ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് സംസ്കാരങ്ങളും ചരിത്രവും ഇഴചേർന്ന ഒരു ലിവിംഗ് മ്യൂസിയമാണ്. ഏകദേശം 4.5 ചതുരശ്ര കിലോമീറ്ററിലെ ഈ പ്രദേശത്ത് 200-ഓളം ചരിത്രപ്രാധാന്യമുള്ള ഇടങ്ങളുണ്ട്. ഇവയെ ക്യുആർ കോഡുകളിലൂടെ അടയാളപ്പെടുത്തിയാൽ കൊച്ചിയുടെ ചരിത്രം ലോകശ്രദ്ധ ആകർഷിക്കുമെന്ന് ബോണി തോമസ് ചൂണ്ടിക്കാട്ടുന്നു.
ഒരു തെരുവ് അനുഭവിക്കുന്നത് അവിടുത്തെ മണവും രുചിയും കാഴ്ചയും ഒപ്പം ചരിത്രവും തിരിച്ചറിയുമ്പോഴാണ്. അഗോറയിൽ അതെങ്ങനെയെന്ന് ബോണിതോമസ് വ്യക്തമാക്കിയത് ഇന്ത്യയുടെ പരിച്ഛേദമെന്നുതന്നെ പറയാവുന്ന ഫോർട്ട് കൊച്ചി - മട്ടാഞ്ചേരിയെന്ന ചെറിയ ഭൂപ്രദേശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു. ചരിത്രവും സംസ്കാരവും വൈവിധ്യങ്ങളും ഇഴചേർന്ന ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയും കേവലം ഒരു വിനോദസഞ്ചാര കേന്ദ്രത്തിനപ്പുറം സജീവമായ ഒരു 'ലിവിംഗ് മ്യൂസിയ'മായി (Living Museum) നിലകൊള്ളുന്നുവെന്ന് മാധ്യമപ്രവർത്തകനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപകരിലൊരാളുമായ ബോണി തോമസ്. ഏകദേശം 4.5 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശത്ത് 200 -ഓളം ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും അടയാളങ്ങളും ഉണ്ടെന്നും, ഇവയെ ലളിതമായ വിവരണങ്ങളിലൂടെയും ക്യുആർ (QR) കോഡുകളിലൂടെയും അടയാളപ്പെടുത്തിയാൽ ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു ജീവിക്കുന്ന മ്യൂസിയമാക്കി മാറ്റാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീനവലയിലെ പോർച്ചുഗീസ് പദാവലികൾ
അദ്ദേഹം ലോകപ്രശസ്തമായ ചീന വലയുടെ ചിത്രം കാണിച്ച് കൊണ്ടായിരുന്നു തുടങ്ങിയത്. കൊച്ചിയുടെ അടയാളമായി കരുതുന്ന ചീനവലകൾക്ക് ചൈനയുമായുള്ള ബന്ധത്തേക്കാൾ കൗതുകകരമായ വശങ്ങൾ അതിന്റെ ദൈനംദിന പ്രവർത്തനത്തിലും പദാവലികളിലുമുണ്ടെന്ന് ബോണി തോമസ് ചൂണ്ടിക്കാണിക്കുന്നു. ഒരു ത്രാസിന്റെ മാതൃകയിൽ പ്രവർത്തിക്കുന്ന ചീനവലയുടെ ഭാരം ക്രമീകരിക്കാൻ കെട്ടിത്തൂക്കുന്ന കല്ലുകളെ തൊഴിലാളികൾ 'പദ്രാവ്' എന്നും, മധ്യഭാഗത്തെ മരത്തടിയെ 'കലുസാന്തി' എന്നും, മീൻ കോരിയെടുത്ത് എറിയാൻ ഉപയോഗിക്കുന്ന വലയെ 'മോൾസ്' എന്നുമാണ് വിളിക്കുന്നത്. ഇവയെല്ലാം പോർച്ചുഗീസ് വാക്കുകളാണെന്നതും എന്നാൽ, പോർച്ചുഗലിൽ ചീനവലകളില്ലെന്ന കൗതുകകരമായ ചരിത്ര വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കോളനി കാലഘട്ടത്തിന്റെ അടയാളങ്ങൾ
തീരത്ത് നിന്നും ഫോട്ട് കൊച്ചിക്ക് കയറിയാൽ ചുരുങ്ങിയ ദൂരത്തിനുള്ളിൽ വ്യത്യസ്ത യൂറോപ്യൻ ശക്തികളുടെ സ്വാധീനം പതിഞ്ഞ അപൂർവ്വ ഭൂമികയാണ് ഫോർട്ട് കൊച്ചിയെന്ന് കാണാം. അതും വെറും ഒന്ന് രണ്ട് കിലോമീറ്ററിനുള്ളിൽ. 1503 -ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ മരണശേഷം അടക്കം ചെയ്യപ്പെട്ട പള്ളി), ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻ റീഡിന്റെ ഔദ്യോഗിക വസതിയായിരുന്ന ഡേവിഡ് ഹാൾ (ഹോർത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥം ഇട്ടിയച്ചുതന്റെ സഹായത്തോടെ എഴുതിയത് ഇവിടെ വച്ചാണ്.), ആധുനിക കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ഡൺ ഐലൻഡിന്റെയും ശിൽപ്പിയായ സർ റോബർട്ട് ബ്രിസ്റ്റോ താമസിച്ച കടലോര ഭവനം എന്നിവയെല്ലാം ഏതാനും മിനിറ്റ് നടക്കാവുന്ന ദൂരത്തിനുള്ളിലാണുള്ളത്. 742 സസ്യയിനങ്ങളെ രേഖപ്പെടുത്തിയ 'ഹോർട്ടസ് മലബാറിക്കസ്' എന്ന 12 വാള്യങ്ങളുള്ള ഗ്രന്ഥത്തിന് പിന്നിലെ വാൻ റീഡിന്റെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.
മട്ടാഞ്ചേരിയിലെ സംസ്കാരങ്ങളുടെ സംഗമം
പിന്നാലെ മട്ടാഞ്ചേരിയിലേക്ക് കടക്കുമ്പോൾ വ്യത്യസ്ത ദേശങ്ങളിൽ നിന്നും മതങ്ങളിൽ നിന്നുമുള്ള കുടിയേറ്റ സമൂഹങ്ങളുടെ സാംസ്കാരിക വൈവിധ്യം കാണാനാകും. ജൂ ടൗണും സിനഗോഗുകളും, കരന്തയാർ പാളയത്തിലെ തമിഴ് അഗ്രഹാരവും, ഗുജറാത്തി സ്ട്രീറ്റിലെ കച്ചവട സ്ഥാപനങ്ങളും നവനീത് കൃഷ്ണ ക്ഷേത്രവും, ജൈന ക്ഷേത്രവും വിളക്കില്ലാമ്പലവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഗോവയിൽ നിന്ന് പലായനം ചെയ്തെത്തിയ കൊങ്കണി സമൂഹത്തിന്റെ സംഭാവനകൾ ഭക്ഷണസംസ്കാരത്തിലും ദൈനംദിന ജീവിതത്തിലും നിറഞ്ഞുനിൽക്കുന്നു. തിരുമല ദേവസ്വം ക്ഷേത്രം, തെലുങ്ക് സമൂഹത്തിന്റെ ക്ഷേത്രം, മറാത്താ ക്ഷേത്രം, കച്ചി മേമൻ മോസ്ക് തുടങ്ങി 30-ലധികം ആരാധനാലയങ്ങളും 16 ഭാഷകൾ സംസാരിക്കുന്ന 31 -ഓളം സമൂഹങ്ങളും ഇവിടെ സഹവർത്തിത്വത്തോടെ കഴിയുന്നു.
വ്യാപാരത്തിലെ അദൃശ്യ സ്നേഹബന്ധങ്ങൾ
ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെടാത്ത, എന്നാൽ നേരിട്ട് അനുഭവിച്ചറിയാവുന്ന നിരവധി 'ഇൻടാൻജിബിൾ' (Intangible) ചരിത്രമുഹൂർത്തങ്ങൾ ഈ മണ്ണിലുണ്ട്. ഓണസദ്യയിലെ പ്രധാന ഘടകമായ പപ്പടം നിർമ്മിക്കുന്ന കൊങ്കണി സമൂഹവും, തമിഴ്നാട്ടിൽ നിന്നെത്തിയ യാദവ സമൂഹം വളർത്തുന്ന ആടുകളുടെ കച്ചവടം മുസ്ലിം ആഘോഷവേളകളിൽ തഴച്ചുവളരുന്നതുമെല്ലാം മതങ്ങൾക്കും സമൂഹങ്ങൾക്കുമപ്പുറം വ്യാപാരത്തിലൂടെ രൂപപ്പെട്ട സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉദാഹരണങ്ങളാണ്.
മാറ്റത്തിനായി ലളിതമായൊരു ആശയം
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ചിതറിക്കിടക്കുന്ന 50 -ലധികം പൈതൃക കെട്ടിടങ്ങളും 200 -ഓളം ചരിത്രചിഹ്നങ്ങളും സന്ദർശകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ വിവര ബോർഡുകളും ക്യുആർ കോഡുകളും സ്ഥാപിക്കണമെന്നാണ് ബോണി തോമസിന്റെ നിർദ്ദേശം. അതുവഴി മട്ടാഞ്ചേരിയുടെയും ഫോർട്ട് കൊച്ചിയുടെയും തെരുവുകളിലൂടെ നടക്കുന്നൊരാൾക്ക് ഓരോ കെട്ടിടത്തിന്റെയും മുന്നിലെത്തുമ്പോൾ ആ കെട്ടിടം പറയുന്ന നൂറ്റാണ്ടുകളുടെ ചരിത്രത്തെ തിരിച്ചറിയാനും അങ്ങനെ കൊച്ചിയുടെ ചരിത്രവും സംസ്കാരവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും പ്രദേശത്തെ സജീവമായൊരു ലിവിംഗ് മ്യൂസിയമായി ഉയർത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.














