
മിർസാപൂർ: ദീപാവലിക്ക് വീട് വൃത്തിയാക്കാത്തതിൻ്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞതിന്റെ ദേഷ്യം തീർക്കാൻ യുവതി കാണിച്ച അവിവേകത്തിന്റെ വീഡിയോ സോഷ്യൽ മീഡയിയിൽ വൈറൽ. അമ്മ പറഞ്ഞതിലെ ദേഷ്യത്തിന് മൊബൈൽ ടവറിൽ കയറിയായിരുന്നു യുവതിയുടെ പ്രതികരണം. വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് വൈറലായത്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം.
കച്ച്‌വ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതി ദേഷ്യത്തോടെ ടവറിൽ കയറുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ കുടുംബാംഗങ്ങളെയും പൊലീസിനെയും വിവരമറിയിച്ചു. അധികൃതർ സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
'സംഭവം വിചിത്രമാണ്, ദീപാവലിക്ക് വീട് വൃത്തിയാക്കാൻ അമ്മ മകളോട് ആവശ്യപ്പെട്ടു, ഇതിൽ ദേഷ്യപ്പെട്ടാണ് അവൾ ടവറിൽ കയറിയത്' എന്നായിരുന്നു മിർസാപൂരിലെ സദർ സർക്കിൾ ഓഫീസർ അമർ ബഹദൂർ പറഞ്ഞു. വീട് വൃത്തിയാക്കുന്ന ജോലി സഹോദരനെയോ മറ്റ് കുടുംബാംഗങ്ങളെയോ ഏൽപ്പിക്കാതെ തന്നെ മാത്രം ഏൽപ്പിച്ചതായിരുന്നു യുവതിയെ ചൊടിപ്പിച്ചത്. പിന്നാലെയാണ് ടവറിൽ കയറി പ്രതിഷേധിക്കാൻ തുടങ്ങിയതെന്ന് നാട്ടുകാരും കൂട്ടിച്ചേർത്തു. യുവതി സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.