വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ, ദുരന്തങ്ങളെ അതിജീവിക്കാൻ വീടുകളുടെ സുരക്ഷ എത്രത്തോളം പ്രധാനമാണെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ 'ദുരന്ത പ്രതിരോധശേഷിയുടെ തുടക്കം വീടുകളിൽ നിന്ന്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി, സുരക്ഷിതമായ ഭവന നിർമ്മാണത്തിന്റെ ആവശ്യകതയും നയപരമായ മാറ്റങ്ങളും ഇതിൽ ചർച്ച ചെയ്യുന്നു.

2024 ജൂലൈ 30 -ന് വയനാട്ടിലെ പുഞ്ചിരിമട്ടത്ത്, കേരളത്തെ ഞെട്ടിച്ച തീവ്ര ഉരുൾപൊട്ടൽ സംഭവിച്ചു. അർദ്ധരാത്രിയിൽ മണ്ണും പാറയും വെള്ളവും ചേർന്ന പ്രവാഹം മുണ്ടക്കൈയെയും ചൂരൽമലയെയും വിഴുങ്ങി. ഔദ്യോഗിക കണക്കുപ്രകാരം 298 പേർ മരിച്ചു. ഏകദേശം ആയിരത്തോളം വീടുകൾ തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തു. ആ രാത്രി ദുരന്തം ഏറ്റവുമധികം ബാധിച്ച ഇടം, ആളുകൾ ഉറങ്ങിക്കിടന്ന വീടുകളായിരുന്നു.

വയനാട് ഉരുൾപൊട്ടലിൽ തകർന്ന വീടുകളിലൊന്ന് (ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ പ്രശാന്ത് ആൽബർട്ട്).

ദുരന്തങ്ങളിൽ നഷ്ടപ്പെടുന്ന ഭൗതിക സ്വത്തുക്കളിൽ വീടിനോളം വ്യക്തിപരമായ മറ്റൊന്നില്ല. ഉറങ്ങുന്നതും കുടുംബത്തെ പരിചരിക്കുന്നതും ദൈനംദിന ജീവിതം കെട്ടിപ്പടുക്കുന്നതും അവിടെയാണ്. അതേസമയം, സമൂഹത്തിന്‍റെ ഏറ്റവും ചെറിയ ഘടകമായ കുടുംബത്തിന്‍റെ നിത്യേനയുള്ള തീരുമാനങ്ങളാണ് അപകടസാധ്യതകളെ മുൻകൂട്ടി കാണാനും ചെറുക്കാനും അതിജീവിക്കാനുമുള്ള ശേഷിയെ രൂപപ്പെടുത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ ദുരന്തസാധ്യതാ ലഘൂകരണ ഓഫീസ് (UNDRR) 2026 -ലെ അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനത്തിന് (International Day for Disaster Risk Reduction – IDDRR; October 13) “Resilience Starts at Home” – 'ദുരന്ത പ്രതിരോധശേഷിയുടെ തുടക്കം വീടുകളിൽ നിന്ന്' – എന്ന പ്രമേയം തെരഞ്ഞെടുത്തത് ഈ തിരിച്ചറിവിൽ നിന്നാണ്. 1989 മുതൽ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള സാദ്ധ്യതകൾ, ബോധവത്ക്കരണം, ദുരന്തങ്ങളുടെ കാഠിന്യം കുറക്കാനുള്ള നടപടികൾ തുടങ്ങിയവയ്ക്ക് ഊന്നൽ കൊടുത്ത് അന്താരാഷ്ട്ര ദുരന്തനിവാരണ ദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു.

വീടൊരു പ്രതിരോധകവചം

ഒരു വീടിന് ദുരന്തസാധ്യത സൃഷ്ടിക്കുവാനും കുറക്കുവാനും കഴിയും. ഏത് ദിശയിലേക്കാണ് അത് പോകുന്നതെന്ന് കോൺക്രീറ്റിന്‍റെ കനം മാത്രം തീരുമാനിക്കുന്നില്ല. വീട് എവിടെ നിൽക്കുന്നു, എങ്ങനെ രൂപകൽപ്പന ചെയ്തു, എങ്ങനെ നിർമ്മിച്ചു, എങ്ങനെ പരിപാലിക്കുന്നു, ആർക്ക് അത് പ്രാപ്യമാണ്, പ്രതിരോധശേഷി താങ്ങാൻ ആ കുടുംബത്തിന് കഴിയുമോ, മുന്നറിയിപ്പ് അവർക്ക് കിട്ടുകയും മനസ്സിലാവുകയും ചെയ്യുന്നുണ്ടോ, ചുറ്റുമുള്ള സമൂഹം എത്രമാത്രം പ്രതിരോധശേഷിയുള്ളതാണ് – ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചേർന്നാണത് നിശ്ചയിക്കപ്പെടുന്നത്.

വീടിന്‍റെ പ്രതിരോധശേഷി നിർണ്ണയിക്കുന്ന ചില ചോദ്യങ്ങൾ

  • സ്ഥാനം: ഈ വീട് എവിടെയാണ് ? – വിവിധ അപകട സാധ്യതകൾ - വെള്ളപ്പൊക്ക സമതലത്തിലോ, ചരിവിലോ, തീരത്തോ?
  • രൂപകൽപ്പന: പ്രാദേശിക ദുരന്തങ്ങളെ പ്രതിരോധിക്കുവാൻ ശേഷി ഉള്ളതാണോ?
  • നിർമാണം: അടിത്തറയും വസ്തുക്കളും പണിയുടെ നിലവാരവും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ?
  • പരിപാലനം: വർഷങ്ങൾ കഴിഞ്ഞും വീട് ബലത്തോടെ നിലനിൽക്കുന്നുണ്ടോ?
  • പ്രാപ്യത: ഉടമയ്ക്കും വാടകക്കാരനും വയോജനത്തിനും ഭിന്നശേഷിക്കാർക്കും ഒരുപോലെ സുരക്ഷിതമാണോ?
  • മുന്നറിയിപ്പ്: മുന്നറിയിപ്പ് വീട്ടിലെത്തുന്നുണ്ടോ, മനസ്സിലാകുന്നുണ്ടോ, അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നുണ്ടോ?
  • സമൂഹം: ചുറ്റുമുള്ള അയൽപക്കവും സംവിധാനങ്ങളും പ്രതിരോധശേഷിയുള്ളവയാണോ?

ഈ വർഷത്തെ പ്രമേയത്തിന്‍റെ പ്രസക്തി

UNDRR -ന്‍റെ 2026 ആശയക്കുറിപ്പ് (Concept Note) പ്രകാരം ഈ ദിനത്തിന് നാല് ലക്ഷ്യങ്ങളുണ്ട്: 1) ദുരന്തസാധ്യതാ ലഘൂകരണത്തിൽ വീടിനുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ച് ലോകമെമ്പാടും അവബോധം വളർത്തുക. 2) പ്രതിരോധശേഷിയുള്ള ഭവനത്തിനായി മെച്ചപ്പെട്ട ഭരണവും നിക്ഷേപവും ആവശ്യപ്പെടുക. 3) ഭവനവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് ഉയർത്തിക്കാട്ടുക. 4) പ്രത്യേകിച്ച് കൂടുതൽ ദുർബലരായ (Vulnerable) കുടുംബങ്ങൾക്ക് അപകടസാധ്യത മനസ്സിലാക്കി സ്വയം സുരക്ഷയ്ക്കായി പ്രവർത്തിക്കാനും സമൂഹത്തിന്‍റെ പ്രതിരോധശേഷി (Community Resilience) ശക്തിപ്പെടുത്താനും കഴിവ് നൽകുക.

ചുറ്റുമുള്ള അപകടങ്ങളെ അതിജീവിക്കാൻ കഴിയുന്ന വീട് ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമാണ്.

• ദുരന്തങ്ങൾ കെട്ടിടങ്ങൾ മാത്രമല്ല, ജീവിതങ്ങളും ഉപജീവനങ്ങളും ഭാവിയും തകർക്കുന്നു. നാം എവിടെ, എങ്ങനെ ജീവിക്കുന്നു എന്നതിൽ നിന്നാണ് പ്രതിരോധശേഷി തുടങ്ങുന്നത്. കൂടാതെ പ്രതിരോധശേഷി വീടുകളിൽ ഉൾപ്പെടുത്താനുള്ള ചെലവ്, ദുരന്തശേഷം പുനർനിർമിക്കാനുള്ള ചെലവിന്‍റെ ഒരു ചെറിയ അംശം മാത്രമാണെന്നും ഈ രേഖ പറഞ്ഞു വെക്കുന്നു. ഭൂകമ്പമല്ല, തകരുന്ന കെട്ടിടമാണ് ആളുകളെ കൊല്ലുന്നതെന്ന പഴയ പാഠം ഇന്നും പ്രസക്തമാണ്.

(ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ പ്രശാന്ത് ആൽബർട്ട്).

വീടെന്ന അടിസ്ഥാനം

ഒരു മനുഷ്യന്‍റെ ആദ്യത്തെ ഭൗതിക പരിസരം വീടാണ്. മഴയിൽ നിന്നും വെയിലിൽ നിന്നും അഭയം നൽകുന്ന ഇടം എന്നതിനപ്പുറമാണത്. കുടുംബത്തിന്‍റെ അന്തസ്സിന്‍റെയും സ്വകാര്യതയുടെയും അടിത്തറ കൂടിയായി അതിനെ സമൂഹം കാണുന്നു. 2018 -ലെ പ്രളയത്തിന്‍റെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്‍റ് (PDNA) ഭവനമേഖലയ്ക്ക് 5,443 കോടി രൂപയും തൊഴിൽ - ഉപജീവന മേഖലയ്ക്ക് 3,896 കോടി രൂപയും വീണ്ടെടുപ്പിനായി വേണ്ടിവരുമെന്ന് കണക്കാക്കി. രണ്ടും ഒരേ കുടുംബങ്ങളുടെ നഷ്ടമാണ്. വെള്ളം കയറിയ വീടുകളിൽ ജലജന്യ രോഗങ്ങൾ പാമ്പുകടി പോലുള്ള അനുബന്ധ അപകട സാധ്യതകളുണ്ട്. കൂടാതെ വീടുകളുടെ നാശം വ്യക്തികളുടെ സാമൂഹിക മാനസിക ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കമെന്നും പഠനങ്ങൾ പറയുന്നു. - വീടിന്‍റെ പ്രതിരോധശേഷിയാണ് ദുരന്ത പ്രതിരോധശേഷിയുടെ അടിത്തറ.

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത നാം ചർച്ച ചെയ്യേണ്ടതുണ്ട്. അപകടകരമായ ഭവന സാഹചര്യങ്ങളിൽ താമസിക്കുന്നവരിൽ പലരും അത് സ്വയം തെരഞ്ഞെടുക്കുന്നതല്ല. വിവിധ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങൾ മൂലം അവിടേയ്ക്ക് എത്തിപ്പെടുന്നവരാണ്. ദാരിദ്ര്യം, സ്ഥിരവരുമാനത്തിന്‍റെ അഭാവം, ഭൂമിയുടെ ഉടമസ്ഥാവകാശമില്ലായ്മ, സുരക്ഷിതമായ ഭവനസൗകര്യങ്ങളുടെ അപര്യാപ്തത, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലെയും ഉരുൾപൊട്ടൽ സാധ്യതയുള്ള കുന്നിൻ ചെരിവുകളിലെയും താമസം, ഗുണമേന്മ കുറഞ്ഞ നിർമ്മാണ്ണരീതികൾ എന്നിവയും സാമൂഹികവും സാമ്പത്തികവുമായ ദുർബലതകളും അപകടസാധ്യതയുള്ള ഭവനസാഹചര്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞ് കിടക്കുന്നത് ദുരന്തസാധ്യത വർധിപ്പിക്കുന്നതിന്‍റെ ചില ഉദാഹരണങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ ഇതിന്‍റെ ആക്കം കൂട്ടുന്നു. അതായത്, കഴിഞ്ഞ കാലത്തെ അനുഭവം അടിസ്ഥാനമാക്കി 'സുരക്ഷിതം' എന്ന് ഉറപ്പിച്ച വീടുകളും രൂപകൽപ്പനകളും ഇനിയതിന് മതിയാകണമെന്നില്ലെന്ന് തന്നെ.

സുരക്ഷിത വീടൊരു 'തെരഞ്ഞെടുപ്പാകരുത്'

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 11 (SDG 11) 'എല്ലാവർക്കും മതിയായതും സുരക്ഷിതവും താങ്ങാവുന്നതുമായ വീട്' (ടാർഗറ്റ് 11.1) ലക്ഷ്യം വയ്ക്കുന്നു. പക്ഷേ, നിലവിലെ സ്ഥിതിവിവരങ്ങൾ നാം ഈ ലക്ഷ്യത്തിൽ നിന്നും അകലെയാണെന്ന് വ്യക്തമാക്കുന്നു. സുരക്ഷിതമായ ഭൂമിക്ക് വില കൂടും. സുരക്ഷിതമായ നിർമാണത്തിന് ചെലവ് കൂടും. വരുമാനം കുറഞ്ഞ കുടുംബം 'താങ്ങാവുന്നത്' തെരഞ്ഞെടുക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അപകടം തെരഞ്ഞെടുക്കുന്നു. 'താങ്ങാവുന്ന വീടും സുരക്ഷിതമായ വീടും തമ്മിൽ ആർക്കും തെരഞ്ഞെടുക്കേണ്ടി വരരുത്' എന്ന ഈ വർഷത്തെ സന്ദേശം ഈ ദ്വന്ദ്വത്തിനെതിരായ നയപരമായ ആവശ്യമാണ്. അതിന് സുരക്ഷിത ഭൂമി ലഭ്യമാക്കൽ, ചെലവു കുറഞ്ഞ സുരക്ഷാ സാങ്കേതികവിദ്യ, സാങ്കേതിക സഹായം, ലക്ഷ്യമിട്ട സബ്സിഡി എന്നിവ വേണം. 'ഇവിടെ പണിയരുത്' എന്ന് മാത്രം പറയുന്ന നയം സാമ്പത്തിക ശേഷി കുറഞ്ഞ ജനവിഭാഗത്തെ കൂടുതൽ അപകട സാധ്യതകളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

(ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ പ്രശാന്ത് ആൽബർട്ട്).

വീടിനും വേണമൊരു കണക്ക്

ഓരോ ദുരന്തങ്ങളും ഭവനത്തെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. 2001 ജനുവരി 26 -ന് കച്ചിലുണ്ടായ ഭൂകമ്പത്തിൽ ഏതാണ്ട് 12 ലക്ഷത്തിലധികം വീടുകൾക്ക് നാശം സംഭവിക്കുകയുണ്ടായി. ഭവന സുരക്ഷയുമായി ബന്ധപ്പെട്ട് ഭൂകമ്പം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ സ്വീകരിക്കേണ്ട പ്രത്യേക മാർഗ നിർദേശങ്ങൾ ദേശീയ സംസ്ഥാന തല അതോറിറ്റികൾ പുറത്തിറക്കിയിട്ടുണ്ട്. ദേശീയ കെട്ടിടച്ചട്ടവും, ഭൂകമ്പ രൂപകൽപ്പനയ്ക്കുള്ള ഇന്ത്യൻ സ്റ്റാൻഡേർഡ് കോഡുകളും (ഉദാഹരണത്തിന് IS 1893, IS 4326) നിലവിലുണ്ട്. ഈ ചട്ടക്കൂടുകൾ എത്രത്തോളം ഒരു കുടുംബത്തിന്‍റെ മുറ്റത്തെത്തുന്നു എന്നതാണ് പ്രധാനം.

സ്ഥല- നിർമ്മാണങ്ങളിൽ വേണം കരുതൽ

വളരെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള കേരളത്തിൽ, കടലും കായലും സമതലവും കുന്നും മലയും ഏതാനും കിലോമീറ്ററുകൾക്കുള്ളിൽ ചേർന്ന് കിടക്കുന്നു. ഒരേസമയം ഒട്ടേറെ അപകടങ്ങളുടെ മണ്ണായ നമ്മുടെ സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രതയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. വാലി വ്യൂ, ഹിൽ വ്യൂ വീടുകൾക്കൊന്നും 2018 -ന് ശേഷം കേരളത്തിൽ വലിയ ആവശ്യക്കാരില്ല. നമ്മുടെ 14 ജില്ലകളിൽ 13-ലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. 2018 -ൽ ഇടുക്കി ജില്ലയിൽ മാത്രം 150 ഓളം പ്രധാന ഉരുൾപൊട്ടലുകളാണ് രേഖപ്പെടുത്തിയത്. അനുദിനം പെരുകുന്ന കടൽക്ഷോഭം നിരവധി തീരപ്രദേശ ഭവനങ്ങളെ ഇല്ലാതാക്കുന്നു. വയലും ചതുപ്പും നികത്തിയും ചരിവുകൾ മുറിച്ചും വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് മാറ്റിയുമുള്ള ഭവന നിർമാണ പ്രവൃത്തനങ്ങൾ അപകട സാധ്യത വർധിപ്പിക്കും.

ഒരു വീടിന്‍റെ മൂല്യം ചതുരശ്ര അടിയിൽ അല്ല. എത്ര ഉറപ്പോടെ എത്ര കാലം അതിൽ കഴിയാമെന്നതിലാണ് അളക്കേണ്ടത്. ടൗൺഷിപ് മാതൃകകൾ പല സ്ഥലങ്ങളിൽ നാം പരീക്ഷിക്കേണ്ടതുണ്ട്. കൃഷിഭൂമിയും മറ്റ് ജീവനോപാധികളും സാധ്യമായ എല്ലാ സ്ഥലങ്ങളിലും തുടരുകയും അതേ സമയം വീട് സുരക്ഷിതമായ സ്ഥലത്ത് നിർമ്മിക്കുകയും ചെയ്യുകയെന്നത് പല വികസിത രാജ്യങ്ങളും പിന്തുടരുന്നതും കേരളം മാതൃക ആക്കേണ്ടതുമായ ഒരു മാർഗമാണ്. ഉടമയെ പുനർനിർമാണത്തിന്‍റെ ഭാഗമാക്കേണ്ടതും മേസ്തിരിമാരെ പരിശീലിപ്പിക്കുന്നതും ഒരുപോലെ പ്രധാനമാണ്.

(ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ പ്രശാന്ത് ആൽബർട്ട്).

കെട്ടിട പെർമിറ്റിനും ഭവന പദ്ധതികൾക്കും ദുരന്തസാധ്യതാ ഭൂപടങ്ങൾ നിർബന്ധമായി ബന്ധിപ്പിക്കുക, അതീവ അപകടമേഖലയിൽ പുതിയ ജനവാസം ഒഴിവാക്കുക, ലൈഫ് പോലുള്ള പദ്ധതികളിൽ സുരക്ഷിത ഭൂമിയും സുരക്ഷിത രൂപകൽപ്പനയും ധനസഹായവുമായി ബന്ധിപ്പിക്കുക, അടഞ്ഞ് കിടക്കുന്ന വീടുകൾ വാടക-ഭവന വിപണിയിലേക്ക് കൊണ്ടുവരിക എന്നിവയും പ്രധാനപ്പെട്ടവയാണ്. ഓരോ കുടുംബവും ദുരന്തസമയത്തെ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി കുടിവെള്ളം, ഉണക്ക ഭക്ഷണം, പ്രഥമശുശ്രൂഷാ കിറ്റ്, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ, പ്രധാന രേഖകൾ, പണം, റേഡിയോ, ടോർച്ച്, മൊബൈൽ ചാർജർ, പവർ ബാങ്ക്, വിസിൽ, ശുചിത്വസാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെട്ട അടിയന്തര കിറ്റ് തയ്യാറാക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ സഹായ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുത്തണം.

2024 ജൂലൈയിലെ ആ രാത്രിയിലേക്ക് തിരിച്ച് പോകാം. മുന്നറിയിപ്പ് ഉണ്ടായിരുന്നു. പക്ഷേ, വീടുകൾ ഉറങ്ങിക്കിടന്നു. ഒരു വീടിന്‍റെ സുരക്ഷ അതിന്‍റെ ചുമരുകളിൽ മാത്രമല്ല, അത് നിൽക്കുന്ന ചരിവിലും അതിലേക്ക് എത്തുന്ന 'വിവര'ത്തിലും അതിനെ താങ്ങുന്ന 'നയ'ത്തിലും അതിൽ കഴിയുന്ന കുടുംബത്തിന്‍റെ 'ശേഷി'യിലും അയൽപക്കത്തിന്‍റെ 'കരുതലി'ലുമാണ്.അതുതന്നെയാണ് ഈ വർഷത്തെ അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിന സന്ദേശവും.