മരണം വരെയൊരു വായനക്കാരിയായിരുന്നെങ്കിൽ!

By Rini RaveendranFirst Published Jun 19, 2023, 4:13 PM IST
Highlights

ഒറ്റവാക്യത്തിന്‍റെ പുറത്ത് പോലും അനേകം ലോകങ്ങൾ കണ്ട്, കഥ മെനഞ്ഞുമെനഞ്ഞ് അങ്ങനെ ഇരിക്കാം, അതാണ് വായനയുടെ സുഖം. വായിക്കാനെടുക്കുന്ന നിമിഷങ്ങൾ നമ്മുടേത് മാത്രമാണ്, അത് നമ്മുടെ രഹസ്യഭൂമികയാണ്, ആരും ശല്യം ചെയ്യാനില്ലാത്ത ഒന്ന്.

That’s the thing about books. They let you travel without moving your feet
- Jhumpa Lahiri

മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിലിരുന്ന് ഉറങ്ങാതെ ഞാനത് സ്വപ്നം കണ്ടു. എവിടെയോ ഇരുന്ന് രണ്ടുപേർ പ്രേമിക്കുന്നുണ്ട്. ഏതോ ഗ്രാമത്തിന്‍റെ ഇടവഴികളിൽ, അജ്ഞാതമായ ഏതോ കടൽത്തീരങ്ങളിൽ, അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു കൂരയിൽ. കാമത്തിന്‍റെ നിശ്വാസങ്ങളും നെടുവീർപ്പുകളുമുള്ള ചൂടൻ പ്രേമം! പത്തോ പന്ത്രണ്ടോ വയസുള്ളപ്പോൾ തന്നെ പ്രേമം ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന കെട്ടും പൊട്ടിച്ച് ഉള്ളിലേക്ക് കുതിച്ചോടിയതിലെ പ്രതികൾ അവരായിരുന്നു മംഗളവും മനോരമയും.

ബാലരമയോ, ബാലഭൂമിയോ, ബാലമംഗളമോ, യുറീക്കയോ ഇല്ലായിരുന്നു. അമ്മയും അയൽപ്പക്കക്കാരും വായിച്ചിരുന്ന ഈ രണ്ട് 'മ വാരികകൾ' മാത്രമായിരുന്നു അന്ന് കൂട്ടായിരുന്നത്. പല കൈമറിഞ്ഞ് ആ പുസ്തകങ്ങളടുത്തെത്താൻ ആർത്തിയോടെ കാത്തിരുന്ന ആഴ്ചകളെ ഞാനോർക്കുന്നുണ്ട്. പലപ്പോഴും പല മണങ്ങളായിരുന്നു ആ പുസ്തകങ്ങൾക്ക്, റേഷനരിയുടെ, പല പൊടികളുടെ, മൺചുമരുകളുടെ, പശുവിന് കൊടുക്കാൻ ചെത്തിക്കൂട്ടിവച്ചിരിക്കുന്ന പുല്ലുകെട്ടുകളുടെ...

അരുത് എന്ന വാക്ക് ഞാനാദ്യം കേൾക്കുന്നത് ആ പുസ്തകങ്ങളെച്ചൊല്ലിയാണ്. 'അരുത്, കുട്ടികളത് വായിക്കരുത്.' എന്നിട്ടും അവയെനിക്ക് വായനയുടെ ലോകത്തിലേക്ക് വിളക്ക് കാട്ടി. ഞാൻ പിന്നാലെ നടന്നു. കറുത്തിരുണ്ട കാടിന്‍റെ നടുവിൽ, പാറപ്പുല്ല് മേഞ്ഞ വീട്ടിലിരുന്ന് പലവഴികൾ സഞ്ചരിച്ചതിന്‍റെ ക്രെഡിറ്റ് പുസ്തകങ്ങൾക്കല്ലാതെ പിന്നെയാർക്കാണ്?

ഹൈസ്കൂളിലെവിടെയോ ഒരു ലൈബ്രറിയുണ്ടായിരുന്നു. വല്ലപ്പോഴും ആ വഴി പോയിട്ടുണ്ട്. ആ ഇടം എനിക്കിഷ്ടമായില്ല. കറുത്തിരുണ്ട, പൊടി പിടിച്ച ആ ലൈബ്രറി, എന്നെ മോഹിപ്പിച്ചേ ഇല്ല. കൊതിയോടെ ചവിട്ടിയ കാലുകൾ പിന്നിലേക്ക് വലിച്ച ശേഷം പിന്നെ ആ വഴി പോവാനും തോന്നിയില്ല. ഹയർ സെക്കൻഡറി കാലങ്ങളിൽ കയ്യിൽ വന്നുചേർന്ന പുസ്തകങ്ങളാണ് പുതിയ ലോകങ്ങൾ കാണിച്ചു തന്നത്. അതിന് മുമ്പ് വായിച്ച പുസ്തകങ്ങൾ പോലും ശരിക്കും ഉള്ളറിഞ്ഞ് വായിച്ചത് ആ കാലത്താണ്.

ലോകം ചുറ്റണമെന്ന് തോന്നുമ്പോൾ ഒരു പുസ്തകം കൈയിലെടുത്താൽ മതിയെന്ന സൂത്രം പയ്യെ പഠിച്ചെടുത്തു. ഇന്നും അത് പയറ്റാറുണ്ട്. പുറത്തുള്ള സകല ബഹളങ്ങളും മനസ് മടുപ്പിക്കുമ്പോൾ പുസ്തകങ്ങളിലേക്ക് തന്നെത്തന്നെയിറക്കിയടക്കുന്ന വിദ്യ. ഓരോ വട്ടം മടുപ്പിൽ മരിക്കുകയും പലവട്ടം പുസ്തകങ്ങളിലൂടെ പുനർജനിക്കുകയും ചെയ്യുന്ന മായാജാലം!

 

മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

ഒരിക്കലും ഒന്നും വായിക്കാത്ത ഒരുവളായിരുന്നാൽ മതിയായിരുന്നു എന്ന് എന്നിട്ടും ഇടയ്‍ക്ക് സ്വയം പറയാറുണ്ട്. വായനയാണെന്നെ ഒരിടത്തും കൊള്ളാത്ത (Unfit) ഒരുവളാക്കിയതെന്ന് ചിലപ്പോൾ തോന്നും. അതില്ലായിരുന്നു എങ്കിൽ ഒന്നിനെ കുറിച്ചും മിണ്ടാതെയിരുന്നേനെ, ഏതോ ഒരു നാട്ടിൻപുറത്തങ്ങനെ ജീവിച്ചു പോയേനെ. 'നീയെന്താണിങ്ങനെ' എന്ന് എത്രപേരാണ് എന്നോട് ചോദിച്ചത്? 'പഠിച്ച് തീർന്നിട്ടും എന്തിനാണിങ്ങനെ വായിക്കുന്നത്, ഏത് നേരവും വായന തന്നെ' എന്ന് പറഞ്ഞവരോട് ജോലി കിട്ടിയപ്പോൾ പുസ്തകങ്ങൾ വാങ്ങിവാങ്ങിയാണ് പകരം വീട്ടിയത്.

ആൻഫ്രാങ്കിനെയും ഹെലൻ കെല്ലറെയും മാധവിക്കുട്ടിയെയും ഇസഡോറ ഡങ്കനെയും മായ ആഞ്ചലോയെയും പ്രോതിമ ബേദിയെയും വെർജീനിയ വൂൾഫിനെയും വായിച്ചാണ് സ്വപ്നം കാണുന്നവളായത്. അന്ന് വരെ പരിചിതമല്ലാത്ത അനേകം സ്ത്രീകളെ കാണാൻ കണ്ണ് തുറന്നത്. അതിനുശേഷമാണ് സ്വപ്നജീവിയെന്ന് സകലരുമെന്നെ ഒറ്റിയത്. പക്ഷേ, എനിക്കത് ചിറകുകൾ മുളച്ചത് പോലെയായിരുന്നു - ആത്മാവിന്. സ്വാതന്ത്ര്യമെന്ന വാക്കിന്‍റെ മത്ത് കണ്ണ് തുറക്കാൻ പോലും വയ്യാത്തവിധം രാത്രികളെയും പകലുകളെയും ഉന്മത്തമാക്കി. ഈ ലോകം ജീവിക്കാൻ കൊള്ളാം, ഇവിടം വിട്ട് എനിക്ക് പോവുകയേ വേണ്ടെന്ന് തോന്നിപ്പിച്ചു.

എത്ര കൂട്ടുകാരുണ്ടായിരുന്ന കാലത്തും ഒറ്റപ്പെടൽ കൊളുത്തിവലിക്കുന്ന ചില മനുഷ്യരുണ്ടാവും. അവരുടെ ഏകാന്തതകളിൽ പുസ്തകങ്ങളെ പോലെ മികച്ച മറ്റൊരു കൂട്ടില്ല. ഏകാന്തതയാണോ എന്ന് ചോദിച്ചാൽ അതേ, ചുറ്റും മറ്റൊരു ലോകമില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. എന്തൊരു മനോഹരമായ അവസ്ഥയാണത്. ഒറ്റവാക്യത്തിന്‍റെ പുറത്ത് പോലും അനേകം ലോകങ്ങൾ കണ്ട്, കഥ മെനഞ്ഞുമെനഞ്ഞ് അങ്ങനെ ഇരിക്കാം, അതാണ് വായനയുടെ സുഖം. വായിക്കാനെടുക്കുന്ന നിമിഷങ്ങൾ നമ്മുടേത് മാത്രമാണ്, അത് നമ്മുടെ രഹസ്യഭൂമികയാണ്, ആരും ശല്യം ചെയ്യാനില്ലാത്ത ഒന്ന്.

എങ്കിലും ഏറ്റവും വലിയ പാഠപുസ്തകം മനുഷ്യർ തന്നെയാണ്. ചിലപ്പോൾ വായിക്കുകയേ ചെയ്യാത്ത ചില മനുഷ്യർ. അവരിൽ ചവിട്ടിനിന്ന് തന്നെയാണ് എഴുത്തും വരയും സിനിമയും എല്ലാമുണ്ടായത്.

പക്ഷേ, അപ്പോഴും പുസ്തകങ്ങൾ പിന്നെന്തായിരുന്നു എന്ന ചോദ്യത്തിന്, എക്കാലവും അവസാനത്തെ അഭയമായിരിക്കുന്നു എന്നാണുത്തരം. നോവിച്ചിറക്കിവിടില്ല എന്ന് നൂറുവട്ടം ഉറപ്പ് തരുന്ന നമ്മുടെ മാത്രം വീട്, ഒളിച്ചു പാർക്കുന്ന നിഗൂഢസ്ഥലികൾ. അവിടെയിരുന്നു കൊണ്ടാണ് ഇക്കാലമത്രയും താണ്ടിയത്. ശൂന്യത മാത്രമായി അവശേഷിച്ചു പോകേണ്ടിയിരുന്ന ഒരു കാലത്തെ നിങ്ങൾ നിറഞ്ഞതാക്കി. ഓരോ പേജുകളിലെയും മഞ്ഞും വെയിലും മഴയുമേറ്റ് ഞാൻ പരുവപ്പെട്ടവളായി.

ഒരിക്കൽ, എന്തെങ്കിലും എഴുതിയിരുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ നിലവിളിയായിരിക്കും എഴുതാനായിരുന്നുവെങ്കിൽ എന്നത്. പക്ഷേ, എനിക്ക് വായിക്കാൻ കഴിഞ്ഞാൽ മതി. ആർത്തിയോടെ വായിക്കാൻ പാകത്തിൽ അനേകമനേകം മനുഷ്യർ എവിടെയെങ്കിലുമിരുന്ന് എഴുതിക്കൊണ്ടേയിരിക്കട്ടെ.

പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങൾ പറന്ന് തുടങ്ങി

click me!