ഇന്ത്യൻ പതാക ആദ്യമായി വിദേശ മണ്ണിലുയർത്തിയ ധീരവനിത മാഡം കാമയുടെ ജീവിതം|സ്വാതന്ത്ര്യസ്പർശം|India@75

Jun 20, 2022, 9:44 AM IST

പാഴ്‌സി സമുദായക്കാരാണ് സ്വാതന്ത്ര്യപൂർവ കാലം മുതൽ ഇന്നും ഇന്ത്യൻ വ്യവസായ രംഗത്തെ അതികായരായ ടാറ്റ, ഗോദ്‌റെജ്‌, വാഡിയ തുടങ്ങിയവർ. എന്നാൽ തലമുറകൾക്ക് മുമ്പ് പേർഷ്യയിൽ നിന്ന്  ഇന്ത്യയിൽ കുടിയേറിയെത്തിയ സൊറാസ്ട്രിയൻ മതക്കാരായ ഈ സമുദായത്തിൽ നിന്ന്  ഏതാനും പ്രമുഖ സ്വാതന്ത്ര്യസമരസേനാനികൾ  ഉയർന്നിട്ടുണ്ട്.  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തന്നെ ആദ്യകാല പ്രസിഡണ്ടും ബ്രിട്ടനിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ മുഖ്യപ്രചാരകനും ഒക്കെ ആയിരുന്ന  ദാദാഭായി നവറോജി, ഇന്ത്യൻ പതാക ആദ്യമായി വിദേശ മണ്ണിൽ ഉയർത്തിയ ഭിക്കാജി റുസ്തം കാമ, ഗാന്ധിജിക്കൊപ്പം ദണ്ഡി യാത്രയിൽ പങ്കെടുത്ത മിട്ടുബെൻ ഹോർമുസ്ജി പെറ്റി എന്നീ വനിതകൾ തുടങ്ങിയവർ പാഴ്‌സിപ്പോരാളികളിൽ പെടുന്നു. 

ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്ന് വിളിക്കപ്പെട്ട ഭിക്കാജി റുസ്തം കാമ എന്ന മാഡം കാമ അടിയുറച്ച സ്വാതന്ത്ര്യസമരസേനാനിയും സ്ത്രീകളുടെ അവകാശപ്പോരാളിയും സോഷ്യലിസ്റ്റും ആയിരുന്നു. 1861ൽ ബോംബെയിൽ സമ്പന്ന പാഴ്‌സി കുടുംബത്തിൽ ജനിച്ച കാമ ചെറുപ്പത്തിൽ തന്നെ സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെട്ടു. ബോംബേയിൽ കടുത്ത  ക്ഷാമവും പ്ലേ​ഗ് ബാധയും ഉണ്ടായപ്പോൾ കാമ സന്നദ്ധ പ്രവർത്തനത്തിന് മുന്നിലെത്തി. അവർക്കും പ്ലേ​ഗ് ബാധിക്കുകയും ചെയ്തു. തുടർന്ന് ലണ്ടനിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്  ദാദാഭായ് നവറോജിയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തനത്തിൽ പങ്കാളിയാകുന്നതും.  ഇതേ തുടർന്ന് ഇന്ത്യയിൽ തിരികെ പ്രവേശിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചു.  അതോടെ പാരീസിലേക്ക്  പോയ കാമ അവിടെ ഇന്ത്യൻ സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനം തുടർന്നു. 

സോഷ്യലിസത്തിൽ ആകൃഷ്ടയായ മാഡം കാമ 1907 ൽ ജർമ്മനിയിൽ സ്റ്റൂറ്റ്ഗാർട്ടിൽ ചേർന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചരിത്രം സൃഷ്ടിച്ചു. ആദ്യമായി വിദേശമണ്ണിൽ ഉയർന്ന ഇന്ത്യൻ പതാക ആയിരുന്നു അത്. ബ്രിട്ടീഷ് സൈനിക  ഉദ്യോഗസ്ഥനായ വില്യം വൈലിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി മദൻലാൽ ധിംഗ്രയുടെ പേരിൽ ഒരു പ്രസിദ്ധീകരണം തുടങ്ങി. തുടർന്ന് കാമയെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് വിട്ടുതരണമെന്ന ബ്രിട്ടന്റെ ആവശ്യം ഫ്രാൻസ് നിരാകരിച്ചു. അതോടെ ബോംബൈയിലെ കാമയുടെ സ്വത്ത് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടുകയും ചെയ്തു. അക്കാലത്ത് സോവ്യറ്റ് യൂണിയനിൽ താമസമുറപ്പിക്കാൻ കാമയെ ലെനിൻ ക്ഷണിച്ചു. യൂറോപ്പിൽ വനിതകളുടെ വോട്ടവകാശസമരങ്ങളിൽ കാമ പങ്കെടുത്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും ഫ്രാൻസും സഖ്യകക്ഷികളായപ്പോൾ 1914 ൽ  കാമയെ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്ത നാട് കടത്തി.  ഏറെക്കാലം പല രാജ്യങ്ങളിൽ അലയേണ്ടിവന്ന കാമയ്ക്ക് എഴുപത്തിനാലാം വയസ്സിൽ 1935ൽ ഗുരുതരമായി അസുഖബാധിതയായശേഷമേ ഇന്ത്യയ്ക്ക്  മടങ്ങാൻ ആയുള്ളൂ.  പ്രിയപ്പെട്ട മണ്ണിൽ മടങ്ങിയെത്തി അധികം വൈകാതെ കാമ അന്തരിച്ചു.