അഗോറയിൽ നടന്ന 'The Editor Is Dead! Long Live the Algorithm?' എന്ന ചർച്ചയിൽ മാധ്യമരംഗത്തെ അൽഗോരിതങ്ങളുടെ സ്വാധീനത്തെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു. വ്യാജവാർത്തകളും നിയന്ത്രണങ്ങളും നിറഞ്ഞ ഡിജിറ്റൽ യുഗത്തിൽ എഡിറ്റർമാരുടെ പ്രസക്തിയും മാധ്യമ സാക്ഷരതയുടെ പ്രാധാന്യവും പാനൽ വിലയിരുത്തി.

മാധ്യമരംഗത്ത് എഡിറ്റർമാരുടെയും അൽഗോരിതങ്ങളുടെയും പങ്ക്, വായനക്കാരുടെ ശീലങ്ങളിലെ മാറ്റം, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയെക്കുറിച്ചായിരുന്നു ഇന്ന് അഗോറയിൽ നടന്ന 'The Editor Is Dead! Long Live the Algorithm?' എന്ന ചർച്ചയിലുയർന്ന പ്രധാന വിഷയങ്ങൾ. ഡോ. വിനോദ് കെ ജോസ്, ധന്യ രാജേന്ദ്രൻ, രാജേഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത ചർച്ച പ്രീതി ദാസ് നിയന്ത്രിച്ചു. ഗൗരവമായ ചർച്ചകൾ നടക്കുന്ന കാലമാണിതെന്നും അതിനാൽ വാർത്തകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിനേക്കാൾ, അവ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ഇന്ന് മാധ്യമങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് ചർച്ചയിൽ പങ്കെടുത്തുവർ ചൂണ്ടിക്കാട്ടി.

ആരാണ് 'ഗേറ്റ് കീപ്പർ'? എഡിറ്ററോ അൽഗോരിതമോ?

മാധ്യമരംഗത്തെ 'ഗേറ്റ് കീപ്പർ' അൽഗോരിതമാണോ അതോ എഡിറ്ററാണോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. എങ്കിലും എഡിറ്റർമാരുടെ പ്രാധാന്യം പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നും, മറിച്ച് അൽഗോരിതങ്ങൾക്കൊപ്പം മാധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ചർച്ചകളിൽ വിലയിരുത്തപ്പെട്ടു.

വാർത്താ പ്രവാഹവും നിയന്ത്രണങ്ങളും: ഗൂഗിൾ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഏതെങ്കിലും രാജ്യത്തെ വാർത്തകൾ ക്രമരഹിതമായി പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും, അതുമൂലം ചില മാധ്യമങ്ങളുടെ ട്രാഫിക്കിൽ ഉണ്ടായ കുറവിനെക്കുറിച്ചും ധന്യ രാജേന്ദ്രനും രാജേഷ് രാമചന്ദ്രനും ചൂണ്ടിക്കാട്ടി.

വായനശീലങ്ങളിലെ മാറ്റം: പഴയ രീതിയിലുള്ള ദീർഘമായ ലേഖനങ്ങളിൽ നിന്ന് മാറി, ഇൻസ്റ്റാഗ്രാമിലെ റീലുകൾ പോലുള്ള പുതിയ ഫോർമാറ്റുകളിലേക്ക് ആളുകൾ മാറുന്നുണ്ടെങ്കിലും, ആഴത്തിലുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾക്കും കൃത്യമായ എഡിറ്റിംഗിനും എക്കാലത്തും പ്രസക്തിയുണ്ടെന്ന് ഡോ വിനോദ് ജോസ് പറഞ്ഞു.

സോഷ്യൽ മീഡിയ, 'ഔട്ട്‌റേജ്' (Outrage), വെല്ലുവിളികൾ

സോഷ്യൽ മീഡിയയുടെ കടന്നുവരവ് വാർത്തകളുടെ സ്വഭാവത്തിലും പ്രചാരണത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയത്. സത്യത്തേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ ആളുകളുടെ രോഷവും വൈകാരികതയും ഇളക്കിവിടുന്ന വാർത്തകൾക്ക് അൽഗോരിതങ്ങൾ മുൻഗണന നൽകുന്നുണ്ടോ എന്ന സംശയം ശക്തമാണ്.

ബോട്ടുകൾ, വ്യാജവാർത്തകൾ, ഓൺലൈൻ ആക്രമണങ്ങൾ എന്നിവ മാധ്യമപ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വായനക്കാരെ ആകർഷിക്കാൻ മാധ്യമസ്ഥാപനങ്ങൾ പുതിയ വിതരണ രീതികളും സ്വീകരിക്കുന്നുണ്ടെന്നും ഡോ വിനോദ് ജോസ് ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങളും മാധ്യമ സാക്ഷരതയും: മാധ്യമനിയന്ത്രണങ്ങളും ടെക് കമ്പനികളുടെ സ്വാധീനവും ജനാധിപത്യത്തിലെ മാധ്യമങ്ങളുടെ പങ്കും ചർച്ചയിലെ പ്രധാന വിഷയമായിരുന്നു.

സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും: മാധ്യമപ്രവർത്തനത്തിൽ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ പലപ്പോഴും വിമർശനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കപ്പെടാറുണ്ടെന്ന നിരീക്ഷണവും, വലിയ ടെക് കമ്പനികളുടെയും അൽഗോരിതങ്ങളുടെയും നിയന്ത്രണങ്ങൾ മാധ്യമങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതും കേരളാ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ധന്യാ രാജേന്ദ്രൻ സംസാരിച്ചു.

വരുമാനവും നിലനിൽപ്പും: വ്യൂസും ലൈക്കുകളും ക്ലിക്കുകളും അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലോകത്ത്, മാധ്യമസ്ഥാപനങ്ങളുടെ വരുമാനവും നിലനിൽപ്പും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് രാജേഷ് രാമചന്ദ്രൻ പറഞ്ഞു.

പ്രേക്ഷകരുടെ പങ്കും മാധ്യമ സാക്ഷരതയും: വാർത്തകൾ കാണുമ്പോഴും വായിക്കുമ്പോഴും അവയുടെ സത്യാവസ്ഥ തിരിച്ചറിയാനുള്ള മാധ്യമ സാക്ഷരതയുടെ പ്രാധാന്യം പ്രേക്ഷകർക്കിടയിലും ഉയർന്നുവരുന്നുണ്ട്. സാങ്കേതികവിദ്യയും അൽഗോരിതങ്ങളും മാധ്യമലോകത്തെ മാറ്റിമറിക്കുമ്പോഴും, വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗും, കൃത്യമായ എഡിറ്റിംഗും, പ്രേക്ഷകരുടെ ജാഗ്രതയുമാണ് വിശ്വസനീയമായ മാധ്യമപ്രവർത്തനത്തിന്‍റെ കരുത്തെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.

ഡോ. വിനോദ് കെ ജോസ്

വയനാട്ട് സ്വദേശി. ന്യൂഡൽഹിയിലും ന്യൂയോർക്കിലുമായി 25 വർഷത്തെ പത്രപ്രവർത്തനം. മലയാളം, കന്നഡ പത്രങ്ങളുടെ സ്ട്രിംഗറായും പിന്നീട് ന്യൂഡൽഹിയിലെ ദി ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടറായും പത്രപ്രവർത്തനത്തിൽ തുടക്കം. 2002–2007- ൽ യുഎസ് പബ്ലിക് റേഡിയോയിൽ റേഡിയോ ന്യൂസ് പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009 മുതൽ 2023 വരെ ദി കാരവന്‍റെ എഡിറ്റർ. കൊളംബിയ ജേണലിസം സ്കൂളിൽ നിന്ന് ഇന്ത്യൻ ന്യൂസ് മീഡിയയുടെ സോഷ്യോളജിയിൽ പിഎച്ച്ഡി. ജേണലിസത്തിൽ എം.എ. ഹാർവാർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിൽ റാഡ്ക്ലിഫ് ഫെലോ. വിനോദിന്‍റെ നിരവധി റിപ്പോർട്ടുകൾക്ക് ദേശീയ, അന്തർദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തിന് പത്തോളം രാജ്യദ്രോഹ കേസുകൾ നേരിടുന്നു.

ധന്യ രാജേന്ദ്രൻ

ദക്ഷിണേന്ത്യയിലുടനീളമുള്ള രാഷ്ട്രീയം, സംസ്കാരം, സമൂഹം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ഡിജിറ്റൽ ന്യൂസ് റൂമായ ദി ന്യൂസ് മിനിറ്റിന്‍റെ സഹസ്ഥാപകയും എഡിറ്റർ-ഇൻ-ചീഫുമാണ് ധന്യ രാജേന്ദ്രൻ. 20 വർഷത്തിലേറെ പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അവരുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയം, മനുഷ്യാവകാശങ്ങൾ, ലിംഗാധിഷ്ഠിത അക്രമം, ദുരന്ത കവറേജ് എന്നിവയെ ഉൾക്കൊള്ളുന്നു. മുംബൈ പ്രസ് ക്ലബ്ബിൽ നിന്ന് മികച്ച വനിതാ പത്രപ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡും (2022) റെഡ് ഇങ്ക് ‘ജേണലിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡും (2023) ധന്യയ്ക്ക് ലഭിച്ചു. പത്രസ്വാതന്ത്ര്യത്തെ പ്രതിരോധിച്ച പ്രവർത്തനത്തിന് 2025 -ൽ ആർ‌എസ്‌എഫ് (റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്) ഗ്ലോബൽ ഇംപാക്ട് അവാർഡിന് ധന്യ നാമനിർദ്ദേശം ചെയ്യപ്പെട്ടു.

രാജേഷ് രാമചന്ദ്രൻ

രാഷ്ട്രീയം, സർക്കാർ കാര്യങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ, രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ, യുദ്ധം, സാമൂഹിക സംഘർഷം എന്നിവയെക്കുറിച്ച് 30 വർഷത്തിലേറെ പരിചയമുള്ള മുതിർന്ന പത്രപ്രവർത്തകനും കോളമിസ്റ്റും. ദി ട്രിബ്യൂൺ ഗ്രൂപ്പ് ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ആൻഡ് ഔട്ട്‌ലുക്കിന്‍റെ എഡിറ്റർ-ഇൻ-ചീഫ്, ദി ഇക്കണോമിക് ടൈംസിന്‍റെ പൊളിറ്റിക്കൽ എഡിറ്റർ, ദി ഹിന്ദുവിൽ കൺസൾട്ടിംഗ് എഡിറ്റർ, ഹിന്ദുസ്ഥാൻ ടൈംസിന്‍റെ നാഷണൽ എഡിഷന്‍റെ എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999 -ലെ കാർഗിൽ യുദ്ധം, ശ്രീലങ്കൻ സംഘർഷം, നേപ്പാളിലെ ജനാധിപത്യ പ്രസ്ഥാനം, കശ്മീരിലെയും മധ്യ ഇന്ത്യയിലെയും കലാപം എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ റിപ്പോർട്ടിംഗിൽ ഉൾപ്പെടുന്നു. എൻ‌ഡി‌ടി‌വിയിലും മെയിൽ ടുഡേയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർട്ടിഡം ടു ഫ്രീഡം: 100 ഇയേഴ്‌സ് ഓഫ് ജാലിയൻ‌വാലാബാഗ് ആൻഡ് ഹീറോസ് ഓഫ് 1971 എന്നീ പുസ്തകങ്ങൾ എഡിറ്റ് ചെയ്തു.

പ്രീതി ദാസ്

16 വർഷത്തിലേറെയായി നർമ്മം ഉപയോഗിച്ച് സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, കഥാകാരി, അവതാരക, പത്രപ്രവർത്തക, മാറ്റത്തിന് കാരണക്കാരി എന്നീ നിലകളിൽ പ്രശസ്തയാണ് പ്രീതി ദാസ്. ഗുജറാത്തിലെ ആദ്യത്തെ വനിതാ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, അവാർഡ് നേടിയ അന്വേഷണാത്മക പത്രപ്രവർത്തകയും അഹമ്മദാബാദിലെ ഫെമിനിസ്റ്റ് സ്റ്റാൻഡ്-അപ്പ് കൂട്ടായ്മയായ മഹിളാ മഞ്ചിന്‍റെ സഹസ്ഥാപക. കോമഡി, നാടകം, കഥപറച്ചിൽ എന്നിവയിലൂടെ ലിംഗഭേദം, പുരുഷാധിപത്യം, സമ്മതം, ആർത്തവം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെ അവർ അഭിസംബോധന ചെയ്യുന്നു. അവരുടെ ആദ്യ ഫീച്ചർ ചിത്രമായ 'കാശി രാഘവ്' ഒരു ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്നു.