ബീഹാറിൽ പുതിയ വന്ദേ ഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന യാത്രയിൽ ടിക്കറ്റില്ലാതെ നിരവധി പേർ കയറിയത് സംഘർഷത്തിനിടയാക്കി. സംഭവത്തിന്‍റെ വീഡിയോ വൈറലായി. ടിക്കറ്റില്ലാ യാത്ര എന്ന ശീലത്തെക്കുറിച്ചും ഭരണസംവിധാനങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച ശക്തമായി. 

ന്ത്യയിലെ വന്ദേ ഭാരത് ട്രെയിനുകൾ വേഗത, സുഖസൗകര്യങ്ങൾ, പ്രീമിയം യാത്രാനുഭവം എന്നിവയ്ക്ക് പേരുകേട്ടതാണ്. എന്നാൽ ഏറ്റവും പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് പോലും അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബീഹാറിലെ പുതിയ വന്ദേ ഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന വേളയിൽ, ടിക്കറ്റില്ലാതെ നിരവധി ആളുകൾ ട്രെയിനിൽ കയറിയത് സംഘ‍ർഷം സൃഷ്ടിച്ചു. മറ്റേതൊരു പതിവ് ട്രെയിൻ സ‍ർവ്വീസ് പോലെയായിരുന്നു ജനങ്ങൾ പെരുമാറിയത്. ഇതോടെ വാതിൽ അടയ്ക്കുന്നതിന് മുമ്പ് യാത്രക്കാരോട് പുറത്തിറങ്ങാൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.

പുതിയ വന്ദേഭാരത്, പഴയ ശീലം

പുതിയ വന്ദേഭാരത് ട്രെയിൻ കാണാനായി ആളുകൾ എത്തിയതാണോ അതോ പതിവ് പോലെ മറ്റേതൊരു സാധാരണ ട്രെയിനിനെയും പോലെ യാത്രയ്ക്കായി ആളുകൾ ടിക്കറ്റെടുക്കാതെ വന്ദേഭാരതിൽ കയറിയതാണോയെന്ന് വ്യക്തമല്ല. സംഗതി എന്തായാലും സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബീഹാറിലെ പല ഗ്രാമങ്ങളിലും അനൗദ്യോഗികമോ നിയമവിരുദ്ധമോ ആയ റെയിൽവേ സ്റ്റോപ്പുകൾ ഉള്ളതിനാൽ ആളുകൾ ടിക്കറ്റെടുക്കാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് പതിവാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഈ ശീലം തുടർന്നാൽ ചിലർ വിമാനങ്ങളിലും പണം നൽകാതെ യാത്ര ചെയ്യാൻ ശ്രമിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

Scroll to load tweet…

പരിഹസിച്ചും അമ്പരന്നും കാഴ്ചക്കാർ

വീഡിയോ വൈറലായതിന് പിന്നാലെ ചിലർ ബീഹാറിന്‍റെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്തി. ബീഹാറിന്‍റെ അടിസ്ഥാന യാഥാർത്ഥ്യം വളരെ മോശമാണെന്നും സംസ്ഥാനം എന്താണെന്നതിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നും കുറിച്ചു. അതേസമയം കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, ബിജെപി സ‍ക്കാറുകളെയായിരുന്നു മറ്റ് ചലർ കുറ്റപ്പെടുത്തിയത്. രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും തങ്ങൾ കയറി ട്രെയിൻ എങ്ങോട്ടാണ് പോകുന്നതെന്നോ, ലക്ഷ്യ സ്ഥാനത്ത് നിർത്തുമെന്നോ ആളുകൾക്ക് അറിയാതെ പോകുന്നത് നിങ്ങളുടെ സോഷ്യലിസത്തിന്റെ തെറ്റാണ്. അതേസമയം മറ്റ് ചില തത്പര കക്ഷികൾ അവരുടെ ഇരട്ട എഞ്ചിൻ സർക്കാരിന്‍റെ പരാജയത്തിന് പൊതുജനങ്ങളെ കുറ്റപ്പെടുത്തുമെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. അതേസമയം സമ്പന്നരാണെന്നത് കൊണ്ട് പാവങ്ങളെ കളിയാക്കാനോ വിമർശിക്കാനോ ആ‍ർക്കും അധികാരമില്ലെന്ന് മറ്റൊരു കാഴ്ച്ചക്കാരൻ എഴുതി.