Asianet News MalayalamAsianet News Malayalam

ചിത്രകലാരം​ഗത്തെ ഇന്ത്യൻ ദേശീയതയുടെ വക്താവ്-അബനി താക്കൂർ|സ്വാതന്ത്ര്യസ്പർശം|India@75

ഒരേ സമയം രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, കല എന്നീ രംഗങ്ങളിലൊക്കെ ഉജ്ജ്വലമായ മുദ്ര പതിപ്പിച്ച ബംഗാളിലെ ടാഗോർ കുടുംബാംഗം. മഹാകവി രവീന്ദ്രനാഥ് ടഗോറിന്റെ കുടുംബാം​ഗം. ഇന്ത്യൻ ആധുനിക ചിത്രകലയുടെ പിതാവ്. ചിത്രകലാരംഗത്ത് സ്വദേശി മൂല്യങ്ങൾക്കായി നിലകൊണ്ട ആദ്യചിത്രകാരൻ. ചിത്രകലയിലെ ബാംഗാൾ സ്‌കൂളിന്റെ സംസ്ഥാപകൻ. 

First Published Jun 23, 2022, 9:48 AM IST | Last Updated Jun 23, 2022, 11:38 PM IST

ഇന്ത്യൻ ദേശീയതയുടെ ശക്തി അതിന്റെ വൈവിധ്യവും ബഹുസ്വരതയുമാണ്. വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യയിൽ ഉയർന്ന പ്രതിരോധപ്രസ്ഥാനം ജീവിതത്തിന്റെ ബഹുമുഖങ്ങളിൽ ദൃശ്യമായ നവ്യമായ ആത്മബോധത്തിന്റെയും ഉണർവിന്റെയും സൃഷ്ടിയാണ്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും മാത്രമല്ല ചിത്രകലയിലും ശില്പകലയിലും ഒക്കെ പുതിയ ദേശീയബോധം പ്രതിഫലിച്ചു. ചിത്രകലാരംഗത്തെ ഇന്ത്യൻ ദേശീയതയുടെ പ്രഥമവക്താക്കളിൽ പെടുന്നു അബനീന്ദ്രനാഥ് ടഗോർ എന്ന അബനി താക്കൂർ(1871-1951). 

ഒരേ സമയം രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം, കല എന്നീ രംഗങ്ങളിലൊക്കെ ഉജ്ജ്വലമായ മുദ്ര പതിപ്പിച്ച ബംഗാളിലെ ടാഗോർ കുടുംബാംഗം. മഹാകവി രവീന്ദ്രനാഥ് ടഗോറിന്റെ കുടുംബാം​ഗം. ഇന്ത്യൻ ആധുനിക ചിത്രകലയുടെ പിതാവ്. ചിത്രകലാരംഗത്ത് സ്വദേശി മൂല്യങ്ങൾക്കായി നിലകൊണ്ട ആദ്യചിത്രകാരൻ. ചിത്രകലയിലെ ബാംഗാൾ സ്‌കൂളിന്റെ സംസ്ഥാപകൻ. 

യൂറോപ്യൻ അധിനിവേശ കലയുടെ പിടിയിലായിരുന്ന ഇന്ത്യൻ ചിത്രകലയെ സമ്പന്നമായ സ്വന്തം പാരമ്പര്യത്തിലേക്ക്  പ്രത്യാനയിച്ചത് അബനി ആയിരുന്നു. ഇന്ത്യൻ പാരമ്പര്യ ചിത്രകലയുടെ മഹത്തായ  ധാരികളായ മുഗൾ, രാജ്പുട്ട്  ശൈലികൾ പുനരുദ്ധരിക്കുകയും പുനർ നിർവചിക്കുകയും ചെയ്തു അദ്ദേഹം. ഇന്ത്യൻ പുരാണേതിഹാസങ്ങൾ, അജന്ത ഗുഹയിലെ ചിത്രശൈലി എന്നിവയിൽ നിന്നൊക്കെ അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. 

ടാഗോർ കുടുംബത്തിന്റെ സ്വദേശമായ ജോർശൻകോയിൽ 1871ലായിരുന്നു അബനിയുടെ ജനനം.  കൽക്കത്ത ആർട്ട് സ്‌കൂളിൽ പാശ്ചാത്യ അധ്യാപകരുടെ കീഴിലായിരുന്നു അബനിയുടെ  അധ്യയനം. പക്ഷെ അധികം വൈകാതെ മുഗൾ കലയിൽ തൽപ്പരനായ അബനി ആ ശൈലിയിൽ ചിത്രങ്ങൾ വരച്ചു. രവീന്ദ്രനാഥ് ടാഗോറിന്റെ രചനകൾക്ക് അദ്ദേഹം ചിത്രണം നിർവഹിച്ചു. കൽക്കത്തയിലെ ഗവണ്മെന്റ് ആർട്ട് സ്‌കൂളിന്റെ പ്രിൻസിപ്പലായി എത്തിയ ബ്രിട്ടീഷുകാരനായ ഐ ബി ഹാവെൽ ഇന്ത്യൻ പാരമ്പര്യകലയുടെ ആരാധകനായിരുന്നു. ഹവേലിനോട് ചേർന്ന് അബനിയും ചിത്രകാരനായ സഹോദരൻ ഗജേന്ദ്രനാഥ് ടാഗോറും ബംഗാൾ കലാ ശൈലിക്ക് സൈദ്ധാന്തികവും പ്രായോഗികവുമായ രൂപം നൽകി. ഭൗതികതയുടെ പര്യായമായ പാശ്ചാത്യകലയ്ക്ക് വിരുദ്ധമാണ് ആത്മീയതയിൽ ഊന്നുന്ന ഇന്ത്യൻ കല എന്ന അവർ വാദിച്ചു. ജപ്പാൻ, ചൈന തുടങ്ങി ഏഷ്യൻ ചിത്രകലാപാരമ്പര്യങ്ങളുമായി ഇന്ത്യൻ പാരമ്പര്യത്തെ ബന്ധപ്പെടുത്തി.  ഈ ബംഗാൾ സ്‌കൂളിന്റെ സൃഷ്ടികളായിരുന്നു നന്ദലാൽ ബോസ്, ജാമിനി റോയ്  തുടങ്ങിയവർ. 

അബനിക്കും വിമർശകർ ഉണ്ട്. ബംഗാൾ സ്‌കൂൾ യഥാർത്ഥ ഇന്ത്യൻ കലയാണ്, പാശ്ചാത്യ സൃഷ്ടിയിൽ രൂപം കൊണ്ട പൗരസ്ത്യ സങ്കൽപ്പനങ്ങൾക്ക് ഇണങ്ങുന്ന ശൈലിയുടെ ഉദ്ഘോഷകരാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. 1942ൽ വിശ്വഭാരതി സർവകലാശാലയുടെ  വൈസ് ചാൻസലർ ആയ അബനി 1951ൽ അന്തരിച്ചു.