Asianet News MalayalamAsianet News Malayalam

ജെആർഡി ടാറ്റ-ബ്രീട്ടീഷുകാരന്റെ മുൻധാരണകളെ തച്ചുടച്ച വ്യവസായി|സ്വാതന്ത്ര്യസ്പർശം|India@75

1938ൽ ടാറ്റാ സയൻസിന്റെ ചെയർമാനായി. 34 വയസ്സിൽ ഈ സ്ഥാനമേൽക്കുമ്പോൾ കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി അദ്ദേഹം. പിന്നീട് ടാറ്റാ ഗ്രൂപ്പിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു

1932 ഒക്ടോബർ 15. ഇന്ന് പാകിസ്ഥാനിലായ കറാച്ചിയിൽ നിന്ന് മദിരാശിക്ക് പുസ് മോത്ത് എന്നൊരു വിമാനം പറന്നു. ആദ്യമായി ഒരു ഇന്ത്യക്കാരൻ വൈമാനികനായി നടത്തിയ പറക്കൽ എന്നതായിരുന്നു അതിന്റെ ചരിത്രപ്രാധാന്യം. ഇതൊക്കെ പാശ്ചാത്യരുടെ മാത്രം കഴിവാണെന്ന ധാരണ തിരുത്തിക്കുറിച്ച 28 വയസുള്ള ആ ഇന്ത്യക്കാരന്റെ പേര് ജഹാംഗീർ രത്തൻജി ദാദാഭോയ്‌ ടാറ്റ. അഥവാ ജെ ആർ ഡി ടാറ്റ.  ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ ദീർഘകാല സാരഥി. അടിമകളായ ഇന്ത്യക്കാരോട് പരമപുച്ഛം പുലർത്തിയ വെള്ളക്കാരനെ ഞെട്ടിച്ച് വൻ വ്യവസായങ്ങൾ കെട്ടി ഉയർത്തിയവരിൽ പ്രധാനി. ഇന്ത്യയുടെ പരമോന്നത ബഹുമതി ഭാരത് രത്ന സമ്മാനിക്കപ്പെട്ട ഏക വ്യവസായി. 

പിതാമഹര്‍ ഇറാനിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിവന്ന പാഴ്‌സി കുടുംബത്തിൽ സർ രത്തൻജി ദാദാഭായി ടാറ്റയുടെയും ഫ്രഞ്ചുകാരി  സുനിയുടെയും  മകൻ. ജനനം പാരീസിൽ. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷെഡ്‌ജി ടാറ്റായുടെ അടുത്ത ബന്ധു. ലണ്ടനിലും ഫ്രാൻസിലുമൊക്കെ വിദ്യാഭ്യാസം നേടിയ ജഹാംഗീർ ഒരു വർഷം ഫ്രഞ്ച് സൈന്യത്തിൽ നിർബന്ധിത സേവനം അനുഷ്ടിച്ചു. 1929ൽ ആ 25കാരൻ  ഒരു വലിയ തീരുമാനമെടുത്തു. ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച്  ഇന്ത്യൻ പൗരത്വം സ്വീകരിച്ച് താൻ അടിയുറച്ച ഇന്ത്യക്കാരനാണെന്ന് ജഹാംഗീർ പ്രഖ്യാപിച്ചു. അക്കൊല്ലം അദ്ദേഹം തന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചു. ഇന്ത്യയിൽ വൈമാനിക ലൈസൻസ് നേടുന്ന ആദ്യ വ്യക്തിയായി. 3 വർഷം കഴിഞ്ഞ് അദ്ദേഹം ഇന്ത്യൻ വിമാനയാത്രാ വ്യവസായത്തിന്റെ പിതാവായി. ആദ്യത്തെ വിമാനക്കമ്പനി സ്ഥാപിച്ചു, ടാറ്റ ഏവിയേഷന്‍ സർവീസ്. പാൽ സർവീസായിരുന്നു ആദ്യ പടി. 1946ൽ ഈ കമ്പനി എയർ ഇന്ത്യ എന്ന പുനർനാമകരണം ചെയ്യപ്പെട്ടു.  

അതിനകം അച്ഛന്റെ മരണത്തെ തുടർന്ന് ടാറ്റാ സൺസിന്റെ ബോർഡ് അംഗമായിരുന്നു ജഹാംഗീർ. 1938ൽ ടാറ്റാ സയൻസിന്റെ ചെയർമാനായി. 34 വയസ്സിൽ ഈ സ്ഥാനമേൽക്കുമ്പോൾ കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായി അദ്ദേഹം. പിന്നീട് ടാറ്റാ ഗ്രൂപ്പിന്റെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. കൃത്യം അൻപത് വർഷത്തിന് ശേഷം JRD ഒഴിയുമ്പോൾ ടാറ്റ ഇന്ത്യയിലേറ്റവും വലിയ വ്യവസായ സാമ്രാജ്യമായി. ടാറ്റയ്ക്ക് സാന്നിധ്യമില്ലാത്ത മേഖലകൾ തന്നെ വിരളം. ഇന്ന് നൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ച ബഹുരാഷ്ട്ര സാമ്രാജ്യം. 

ഒരിക്കല്‍ ബ്രിട്ടന്‍റെ കീഴില്‍ അടിമരാജ്യമായിരുന്ന ഇന്ത്യയുടെ ഈ കമ്പനി ഇന്ന് പ്രശസ്തനായ ബ്രിട്ടീഷ് സ്ഥാപനങ്ങളായ ജാ​ഗ്വാര്‍ ലാന്‍ഡ് റോവര്‍, ടെട്ലി ടി,കോറസ് സ്റ്റീല്‍,സെയ്ന്‍റ് ജെയിംസ് കോര്‍ട്ട് ഹോട്ടല്‍ എന്നിവയുടെ ഉടമയാണ്. 1953ൽ JRDയുടെ ഏറ്റവും പ്രിയങ്കരമായ എയർ ഇന്ത്യ നെഹ്‌റു സർക്കാർ ദേശസാൽക്കരിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായി. പക്ഷെ പ്രധാനമന്ത്രി നെഹ്രുവിന്റെ അഭ്യർത്ഥനപ്രകാരം അദ്ദേഹം ചെയർമാനായി തുടർന്നു. 1993ല്‍ ജനീവയിലായിരുന്നു ജെആര്‍ഡിയുടെ അന്ത്യം.