എഴുത്തില്‍ കൂട്ടിന് എഐ, വിപണി കീഴടക്കാൻ പോപുലര്‍ ഫിക്ഷൻ, വായനയ്ക്ക് സോഷ്യൽ മീഡിയ; കാലത്തെ അതിജീവിക്കുക ഏത് കൃതി?

Published : Nov 28, 2026, 11:03 PM IST
agora

Synopsis

വായന പല അവസരങ്ങളിലും ആഘോഷിക്കപ്പെടുന്നു. ആളുകൾക്ക് ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെയാണ് അവ വായിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. എന്നാൽ, ഇതിൽ ഏറ്റവും പ്രധാനം ഇത്തരം കൃതികൾ കാലത്തെ അതിജീവിക്കാൻ കഴിയുമോ എന്നതാണ്. അത് കാലം തെളിയിക്കേണ്ട കാര്യമാണ്.

എഐക്കൊപ്പം ചേർന്ന് മനുഷ്യർ കഥയും നോവലും പ്രബന്ധങ്ങളും എഴുതുന്ന കാലം. പോപ്പുലർ ഫിക്ഷനുകൾ വിപണി കീഴടക്കുന്ന കാലം. എത്തരം രചനകളാണ് ഈ കാലത്തെ അതിജീവിക്കുക. ഈ മാറ്റങ്ങളെല്ലാം എഴുത്തിന്റെ മൗലികതയെ എങ്ങനെയാണ് ബാധിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അ​ഗോറയിലെ 'പുത്തനെഴുത്ത്' എന്ന സെഷനിൽ ചർച്ച ചെയ്തതും അതാണ്. എഴുത്തുകാരനും നിരൂപകനുമായ ഡോ. പി. കെ. രാജശേഖരൻ, എഴുത്തുകാരായ ഇ. സന്തോഷ് കുമാർ, എസ്. സിതാര എന്നിവരായിരുന്നു പാനലിലുണ്ടായിരുന്നത്. എഴുത്തുകാരനായ ജേക്കബ് എബ്രഹാം മോഡറേറ്ററായി.

എ.ഐ. കാലത്തെ എഴുത്ത്

മനുഷ്യനും മെഷീനും/ എ.ഐ.യും ചേർന്ന് സാഹിത്യമെഴുതുന്ന ഒരു കാലമാണോ വരുന്നത് എന്ന മോഡറേറ്ററുടെ ചോദ്യത്തോടെയാണ് സെഷൻ ആരംഭിച്ചത്. അതിനുള്ള പി. കെ. രാജശേഖരന്റെ മറുപടി ഇങ്ങനെ;

എ.ഐ. എന്നതും 'പുത്തനെഴുത്ത്' എന്നതും വ്യത്യസ്തമായ വിഷയങ്ങളാണ്. അതത് കാലത്ത് ഉണ്ടാകുന്ന എഴുത്തിനെയാണ് നമ്മൾ 'പുത്തനെഴുത്ത്' എന്ന് പറയുന്നത്. എ.ഐ. പോലുള്ള സാങ്കേതികവിദ്യ വികസിച്ചതുകൊണ്ട്, എഴുത്തുകാർ അതിന്റെ സഹായം തേടുന്നു. ഏത് കാലത്തും എഴുത്തുകാർ ഇത്തരം സഹായങ്ങൾ തേടിയിട്ടുണ്ട്.

എഐ സഹായത്തോടെ എഴുതുമ്പോൾ അതിൽ ധാർമ്മികതയുടെ പ്രശ്നമുണ്ട്. സാഹിത്യത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'എത്തിക്സ്'. എത്തിക്സ് എന്നത് അപരനെക്കുറിച്ചുള്ള നമ്മുടെ പരിഗണനയാണ്.

സാഹിത്യം എന്നാൽ എഴുത്തുകാരനോ എഴുത്തുകാരിയോ എഴുതുന്ന മൗലിക സൃഷ്ടിയാണ്. അത് ഭാവനാ സൃഷ്ടി ആയിരിക്കണം. എ.ഐ. സഹായം തേടുമ്പോൾ ഭാവനയുടെ അംശം നഷ്ടപ്പെടുന്നു.

എഐയുടെ സഹായത്തോടെ എഴുതുന്നത് ശരിയാണോ അല്ലയോ എന്നത് എഴുത്തുകാർ മാത്രമല്ല, വായനക്കാരും ലോകവും തീരുമാനിക്കേണ്ടതാണ്. ഭാവിയിൽ എല്ലാം തികയുന്ന തരം സാഹിത്യം എഐ എഴുതിയേക്കാം. ആളുകൾ അത് ആസ്വദിച്ചേക്കാം. എന്നാൽ, അതിന്റെ കലാപരമായ മൂല്യം എന്താണ് എന്നതാണ് ചോദ്യം.

പുത്തൻകാലത്ത്, സോഷ്യൽ മീഡിയയിൽ വരുന്നതടക്കമുള്ള എഴുത്തുകളും സമാനമാണ്. ഇതൊക്കെ എഴുത്താണ്, ഭാവനാത്മകമാണ്, സാഹിത്യമാണ്, ആളുകൾ ആസ്വദിക്കുന്നുണ്ട്. എങ്കിലും, അവയ്ക്ക് കലാപരതയുണ്ടോ, കലാമൂല്യമുണ്ടോ എന്ന് ചോദിച്ചുവേണം 'പുത്തനെഴുത്താ'യി അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

നല്ല രചനകൾ ഉണ്ടാവുക എന്നതാണ് പ്രധാനം

വിവർത്തനരംഗത്തൊക്കെ വലിയ കുതിപ്പുകളുണ്ടാക്കാൻ എഐക്ക് സാധിക്കുമെന്ന് ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെടുന്നു. വലിയ ലാംഗ്വേജ് മോഡൽസ് ഒക്കെ വന്നാൽ ചെറിയ തോതിൽ മനുഷ്യരുടെ ഇടപെടലുണ്ടെങ്കിൽ, ഗംഭീരമായിട്ടുള്ള രീതിയിലുള്ള വിവർത്തന സാധ്യതയാണ് വരുന്നതെന്നായിരുന്നു ഇ. സന്തോഷ് കുമാർ പറഞ്ഞത്.

നോവലിന്റെ ഘടനയെക്കുറിച്ചോ അതിന്റെ ജോണറിനെ കുറിച്ചോ സംസാരിക്കുമ്പോൾ, വിദേശത്ത് പൾപ്പ് ഫിക്ഷൻ, ഡിറ്റക്ടീവ് നോവലുകൾ, ക്രൈം ത്രില്ലറുകൾ തുടങ്ങിയവയുണ്ടായിരുന്നു. ഇന്ന് വളരെ ജനപ്രിയമായി എഴുതുന്ന ഒരാളാണ് സ്റ്റീഫൻ കിങ്. പ്രധാനപ്പെട്ട സാഹിത്യകൃതികളെ കൂടി ആധാരമാക്കി അദ്ദേഹം എഴുതിയ ഗംഭീര പുസ്തകമാണ് 'ഓൺ റൈറ്റിംഗ്'.

ഒരു പുസ്തകത്തിനും അർത്ഥമില്ല എന്ന് പറയാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ ഒരു പൾപ്പ് ഫിക്ഷന്റെയോ ക്രൈം ത്രില്ലറിന്റെയോ ഘടകങ്ങൾ ഉപയോഗിച്ചായിരിക്കും മികച്ചൊരു കൃതി പിറക്കുന്നത്. ക്രൈം എന്ന വിഷയത്തെ പല എഴുത്തുകാരും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ക്രൈം തന്നെ ദസ്തയെവ്സ്കിയുടെ കൈകളിൽ എത്തുമ്പോൾ അതിന്റെ സങ്കീർണത വർധിക്കുന്നു. അതിന്റെ മാനങ്ങൾ മാറുകയും ചെയ്യുന്നു.

ഏത് ജോണറിൽ നിന്നും നല്ല അംശങ്ങൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് എന്റെ കാഴ്ചപ്പാട്. ഇന്ന് ഇവയെ കർശനമായി വേർതിരിക്കേണ്ട സാഹചര്യമില്ല. നല്ല രചനകൾ ഉണ്ടാവുക എന്നതാണ് പ്രധാനം.

സോഷ്യൽ മീഡിയയും എഴുത്തും

സ്ത്രീ ആവിഷ്കാരങ്ങൾക്ക് സോഷ്യൽ മീഡിയ വലിയൊരു സ്വാതന്ത്ര്യം നൽകിയിട്ടില്ലേ എന്ന ചോദ്യത്തിന് എസ്. സിതാരയുടെ പ്രതികരണം ഇങ്ങനെ-

സ്ത്രീ എഴുത്തുകാർക്ക് കൂടുതൽ അവസരങ്ങൾ സോഷ്യൽ മീഡിയ ഒരുക്കിക്കൊടുക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകൾക്ക് മനസ് തുറക്കാനും പങ്കുവെക്കാനുമുള്ള വഴി തുറന്നുകിട്ടി. ഇനി അതിന്റെ സാഹിത്യമൂല്യം എന്താണെന്നുള്ളത് അടുത്ത ചോദ്യമാണ്. സാഹിത്യമൂല്യം ഉള്ളതുകൊണ്ട് മാത്രമാണോ അവ ആഘോഷിക്കപ്പെടുന്നത് എന്നൊരു ചോദ്യവും അവിടെയുണ്ട്. പക്ഷേ, എന്തൊക്കെയാണെങ്കിലും എഴുതാനും പറയാനുള്ളത് പറയാനും അവസരം ലഭിക്കുന്നു എന്നുള്ളത് തീർച്ചയായും സന്തോഷകരമായ കാര്യമാണ്. പ്രത്യേകിച്ച് മുൻകാലങ്ങളിൽ സ്ത്രീ എഴുത്തിന് വലിയ തടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള സാഹചര്യത്തിൽ.

എന്നാൽ, ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ എഴുതുന്നത് ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം അതിനെ മറ്റൊരു കണ്ണിലൂടെ കാണുന്ന പ്രവണതയുണ്ട്. "ഇത് ഇവളുടെ ജീവിതകഥയാണോ?" എന്ന തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 26 വർഷങ്ങൾക്ക് മുൻപ് ഞാൻ 'അഗ്നി' എന്ന കഥ എഴുതിയ സമയത്ത് എനിക്ക് ബലാത്സംഗ ഭീഷണി നേരിടേണ്ടി വന്നു. അങ്ങനെയൊരു കഥ സോഷ്യൽ മീഡിയ സജീവമായ ഈ കാലഘട്ടത്തിലാണ് ഞാൻ എഴുതിയിരുന്നതെങ്കിൽ, ഏതുതരത്തിലുള്ള ആക്രമണങ്ങളായിരിക്കും എനിക്ക് നേരിടേണ്ടി വരികയെന്ന് ഇപ്പോൾ സങ്കൽപ്പിക്കാൻ സാധിക്കുന്നില്ല. ഒരുവശത്ത് രചനകളെ നല്ല രീതിയിൽ വായിക്കുന്നവർ ഉണ്ടാകാം. എന്നാൽ മറുവശത്ത്, എഴുതുന്നത് ഒരു സ്ത്രീ ആയതുകൊണ്ട് മാത്രം അതിനെ വികൃതമായി ചിത്രീകരിക്കാൻ തക്കംപാർത്തിരിക്കുന്ന ജനക്കൂട്ടവും അവിടെയുണ്ട്. ഇതെല്ലാം അതിജീവിച്ച് വേണം സ്ത്രീ ആയാലും പുരുഷനായാലും എഴുത്തുകാർക്ക് തങ്ങളുടെ രചനകളുമായി മുന്നോട്ട് പോകാൻ.

ഇന്ന് വായന നല്ല രീതിയിൽ നടക്കുന്നു എന്നത് മറ്റൊരു സന്തോഷകരമായ കാര്യമാണ്. എന്നാൽ അതിലും ചില ചോദ്യങ്ങൾ ഉയരാറുണ്ട്. അതായത്, ഒരുവശത്ത് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങൾ നടക്കുന്നു, മറുവശത്ത് എഴുത്തുകാർ സ്വയം നടത്തുന്ന പബ്ലിസിറ്റിയും. ശരിക്കും ഇതിൽ എന്താണ് തെറ്റ്? തങ്ങൾ എഴുതുന്നത് മറ്റുള്ളവർ വായിക്കണം എന്നുള്ളത് തന്നെയാണ് എല്ലാ എഴുത്തുകാരുടെയും ആഗ്രഹം. അപ്പോൾ നമ്മൾ എഴുതിയതിനെക്കുറിച്ച് ആളുകളോട് പറയുന്നതിൽ എന്താണ് കുഴപ്പം? അത് അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്.

വായന പല അവസരങ്ങളിലും ആഘോഷിക്കപ്പെടുന്നു. ആളുകൾക്ക് ഇഷ്ടപ്പെടുന്നതുകൊണ്ട് തന്നെയാണ് അവ വായിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. എന്നാൽ, ഇതിൽ ഏറ്റവും പ്രധാനം ഇത്തരം കൃതികൾ കാലത്തെ അതിജീവിക്കാൻ കഴിയുമോ എന്നതാണ്. അത് കാലം തെളിയിക്കേണ്ട കാര്യമാണ്.

‘ന്യൂ പോപ്പുലർ’

ഇൻഫ്ലുവൻസേഴ്സ് പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന കാലമാണിത്. ഇത് നിരൂപണത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യവും ചോദിക്കാൻ മോഡറേറ്റർ മറന്നില്ല. ഡോ. പി. കെ. രാജശേഖരന്റെ മറുപടി ഇങ്ങനെ;

നിരൂപണത്തിന്റെ എന്നതിലുപരി സാഹിത്യത്തിന്റെ ഭാവിയെയാണ് ഇത് ബാധിക്കുന്നത്. ഇത് ജേർണലിസത്തിൽ വരുന്ന മാറ്റങ്ങളുടെ ഭാഗമാണ്. പണ്ട് ബെസ്റ്റ് സെല്ലർ ലിസ്റ്റുകൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ നാട്ടിൽ ഒരു മാസികക്ക് അത് കൃത്യമായി പ്രസിദ്ധീകരിക്കുക പ്രായോഗികമല്ല. 'ന്യൂയോർക്ക് ടൈംസ്' അമേരിക്കയിലെ ചില്ലറ വിൽപ്പനക്കാരുടെ കൃത്യമായ വിവരങ്ങൾ ഡാറ്റാ സംരക്ഷണ നിയമങ്ങളുടെ പിൻബലത്തിൽ ശേഖരിച്ചാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. എന്നാൽ, നമ്മുടെ നാട്ടിലെ സ്വകാര്യ പ്രസാധകരും ബുക്ക് സെല്ലേഴ്സും വിൽപ്പനയുടെ കൃത്യമായ കണക്കുകൾ കൈമാറാൻ സാധ്യതയില്ല. കൂടാതെ, മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ 2000-5000 കോപ്പികൾ വിൽക്കുന്നത് തന്നെ വലിയ കാര്യമായാണ് കാണുന്നത്. ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്ന ഈ ചെറിയ വിപണിയിൽ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് മറ്റ് എഴുത്തുകാർക്ക് വിഷമമുണ്ടാക്കും എന്നതുകൊണ്ടാകാം അത്തരം രീതികൾ അവസാനിച്ചത്.

ഡോ. പി. കെ. രാജശേഖരന്‍

ഇൻഫ്ലുവൻസേഴ്സിന്റെ പുസ്തക പ്രചാരണത്തിൽ തെറ്റില്ല. എന്നാൽ, അവരുടെ വാക്കുകേട്ട് പുസ്തകം വാങ്ങിയവർ തന്നെ അതേക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം പിന്നീട് രൂപീകരിക്കും.

നമ്മുടെ നാട്ടിൽ ക്രൈം, മിസ്റ്ററി ഫിക്ഷനുകൾക്ക് വലിയ വിപണിയുണ്ട്. പോലീസ് പ്രൊസീജിയറൽ സിനിമകൾ പോലെ ഇവയും നന്നായി വിറ്റുപോകുന്നുണ്ട്. ഇവക്ക് ഗുണനിലവാരമില്ലെന്നല്ല, പക്ഷേ പഴയ പാതയിലൂടെ സഞ്ചരിക്കുന്ന ഇവയൊന്നും വായനക്കാരുടെ ഭാവനയെയോ മാനസിക നിലയോ വലുതാക്കുന്നില്ല.

പുതിയ എഴുത്തിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം കൊവിഡാനന്തര കാലമാണ്. കൊവിഡ് നമ്മുടെ സാമ്പത്തിക, സാമൂഹിക ജീവിതത്തെയൊക്കെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അത് കലാഭാവനയെയും മാറ്റിമറിച്ചിട്ടുണ്ട്. ഇതോടെ പോസ്റ്റ് മോഡേൺ എഴുത്തിലെ പരീക്ഷണങ്ങൾ പതുക്കെ അവസാനിക്കുകയും, മലയാളത്തിൽ പുതിയൊരു എഴുത്തുരീതി രൂപപ്പെടുകയും ചെയ്യുന്നു.

പുതിയ എഴുത്തുകാർ കടന്നുവരുന്നതിനൊപ്പം, പണ്ടത്തെ പൾപ്പ് ഫിക്ഷന് പകരമായി 'ന്യൂ പോപ്പുലർ' എന്നൊരു ശാഖ മലയാളത്തിൽ സജീവമാകുന്നു. മറുവശത്ത്, ഗൗരവകരമായ പോസ്റ്റ് മോഡേൺ കലാസൃഷ്ടികൾ വിരലിലെണ്ണാവുന്നവയാണെങ്കിലും വരുന്നുണ്ട്. എങ്കിലും, കൊവിഡിന് ശേഷം മലയാള നോവൽ സാഹിത്യത്തിന്റെ ഭാവനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്.

തുറന്നെഴുത്തിന്റെ കാലം

ആത്മകഥാംശമുള്ള എഴുത്തുകളെ കുറിച്ചുള്ള ചോദ്യത്തിന് ഇ. സന്തോഷ് കുമാറിന്റെ പ്രതികരണം;

സ്വന്തം ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഓട്ടോഫിക്ഷൻ ഇപ്പോൾ മലയാളത്തിലും വരുന്നുണ്ട്. അതിൽ ആത്മാർത്ഥതയുണ്ടെങ്കിലും, എഴുത്തുകാരെ വ്യക്തിപരമായി കൂടുതൽ ബാധിക്കാൻ കാരണമായേക്കാം. ഇത്തരം പ്രവണതകൾ ലോകമെമ്പാടുമുള്ളതാണ്. പഴയ തലമുറയിലും ഇത്തരം അംശങ്ങൾ ഉണ്ടായിരുന്നു.

അതുപോലെ പുത്തൻ എഴുത്തുകൾ പുതിയ ജീവിതരീതികളും പരീക്ഷണങ്ങളും കൊണ്ടുവരുന്നു. മുമ്പ് മടിച്ചുനിന്നിരുന്ന ലൈംഗികതയും സങ്കീർണ ബന്ധങ്ങളും കൂടുതൽ ധൈര്യത്തോടെയും വ്യക്തതയോടെയും അവതരിപ്പിക്കപ്പെടുന്നുവെന്നും സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

ഇ. സന്തോഷ് കുമാര്‍

വർത്തമാനകാല ജീവിതത്തെ അതേപടി പകർത്തുന്നതിനേക്കാൾ, കുറച്ചു കാലം കഴിഞ്ഞു പിന്തിരിഞ്ഞു നോക്കുമ്പോഴാണ് നല്ല നോവലുകൾ രൂപപ്പെടുന്നതെന്നും സന്തോഷ് കുമാർ പറയുന്നു. കൊവിഡ് കാലം പോലെയുള്ള സങ്കീർണ്ണമായ അനുഭവങ്ങളും ഭീതികളും വരും വർഷങ്ങളിൽ നോവലുകളായി പുറത്തുവരാൻ സാധ്യതയുണ്ട്.

അമിതമായി അക്കാഡമിക്കലാകുമ്പോൾ

ഇന്ന് പുരസ്കാരങ്ങൾ നേടുന്ന പല നോവലുകളും അമിതമായി അക്കാദമികവും സങ്കീർണമായ രചനാരീതികളുമുള്ളതായി മാറുന്നുവെന്ന് ഇ. സന്തോഷ് കുമാർ പ്രതികരിക്കുന്നു. ഇത് സാധാരണ വായനക്കാരുടെ 'വായനാസുഖം' കുറയ്ക്കുന്നു. പണ്ട് മാർക്കേസിനെയോ കോവിലനെയോ വായിക്കുമ്പോൾ ഗൗരവമുണ്ടായിരുന്നിട്ടും വായനയ്ക്ക് വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ കഠിനമായ രീതികൾ വലിയൊരു വായനാസമൂഹത്തെ ആകർഷിക്കുമോ എന്നത് സംശയമാണ്. സാഹിത്യത്തിന്റെ കാതൽ അനുഭവങ്ങളുടെ വൈകാരികത തന്നെയാണ്.

പുതുതലമുറ പഠിപ്പിക്കുന്നത്

എഴുതുമ്പോൾ 'പൊളിറ്റിക്കൽ കറക്റ്റ്നസ്' അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തന്നെ പഠിപ്പിച്ചത് മക്കളടക്കമുള്ള പുതുതലമുറയാണെന്ന് എസ്. സിതാര പറയുന്നു. സാധാരണയായി ഉപയോഗിച്ചിരുന്ന പ്രയോഗങ്ങളോ പേരുകളോ ഇന്ന് ശരിയല്ലാതാകാമെന്ന തിരിച്ചറിവ് ജാഗ്രതയുണ്ടാക്കുന്നു.

എസ്. സിതാര

അതേസമയം, കാലം മാറിയാലും എഴുത്തിലെ വൈകാരികതക്ക് ഇന്നും വലിയ സ്വീകാര്യതയും മാർക്കറ്റുമുണ്ട്. പുതിയ കാലത്തും വൈകാരികത തന്നെയാണ് വായനയെ ഏറെ സ്വാധീനിക്കുന്ന ഘടകം.

ചേതൻ ഭ​ഗത് എഫക്ട്

ചേതൻ ഭ​ഗത് എഫക്ട് എന്ന് പേരിട്ട് വിളിച്ച, പോപ്പുലർ റൈറ്റിം​ഗിനെ കുറിച്ചുള്ള ഡോ. പി.കെ. രാജശേഖരന്റെ പ്രതികരണം ഇങ്ങനെ;

ചേതൻ ഭ​ഗത് സൃഷ്ടിച്ച പോപ്പുലർ റൈറ്റിംഗിന്റെ രൂപത്തിൽ കേരളത്തിൽ ധാരാളം പേർ എഴുത്തിലേക്ക് വന്നു. ധാരാളം പേർ എഴുതട്ടെ എന്നാണ് എന്റെ ഒരു നിലപാട്. അത് പോപ്പുലർ റൈറ്റിം​ഗാണ്. ഏറ്റവും ലളിതമായ വികാരങ്ങൾ ഉദ്ദീപിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഒക്കെ ചെയ്യുന്നതാണ് പോപ്പുലർ എഴുത്തുകൾ. കേവല വൈകാരികതയുമായി വായനക്കാർ എളുപ്പം താദാത്മ്യപ്പെടുന്നു. പക്ഷേ, സാഹിത്യത്തിന്റെ ജോലി അതാണോ എന്നത് വലിയ ചോദ്യമാണ്.

ഭൂതകാലം പശ്ചാത്തലമാക്കിയ രചനകൾ

മാറിക്കൊണ്ടിരിക്കുന്ന നാടും ന​ഗരവും ജീവിതരീതികളും സാഹിത്യത്തിൽ പ്രതിഫലിക്കുന്നുണ്ടോ എന്ന ചോദ്യവും ജേക്കബ് എബ്രഹാം പങ്കുവയ്ക്കുന്നു.

ജേക്കബ് എബ്രഹാം

ഭൂതകാലം പശ്ചാത്തലമാക്കിയുള്ള എഴുത്തുകളെ കുറിച്ച് സന്തോഷ് കുമാറിന്റെ പ്രതികരണം ഇങ്ങനെ; ഇപ്പോഴും ഭൂതകാലത്തെക്കുറിച്ച് എഴുതുന്ന വലിയ രചനകൾ വരുന്നു. പക്ഷേ, കാലിക പ്രസക്തിയുള്ളതോ ഏതെങ്കിലും രീതിയിൽ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതോ ആയിട്ടുള്ള ഭൂതകാലം പശ്ചാത്തലമാക്കിയ രചനകൾക്കാണ് പ്രസക്തി. സബ്ജക്റ്റ് കണ്ടെടുക്കൽ അല്ല പ്രധാനം. ആ സബ്ജക്റ്റിന് ആധുനിക ജീവിതത്തോട് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കാനുണ്ടോ എന്നുള്ളതാണ് പ്രസക്തം. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ, ഇപ്പോൾ നടക്കുന്ന ജീവിതം പെട്ടെന്ന് എഴുതാൻ കഴിഞ്ഞാൽ നല്ലത്. എന്നാൽ, രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് വീണ്ടും എടുത്തു നോക്കുകയാണെങ്കിൽ, അതിനെ അൽപം കൂടി സമഗ്രതയോട് കൂടി കാണാനും കുറച്ചുകൂടി മെച്ചപ്പെടുത്താനും സാധിക്കും.

കാലത്തെ അതിജീവിക്കുന്ന എഴുത്തുകൾ

എഐ വന്നാലും എന്തൊക്കെ വന്നാലും മനുഷ്യന് പകരം മനുഷ്യൻ തന്നെ എന്ന പ്രതീക്ഷ മുന്നോട്ടു വയ്ക്കാനാണ് നമുക്കിഷ്ടം. സാഹിത്യത്തിലും അത് മറിച്ചല്ല. ജൈവികമായ രചനകൾ മനുഷ്യൻ തന്നെയുണ്ടാക്കേണ്ടതുണ്ട് എന്നും കാമ്പുള്ള കൃതികൾ മാത്രമേ കാലത്തെ അതിജീവിക്കൂവെന്നും 'പുത്തനെഴുത്ത്' അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

മലയാളിക്ക് ആയുസ്സുണ്ട്, ആരോഗ്യമുണ്ടോ? സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് ദൂരമേറെ
'നിങ്ങൾ എന്ത് വായിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?' എഡിറ്റർമാരെ വെല്ലുവിളിക്കുന്ന അൽഗോരിതങ്ങൾ; മാധ്യമരംഗം മാറുന്ന വഴികളെ കുറിച്ച് അഗോറയിൽ ചർച്ച