആറായിരത്തോളം വരുന്ന കള്ളാർ വിഭാഗത്തിൽ പകുതിപ്പേർ മാത്രമേ പേര് രജിസ്റ്റർ ചെയ്തുള്ളൂ. ഇതോടെ ബ്രിട്ടീഷ് അധികാരികള്‍ ബലപ്രയോഗം ആരംഭിച്ചു. ഉസിലാംപെട്ടിക്കടുത്ത് പെരുങ്കമണല്ലൂരിൽ സംഘർഷം ഗുരുതരമായി. പൊലീസ് വിവേചനമില്ലാതെ വെടിവെയ്പ്പ് ആരംഭിച്ചു. 17 പേർ നിമിഷങ്ങൾക്കുള്ളിൽ മരിച്ചുവീണു. മൃതദേഹങ്ങൾ നദിയോരത്ത് വലിയ കുഴിവെട്ടി മൂടി. നൂറു കണക്കിനു പേരെ  കയ്യും കാലും ചങ്ങലയ്ക്കിട്ട് തെരുവിലൂടെ തിരുമംഗലം കോടതി വരെ അവര്‍ നടത്തിക്കൊണ്ടുപോയി. 

അന്ന് മധുരയിൽ അഭിഭാഷകനും ദേശീയവാദിയും പിന്നീട് ഗാന്ധിയുടെ അടുത്ത അനുയായിയും ആയ ജോർജ് ജോസഫ് ആണ് അന്ന് കള്ളർക്ക് വേണ്ടി കോടതികളിൽ പോരാടിയത്. വലിയ പ്രതിഷേധപ്രസ്ഥാനവും അദ്ദേഹം നയിച്ചു. പിന്നീട് ജീവാനന്ദം തുടങ്ങിയ കമ്യൂണിസ്റ് നേതാക്കൾ കള്ളർക്ക് വേണ്ടിയും ഈ കരിനിയമത്തിനെതിരെയും ഒട്ടേറെ സമരങ്ങൾ നടത്തി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാത്രമാണ് ക്രിമിനൽ ട്രൈബ്സ് നിയമം റദ്ദാക്കപ്പെട്ടത്. സ്വാതന്ത്ര്യലബ്ധിയുടെ സമയം 14 ലക്ഷത്തിലേറെപ്പേര്‍ ഈ നിയമപ്രകാരം ആജന്മകുറ്റവാളികളായി മുദ്രകുത്തപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം 75 വര്‍ഷം കഴി‍‍ഞ്ഞിട്ടും മുമ്പ് ആജന്മ കുറ്റവാളികളായി ബ്രിട്ടീഷുകാർ മുദ്രകുത്തിയ സമുദായങ്ങൾ നമ്മുടെ സമൂഹത്തില്‍ നിന്നും അധികാരികളില്‍ നിന്നും പലതരത്തിലുള വിവേചനങ്ങളും നേരിടുന്നതാണ് ദൗര്‍ഭാഗ്യകരം.