എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച സിഐക്ക് സസ്പെൻഷൻ

May 19, 2022, 4:56 PM IST

എൽഎൽബി പരീക്ഷയിൽ (LLB Exam) കോപ്പിയടിച്ച ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ (Police Training College) ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. എൽഎൽബി പരീക്ഷയിലാണ് ആദർശ് കോപ്പിയടിച്ചത്. പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡാണ് ആദർശിനെ പൊക്കിയത്. ഉദ്യോഗസ്ഥൻ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് കോളേജിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ കാരണമായെന്ന് ആദർശിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ എഡിജിപി(ADGP) ചൂണ്ടിക്കാട്ടുന്നു. നടപടി നേരിട്ട ഉദ്യോഗസ്ഥനെ ട്രെയിനിംഗ് കോളേജിൽ നിന്നും മാറ്റാനും നിർദേശിച്ചിട്ടുണ്ട്. 

ആദർശ് ഉള്‍പ്പെടെ നാലുപേരെയാണ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന്  പിടികൂടിയത്.  സംഭവത്തെ കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപി പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയോടും പൊലീസ്  വിവരങ്ങള്‍ തേടിയിരുന്നു. 

ലോ അക്കാദമിയിലെ ഈവനിഗം ബാച്ചിലെ വിദ്യാർത്ഥിയായ ആദർശ് പരീക്ഷ പഠിക്കാനായി മൂന്നൂ മാസമായി അവധിയിലായിരുന്നു.  എന്നാൽ കോപ്പിയടിക്ക് പിടിക്കപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങള്‍ കോളജോ സർവ്വകലാശാലയോ പുറത്തുവിടുന്നില്ല. ലോ അക്കാദമിയിലെ ഈവനിംഗ് ബച്ചിൽ പഠിക്കുന്നതിലേറെയും സർക്കാർ ഉദ്യോഗസ്ഥരാണ്. കോപ്പിയടിക്ക് പിടിക്കപ്പെട്ടതും ഉദ്യോഗസ്ഥരാകാൻ സാധ്യതയുള്ളതിലാണ് വിവരം രഹസ്യമായി സൂക്ഷിക്കുന്നതെന്നാണ് സൂചന.