സ്വന്തം ചുരുക്കപ്പേരെഴുതിയ ഷൂസില്‍  ഉയര്‍ന്നുനില്‍ക്കുന്നു, റാഫേല്‍ നദാല്‍!

By Web TeamFirst Published Jun 15, 2021, 8:10 PM IST
Highlights

ഫ്രെഞ്ച് ഓപ്പണ്‍ സെമിയില്‍ ജോക്കോവിച്ചിനോട് തോറ്റ് പുറത്തായ റാഫേല്‍ നദാലിനെക്കുറിച്ച് കവിയും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുമായ ബിജുറോക്കി എഴുതുന്നു

ജോക്കോവിച്ചിനോട് സെമിയില്‍ തോറ്റ് മടങ്ങുമ്പോഴും നദാലിന്റെ തലയുയര്‍ന്നു തന്നെനിന്നു.  ആ പേരിന് ഇനി മറ്റൊരു അവകാശി അടുത്ത കാലമൊന്നും കടന്നുവന്നേക്കില്ല, കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍!  ജോക്കോവിച്ചിനെതിരെ നാലുമണിക്കൂര്‍ പതിനൊന്ന് മിനിറ്റ് നീണ്ട സെമി പോരാട്ടം. അതില്‍ രണ്ടും മൂന്നും സെറ്റുകള്‍ ക്ലാസിക്. കാണികള്‍ ഇരിപ്പിടത്തില്‍ നിന്നുയര്‍ന്ന് കൈയ്യടിച്ച എത്ര മുഹൂര്‍ത്തങ്ങള്‍.  തോറ്റെങ്കിലും നദാല്‍ പറയുന്നു, ജീവിതം മൂന്നോട്ടൊഴുകും, ഇത് ടെന്നീസ് മാത്രം. 

 

 

ഫ്രഞ്ച് ഓപ്പണിന്റെ കളിമണ്‍ പൊടിയടങ്ങി.

കപ്പ് ഉയര്‍ത്തിയത് ജോക്കോവിച്ച് ആണെങ്കിലും, ഇത്തവണ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപ്പാസ് ആണ് കസേരവലിച്ചിട്ട് ഇഷ്ടത്തിന്റെ ഉമ്മറത്തിരുന്നത്.

അടുത്ത പരിചയക്കാരനായ ചെക്കന്‍. ചായകുടിച്ച് മിണ്ടീം പറഞ്ഞുമിരിക്കാന്‍ തോന്നുന്ന സ്നേഹം.  ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം. വേണുനാഗവള്ളിയുടെ വിഷാദം. 

ഈ കുറിപ്പ് ജോക്കോവിച്ചിനെയോ സിറ്റ്സിപ്പാസിനെയോ കുറിച്ചല്ല. ഗ്രേറ്റ് സിംഫണിയൊരുക്കുന്ന റോജര്‍ ഫെഡററെയും കുറിച്ചല്ല. 

നോക്കൂ, 

ബേസ് ലൈനില്‍ സര്‍വിന് മുമ്പ് അയാള്‍ ഇരുഷൂവിലും  റാക്കറ്റ്  തട്ടുന്നു.  പൊടിയിളക്കത്തിലൂടെ  ക്യാമറ സൂം ചെയ്യുമ്പോള്‍ ആ ഷൂസിന്റെ പിന്നില്‍ 'റാഫ' എന്നെഴുതിയത് കാണുന്നു. 

സ്വന്തം ചുരുക്കപേരെഴുതിയ ആ ഷൂസില്‍ ഉയര്‍ന്നുനില്‍ക്കുന്നു, റാഫേല്‍ നദാല്‍! 

അയാളാണ് ഫ്രെഞ്ച് ഓപ്പണ്‍ ടെന്നീസും യൂറോകപ്പും ഇടകലര്‍ന്ന ഒരു പുലരിയില്‍ എന്നില്‍ ഉയിര്‍ത്ത് വന്നത്. പതിമൂന്ന് വട്ടം റൊളാങ്  ഗരോസില്‍ സന്തോഷത്താല്‍ ഉരുണ്ടുപിരണ്ട്,  കളിമണ്ണ് കുപ്പായത്തില്‍ പുരട്ടിയത്.  മലര്‍ന്ന് വീണും മുട്ടുകുത്തിയും  വെള്ളിക്കപ്പില്‍ കടിച്ചും വിജയാഹ്ലാദം നടത്തിയത്. ഇയാളാണ് ഇക്കുറിയും ഇടവത്തിലെ മഴയ്ക്കൊപ്പം  എന്നോട്  കൂടെ പോരുന്നത്. 

സര്‍വ് ചെയ്യുന്നതിന് മുമ്പുള്ള ആ പോസ് ഓര്‍മയില്ലേ, എതിര്‍കളിക്കാരനെ പാത്തൊന്നു നോക്കി, ഓരം ചേര്‍ന്ന് പന്തിനെ പായിക്കാന്‍ ഒരുങ്ങുന്ന നിമിഷം.

അതോ, ശക്തമായ റണ്ണിംഗ് ഫോര്‍ഹാന്‍ഡ് ഷോട്ടിന് ഒരുങ്ങുന്ന പോസോ?

വരുംലോകം ഈ പോസുകളിലൊന്നിലാകും റാഫയുടെ വെങ്കലപ്രതിമ ഒരുക്കി നിര്‍ത്തുക. ആ പ്രതിമയ്ക്ക് ചുറ്റും നടന്ന് വീരാരാധനയോടെ  മകനോടോ മകളോടോ നദാലിനെ കുറിച്ച് പറയുന്ന ടെന്നീസ് പ്രേമിയെ ഇപ്പോഴേ കാണുന്നു. 

ഫ്രെഞ്ച് ഓപ്പണില്‍ ഇത്രയും റെക്കോര്‍ഡുകളുടെ തീവണ്ടിയോടിക്കാന്‍  മറ്റാര്‍ക്കാണ് കഴിഞ്ഞത്? 

ജോക്കോവിച്ചിനോട് സെമിയില്‍ തോറ്റ് മടങ്ങുമ്പോഴും നദാലിന്റെ തലയുയര്‍ന്നു തന്നെനിന്നു.  ആ പേരിന് ഇനി മറ്റൊരു അവകാശി അടുത്ത കാലമൊന്നും കടന്നുവന്നേക്കില്ല, കളിമണ്‍കോര്‍ട്ടിലെ രാജകുമാരന്‍! 

ജോക്കോവിച്ചിനെതിരെ നാലുമണിക്കൂര്‍ പതിനൊന്ന് മിനിറ്റ് നീണ്ട സെമി പോരാട്ടം. അതില്‍ രണ്ടും മൂന്നും സെറ്റുകള്‍ ക്ലാസിക്. കാണികള്‍ ഇരിപ്പിടത്തില്‍ നിന്നുയര്‍ന്ന് കൈയ്യടിച്ച എത്ര മുഹൂര്‍ത്തങ്ങള്‍.  തോറ്റെങ്കിലും നദാല്‍ പറയുന്നു, ജീവിതം മൂന്നോട്ടൊഴുകും, ഇത് ടെന്നീസ് മാത്രം. 

 

..........................................

മീന്‍ത്തല എപ്പോള്‍ വെട്ടിയിടുമെന്ന ചിന്തയോടെ മുറ്റത്ത് പതുങ്ങിയിരിക്കുന്ന പൂച്ചക്കുട്ടികളാണ് പന്തുപെറുക്കി കുട്ടികള്‍.

 

കളിമണ്‍പൊടി പറയുന്നത്

യൂറോ കപ്പില്‍ തുര്‍ക്കിക്കെതിരെ ഇറ്റലിയുടെ സ്വതസിദ്ധമായ മടുപ്പന്‍ കളി നടക്കുന്നു. 

അപ്പോഴും മറ്റൊരു ചാനലില്‍ ഫ്രെഞ്ച് ഓപ്പണ്‍ ടെന്നിസ് പൊടിപൊടിക്കുകയാണ്. 

മുമ്പത്തെ പോലെയല്ല, കോര്‍ട്ടിന് മുകളില്‍ മേലാപ്പുണ്ട്. ചുരുക്കിവെച്ച കുടപോലെ അത് മുകളില്‍ അടങ്ങിയൊതുങ്ങി ഇരിപ്പുണ്ട്.  സൈഡ് ലൈനിനു പുറത്ത് പന്ത് പെറുക്കാന്‍ നില്‍ക്കുന്നത്, വര്‍ഷങ്ങളായി ഒരേ കുട്ടികളെന്ന് തോന്നും. അതേ ശരീരഭാഷ.  അവര്‍ മുതിരുന്നില്ല. തെല്ലിട അവരിലൂടെ കളികാണാന്‍ ശ്രമം നടത്തി. തൊട്ടടുത്ത് കളി നടക്കുന്നെങ്കിലും  പന്തുപെറുക്കുന്നവരുടെ കളികാണല്‍ മറ്റൊന്നാണ്. 

മീന്‍ത്തല എപ്പോള്‍ വെട്ടിയിടുമെന്ന ചിന്തയോടെ മുറ്റത്ത് പതുങ്ങിയിരിക്കുന്ന പൂച്ചക്കുട്ടികളാണ് പന്തുപെറുക്കി കുട്ടികള്‍.

നോക്കൂ, അയാള്‍ ഷൂസില്‍ നിന്ന് തട്ടിയപ്പോള്‍ ഉയര്‍ന്ന കളിമണ്‍പ്പൊടി ഹൈഡെഫനിഷന്‍ എല്‍ ഇഡി സ്‌ക്രീനില്‍ തുള്ളികളിക്കുന്നു.  

സ്ലോമോഷനില്‍, ആദ്യമൊന്ന് പറന്നുനിന്നെങ്കിലും മെല്ലേ അതെല്ലാം നിലംപറ്റുന്നു. അല്ലെങ്കിലും എത്ര നേരം ഈ പൊടിക്കുഞ്ഞന്മാര്‍ക്ക്  പരസഹായമില്ലാതെ പറന്നുനില്‍ക്കാനാകും? 

ഈ തൂവിയ പൊടിക്കൂട്ടം എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കും സൂചനതന്നെയാണ്. ഒരിക്കല്‍ താന്‍ സന്തോഷം കൊണ്ട് വീണ് കരഞ്ഞ ഇടം, അത് ശാശ്വതമല്ല. ഷൂസില്‍ നിന്ന് തെറിക്കുന്ന പൊടിപോലെ നശ്വരം. 

ഇപ്പോള്‍ കളംവരച്ച് പകുത്തുമാറിയ മരുഭൂമിയില്‍ രണ്ടുമൃഗങ്ങള്‍ പരസ്പരം പോരടിക്കുന്ന പോലെ  തോന്നി.  മുരളലും അലര്‍ച്ചയുമായി നീങ്ങിയ നാലുമണിക്കൂര്‍. കളത്തിലെ വരകള്‍ മാഞ്ഞപോലെ തോന്നി. 

രാജ്യത്തിന്റെ അതിര്‍ത്തികള്‍ മായ്ക്കാന്‍ സ്പോര്‍ട്സിനുപോലെ മറ്റെന്തിന് കഴിയും? 

..............................................

ആറ് പായ്ക്കുകള്‍ കളംവരച്ച ഉദരം. കാതലുള്ള മരത്തിന്റെ നാരുകള്‍ കെട്ടിപ്പിണഞ്ഞുകിടക്കുന്നപോലെ കൈക്കരുത്ത് വേരോടിയ പേശികള്‍.  

 

എതിരാളിക്കുമീതെ ആധിപത്യം സ്ഥാപിക്കുന്ന നോട്ടങ്ങള്‍. ഗെയിമുകളിലെ ഇടവേളകളില്‍ നോക്കുമ്പോള്‍  തുര്‍ക്കി ഇറ്റലിക്കെതിരെ സെല്‍ഫ് ഗോള്‍ വഴങ്ങിയിരിക്കുന്നു.  തിരിച്ചെത്തുമ്പോള്‍ ജോക്കോവിച്ച് വെള്ളം കുടിക്കുകയാണ്. ആദ്യ സെറ്റില്‍ നദാലിന് മുന്നില്‍ തോല്‍വി. 

ഇപ്പോള്‍, ഗെയിമിനിടയില്‍ വിയര്‍പ്പ് നനച്ച കുപ്പായത്തിനടിയില്‍ നദാലിന്റെ മുഴുപ്പുള്ള വാരിയെല്ലുകള്‍ കാണുന്നു . കളി തുടരുന്നു. 

ആറ് പായ്ക്കുകള്‍ കളംവരച്ച ഉദരം. കാതലുള്ള മരത്തിന്റെ നാരുകള്‍ കെട്ടിപ്പിണഞ്ഞുകിടക്കുന്നപോലെ കൈക്കരുത്ത് വേരോടിയ പേശികള്‍.  

ശേഷിക്കുന്ന മുടിയിഴകളെ ഒതുക്കിക്കൂട്ടി വെച്ച ബാന്‍ഡ്. ഇവിടെ ആദ്യ കിരീടം ചൂടുമ്പോഴുള്ള രൂപം ഓര്‍മവരുന്നു. അന്ന് റാഫേല്‍ മാലാഖയായിരുന്നു. 

പാറിപ്പറന്നു കിടക്കുന്ന മുടിയിഴകളുണ്ടായിരുന്നു. ചുളിയാത്ത മുഖവും. 

എങ്കിലും ജോക്കോവിച്ചിന്റെ നിലംകുഴിക്കുന്ന ഷോട്ടിനു പോലും ഇപ്പോഴും വീറുറ്റ മറുപടി കൊടുക്കാനാകുന്നുണ്ട് .  അസാധ്യമെന്ന് തോന്നിക്കുന്ന ഡ്രോപ്പ് ഷോട്ടുകള്‍ ഓടിയെടുക്കുന്നുമുണ്ട്. കാണികള്‍ 'നദാല്‍', 'നദാല്‍' എന്നാര്‍ക്കുന്നു. യന്ത്രം കളിക്കുന്നപോലെ ജോക്കോവിച്ച്. മുഖത്ത് ഭാവങ്ങളധികമില്ല. 
എങ്കിലും കണ്ണുകളില്‍ കാത്തുവെച്ച പക കാണാം. 

എത്രവട്ടമാണ് നദാല്‍ എന്ന ബലിഷ്ഠനുമുന്നില്‍ ജോക്കോവിച്ചിന് കപ്പിനും ചുണ്ടിനുമിടയില്‍ കണ്ണീര് കുടിക്കേണ്ടിവന്നത്. 

എത്രവട്ടം കാളക്കൂറ്റനായി ഉഴറി നടന്ന ഇടമാണിത്. പോയിന്റ് ഉറപ്പിച്ച ഡ്രോപ്പ് ഷോട്ടും പോലും ബേസ് ലൈനില്‍ നിന്ന് കുതിച്ചെത്തി എടുത്തിരുന്ന ആ മികവ് ഇപ്പോഴും ചോര്‍ന്നിട്ടില്ല. എങ്കിലും മുപ്പത്തിയഞ്ചാം വയസ്സ് സമ്മാനിക്കുന്ന   ഇഴച്ചില്‍, സ്വതസിദ്ധമായ ഫോര്‍ഹാന്‍ഡ് ഷോട്ടിന്റെ ബലക്കുറവ് , അതെല്ലാം ഞങ്ങള്‍ക്ക് മനസ്സിലാക്കാം.  

എങ്കിലും ഇടംക്കയ്യന്‍ ക്രോസ് കോര്‍ട്ട് ഷോട്ടുകളാല്‍ തീര്‍ത്ത നിരവധി മൂഹൂര്‍ത്തങ്ങള്‍, തകര്‍പ്പന്‍ സര്‍വ്വുകള്‍..ടെന്നീസ് പ്രേമിക്ക് മറ്റെന്ത് വേണം?

ബേസ് ലൈനിന് പിന്നില്‍ എത്ര വട്ടം ആ ഷൂസ് ഒഴുകിനീങ്ങി പാടുകള്‍ തീര്‍ത്തിരിക്കുന്നു.  സ്‌കീയിംഗ് നടത്തുന്നപോലെ കളിമണ്ണില്‍ ഒഴുകിയെടുക്കുന്ന അസാധ്യ റിട്ടേണുകള്‍. 

മിന്നല്‍ ഷോട്ടുകളാല്‍ എത്രവട്ടം ആ കളിമണ്ണിനെ ചുട്ടെടുത്തിരിക്കുന്നു റാഫാ. 

കളി തുടരണം, റാഫാ!

click me!