
ഭൂമിയ്ക്ക് എന്താണ് സംഭവിക്കുകയെന്ന ആശങ്ക മനുഷ്യന് മാത്രമാണുള്ളത്. 350 കോടി വർഷങ്ങളായി ഇവിടെ തുടരുന്ന ജീവന്റെ ഒഴുക്ക് മനുഷ്യൻ ഉണ്ടെങ്കിലുമില്ലെങ്കിലും മുന്നോട്ട് പോകും. എന്നാൽ, മനുഷ്യന് ഈ ഭൂമിയിൽ തുടർന്ന് ജീവിക്കണമെങ്കിൽ പ്രകൃതിയുടെ താളം തെറ്റാതെ കാക്കേണ്ടതുണ്ടെന്ന് ഏഷ്യനെറ്റ് ന്യൂസ് സംഘടിപ്പിച്ച അഗോറയിലെ 'പ്രകൃതിയുടെ താളം തെറ്റുമ്പോൾ: കാലാവസ്ഥയും വനവും അതിജീവനവും' എന്ന സെഷൻ മുന്നോട്ട് വച്ചു. കേരളത്തിന്റെ മാറുന്ന കാലാവസ്ഥയെയും പരിസ്ഥിതി വെല്ലുവിളികളെയും കുറിച്ച് ഐഎസ്എഫ് ഉദ്യോഗസ്ഥനും വനഗവേഷകനും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖനുമായ ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഭൗമശാസ്ത്രജ്ഞയും വനസംരക്ഷണ പ്രവർത്തകയുമായ ഡോ. കുശല രാജേന്ദ്രൻ, എഴുത്തുകാരനും പക്ഷിശാസ്ത്രജ്ഞനും പരിസ്ഥിതി മാധ്യമപ്രവർത്തകനുമായ സി. റഹീം എന്നിവർ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന അഗോറയിലായിരുന്നു അത്തരമൊരു ചിന്ത ഉടലെടുത്തത്.
ഒരുകാലത്ത് കൃത്യമായ നാല് ഋതുക്കളും 120 ദിവസത്തോളം നീണ്ടുനിന്നിരുന്ന മിതമായ മഴയുമായിരുന്നു കേരളത്തിന്റെ സമ്പത്ത്. എന്നാൽ ഇന്ന് മഴദിനങ്ങൾ 80 ദിവസങ്ങളിലേക്ക് ചുരുങ്ങി. ഒരു വർഷം മുഴുവൻ പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. 24 മണിക്കൂർ കൊണ്ട് പെയ്യേണ്ട മഴ അരമണിക്കൂർ കൊണ്ട് 7 സെന്റീമീറ്ററായി പെയ്തിറങ്ങുമ്പോൾ നഗരങ്ങൾ വെള്ളത്തിൽ മുങ്ങുന്നു. ഇന്നലെ തിരുവന്തപുരം നഗരത്തിൽ പെയ്തിറങ്ങിയ മഴയെ ഉദാഹരിച്ച് കൊണ്ട് ഡോ. പ്രമോദ് ജി. കൃഷ്ണൻ ചൂണ്ടിക്കാട്ടി. തുടർന്ന് കാലാവസ്ഥാ വ്യതിയാനം ഭാഷയ്ക്ക് നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞു. അറബിക്കടൽ ചൂടുപിടിക്കുമ്പോൾ 'കൂമ്പാരമേഘങ്ങൾ', 'മേഘവിസ്ഫോടനം', 'ചക്രവാതച്ചുഴി', 'കടലാക്രമണം', 'മിന്നൽച്ചുഴി' തുടങ്ങിയ പുതിയ പദങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് നിശബ്ദം കൊണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി.
കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണ് ഡോ. പ്രമോദ് ജി. കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്.
മണ്ണിലേക്ക് വെള്ളമിറങ്ങാത്ത നിർമ്മിത പ്രതലങ്ങൾ: ഒരുകോടിയിലധികം വീടുകളും റോഡുകളും ടൈൽ പാകിയ മുറ്റങ്ങളുമായി കേരളത്തിന്റെ ഏകദേശം 6,000 ചതുരശ്ര കിലോമീറ്റർ ഭൂമി (ജനവാസ മേഖലയുടെ നാലിലൊന്ന്) മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്ത രീതിയിൽ നാം അടച്ചുപൂട്ടിയെന്നും ഇത് ഭൂഗർഭജലനിരപ്പ് ക്രമാതീതമായി താഴാൻ ഇടയാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
അണക്കെട്ടുകളിലെ മണ്ണടിയൽ: കേരളത്തിലെ 89 വലിയ അണക്കെട്ടുകളിൽ പലതിലും മണ്ണടിഞ്ഞ് സംഭരണശേഷി കുറഞ്ഞു. എന്നാൽ, നിബിഡവനത്താൽ ചുറ്റപ്പെട്ട 180 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൽ 7 ശതമാനത്തിൽ താഴെ മാത്രമാണ് മണ്ണടിഞ്ഞിട്ടുള്ളത് എന്നത് മണ്ണിടിച്ചിലിലെ കാടിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
തണ്ണീർത്തടങ്ങളുടെയും നെൽവയലുകളുടെയും നാശം: 1980 -കളിൽ 8 ലക്ഷത്തിലധികം ഹെക്ടർ ഉണ്ടായിരുന്ന നെൽവയലുകൾ ഇന്ന് 1.69 ലക്ഷം ഹെക്ടറായി ചുരുങ്ങി. വേമ്പനാട്ട് കായലിന്റെ ആഴം 8 മീറ്ററിൽ നിന്ന് 1.5 മീറ്ററായി കുറയുകയും വിസ്തൃതി 43 ശതമാനം ഇല്ലാതാവുകയും ചെയ്തു.
വനങ്ങളുടെ ശോഷണം: പശ്ചിമഘട്ടത്തിലെ വനങ്ങൾ അതിശക്തമായി പെയ്യുന്ന മഴയെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ആഴ്ത്തി വർഷം മുഴുവൻ നമുക്ക് ശുദ്ധജലം നൽകുന്നു. ഒരു ഹെക്ടർ കാട് വർഷം 28 ലക്ഷം രൂപയുടെ ജലസേവനമാണ് നൽകുന്നത്. എന്നാൽ കാടിന്റെ ആരോഗ്യം 30-40 ശതമാനം വരെ കുറഞ്ഞിരിക്കുന്നത് വലിയ ആശങ്കയാണ്.
പഴയകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സമ്മിശ്ര കൃഷിരീതികളും (ഉദാഹരണത്തിന് ഓണാട്ടുകരയിലെ എള്ള്, മുതിര, കുരുമുളക് കൃഷികൾ) വീടുകളോട് ചേർന്നുള്ള കുളങ്ങളും പ്രകൃതിക്കിണങ്ങിയ നിർമ്മാണ രീതികളും വികസനത്തിന്റെ പേരിൽ നാം കൈവിട്ടെന്ന് സി റഹീം ചൂണ്ടിക്കാട്ടി. മണ്ണൊലിപ്പ് തടയാനും ഭൂഗർഭജലം സംരക്ഷിക്കാനും നമ്മുടെ പൂർവ്വികർ കുളങ്ങൾക്ക് ചുറ്റും നട്ടുവളർത്തിയിരുന്ന രാമച്ചം (Vetiver) ഇന്ന് ലോകമെമ്പാടും ജലസംരക്ഷണത്തിനായി ഉപയോഗിക്കുമ്പോൾ നാം അത് മറന്നുപോയി.
1950 -കളിലെ വ്യവസായ നയങ്ങളുടെ ഭാഗമായി സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏകവിള തോട്ടങ്ങൾ (Monoculture) വെച്ചുപിടിപ്പിച്ചത് വനത്തിന്റെ സ്വാഭാവികത നശിപ്പിച്ചു. എന്നാൽ 2021 -ൽ ഏകവിള തോട്ടങ്ങൾ മാറ്റി സ്വാഭാവിക വനങ്ങൾ പുനഃസ്ഥാപിക്കാൻ കേരളം നയപരമായ തീരുമാനമെടുത്തത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, മഹാത്മാഗാന്ധിയും സാമ്പത്തിക വിദഗ്ധൻ ജെ.സി. കുമരപ്പയും പതിറ്റാണ്ടുകൾക്ക് മുൻപ് നൽകിയ പാരിസ്ഥിതിക മുന്നറിയിപ്പുകൾ നാം അവഗണിച്ചതിന്റെ വിലയാണ് ഇപ്പോൾ നാം നൽകുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഭൂമിയുടെ അധിപൻ തങ്ങളാണെന്ന മനുഷ്യകേന്ദ്രീകൃത (Human-centric) മനോഭാവമാണ് ഇന്നത്തെ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമെന്ന് ഡോ.കുശല രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ, ഭൂമിയിലെ അനവധി അവകാശികളിൽ ഒരു പങ്കാളി മാത്രമാണ് മനുഷ്യനും മനുഷ്യനില്ലെങ്കിലും ഈ ഭൂമി നിലനിൽക്കുമെന്നും ഡോ. കുശല രാജേന്ദ്രൻ ചൂണ്ടിക്കാട്ടി
കേരളത്തിൽ മുൻകാലങ്ങളിൽ തണ്ണീർത്തടങ്ങളും തോടുകളും വെള്ളപ്പൊക്കത്തെ സ്വാഭാവികമായി തടഞ്ഞിരുന്നു (1924-ലെ പ്രളയകാലത്ത് പോലും ഇവ ജലത്തെ ഉൾക്കൊണ്ടിരുന്നു). എന്നാൽ ഇന്ന് അവയെല്ലാം നികത്തി റോഡുകളും കെട്ടിടങ്ങളുമായതോടെ വെള്ളപ്പൊക്കവും, മലയോരങ്ങളിലെ വനനശീകരണവും നിർമ്മാണങ്ങളും കാരണം ഉരുൾപൊട്ടലുകളും രൂക്ഷമായി. സമുദ്രതാപനില ഉയരുന്നത് മൂലം തീരശോഷണവും കടലാക്രമണവും വർദ്ധിക്കാൻ കാരണമായെന്നും ഡോ. കുശല രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കമ്മ്യൂണിറ്റി ഫോറസ്റ്ററി, സർക്കാർ വകുപ്പുകളുടെ ഏകോപനം, മരങ്ങൾ വെച്ചുപിടിപ്പിക്കുന്നവർക്ക് നികുതി ഇളവ് തുടങ്ങിയവ നടപ്പിലാക്കണം. അനന്തമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറിയ പൊടിപടലം മാത്രമാണ് തങ്ങളെന്ന തിരിച്ചറിവോടെ, മനുഷ്യൻ ഉണ്ടാക്കുന്ന ശബ്ദകോലാഹലങ്ങൾ മാറ്റിനിർത്തി ഭൂമിയുടെ സൂക്ഷ്മമായ സ്പന്ദനങ്ങൾക്ക് കാതോർക്കാൻ നാം തയ്യാറാവണമെന്നും ഡോ. കുശല രാജേന്ദ്രൻ പറഞ്ഞു.
ഭൂമിയുടെ അധിപൻ തങ്ങളാണെന്ന മനുഷ്യന്റെ അഹങ്കാരം ഭൂമിയെ ആറാമത്തെ കൂട്ടവംശനാശത്തിലേക്കാണ് (Sixth Mass Extinction) നയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) 8% മുതൽ 27% വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെ അതിജീവിക്കാൻ താഴെ പറയുന്ന പ്രായോഗിക നടപടികൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഉയർന്നുവന്നു.
പശ്ചിമഘട്ട സംരക്ഷണ അതോറിറ്റി: വന്യജീവികളുടെ സഞ്ചാരപാതകൾ (ആനത്താരകൾ ഉൾപ്പെടെ) മുറിയാതെ പശ്ചിമഘട്ടത്തെ ഒറ്റ യൂണിറ്റായി കണ്ട് സംരക്ഷിക്കാൻ പ്രത്യേക അതോറിറ്റിയും സർക്കാർ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണ്.
പാരമ്പര്യവും ആചാരങ്ങളും മരങ്ങളും: കാവുകളുടെ സംരക്ഷണം ഉറപ്പാക്കണം. ആറ്റുകാൽ പൊങ്കാല, ശബരിമല തീർത്ഥാടനം തുടങ്ങിയ ആചാരങ്ങളുടെയും ജീവിതത്തിലെ പ്രധാന ചടങ്ങുകളുടെയും ഭാഗമായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കണം. വീടുകളിൽ മരങ്ങൾ സംരക്ഷിക്കുന്നവർക്ക് നികുതി ഇളവുകൾ നൽകുന്നത് പരിഗണിക്കാവുന്നതാണെന്നും സീ റഹിം പറഞ്ഞു.
അധിനിവേശ സസ്യങ്ങളെ തിരിച്ചറിയൽ: നാടിന്റെ ജൈവവൈവിധ്യം നശിപ്പിക്കുന്ന സെന്ന (മഞ്ഞക്കൊന്ന), മൈക്കേനിയ തുടങ്ങിയ അധിനിവേശ സസ്യങ്ങളെ പൊതുജനങ്ങൾക്കും കുട്ടികൾക്കും തിരിച്ചറിയാനായി ചിത്രങ്ങൾ സഹിതമുള്ള ബോധവൽക്കരണ കൈപ്പുസ്തകങ്ങൾ തയ്യാറാക്കണമെന്ന് സദസിൽ നിന്നും ഉയർന്ന ആശയത്തെ സ്വീകരിക്കുന്നതായി പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം: വനത്തെയും പ്രാദേശിക സമൂഹത്തെയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ടൂറിസം മാത്രമേ പ്രോത്സാഹിപ്പിക്കാവൂവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
വികസനത്തിന്റെ പേരിൽ മുതിർന്ന തലമുറ വികലമാക്കിയ ഒരു ഭൂമിയെയാണ് പുതിയ തലമുറയ്ക്ക് കൈമാറുന്നത്. കേരളത്തിൽ പരിസ്ഥിതി സാക്ഷരതയ്ക്ക് കുറവില്ല. എന്നാൽ, സ്വന്തം താൽപ്പര്യങ്ങൾക്ക് മുന്നിൽ പൊതുനന്മയെ ബലികഴിക്കുന്ന മനോഭാവമാണ് മാറേണ്ടതെന്നും ഡോ.പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. പ്രകൃതിയുടെ സൂക്ഷ്മമായ മാറ്റങ്ങൾക്ക് കാതോർക്കാനും ശേഷിക്കുന്ന പച്ചപ്പിനെ മുറിവേൽപ്പിക്കാതെ കാക്കാനും നമുക്ക് സാധിച്ചാൽ മാത്രമേ വരുംതലമുറയ്ക്ക് ഈ ഭൂമിയിൽ അതിജീവനം സാധ്യമാകൂവെന്ന് ഡോ കുശല രാജേന്ദ്രൻ ഓർമ്മപ്പെടുത്തി.
പാനലിസ്റ്റുകൾ
ഡോ. കുശല രാജേന്ദ്രൻ
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഭൂകമ്പ ശാസ്ത്രജ്ഞയും ഓണററി പ്രൊഫസറുമാണ് ഡോ. കുശല രാജേന്ദ്രൻ. ഭൗമശാസ്ത്രത്തിൽ നാല് പതിറ്റാണ്ടിലേറെ പരിചയം. സൗത്ത് കരോലിന സർവകലാശാലയിൽ നിന്ന് ജിയോളജിക്കൽ സയൻസസിൽ പിഎച്ച്ഡി. സീസ്മോടെക്റ്റോണിക്സ്, പ്ലേറ്റ് ബൗണ്ടറികളിലും ഭൂഖണ്ഡ പ്രദേശങ്ങളിലും ഭൂകമ്പങ്ങൾ, ദ്രാവക പ്രേരിത ഭൂകമ്പങ്ങൾ എന്നിവയെ കുറിച്ച് പഠിച്ചിട്ടുണ്ട്. 'എർത്ത്ക്വേക്ക്സ് ഓഫ് ഇന്ത്യൻ സബ്കോണ്ടിനെന്റ്', 'ദി റംബ്ലിംഗ് എർത്ത്' എന്നിവയുൾപ്പെടെ 90-ലധികം പിയർ-റിവ്യൂഡ് പ്രബന്ധങ്ങളും സഹ-രചയിതാക്കളായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വനിതാ ശാസ്ത്രജ്ഞർക്കുള്ള ദേശീയ അവാർഡ് ജേതാവായ ഡോ. കുശല രാജേന്ദ്രൻ ഏഷ്യയിലെ മികച്ച 100 ശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂമി, പരിസ്ഥിതി, കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ എന്നിവയെക്കുറിച്ച് അനുകാലികങ്ങളിൽ എഴുതുന്നു.
സി. റഹീം
പ്രകൃതി സംരക്ഷണത്തിലും പരിസ്ഥിതി വിദ്യാഭ്യാസത്തിലും നാലു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്ന സി. റഹീം, പ്രമുഖ എഴുത്തുകാരനും പക്ഷിശാസ്ത്രജ്ഞനും പരിസ്ഥിതി മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി ചലച്ചിത്ര നിർമ്മാതാവും പരിസ്ഥിതി സംരക്ഷകനുമാണ്. ജനപങ്കാളിത്തത്തോടെയുള്ള പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻകൈയെടുത്ത അദ്ദേഹം, 'ഗ്രാമശ്രീ നേച്ചർ ക്ലബ്' സ്ഥാപിച്ചു. നൂറനാട് ഹെറോണറി (പക്ഷിസങ്കേതം) സംരക്ഷണം, കേരളത്തിലെ ആദ്യത്തെ ചിട്ടയായ നഗര കുരുവി സംരക്ഷണ പദ്ധതി തുടങ്ങി നിരവധി സുപ്രധാന സംരംഭങ്ങൾക്ക് തുടക്കമിട്ടു.
നിരവധി നോവലുകളും ചെറുകഥാ സമാഹാരങ്ങളും, കൂടാതെ പക്ഷികൾ, ജൈവവൈവിധ്യം, പരിസ്ഥിതി വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഡോക്യുമെന്ററികളും ടെലിവിഷൻ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന ടെലിവിഷൻ അവാർഡും ഒന്നിലധികം 'അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡുകളും' ലഭിച്ചിട്ടുണ്ട്. സയൻസ് ലിറ്ററേച്ചർ അവാർഡ്, ബാലസാഹിത്യ പുരസ്കാരം, പരിസ്ഥിതി മിത്രം പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെ തേടിയെത്തിയിട്ടുണ്ട്.
ഡോ. പ്രമോദ് ജി. കൃഷ്ണൻ
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനും വനഗവേഷകനും പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖനുമാണ് ഡോ. പ്രമോദ് ജി. കൃഷ്ണൻ. വനഭരണം, ജൈവവൈവിധ്യ സംരക്ഷണം, ജനപങ്കാളിത്തത്തോടെയുള്ള പ്രകൃതിവിഭവ പരിപാലനം എന്നീ മേഖലകളിൽ 35 വർഷത്തിലേറെ നീണ്ട പ്രവർത്തനപരിചയം. നിലവിൽ കേരള വനം വകുപ്പിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സോഷ്യൽ ഫോറസ്ട്രി) ആയി സേവനമനുഷ്ഠിക്കുന്നു. 'കേരളത്തിലെ പ്രകൃതി സംരക്ഷണം: ചരിത്രം, സമകാലിക പ്രസക്തി, ഭാവി' എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഗവേഷണം.
ഇന്ത്യാ ഗവൺമെന്റിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ്, ഐക്യരാഷ്ട്ര വികസന പദ്ധതിയിൽ (UNDP) സീനിയർ പോളിസി സ്പെഷ്യലിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ 'പെരിയാർ മോഡൽ' (ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണ മാതൃക) വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിന്റെ 'ഇക്കോ-റസ്റ്റോറേഷൻ പോളിസി 2021' (പരിസ്ഥിതി പുനഃസ്ഥാപന നയം) രൂപീകരിക്കുന്നതിനും നേതൃത്വം നൽകി. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിൽ ഫീൽഡ് ഡയറക്ടറായും, കേരളത്തിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.