
സെൽഫികൾക്കും വൈറൽ റീലുകൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവരാണെന്ന് തോന്നും ചിലരുടെ പ്രവർത്തി കണ്ടാൽ. അതിനിടെ മറ്റുള്ളവരുടെ സ്വാതന്ത്ര്യമോ പൊതുഇടമെന്ന ബോധമോ ഇത്തരക്കാർക്കുണ്ടാകില്ല. സ്വന്തം താത്പര്യങ്ങൾ മാത്രമാകും അത്തരക്കാർക്ക് പ്രധാനം. അതിനി ഒരു ദേശീയ പാതയായാൽ പോലും. പറഞ്ഞ് വരുന്നത് സെൽഫിക്ക് വേണ്ടി ഹൈവേയിൽ ഇരിക്കുന്ന ഒരു ദമ്പതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഉയർന്നുവന്ന ചില കുറിപ്പുകളാണ്.
ജനുവരി 31 -ാം തിയതി ദി സ്കിൻ ഡോക്ടർ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വളവുകളില്ലാതെ നീണ്ട് നിവർന്ന് കിടക്കുന്ന ഒരു ദേശീയ പാതയിൽ അത്യാവശ്യം വേഗത്തിൽ പോകുന്ന ഒരു കാറിന്‍റെ ഡാഷ്കാമിൽ നിന്നുള്ള ദൃശ്യങ്ങളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. ചെറിയൊരു കയറ്റം കഴിഞ്ഞുള്ള ഇറക്കത്തിലെത്തുമ്പോൾ പെട്ടെന്ന് റോഡിന്‍റെ നടുവിൽ കിടക്കുന്ന ഒരു സ്ത്രീയെ വീഡിയോയിൽ കാണാം. തൊട്ട് അപ്പുറത്തായി യുവതിയുടെ ഭർത്താവ് ഫോട്ടോയെടുക്കാനായി മാറി നിൽക്കുന്നതും കാണാം. അപ്രതീക്ഷിതമായ കാഴ്ചയിൽ കാർ ഡ്രൈവർ സഡൻ ബ്രേക്കിട്ട് വാഹനം നിർത്തുന്നു. ഈ സമയമാണ് യുവതി കാറിന്‍റെ സാന്നിധ്യത്തെ കുറിച്ച് ബോധവതിയാകുന്നത്. പിന്നാലെ കാർ ഡ്രൈവർ മരിക്കാൻ കിടക്കുവാണോയെന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ദമ്പതികളെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇന്നത്തെ ലോകത്ത് ഡാഷ്‌കാം അത്യാവശ്യമായിരിക്കുന്നത് അതുകൊണ്ടാണെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. ഇത് പൗരബോധത്തിന്‍റെ മാത്രം പ്രശ്നമല്ല. സീറോ ഐക്യുവിന്‍റെ പ്രശ്നം കൂടിയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്. സീറോ സിവിക് സെന്‍സ് എന്ന് മറ്റൊരാൾ തിരുത്തി. പൊതുജനങ്ങൾക്ക് ഇപ്പോൾ നിയമഭയം ഇല്ലാതായിരിക്കുന്നു. 500 രൂപയുട നോട്ട് ഉണ്ടെങ്കിൽ എന്ത് പ്രശ്നവും പരിഹരിക്കാമെന്ന് അവർക്കറിയാമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ദമ്പതികൾക്കെതിരെ നടപടികൾ എടുക്കണമെന്ന ആവശ്യവും ഉയർന്നു.