വെറുതേ വെള്ളമൊഴിച്ചിട്ട് കാര്യമില്ല, എത്ര കുളിച്ചാലും ഈ ഭാഗങ്ങളിൽ ബാക്ടീരിയകൾ ബാക്കിയുണ്ടാകും; വീഡിയോ

Published : Jan 23, 2026, 03:16 PM IST
Body Parts Stay Dirty

Synopsis

ദിവസവും കുളിക്കുന്നത് കൊണ്ട് ശരീരം വൃത്തിയാകണമെന്നില്ലെന്ന് ന്യൂയോർക്കിലെ ഡോക്ടർ ടോണിയുടെ മുന്നറിയിപ്പ്. പൊക്കിൾ, ചെവിക്ക് പിന്നിൽ, കക്ഷം എന്നിവയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. 

 

ദിവസവും കുളിക്കുന്നത് കൊണ്ട് ശരീരം പൂർണ്ണമായും വൃത്തിയാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ അത് എപ്പോഴും ശരിയാകണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് ന്യൂയോർക്കിലെ പ്രമുഖ ഡോക്ടറായ ടോണി. ദിവസവും കുളിച്ചാലും ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ ബാക്ടീരിയകളും അഴുക്കും അവശേഷിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്‍റെ സമൂഹ മാധ്യമ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകുന്നു.

പ്രത്യേക ശ്രദ്ധ നൽകേണ്ട 6 ശരീരഭാഗങ്ങൾ

പലപ്പോഴും നമ്മൾ കുളിക്കുമ്പോൾ അവഗണിക്കുന്നതോ അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തതോ ആയ ഭാഗങ്ങളിലാണ് വിയർപ്പും എണ്ണമയവും അഴുക്കും അടിഞ്ഞുകൂടുന്നത്. ബാക്ടീരിയകൾ ഏറ്റവും കൂടുതൽ വളരാൻ സാധ്യതയുള്ള അത്തരം ഭാഗങ്ങളെ ഡോക്ടർ ടോണി തരംതിരിച്ചിട്ടുണ്ട്.

കുളിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട 6 ഭാഗങ്ങൾ:

പൊക്കിൾ (Belly Button): ഏറ്റവും കൂടുതൽ ബാക്ടീരിയകൾ തമ്പടിക്കുന്ന ഒരിടമാണിത്. ശരിയായി സോപ്പിട്ട് വൃത്തിയാക്കിയില്ലെങ്കിൽ അഴുക്കും ദുർഗന്ധവും ഇവിടെ നിലനിൽക്കും.

ചെവിക്ക് പിന്നിൽ (Behind the Ears): ഈ ഭാഗത്തെ ചർമ്മത്തിൽ എണ്ണമയമുള്ള ഗ്രന്ഥികൾ കൂടുതലായതിനാൽ ബാക്ടീരിയകൾ പെരുകാൻ സാധ്യതയുണ്ട്.

കാൽവിരലുകൾക്കിടയിൽ (Between the Toes): നനവ് എപ്പോഴും ഇരിക്കുന്ന ഇടമായതിനാൽ ഫംഗസ് അണുബാധയ്ക്കും ബാക്ടീരിയ വളർച്ചയ്ക്കും ഇവിടെ സാധ്യത കൂടുതലാണ്.

നഖത്തിനടിഭാഗം (Under the Fingernails): നഖങ്ങൾക്കിടയിലെ അഴുക്ക് പലപ്പോഴും കുളിച്ചതുകൊണ്ട് മാത്രം പോകാറില്ല. ഇത് നേരിട്ട് ശരീരത്തിനുള്ളിലേക്ക് അണുക്കൾ എത്താൻ കാരണമാകും.

കക്ഷം (Armpits): വിയർപ്പ് ഗ്രന്ഥികൾ കൂടുതലുള്ള ഈ ഭാഗം ശരിയായ രീതിയിൽ തേച്ചു കഴുകാത്ത പക്ഷം വിയർപ്പും ദുർഗന്ധവും ബാക്ടീരിയകളും അവിടെ തന്നെ തുടരും.

കഴുത്ത് (Neck): വിയർപ്പും അഴുക്കും വേഗത്തിൽ അടിഞ്ഞുകൂടുന്ന ഭാഗമാണിത്. കുളിക്കുമ്പോൾ പലരും കഴുത്തിന്‍റെ പിൻഭാഗം വേണ്ടത്ര ശ്രദ്ധിക്കാറില്ല.

 

 

തേച്ച് കഴുകി വൃത്തിയാക്കണം

ശരീരം വൃത്തിയാകാൻ വെറുതെ വെള്ളമൊഴിച്ചാൽ മാത്രം പോരാ എന്നും, ഈ ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് തേച്ചു കഴുകിയാൽ മാത്രമേ പൂർണ്ണമായ ശുചിത്വം ലഭിക്കുകയുള്ളൂ എന്നും ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ദിവസവും കുളിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ പൂർണ്ണമായും വൃത്തിയുള്ളവരായി കൊള്ളണമെന്നില്ലയെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. മിക്ക ചർമ്മ അണുബാധകളും വരുന്നത് നമ്മൾ കഴുകാൻ മറന്നുപോകുന്ന ഭാഗങ്ങളിൽ നിന്നാണ്. ഈ ഭാഗങ്ങളിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ കാരണമാകും. ശരിയായ ശുചിത്വം ഉറപ്പാക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന വഴികൾ ഇവയാണ്:

ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിക്കുക.

ഒരു തുണിയോ വാഷ്‌ക്ലോത്തോ ഉപയോഗിച്ച് ഈ ഭാഗങ്ങൾ നന്നായി തേച്ചു കഴുകുക. കുളി കഴിഞ്ഞാൽ ഈ ഭാഗങ്ങളിലെ ഈർപ്പം പൂർണ്ണമായും തുടച്ചുണക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദുർഗന്ധം ഒഴിവാക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഡോക്ടറുടെ ഈ ഉപദേശത്തിന് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

വിശക്കുന്ന കുട്ടികൾക്ക് കൊടുക്കാതെ ലിറ്റർ കണക്കിന് പാൽ ഗംഗയിലേക്ക് ഒഴുക്കുന്ന ഭക്തി; ഇത് കാപട്യമെന്ന് നെറ്റിസെന്‍സ്, വീഡിയോ
കുട്ടിയെ സ്പോർട്സ് കാറിന് മുകളിൽ ഇരുത്തി സാഹസികയാത്ര; 25 -കാരൻ പിടിയിൽ, വീഡിയോ