പുതിയ കാലത്തെക്കുറിച്ചുള്ള സംവാദ വേദിയായ അഗോറയ്ക്ക് തുടക്കമിടാൻ, പുതുമയെ എന്നും സ്നേഹിക്കുന്ന മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട്?

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹോത്സവം 'അഗോറ' മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. പുതിയ കാലത്തെക്കുറിച്ചുള്ള സംവാദ വേദിയായ അഗോറയ്ക്ക് തുടക്കമിടാൻ, പുതുമയെ എന്നും സ്നേഹിക്കുന്ന മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട്? തിരുവനന്തപുരത്തെ കനകക്കുന്നിൽ നവംബർ 27 മുതൽ 29 വരെ 6 വേദികളിൽ 150 സംവാദങ്ങൾ നടക്കും. 200-ലേറെ വിദഗ്ധർ പങ്കെടുക്കും.

കാലത്തിന് മുൻപേ നടന്ന മമ്മൂട്ടി

എഴുപതുകളുടെ അവസാനം മദിരാശിയിലെ ഒരു ലോഡ്ജിൽ വെച്ച് സിനിമമോഹികളായ രണ്ട് ചെറുപ്പക്കാർ തമ്മിൽ സംസാരിക്കുകയാരുന്നു. അതിൽ നായകനാകാൻ ആഗ്രഹമുണ്ടായിരുന്ന ചെറുപ്പക്കാരൻ മറ്റെയാളോട് പറഞ്ഞു. ആ നിൽക്കുന്ന മെലിഞ്ഞ പയ്യനില്ലേ.. അയാൾ ഭാവിയിൽ ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാകും. പറഞ്ഞയാൾ മമ്മൂട്ടിയും പറഞ്ഞത് പ്രിയദ‍ർശനെക്കുറിച്ചും. കേട്ടുനിന്നത് ശ്രീനിവാസൻ. പ്രിയ‍ദർ‍ശനെ കുറിച്ച് മാത്രല്ല ബ്ലെസി മുതൽ ആഷിഖ് അബുവും അമൽ നീരദുമടക്കമുള്ളവരിലെ പ്രതിഭയെ ആദ്യം തിരിച്ചറിഞ്ഞത് മമ്മൂട്ടിയാണ്. എൺപതുകളിൽ തന്നെ സ്വന്തം കാറിൽ ടെലിവിഷനും വിസിപിയും സജ്ജീകരിച്ചിരുന്നു മമ്മൂട്ടിയെന്ന സാങ്കേതിക കുതുകി. ലോകത്തിന്റെ എത് കോണിലും നടക്കുന്ന പുതിയ സാങ്കേതിക വളർച്ച ആദ്യം അറിയുന്നതും ആ ഗാഡ്ജെറ്റ് ആദ്യം സ്വന്തുമാക്കുന്നതും മമ്മൂട്ടിയാണ്.

മംഗ്ലീഷ് എന്ന സിനിമയിലൂടെ ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യ മലയാളത്തിന് പരിചയപ്പെടുത്തി. ആർഇഡി ഡിജിറ്റൽ ക്യാമറ മലയാള സിനിമയിലേക്ക് കൊണ്ടുവന്നു. മൊബൈൽ ഫോൺ സർവസാധാരണമാകുന്നതിനു മുമ്പുതന്നെ ഹാം റേഡിയോ ഉപയോഗിച്ചു. എഐയുടെ തുടക്ക കാലത്ത് തന്റെ സിനിമയിൽ യൗവനകാലം കാണിക്കാൻ എ ഐ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചു. അങ്ങനെ കാലത്തിന് മുൻപേ നടന്ന ഒരു മമ്മൂട്ടിയുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തന്റെ കാലഘട്ടത്തിലെ രജനികാന്തും ചിരഞ്ജീവിയും അടക്കമുള്ള നായകർ പഴയ ഫോർ‍മുല സിനിമകളിൽ തുടരുമ്പോൾ ഉത്തരേന്ത്യയിലും അന്താരാഷ്ട്ര വേദികളിലും ചർച്ചയായ കാതൽ, റോഷാക്ക്, ഭ്രമയുഗം,നൻപകൽ നേരത്ത് തുടങ്ങിയ സിനിമകളാണ് അദ്ദേഹം ചെയ്യുന്നത്. പ്രതിഛായക്കപ്പുറത്തേക്ക് , താര പദവിക്കപ്പുറത്തേക്ക് സിനിമയ്ക്ക് വേണ്ടി മാത്രം മമ്മൂട്ടി എടുത്ത വമ്പൻ റിസ്കുകൾ ഇന്ത്യൻ സിനിമയിലെ വേറിട്ട താരമാക്കുന്നു മമ്മൂട്ടിയെ. സിനിമയിലും ഗാ‍ഡ്ജറ്റുകളിലും മാത്രമല്ല പുത്തൻ കാറുകളിലും വസ്ത്രങ്ങളിലും വരെ ഫ്യൂച്ചർ അപ്ഡേറ്റഡാണ് മമ്മൂട്ടി. കരുണയുള്ള കരങ്ങളാൽ, തോറ്റുപോയേക്കാവുന്ന മനുഷ്യരെ കൈപിടിച്ചുയർത്തുന്ന മറ്റൊരു മമ്മൂട്ടിയുമുണ്ട്.

പൊതുതാത്പര്യം മുൻനിർത്തിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രധാനപ്പെട്ട സംരംഭങ്ങളിൽ എല്ലാം മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോവിഡ് കാലത്തെ നിശ്ശബ്ദ പോരാളികളെ ആദരിച്ച 'സല്യൂട്ട് കേരളം' ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. വായനയെ തിരിച്ചുപിടിക്കാനുള്ള 'വാക്കുപൂക്കും കാലം' എന്ന ഉദ്യമത്തിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പുണ്ടായിരുന്നു. കൂടാതെ മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരനായ എം ടി വാസുദേവൻ നായരെ ഒരാഴ്ച നീണ്ടുനിന്ന പരിപാടിയിലൂടെ ആദരിച്ചപ്പോൾ അതിന്റെ ഉദ്ഘാടകനായതും മമ്മൂട്ടിയാണ്.

മാറാത്തത് ഒന്നെയുള്ളൂ അത് മാറ്റമാണ്. ആ മാറ്റത്തിന്റെ വക്താവായ മമ്മൂട്ടിയാണ് ഭാവിയുടെ ആശയങ്ങൾ ചർച്ച ചെയ്യാനുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ അഗോറ എന്ന ആശയങ്ങളുടെ മഹോൽസവം ഉദ്ഘാടനം ചെയ്യുന്നത്. പുതിയ ചിന്തകളിലേക്ക് കേരളത്തെയും മലയാളികളെയും നയിക്കാൻ പുതിയ കാലത്തിന്റെ മനസ്സുള്ള താരം എത്തുന്നു. മലയാളിക്ക് കണ്ടാലും കണ്ടാലും മതിവരാത്ത രണ്ട് കാര്യങ്ങളാളുള്ളത്. ആനയും മമ്മൂട്ടിയും. ഇന്ത്യൻ സിനിമയുടെ ആ ഗജവീരനാകും ഏഷ്യാനെറ്റ് ന്യൂസിന്റെ ആശയങ്ങളുടെ ഉൽസവമായ അഗോറയുടെ ഉദ്ഘാടന വേദിയുടെ തലയെടുപ്പ്.

YouTube video player