ജനിച്ച് മണിക്കൂറുകള്‍ മാത്രം; കുട്ടിയാന ആദ്യ ചുവട് വെയ്ക്കുന്ന വീഡിയോ തരംഗമാകുന്നു

By Web TeamFirst Published Aug 25, 2022, 11:12 AM IST
Highlights

വിപ്‌സ്‌നേഡ് മൃഗശാലയിലെ ജീവനക്കാര്‍ വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ അതിഥിയുടെ വരവിനെ "വലിയ വിജയം" എന്നാണ് വിശേഷിപ്പിച്ചത്.

ബ്രിട്ടന്‍: ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡ്ഷെയറിലെ ഡണ്‍സ്റ്റബിളിന് സമീപമുള്ള വിപ്സ്നേഡ് മൃഗശാലയില്‍ കഴിഞ്ഞ ദിവസം ഒരു അപൂര്‍വ്വ അതിഥി പിറന്നു. ഡോണ എന്ന് പേരിട്ടിരുന്ന ഏഷ്യന്‍ ആനയ്ക്കാണ് കുഞ്ഞ് പിറന്നത്. വിപ്‌സ്‌നേഡ് മൃഗശാലയിലെ ജീവനക്കാര്‍ വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ അതിഥിയുടെ വരവിനെ "വലിയ വിജയം" എന്നാണ് വിശേഷിപ്പിച്ചത്. 

മൃഗശാലയും സഫാരി പാർക്കും ചേര്‍ന്നതാണ്  വിപ്സ്നേഡ് മൃഗശാല. ലോകമെമ്പാടുമുള്ള മൃഗങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായി തുടങ്ങിയ സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് മൃഗശാലകളിൽ ഒന്നാണിത്. ലണ്ടനിലെ റീജന്‍റസ് പാർക്കിലുള്ള ലണ്ടൻ മൃഗശാലയാണ് മറ്റൊന്ന്. 

പുതിയ അതിഥിക്ക് പേരൊന്നും നല്‍കിയിട്ടില്ല. അവളും അമ്മ ഡോണയും സുഹൃത്തുക്കളും മൃഗശാലയില്‍ സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.  "ഈ ആനക്കുട്ടിയുടെ വരവിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് പറയുന്നത് ഒരു വലിയ അടിവരയിടലാണ്. യൂറോപ്പിലുടനീളം വംശനാശഭീഷണി നേരിടുന്ന സ്പീഷീസ് ബ്രീഡിംഗ് പ്രോഗ്രാമിൽ ഏഷ്യൻ ആനകളുടെ ഒരു കുഞ്ഞ് പിറക്കുകയെന്നാല്‍ അത് വളരെ പ്രധാനപ്പെട്ട ഒരു കൂട്ടിച്ചേർക്കലാണ്." മൃഗശാലയില്‍ ആനകളുടെ കാര്യങ്ങള്‍ നോക്കുന്ന ഡപ്യൂട്ടി ടീം ലീഡർ മാർക്ക് ഹോവ്സ് പറഞ്ഞു.

ആനക്കുട്ടി ജനിച്ച് വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്‍റെ ജീവിതത്തിലെ ആദ്യ ചുവട് വയ്ക്കുന്നതും മുലപ്പാല്‍ കുടിക്കാനായി എത്തുന്നതും മൃഗശാലാ അധികൃതര്‍ തങ്ങളുടെ സാമൂഹിക പേജില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. തന്‍റെ ആദ്യ ചുവട് വയ്ക്കാനായി കാലുയര്‍ത്തുമ്പോള്‍ അമ്മ, മകള്‍ താഴേ വീഴാതിരിക്കാനായി തന്‍റെ തുമ്പിക്കൈ ആ കുഞ്ഞിനെ ചുറ്റാനായുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ അവള്‍ നിന്ന് ഉറങ്ങാനൊരു ശ്രമം നടത്തുന്നു. 
 

 

Read More:  പൂത്തുലഞ്ഞ് അറ്റകാമ; ലോകത്തിലെ ഏറ്റവും പുരാതന മരുഭൂമില്‍ വസന്തകാലം

 

 

click me!