
കേരളത്തിൽ പൊതു സ്വകാര്യ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളുമെല്ലാം ഉള്ളതിനാൽ രോഗികൾക്ക് ചികിത്സ ലഭിക്കുന്നുണ്ട്. എന്നാൽ ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം മലയാളികൾക്ക് ലഭിക്കുന്നുണ്ടോ, പോക്കറ്റ് കീറാത്ത ഇൻഷുറൻസ് പരിരക്ഷ എല്ലാവർക്കും ലഭിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. ‘സാർവത്രിക ആരോഗ്യപരിരക്ഷയിലേക്ക് എത്ര ദൂരം’ എന്ന സുപ്രധാന വിഷയം ഏഷ്യാനെറ്റ് ന്യൂസിന്റെ ഐഡിയ ഫെസ്റ്റായ അഗോറ ചർച്ച ചെയ്തു. ഹെൽത്ത് ഇൻഡക്സിൽ വളരെ മുന്നേറിയ കേരളത്തിൽ തെറ്റായ ഹെൽത്ത് എക്സ്പെൻഡിച്ചർ പാറ്റേൺ ആണ് ഉള്ളതെന്ന് പാനലിസ്റ്റുകളായ ഡോ.രാജീവ് സദാനന്ദൻ, ഡോ വി രാമൻകുട്ടി, ഡോ ഗോഡ്വിൻ എന്നിവർ വിലയിരുത്തി. ശ്രുതി എസ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.
ഇന്ത്യയിൽ പ്രതിശീർഷ ആളോഹരി നിലയിൽ ഏറ്റവും കൂടുതൽ കാശ് ആരോഗ്യത്തിന് ചെലവാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഡോ.രാജീവ് സദാനന്ദൻ ചൂണ്ടിക്കാട്ടി. സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് ചെലവാക്കി ആരോഗ്യ പരിപാലനം നടത്തേണ്ടി വരുന്നത് പ്രാകൃതമായിട്ടുള്ള രീതിയാണ്. ഇന്ന് സംസ്ഥാനത്ത് ഭൂരിപക്ഷം പേരും ആശുപത്രികളിൽ പോകുന്നത് ക്രോണിക് ഡിസീസസ് (വിട്ടുമാറാത്ത രോഗങ്ങൾ) കൊണ്ടാണ്. അതിൽ കുറഞ്ഞത് 30 ശതമാനത്തോളം പേർക്ക് രക്തസമ്മർദവും പ്രമേഹവുമാണ്. ഇവരാണ് ആശുപത്രികൾ നിറയ്ക്കുന്നത്. 30 വയസ്സ് കഴിഞ്ഞവരെയെങ്കിലും കൃത്യമായി പരിശോധിച്ച് ഹൈപ്പർടെൻഷനും ഡയബറ്റിസും നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞാൽ ഇവർക്ക് ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കാൻ കഴിയും. പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് ഈ സ്ക്രീനിങ് നടത്താവുന്നതാണ്. ചികിത്സയും അവിടെ നിശ്ചയിച്ച് കഴിഞ്ഞാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും ഡോക്ടർ പറഞ്ഞു.
തായ്ലൻഡിലൊക്കെ 75 ശതമാനത്തോളം ആളുകളെ ഒരു പബ്ലിക് ഇൻഷുറൻസ് ഏജൻസി പോലെയുള്ള ഫണ്ട് ഉണ്ടാക്കി സംയോജിപ്പിച്ചിട്ടുണ്ടെന്ന് ഡോ രാമൻകുട്ടി ചൂണ്ടിക്കാട്ടി. അവരാണ് സബ്സിഡി തീരുമാനിക്കുന്നത്. ഇതേ മോഡലിലാണ് യുകെയിലും പ്രവർത്തനം. പക്ഷേ ഇന്ത്യയിൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ഉള്ളതിനാൽ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിലേക്ക് വരുത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അതു വളരെ ഫലപ്രദമായിരിക്കും. എന്നാൽ നമുക്ക് മെഡിസെപ്പ് പോലുള്ള ഇൻഷുറൻസുകൾ പോലും കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഡോക്ടർ വിമർശിച്ചു.
ഇവിടെ ഒപികൾ ഇൻഷുറൻസ് പരിധിയിൽ വരാത്തതു കൊണ്ടുതന്നെ രോഗികൾക്ക് 25 ശതമാനം ചെലവാകുന്നത് മരുന്നുകൾക്കാണെന്ന് ഡോ രാജീവ് സദാനന്ദൻ ചൂണ്ടിക്കാട്ടി. ലോകത്തെ എല്ലാ പരിഷ്കൃത ആരോഗ്യ സംവിധാനമുള്ള സ്ഥലങ്ങളിലും കോംപ്രിഹെൻസീവ് ഇൻഷുറൻസ് ആണുള്ളത്. ആവശ്യമുള്ള ആൾക്കാർ മാത്രം ഇൻഷുറൻസ് എടുക്കുന്ന പരിപാടി നടക്കില്ല. എല്ലാവരെയും കവർ ചെയ്യുന്ന ഒരു സ്കീം മാത്രമേ ലോകത്ത് എവിടെയും വിജയിച്ചിട്ടുള്ളൂ. ആളുകൾ നേരെ ആശുപത്രിയിൽ പോയി സ്പെഷ്യലിസ്റ്റിനെ കാണുന്നത് അവസാനിപ്പിച്ചിട്ട്, പ്രൈമറി കെയർ പ്രൊവൈഡറുടെ പരിശോധനയ്ക്ക് മാത്രം എത്തുന്ന സംവിധാനം വരണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ സ്വകാര്യ മേഖലയിൽ ഡോക്ടർമാരുടെ ആശുപത്രികൾ എന്നതിൽ നിന്ന് മാറി നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളായി ആരോഗ്യരംഗം മാറുന്നുവെന്ന് ഡോ. ഗോഡ്വിൻ ചൂണ്ടിക്കാട്ടി. ഇന്ന് നമ്മുടെ രാജ്യത്തുള്ളവർ അസുഖത്തേക്കാൾ ഏറ്റവും കൂടുതൽ പേടിക്കുന്നത് ചികിത്സാ ചെലവിനെയാണ്. അതിനെ 'മെഡിക്കൽ പോവർട്ടി ട്രാപ്പ്' (Medical Poverty Trap) എന്നാണ് പൊതുവേ വിശദീകരിക്കാറുള്ളത്. കേരളത്തിൽ ഒ പികളുടെ കാര്യമെടുക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു 10-12 വർഷം, പ്രത്യേകിച്ചും 'ആർദ്രം' പദ്ധതി നടപ്പിലാക്കിയതിനുശേഷം ഗണ്യമായിട്ടുള്ള മാറ്റമുണ്ടായി. പൊതുമേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുള്ള ഒപി കെയർ മെച്ചപ്പെട്ടു. അതേസമയം ഇൻപേഷ്യന്റിന്റെ (ഐപി) കാര്യത്തിൽ വരുമ്പോൾ പൊതുമേഖല സ്വകാര്യ മേഖലയ്ക്ക് മുന്നിൽ നിഷ്പ്രഭമാവുകയാണ്. ഈ ചികിത്സയാണ് യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ പട്ടിണിയിലോട്ട് എത്തിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.
കേരളത്തിൽ ആയുർ ദൈർഘ്യം കൂടിയെങ്കിലും എത്രത്തോളം ആരോഗ്യത്തോടെയാണ് നമ്മൾ ഇരിക്കുന്നത് എന്നുള്ള ഒരു വലിയൊരു ചോദ്യമുണ്ടെന്ന് മോഡറേറ്റർ ശ്രുതി ചൂണ്ടിക്കാട്ടി. ലൈഫ് ഇൻഡക്സിനേക്കാളും നമ്മൾ ഹെൽത്ത് ഇൻഡക്സിനെപ്പറ്റിയല്ലേ സംസാരിക്കേണ്ടതെന്നും ശ്രുതി ചോദിച്ചു. കേരളത്തിലെ ജീവിത നിലവാരത്തെ പലപ്പോഴും യൂറോപ്യൻ രാജ്യങ്ങളുമായിട്ടാണ് നമ്മൾ താരതമ്യം ചെയ്യുന്നത്. നമ്മളുടെ ഏജിങ് കർവ് താരതമ്യം ചെയ്യുന്നത് ജപ്പാനുമായിട്ടാണ്. നമ്മളൊക്കെ ദീർഘകാലം ജീവിച്ചിരിക്കുകയാണ്. അതേ സാഹചര്യമുള്ള ജപ്പാനിൽ 40നും 74നും ഇടയിൽ പ്രായമുള്ളവർക്ക് വാർഷിക ഹെൽത്ത് ചെക്കപ്പ് നിർബന്ധമാണ്. പ്രായപരിധിയിലെ എല്ലാവരും എല്ലാ വർഷവും ഒരു ആനുവൽ ഹെൽത്ത് ചെക്കപ്പ് നടത്തിയിരിക്കണം. 2008-ന് ശേഷം അവിടെ ഒരു മെറ്റബോ ലോ വന്നു. ജനങ്ങൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്ന് പല തട്ടിൽ അവിടെ ഉറപ്പുവരുത്തുകയാണ്. അതിനാൽ വയസ്സാകുന്ന തലമുറയുടെ ആരോഗ്യം എന്ന ആശങ്ക അവിടെയില്ല. കേരളത്തിലും ഏകദേശം ഇരുപത് ശതമാനത്തോളം മനുഷ്യർ 60 വയസ്സിനു മുകളിൽ ആയിക്കഴിഞ്ഞതിനാൽ ജപ്പാൻ മോഡലിന് പ്രസക്തിയുണ്ടെന്ന് മോഡറേറ്റർ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളിൽ മറ്റുള്ളവരെ ചേർത്തുനിർത്തുന്ന ഒരു സംസ്കാരം മലയാളിക്ക് പണ്ടു മുതലേ ഉണ്ടെന്ന് ഡോ ഗോഡ്വിൻ ചൂണ്ടിക്കാട്ടി. 20 കോടിയോ 30 കോടിയോ ഒക്കെ ഒരു ചികിത്സയ്ക്ക് വേണ്ടിവരുമ്പോൾ നാട്ടുകാർ ഇറങ്ങിത്തിരിച്ച് പിരിവെടുക്കുന്ന സംഭവങ്ങൾ അതിന് ഉദാഹരണമാണ്. അത് കേരളത്തിന്റെ ഒരു പ്രത്യേകതയാണ്. അത് പാലിയേറ്റീവ് കെയർ മേഖലയിലും വലിയ രീതിയിലുണ്ടെന്ന് ഡോ ഗോഡ്വിൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ തന്നെ ഏറ്റവും മെച്ചപ്പെട്ട പാലിയേറ്റീവ് കെയർ ഉള്ള സംസ്ഥാനമാണ് കേരളം. ഏഷ്യയിൽ തന്നെ ആദ്യമായിട്ട് പാലിയേറ്റീവ് കെയർ പോളിസി തുടങ്ങിയ സംസ്ഥാനവും കേരളം തന്നെ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത് ക്രിയാത്മകമായി മുന്നോട്ടു പോകുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.