KSRTC : ശമ്പള വിതരണത്തിന് 50 കോടി രൂപ ഓവർ ഡ്രാഫ്റ്റെടുത്ത് കെഎസ്ആർടിസി

May 20, 2022, 2:48 PM IST

തിരുവനന്തപുരം; ksrtc ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് വഴിയൊരുങ്ങുന്നു.മാനേജ്മെന്‍റ്  50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റെടുത്ത സാഹചര്യത്തിലാണിത്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു.ഇതും കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള നീക്കിയിരിപ്പും ചേര്‍ത്ത് ഇന്നു തന്നെ ശമ്പളം വിതരണം ചെയ്തേക്കും.ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്ന് തന്നെ ശമ്പളം നല്‍കും. നാളെയോടെ ശമ്പളവിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 19നാണ് വിതരണം ചെയ്തത്. 45 കോടി രൂപ ഓവര്‍ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം ശമ്പള പ്രതിസന്ധി മറികടന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് ശമ്പള പരിഷ്കരണ കരാര്‍ ഒപ്പിടുന്ന വേളയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.

'മന്ത്രിയുടെ പ്രസ്താവന തൊഴിലാളികളില്‍ പ്രതിഷേധമുണ്ടാക്കി'; ആന്‍റണി രാജുവിനെ തള്ളി ആനത്തലവട്ടം ആനന്ദന്‍

ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ പരസ്യമായി തള്ളി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി. പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ സഹായം തേടുന്നത് ഒരു കുറവാണെന്ന് ചിലര്‍ കരുതുന്നു. ആ തോന്നല്‍ സിഐടിയുവിനില്ല. കെഎസ്ആര്‍ടിസി സ്വന്തം കാലില്‍ നിന്ന ചരിത്രമില്ലെന്നും ആനത്തലവട്ടം പറഞ്ഞു.