
ഇടതുപക്ഷ രാഷ്ട്രീയം ആഗോളമായി തന്നെ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇന്ന് ലോക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംവാദ മണ്ഡലമാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട് പ്രവർത്തനം ആരംഭിച്ചത്തിന് ശേഷമുള്ള ആദ്യ കോൺഗ്രസ് (കാൺപൂർ, 1925 ഡിസം. 26) കഴിഞ്ഞ് 100 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലം ഇന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്‍റെ പ്രവർത്തനങ്ങൾ വിമർശനാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഇതേ കാലത്ത് രൂപം കൊണ്ട ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയം, ഭാരതീയ ജനത പാർട്ടിയിലൂടെ ഇന്ന് ഇന്ത്യ ഭരിക്കുന്നു.
കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഇടത്പക്ഷ പ്രസ്ഥാനത്തിനെ സംബന്ധിച്ചുള്ള രാഷ്ട്രീയവിജയം അതിനിർണ്ണായകമായ ഒന്നാണ്. അതിശക്തമായ ഒരു വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ആഗോള അവസ്ഥയിലാണ് ഈ തെരഞ്ഞെടുപ്പ് കാലം. ജനാധിപത്യ സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നതെന്നും കാണാം.
ചിലിയയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജപ്പെട്ടതിന് ശേഷം ചിലിയൻ ഇടതുപക്ഷ പ്രസിഡന്‍റ് ഗബ്രിയൽ ബോറിക് (Interview, El pais) ഉന്നയിക്കുന്ന ചോദ്യം. "പുത്തൻ വലതുപക്ഷത്തിന് എതിരെ എങ്ങനെ പോരാടും?" എന്നാണ്. ഈ ചോദ്യം ഇടതുപക്ഷ രാഷ്ട്രീയത്തിനെ തന്നെ സ്വയം വിമർശനപരമായി വിലയിയിരുത്തണം എന്നതിൽ ഊന്നുകയാണ്. അത് രാഷ്ട്രീയ എതിരാളികളെ മാത്രം വിമർശിച്ച് മുന്നോട്ട് പോകാനാവില്ല എന്നുള്ളതാണ്. ഇടതുപക്ഷം നേരിടുന്ന സങ്കീർണ്ണമായ രാഷ്ട്രീയ വെല്ലുവിളികൾ എന്തൊക്കെയാണ് എന്നുള്ള അന്വേഷണം കൂടി ഇവിടെ ഉയരുന്നു. കേരളീയ ഇടതുപക്ഷവും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.
ഒരു ഉയർന്ന ഉപഭോക്താവ് (Hyper consumer) എന്ന നിലയിൽ പ്രതികരിക്കുന്ന സാമൂഹ്യ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ ഐക്യദാർഢ്യത്തിന് (Solidarity) സംഭവിച്ച മാറ്റം കാണാൻ കഴിയും. മറ്റൊരുതരത്തിൽ കേരളത്തിലെ സാമൂഹ്യഘടനയ്ക്ക് സംഭവിച്ച മാറ്റം കൂടിയാണ് കേരളീയ ജീവിതത്തിന്‍റെ മധ്യവർഗ്ഗ വൽക്കരണം. മാർക്സിസ്റ്റ് ചിന്തകർ പറഞ്ഞുവെച്ച പ്രതിലോമ സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മധ്യവൽക്കരണ പ്രക്രിയയെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ ഒരു സാമ്പത്തിക മനുഷ്യൻ (Homo economicus) മാത്രമെന്ന നിലയിൽ നിന്ന് കേരള ഇടതുപക്ഷം മാറേണ്ടി വരുന്നു. അത് സൃഷ്ടിക്കുന്നത് ഒരു വലിയ സ്വയം വിമർശനത്തിന്‍റെ രാഷ്ട്രീയ അവസ്ഥയാണ്.
സമീപ കാലത്ത് കേരള ഇടതുപക്ഷം അന്തർദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ചൈന, ലാവോസ്, ഉത്തര കൊറിയ, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഒപ്പം ഒരു ലിബറൽ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ മുഖം എന്ന നിലയിലാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജയം അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അത്രയേറെ പ്രധാനമാണ്. വർത്തമാന ഇന്ത്യയിലെ ഏക ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരെന്ന നിലയിൽ, കേരള ഭരണം, ലോക ഇടതുരാഷ്ട്രീയം പ്രധാന്യത്തോടെ തിരിച്ചറിയുന്നു. അത് ഉയർത്തുന്ന ചെറുത്തുനിൽപ്പിന്‍റെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പരിസരമെന്ന എന്ന നിലയിൽ കൂടിയാണ് ഈ തിരിച്ചറിവ്. കേരളത്തിലെ ഇടതുപക്ഷത്തിനും അത് അത്രയേറെ പ്രധാനമാണ്.
ലോകത്തെവിടെയും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന രാഷ്ട്രീയ പ്രശ്നം ഇടതുപക്ഷ ഭരണത്തെക്കുറിച്ചുള്ള (Left Governmentality) ചോദ്യമാണ്. തുടർച്ചയായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുമ്പോൾ സംഭവിക്കുന്നത് തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യമാണെന്ന് (Electoral dictatorship) ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയിൽ ഇതിനകം വ്യക്തമായ ഒന്നാണ്. അതിനെ എങ്ങനെ മറികടക്കാനാകും എന്നുള്ളത് വലിയൊരു രാഷ്ട്രീയ ചോദ്യമായി കേരള ഇടതുപക്ഷം നേരിടുന്നു. പാർട്ടിയും ജനങ്ങളും അധികാരവും എങ്ങനെ സമരസപ്പെട്ട് പോകുമെന്ന ചോദ്യം.
ജനകീയ സമരങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയം, വർത്തമാനകാല ഇന്ത്യയിൽ മുന്നോട്ട് വെക്കാൻ പറ്റാത്ത ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇടത് മുന്നണി സർക്കാരുകൾ അഭിമുഖീകരിച്ചതും ഇതുതന്നെയാണ്. ബംഗാളിൽ, പ്രമോദ് ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ ഒരു ജനകീയ മുന്നേറ്റം ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഒരു പ്രധാന രാഷ്ട്രീയ സംഭവമായി (Political Event) വിലയിരുത്തപ്പെട്ടു. പിന്നീടത് ഭൂപരിഷ്കരണത്തിലൂടെയും (Operation Barga), തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയും (Panchayathi Raj) നേടിയെടുത്ത രാഷ്ട്രീയ മേൽക്കോയ്മയായി (Political Hegemony) മാറി. എന്നാൽ, ജനകീയ സമരങ്ങളിൽ നിന്ന് അന്യൽക്കരിക്കപ്പെട്ടതോടെ ആ രാഷ്ട്രീയത്തിന് തന്നെ തകർച്ച സംഭവിച്ചു. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ യാഥാർത്ഥ്യമിതാണ്.
(ചെ ഗുവേര)
വർഗ്ഗ രാഷ്ട്രീയത്തിന് പകരം കേരള രാഷ്ട്രീയം ഇന്ന് സംസാരിക്കുന്നത് സാംസ്‌കാരിക യുദ്ധങ്ങളെ (Cultural War) കുറിച്ചാണ്. ഈ മാറ്റം കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു. വർത്തമാന കേരളത്തിന്‍റെ രാഷ്ട്രീയ ബോധം പുതിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു. കാലാവസ്ഥ വ്യതിയാനം മുതൽ സാമൂഹ്യ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ വരെ ഉൾപ്പെടുന്ന വിശാലമായ രാഷ്ട്രീയം കേരളത്തിലിന്ന് സജീവമാണ്.
ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രകടിപ്പിക്കുന്ന വികാരം 1957 -ലെ കേരളത്തിലെ ആദ്യ മന്ത്രിസഭ അഭിമുഖീകരിച്ച ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തന്നെ ദേശീയ ചർച്ചയായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച റോസമ്മ പുന്നൂസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് ഡി എൻ പ്രിറ്റ് (D N Pritt) ലേബർ മന്ത്ലിയിൽ (Labour Monthly Magazine) എഴുതിയ ലേഖനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്ന് ദേവികുളത്തെ വോട്ടർമാർ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ വർഗ്ഗ സമര രാഷ്ട്രീയം സൃഷ്‌ടിച്ച വോട്ടമാരായിരുന്നു അവർ.
ഈ ലേഖനം ഇന്നും ഇടതുപക്ഷത്തെ ഒരു പാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത് അക്കാലത്തെ കേരളത്തിലെ തൊഴിലാളി രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചാണ്. വർത്തമാന കാലത്ത് ഇടതുപക്ഷത്തിന് ആഴത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം വേണമെന്ന കാര്യം ലേഖനം ഓർമ്മപ്പെടുത്തുന്നു. ജനജീവിതവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കലിന്‍റെ ഒരു രാഷ്ട്രീയ ബോധനിർമ്മാണമാണത്.
കൊല ചെയ്യപ്പെട്ട ഗയാനയിലെ മാർക്സിസ്റ്റ് ചിന്തകൻ വാൾട്ടർ റോഡ്നിയുടെ ചിന്തകൾ ഇത്തരമൊരു ജൈവ ബന്ധത്തെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. അതേസമയം കേരളത്തിൽ വർഗ്ഗ സമര രാഷ്ട്രീയത്തിലൂടെ നേടിയെടുത്ത തോഴിലാളി - കർഷക രാഷ്ട്രീയ നിയോജകമണ്ഡലത്തിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് കാണാം. അത്തരം സെക്കുലർ വോട്ടർമാർക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്. ഇത് കേരളത്തിലെ സെക്കുലർ ജനാധിപത്യ രാഷ്ട്രീയത്തിന് മൊത്തം സംഭവിച്ച അവസ്ഥ കൂടിയാണ്. കേരളത്തിൽ വർഗ്ഗ രാഷ്ട്രീയത്തിന് (Class politics) സാംസ്‌കാരിക രാഷ്ട്രീയം (Culturalist Politics) സൃഷ്ടിക്കുന്ന മേധാവിത്തത്തോട് (Hegrmony) പോരാടേണ്ടി വരുന്നു.
(ക്രിസ് ഹാനി)
ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന ഒരു പൊതുപ്രശ്നമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ത്യാഗം സഹിച്ച കമ്യൂണിസ്റ്റ് പാർട്ടിയായ സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്നതും ഇതേ പ്രതിസന്ധിയാണ്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനൊപ്പം നിന്ന് അധികാരത്തിലെത്തിയ പാർട്ടി ഇന്നൊരു രക്ഷാകർത്താവ് (Patronage party) എന്ന നിലയിൽ പ്രവർത്തിക്കുന്നുവെന്ന വിമർശനമാണത്. ജനകീയ അധികാരത്തെ കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ട, തെക്കൻ ആഫ്രിക്കയിലെ ജോ സ്ലോവോ, കൊലചെയ്യപ്പെട്ട ക്രിസ് ഹാനി എന്നിവരുടെ നേതൃത്വത്തിൽ രൂപപ്പെട്ട പാർട്ടിയുടെ അവസ്ഥയാണിത്. അധിക്കാരം (Power) സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിഭാസം. ഇന്ത്യൻ അവസ്ഥയിൽ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ നേരിട്ടതും അത് തന്നെ. ജനകീയ സമരങ്ങളിൽ നിന്നുള്ള അന്യവൽക്കരണവുമാണ് ഇവിടെ പ്രധാനമായി വരുന്നത്. ഇത് ഇടതുരാഷ്ട്രീയത്തെ ബാധിക്കുന്ന ഏറ്റവും പ്രതിലോമകരമായ കാര്യം.
ചെ ഗുവേര, 1965-ൽ ഫിദൽ കാസ്ട്രോയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്, “കമ്മ്യൂണിസം ബോധത്തിന്‍റെ പ്രതിഭാസമാണ്. അത് ആഴത്തിൽ തിരിച്ചറിയപ്പെടേണ്ടതാണ്” എന്നാണ്. തൊഴിലാളി രാഷ്ട്രീയത്തിന്‍റെ പൂർണ്ണ സമർപ്പണമാണ് ഈ രാഷ്ട്രീയ ബോധം. ഇതിന്‍റെ നേർവിപരീതമാണ് അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു ഉപഭോഗ ബോധം (Consumer life consciousness). അത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മയെ അട്ടിമറിക്കുന്നു. ലോകമെങ്ങും ഇടതുരാഷ്ട്രീയം നേരിടുന്ന രാഷ്ട്രീയ സത്യം (Political truth) ആണിത്. ഇതിനെ നേരിടുക എന്നത് ഒരു നവീന പഠന പ്രക്രിയയും അതിന്‍റെ പ്രയോഗവുമാണ്. ചരിത്രത്തിലെ തന്നെ ശക്തമായ വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ സാംസ്‌കാരികവും, സാമൂഹ്യവും, രാഷ്‌ടീയവുമായ മേൽക്കോയ്മയെ തിരിച്ചറിയുകയെന്നത് ലോക രാഷ്ട്രീയ ജനാധിപത്യത്തിലെ പ്രധാന പാഠമായിരിക്കുന്നു. ജീവിതത്തെ വെറുമൊരു വിപണിയുടെ നിഴൽ മാത്രമാക്കുന്ന ഒരു രാഷ്ട്രീയത്തിനെതിരായ പ്രവർത്തനം കൂടിയാണിത്. സ്വത്ത് കുന്നുകൂടുന്ന അസമത്വത്തിനെതിരെ (Inequality) പ്രതിരോധം തീർക്കുക എന്നത് കനത്ത ഉത്തരവാദിത്വമാണ്.
ആദ്യ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷത്തിനൊപ്പം ജീവിച്ച, തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റായ നല്ലകണ്ണ് വിട പറഞ്ഞിരിക്കുന്നു. ജനജീവിതവുമായുള്ള ബന്ധം, അതിന് സ്വന്തമേവ നൽകിയ ത്യാഗം, സമർപ്പണം (കമ്മ്യൂണിസം എന്നത് ബോധത്തിന്‍റെ പ്രതിഭാസമാണെന്ന് ചെ ഗുവേരയുടെ എഴുത്ത് ഓർക്കുക) ഇതെല്ലാമായിരുന്നു സഖാവ് നല്ലകണ്ണ്. ഇന്ത്യൻ ഇടത് രാഷ്ട്രീയ ജീവിതം ധന്യമായത് ഇത്തരം തിരിച്ചറിവുകളിലൂടെയാണ്. അതൊരു തൊഴിൽ അല്ല എന്ന തരിച്ചറിവ്. ആ തിരിച്ചറിവ് കൂടിയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്.