സമൂഹമല്ല, പ്രശ്നം; ചികിത്സ തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്ന്

Published : Mar 18, 2025, 03:50 PM ISTUpdated : Mar 18, 2025, 04:03 PM IST
സമൂഹമല്ല, പ്രശ്നം; ചികിത്സ തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്ന്

Synopsis

കൊവിഡ് കാലത്തെ അടച്ചിടല്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. ഇത് തിരിച്ചറിഞ്ഞ് കുട്ടികളെ നേർവഴി നടത്തേണ്ട കുടുംബങ്ങളില്‍ അത് സംഭവിക്കുന്നില്ല. പകരം സമൂഹവും കൂട്ടുകാരുമാണ് കുറ്റക്കാരെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ്. കുട്ടികളല്ല, കുട്ടികളെ വളര്‍ത്തുന്ന കുടുംബങ്ങളിലാണ് മാറ്റങ്ങൾ വേണ്ടതെന്ന് ലേഖിക. വായിക്കാം 'സമൂഹമല്ല, പ്രശ്നം; ചികിത്സ തുടങ്ങേണ്ടത് കുടുംബങ്ങളില്‍ നിന്ന്'  


മാറേണ്ടത് കുട്ടികൾ മാത്രമല്ല: അല്ലെങ്കിൽ കുട്ടികൾക്ക് മാത്രമായൊരു മാറ്റമുണ്ടോ? അവരിലെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും അത്ര എളുപ്പത്തിൽ നമുക്ക് തലയൂരാൻ പറ്റുമോ?

 

രോ കുഞ്ഞും ഈ ഭൂമിയിൽ പിറന്നു വീഴുന്നത് ദൈവത്തിന്‍റെ പ്രതിരൂപമായാണ് എന്നാണ് പറയാറ്.  അവരിലെ കുഞ്ഞിളം ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയോളം സന്തോഷവും സമാധാനവും പ്രദാനം നൽകാൻ കെല്പുള്ള വേറെന്തുണ്ട് ഈ ഭൂമിയിൽ? അതേ കുഞ്ഞുങ്ങൾ തന്നെയാണ് വളർന്ന് വരുന്നതോടെ വ്യത്യസ്തവും നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്തതുമായ സ്വഭാവഗുണങ്ങൾ സ്വായത്തമാക്കുന്നത്. അവരിലെ അടിസ്ഥാന സ്വഭാവത്തിന് അടിത്തറ പാകുന്നത് അവർ വളർന്നു വരുന്ന വീടും, പിറന്നു വീഴുമ്പോൾ മുതൽ അവരുടെ കൂടെയുള്ള അച്ഛനമ്മമാരുമാണെന്ന് പറഞ്ഞാൽ നിഷേധിക്കുക അസാധ്യമാണ്.  കാരണം നമ്മുടെ മക്കളുടെ സ്വഭാവ രൂപീകരണത്തിന് വിത്ത് പാകുന്നത് അവരുടെ വീട്ടിൽ നിന്ന് തന്നെയാണ്; ഇക്കാര്യത്തിൽ സ്‌കൂളും, കൂട്ടുകാരും രണ്ടാം സ്ഥാനത്ത് മാത്രമാണ്. 

സ്നേഹം പ്രകടിപ്പിക്കേണ്ട വിധം

മക്കളുടെ ഏതൊരാഗ്രഹവും ക്ഷണനേരം കൊണ്ട് സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാർ അവർക്ക് പകർന്ന് നൽകുന്നത് സ്നേഹമല്ല, അത്രമേൽ  ദൃഢമായൊരു ഉറപ്പാണ്, ഒരിക്കലും ഞാൻ ആരുടെ മുന്നിലും തോൽക്കാതിരിക്കാൻ, അല്ലെങ്കിൽ എനിക്ക്‌ മുന്നിൽ ഒന്നും നിഷേധിക്കപ്പെടാതിരിക്കാൻ എന്‍റെ അച്ഛനമ്മമാർ എന്‍റെ പിറകിലുണ്ട് എന്ന അമിതവിശ്വാസം.  യാതൊരുവിധ അധ്വാനവും ഇല്ലാതെ ആശിച്ചതൊക്കെയും തന്‍റെ കൈവെള്ളയിൽ ലഭിക്കുന്ന കുട്ടിക്ക് ജീവിതം എന്നത് വെറുമൊരു കുട്ടിക്കളി മാത്രമായിരിക്കും.

നമ്മുടെ മക്കളുടെ ആവശ്യങ്ങളൊന്നും തന്നെ നിറവേറ്റി കൊടുക്കരുത് എന്നല്ല ഇതിനർത്ഥം. അവിടെ 'wanted or unwanted' എന്ന കൃത്യമായ വേർതിരിവ് ഉണ്ടായിരിക്കണം.  മൂന്ന് രൂപയുടെ 'use & throw' പേന ഉപയോഗിച്ച് എഴുതിയാലും 150 - 200 രൂപയുടെ പേന കൊണ്ടെഴുതിയാലും എഴുതുന്നതെന്തോ അത് ശരിയായിരിക്കണം എന്ന് മാത്രമേയുള്ളൂ എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം വിലപിടിപ്പുള്ള സാധനങ്ങൾ സ്കൂൾ ബാഗിൽ കൊടുത്ത് വിടുന്നത് മുതൽ മക്കളുടെ അനാവശ്യങ്ങളായ ആവശ്യങ്ങൾക്ക്‌ തുടക്കം കുറിക്കുകയാണ് നിങ്ങൾ. 

സ്നേഹത്തിന്‍റെ മൂല്യം അറിയിക്കുന്നത് ഒരിക്കലും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കൊണ്ടാകരുത്. അവരെ സ്നേഹം കൊണ്ട് മാത്രമേ നമ്മോട് ബന്ധിപ്പിച്ച് നിർത്താൻ സാധിക്കൂ. ഒന്ന് വാത്സല്യത്തോടെ തലോടുമ്പോൾ  നെഞ്ചോട് ചേർന്നുകിടക്കുന്ന എത്രയോ മക്കളുണ്ട് ക്ലാസ് മുറികളിൽ. എന്തുകൊണ്ടാണ് ചില വീടുകളിലെങ്കിലും അവർക്ക് സ്നേഹം നിഷേധിക്കപ്പെടുന്നത്? പലപ്പോഴും ശിഥിലമായി കൊണ്ടിരിക്കുന്ന ദാമ്പത്യത്തിനിടയിൽപ്പെട്ട് ഞെരിഞ്ഞമർന്നു പോകുന്ന കുട്ടികൾക്ക് വേണ്ടി എങ്ങനെയാണ് അവർക്ക് വളരാനുതകുന്ന ആരോഗ്യകരമായൊരു ഗൃഹന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്? 

ബ്രേക്ക്‌ അപ്പും ഡിപ്രെഷനും

ഏഴാം ക്ലാസ്സിൽ പഠിക്കുന്നൊരു പെൺകുട്ടി ബ്രേക്ക്‌ അപ്പ്‌ എന്നും ഡിപ്രെഷൻ അടിച്ചു എന്നുമൊക്കെ അവളുടെ കൂട്ടുകാരിയോട് പറഞ്ഞതു കേട്ട് ഞെട്ടിയ കൂട്ടുകാരിയുടെ അമ്മ എന്നെ ഫോൺ വിളിച്ചു പറഞ്ഞ കാര്യമാണ്, "മിസ്, എങ്ങനെയെങ്കിലും എന്‍റെ മോളെ അവളുടെ ഈ കൂട്ടുകെട്ടിൽ നിന്ന് മോചിപ്പിക്കണമെന്ന്, അവളുടെ സംസാരം കേട്ടിട്ട് തന്നെ പേടിയാകുന്നുവെന്ന്. ഈ പ്രായത്തിലുള്ള കുട്ടികൾ സംസാരിക്കേണ്ട വിഷയമല്ല അവൾ സംസാരിക്കുന്നതെന്ന്!" ശരിയാണ്, ഇന്നത്തെ കുഞ്ഞുങ്ങളുടെ സംസാരം നമുക്ക് മനസ്സിലാക്കാൻ പറ്റാതായിരിക്കുന്നു. 

മുതിർന്ന ഒരാളിൽ കാണുന്നതിനേക്കാൾ മൂഡ് സ്വിങ്സ് ഉള്ള അവളോട് പിന്നീട് അനുയോജ്യമായ ഒരവസരത്തിൽ സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് അവളുടെ അച്ഛനമ്മമാരുടെ സ്വരച്ചേർച്ചയില്ലായ്മയാണ് അവളുടെ പ്രശ്നമെന്ന്.  അവളുടെ അമ്മ പറഞ്ഞിട്ടുണ്ട് ആരുടെ മുന്നിലും തോറ്റുകൊടുക്കേണ്ടെന്ന്. അമ്മയുടെ ഉപദേശം അതേപടി അനുസരിച്ച മകൾ സഞ്ചരിക്കുന്നത് തെറ്റായ പാതയിലാണെന്ന് അവർക്കറിയില്ല. ആരോടും പരിസരം മറന്നു പ്രതികരിക്കുന്ന ആ കുട്ടിയെ കാണുമ്പോൾ എനിക്ക് സഹതാപം തോന്നും. അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്ന അവൾക്ക്‌ അവളുടെ അമ്മയെക്കൊണ്ട് താങ്ങാവുന്നതിലും കൂടുതൽ അനാ-ആവശ്യങ്ങളാണ് നിറവേറ്റപ്പെടുന്നത്.  ഇതൊരു ചെറിയ ഉദാഹരണം മാത്രം.

കുട്ടിത്തം നഷ്ടപ്പെട്ട കുട്ടികൾ

കുട്ടികളിലെ കുട്ടിത്തം നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്ന് സംശയിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി.  'കൊറോണയ്ക്ക് മുൻപും ശേഷവും' എന്നാണ് ഞങ്ങൾ അദ്ധ്യാപകർ കുട്ടികളെ വിലയിരുത്തിയിരുന്നത്.  കാരണം കൊറോണ എന്ന കറുത്ത അധ്യായം അവശേഷിപ്പിച്ച മുറിവുകൾ അത്ര നിസ്സാരമായിരുന്നില്ല.  ക്ലാസ് മുറികളിൽ നിന്ന് അന്യരാക്കപ്പെട്ട നമ്മുടെ  കുട്ടികൾക്ക് നഷ്ടപ്പെട്ടത്   ഒന്നും രണ്ടും  ദിവസങ്ങൾ ആയിരുന്നില്ല; രണ്ടു വർഷങ്ങളായിരുന്നു. ആ രണ്ട് വർഷങ്ങളിൽ അവരുടെ ക്ലാസ് മുറികളുടെ ചുമരുകൾക്കുള്ളിൽ പ്രതിധ്വനിക്കേണ്ടിയിരുന്ന കളിയും ചിരിയും; കുറുമ്പുകളും കുസൃതികളും, പരാതിയും പരിഭവങ്ങളും കലമ്പലുകളും എല്ലാമെല്ലാം കവർന്നെടുത്തത് മറ്റു ഗത്യന്തരമില്ലാതെ അവരുടെ കയ്യിൽ നമ്മൾ വെച്ചു കൊടുത്ത മൊബൈലുകൾ ആയിരുന്നു.

വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ കള്ളത്തരം കാണിച്ചു തുടങ്ങിയത് നമ്മൾ അവർക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സുകളിലൂടെയായിരുന്നു. ലോകം തന്നെ സ്തംഭിച്ചു പോയ അവസ്ഥയിൽ; ഭൂമിയിലെ ജീവജാലങ്ങൾ തന്നെ നാമാവശേഷമായി പോകുമോ എന്നുപോലും സംശയിച്ചു പോയ ഒരു സന്ദർഭത്തിൽ 'എന്‍റെ മക്കൾ പഠിച്ചില്ലെങ്കിലും വേണ്ടില്ല, ആരോഗ്യത്തോടെ കൂടെയുണ്ടായാൽ മതി' എന്ന് പോലും ചിന്തിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകും പല അച്ഛനമ്മമാർക്കും.  നമ്മുടെ മക്കളെ ശാസിക്കാൻ പേടി തോന്നിയത് അന്ന് മുതലാണ്.

വെറുതെ പറയുന്നതല്ല; എന്നെപ്പോലെ ഇത് വായിക്കുന്ന ഏതെങ്കിലും അധ്യാപകരുണ്ടെങ്കിൽ അവർക്കറിയാം; ആരെയും പേടിയില്ലാത്ത, ബഹുമാനമില്ലാത്ത; ആരോടും ഒരു തരത്തിലുള്ള പ്രതിബദ്ധതയും ഇല്ലാത്ത വലിയൊരു  വിഭാഗം കുട്ടികളുണ്ട്. അച്ഛനമ്മമാരേക്കാൾ നമ്മുടെ മക്കളിലെ പ്രകടമായ മാറ്റങ്ങൾ ആദ്യം മനസ്സിലാക്കി തുടങ്ങിയത്, അതിന്‍റെ പരിണിത ഫലങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത് സ്‌കൂളുകളിലെ അധ്യാപകരാണ്. ഏതെങ്കിലും ഒരു അധ്യാപകനോ അധ്യാപികയോ ചെയ്ത കുറ്റത്തിന് അധ്യാപക സമൂഹത്തെ മൊത്തം സമൂഹ മാധ്യമങ്ങളിൽ കൂടിയും മറ്റും അധിക്ഷേപിക്കുന്ന കൂട്ടർക്ക് ഇത് മനസ്സിലായെന്ന് വരില്ല.  നിഷ്പക്ഷമായി ചിന്തിച്ചാൽ അനായാസമായി ഉത്തരം കിട്ടാവുന്നതേയുള്ളൂ.

ഒന്ന് റിപ്ലേ ചെയ്തു നോക്കിയാൽ എനിക്ക് കാണാൻ പറ്റുന്നുണ്ട്; ഒരു നീണ്ട ഇടവേളക്ക് ശേഷം  സ്‌കൂളിലേക്ക് തിരിച്ചു വന്ന നമ്മുടെ കുട്ടികൾ ആകെ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു. അന്ന് ഞങ്ങൾ ആരും ആരെയും തിരുത്താനോ, വഴക്ക് പറയാനോ ഒന്നിനും മുതിരാറില്ലായിരുന്നു. അച്ഛൻ അല്ലെങ്കിൽ അമ്മ അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരിൽ ആരെങ്കിലും നഷ്ടപ്പെട്ട ഒന്നിലധികം മക്കൾ.  അവരിൽ ചിലരുടെ  മുഖത്തു നോക്കാൻ പോലും സാധിക്കാറില്ലായിരുന്നു.

കൊറോണ എന്ന അന്ധകാരം

കൊറോണയ്ക്ക് ശേഷം നമ്മൾ മുതിർന്നവരിൽ എത്രമാത്രം ഉത്കണ്ഠയും ആശങ്കയും അങ്കലാപ്പും ഉണ്ടായിരുന്നോ അതേ അളവിൽ അല്ലെങ്കിൽ അതിനേക്കാൾ ഒരിത്തിരി കൂടിയ അളവിൽ നമ്മുടെ കുഞ്ഞുങ്ങളിലും ഉണ്ടായിരുന്നു.  അവരുടെ മുന്നിൽ  കൊഴിഞ്ഞു വീണ രണ്ട് വർഷങ്ങളിൽ അവർക്ക് വളരെ ആയാസകരമായി തോന്നിയത് അവരുടെ പഠനം തന്നെയായിരുന്നു.  സ്ക്രീൻ സമയം കൂടുകയും വായനാശീലം കുത്തനെ താഴുകയും ചെയ്ത കാലം. വളരെ എളുപ്പത്തിൽ പരീക്ഷക്കാലം കടന്നു പോയത്, തോൽവി എന്ന വാക്ക് തന്നെ അവരുടെ നിഘണ്ടുവിൽ നിന്ന് മാറ്റിയെഴുതപ്പെട്ടത്.  അവർക്ക് നഷ്ടമായത്  അത്രയും നാൾ സ്കൂളിൽ നിന്നും പഠിച്ചെടുത്ത വിലയേറിയ ചില ജീവിത മൂല്യങ്ങൾ കൂടിയായിരുന്നു. 

കൊറോണയുടെ അന്ധകാരം മാറ്റാൻ അക്ഷര വെളിച്ചം തെളിച്ചുകൊണ്ട് അവർക്കു സമ്മാനിച്ച മൊബൈൽ അവരുടെ കയ്യിൽ നിന്നും തിരികെ വാങ്ങാൻ ഒട്ടുമിക്ക മാതാപിതാക്കൾക്കും സാധിച്ചില്ലെന്നതാണ് ആദ്യത്തെ പരാജയം. ഒരു പ്രാവശ്യം അജ്ഞത മൂലം അകപ്പെട്ടുപോയാൽ രക്ഷപ്പെടാൻ സാധിക്കാത്ത വിധം പലവിധത്തിലുള്ള ചതിക്കുഴികളും അവരുടെ കയ്യിൽ തന്നെയുള്ളപ്പോൾ അവർക്കെന്ത് സംഭവിച്ചു എന്ന് ചുറ്റിലും നോക്കി വിലപിച്ചിട്ടെന്ത് കാര്യം!

നിശബ്ദമായ മാറ്റവും അമിത വിശ്വാസവും 

പരസ്പരം സംസാരിക്കാൻ പോലും സമയമില്ലാത്ത ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികളിൽ സംഭവിക്കുന്ന മാറ്റങ്ങൾ അവരുടെ പ്രിയപ്പെട്ടവരാൽ ശ്രദ്ധിക്കപ്പെടുന്നില്ല, എല്ലാവരും തിരക്കിലാണ്.  മാതാപിതാക്കൾ സ്വന്തം മക്കളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഓട്ടത്തിലാണെങ്കിൽ മക്കൾ അവരുടെ ജീവിതം തെറ്റായ രീതിയിൽ ആസ്വദിക്കാനുള്ള ഓട്ടത്തിലാണ്. എന്‍റെ മക്കൾ തെറ്റായ വഴിയിൽ സഞ്ചരിക്കില്ലെന്ന അമിത വിശ്വാസമാണ് പിന്നീട് മിക്ക മാതാപിതാക്കളെയും തോരാകണ്ണീരിന്‍റെ വക്കത്തെത്തിക്കുന്നത്.

ഒരു പ്രദേശത്തുള്ള കുട്ടികളെ എല്ലാം തിരുത്താനും ശാസിക്കാനും മുതിർന്നവർക്ക് അധികാരമുണ്ടായിരുന്ന ഒരു തലമുറയിൽ വളർന്നു വന്നവർ ആണെങ്കിൽ പോലും നമ്മുടെ മക്കളെ കുറിച്ച് മറ്റൊരാൾ കുറ്റം പറയുന്നത് കേൾക്കാൻ ഇന്നത്തെ കാലത്ത് ആരും ഇഷ്ടപ്പെടുന്നില്ല എന്നത് അനിഷേധ്യമായ കാര്യമാണ്. അവരുടെ അധ്യാപകർക്ക്‌ പോലും അവരെ തിരുത്താൻ അധികാരം ഇല്ലെന്നിരിക്കെ ഇക്കാര്യത്തിൽ അതിശയിക്കാൻ ഒട്ടുമില്ലതാനും.  അതുകൊണ്ട് തന്നെ സ്വന്തം മക്കൾ  അനിയന്ത്രിതമാം വിധം തെറ്റിന്‍റെ പാതയിൽ ഏറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോഴാണ് മിക്ക മാതാപിതാക്കൾക്കും അതിനെ കുറിച്ച് ഒരു ചെറിയ സംശയമെങ്കിലും തോന്നി തുടങ്ങുന്നത്.

ഒരു ചെറിയ ശിക്ഷ പോലും അംഗീകരിക്കാൻ ശേഷിയില്ലാത്ത ഇന്നത്തെ മക്കൾ എങ്ങനെ അവരുടെ ജീവിതത്തിൽ ഭാവിയിൽ നേരിട്ടേക്കാവുന്ന വലുതും ചെറുതുമായ പരാജയങ്ങളെ  ഏറ്റുവാങ്ങാൻ മനസ്സിനെ പ്രാപ്തരാക്കിയെടുക്കും? ക്ലാസ്സിൽ  എന്തെങ്കിലും കാരണത്താൽ അധ്യാപകർ വഴക്ക് പറഞ്ഞാൽ താൻ ചെയ്ത കുറ്റം എത്ര വലുതായാലും അതിനെ മറച്ചു പിടിച്ച് അധ്യാപകർ പറഞ്ഞതിനെ പർവ്വതീകരിച്ചു പറയുകയും, സത്യാവസ്ഥ മനസ്സിലാക്കാൻ ക്ഷമ കാട്ടാതെ സ്‌കൂളിലേക്ക് ഓടിയെത്തുന്ന മാതാപിതാക്കളും ഇന്ന് സർവ്വസാധാരണമാണ്.  സ്വന്തം അധ്യാപകരെ കുട്ടികളുടെ മുന്നിൽ വെച്ച് തന്നെ അവഹേളിക്കുന്ന മാതാപിതാക്കൾ, അത് കേട്ടുകൊണ്ട് നിൽക്കുന്ന കുട്ടിയിൽ അവന്‍റെ ടീച്ചറോട് എന്ത് ബഹുമാനമാണ് തോന്നേണ്ടത്!

കുട്ടികളുടെ കയ്യിൽ മൊബൈൽ സർവ്വസാധാരണമായതോടെ അവരുടെ സ്വകാര്യതകൾക്ക് അത്രമേൽ ഭദ്രമായൊരു താക്കോൽപൂട്ട് കൂടിയാണ് ലഭിച്ചിരിക്കുന്നത്; പാസ്സ്‌വേർഡ്‌ എന്ന പേരിൽ.  ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉള്ള സ്കൂൾ കുട്ടികളൊക്കെ സ്വന്തം അച്ഛനമ്മമാരെയും സഹോദരങ്ങളെയും ഹൈഡ് ചെയ്തു വെച്ചിട്ടാണ് പല തോന്ന്യവാസങ്ങളും പോസ്റ്റ്‌ ചെയ്യുന്നത് -  കേട്ടുകേൾവിയല്ല, കണ്ടറിഞ്ഞതാണ്.

കുട്ടികളോട് എന്ത് പറയണം

കുട്ടികളുടെ ഏറ്റവും വലിയ റോൾ മോഡൽ അവരുടെ അച്ഛനോ അമ്മയോ തന്നെയായിരിക്കും. ചുരുങ്ങിയത് സ്കൂൾ കാലഘട്ടം വരെയെങ്കിലും. എന്ത് ചെയ്യരുത് എന്ന് പറയുന്നതിന് പകരം ഇന്നത്  ചെയ്യണം എന്ന് പറയുന്നതാവും കൂടുതൽ എളുപ്പം. കാരണം  'No' എന്നത് പലപ്പോഴും അതിന്‍റെ യഥാർത്ഥ അർത്ഥത്തിൽ കുട്ടികൾക്ക് ഉൾക്കൊള്ളാൻ സാധിക്കാറില്ല.

നമ്മുടെ മക്കളെ സ്നേഹിക്കുന്നതിന് ഒരു പിശുക്കും കാണിക്കാതിരിക്കാം,  വാത്സല്യത്തോടെ അവരെ നെഞ്ചോട് ചേർത്ത് നിർത്താം. മക്കളെ കെട്ടിപ്പിടിക്കുന്നതിനും ഉമ്മ വെക്കുന്നതിനും അവരുടെ പ്രായമോ നമ്മുടെ പ്രായമോ ഒരു തടസ്സവുമല്ല. അത്രമേൽ സ്നേഹവായ്പ്പോടെ അവരെ കെട്ടിപ്പിടിച്ച് ഉമ്മനൽകുമ്പോൾ  നമ്മളും അവരും അനുഭവിക്കുന്ന ആനന്ദമുണ്ടല്ലോ, സ്നേഹത്തിന്‍റെ കൈപ്പിടിയിൽ നിന്നും തെറ്റായ വഴിയിലേക്ക് അവരെ വഴി തിരിച്ചു വിടാതിരിക്കാൻ ഏറ്റവും ഫലപ്രദമായ മരുന്നാണ് അത്. അവർക്കായി ഓരോ തുട്ടും ചെലവഴിക്കുന്നത് പണത്തിന്‍റെ മൂല്യം അവരെ അറിയിച്ചു കൊണ്ട് തന്നെയാകട്ടെ. 

നമ്മളാൽ കൂട്ടിയാൽ കൂടാത്തതാണെങ്കിൽ, അത്രത്തോളം അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് അവരോട് നോ പറഞ്ഞു ശീലിക്കണം - അവരുടെ ചെറുപ്രായത്തിൽ തന്നെ എല്ലാ ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടുന്നതല്ല എന്ന് ബോധ്യപ്പെടണം. അല്ലാതെ ചെറുതിലെ മുതൽ വേണ്ടുന്നതും വേണ്ടാത്തതുമായ എല്ലാ ആവശ്യങ്ങളും സാധിച്ച് കൊടുത്തതിന് ശേഷം വളർന്നതിന് ശേഷം  അവരോട് പറ്റില്ലെന്ന് പറഞ്ഞാൽ വിപരീത ഫലം മാത്രമേ പ്രതീക്ഷിക്കാവൂ. ആഗ്ഗ്രെസ്സീവ്നെസ്സ്, അമിതദേഷ്യം, വെറുപ്പ് എല്ലാം അവരുടെ കൂടെയുണ്ടാകും. ആഗ്രഹങ്ങളെല്ലാം വളരെ എളുപ്പത്തിൽ സാധ്യമാക്കിയെടുത്തിടത്തു നിന്നും സാധ്യമല്ല എന്ന് കേൾക്കാൻ തുടങ്ങുന്നത് മുതൽ അവർ അവരുടെ അക്രമാസക്ത സ്വഭാവം പുറമെ പ്രകടിപ്പിക്കാൻ തുടങ്ങും.

അവരുടെ ആവശ്യ നിർവ്വഹണത്തിനായി എന്തും ചെയ്യാൻ മടിക്കാത്തവരായി മാറാൻ പിന്നെ അധികനേരം വേണ്ടിവരില്ല. മുൻപ് എന്നോട് വലിയ സ്നേഹമായിരുന്നെന്നും അതുകൊണ്ടായിരുന്നു അന്നത്തെ തന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിരുന്നതെന്നും, എന്നാൽ ഇന്ന് എന്നോട് ആർക്കും സ്നേഹമില്ലെന്നും അവർ സ്വയം വിശ്വസിച്ചു തുടങ്ങും. സ്നേഹവും ആഗ്രഹപൂർത്തീകരണവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവരുടെ പ്രായപൂർത്തിയായ മനസ്സിന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല.

ഇതൊക്കെ പറയാൻ എളുപ്പം എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാകും, എന്നാൽ പറയുക മാത്രമല്ല; എഴുതുന്നതെന്തോ അത് പ്രവർത്തികമാക്കി വളർത്തി 20 -ഉം  23 -ഉം വയസ്സിൽ എത്തിയ രണ്ട് ആൺമക്കളുണ്ട് എനിക്ക്.

18 വയസ്സിന് മുമ്പ് മൊബൈൽ സ്വന്തമായി ഇല്ലാതിരുന്ന മക്കൾ. ഇല്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞു തന്നെ വളർത്തിയ മക്കൾ. അതുകൊണ്ട് തന്നെ അവരുടെ അത്യാവശ്യങ്ങൾ അവർ പറയുന്നതിന് മുൻപ് തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. പിന്നെ വളർന്നു വരുന്ന നാൾ തൊട്ട് അവരോട് പറഞ്ഞു കൊടുത്ത ഒരു കാര്യമുണ്ടായിരുന്നു; എന്‍റെ മക്കൾ കാരണം ഒരു പെൺകുഞ്ഞും വേദനിക്കാൻ ഇടവരരുത്, നിർദോഷമായ ഒരു തമാശ കൊണ്ട് പോലും അവരെ കളിയാക്കരുത് എന്ന്. രണ്ട് പേരുടെയും സൗഹൃദവലയം ഞങ്ങൾക്കും അത്രമേൽ പ്രിയമാണ്. രണ്ടിലും പെണ്മക്കളും ആൺകുട്ടികളുമുണ്ട്. ചെറിയവന്‍റേത് ഒരിത്തിരി വലിയ ഗ്രൂപ്പാണ്. പക്ഷേ, അവരൊക്കെയും എന്‍റെ വിദ്യാർഥികളാണെന്ന സ്വാതന്ത്ര്യം എനിക്കും അവർക്കും ഉണ്ട്. 

കോളേജിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും ഞങ്ങളോട് പങ്കു വെക്കുന്ന മക്കൾ, അവർക്ക് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്ന ഞങ്ങൾ. അവരുടെ ചെറിയൊരു ഭാവ വ്യത്യാസം പോലും മനസ്സിലാക്കാൻ സാധിക്കുന്ന ഞങ്ങൾ ഒന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. എത്ര വലുതും ചെറുതുമായ സങ്കടങ്ങളും ആദ്യം അറിയിക്കേണ്ടത് ഞങ്ങളോടായിരിക്കണമെന്ന്. അവരെ പോലുള്ള മക്കളെ കുറിച്ച് നാട്ടിൽ നിന്ന് കേൾക്കുന്ന സങ്കടകരമായ വാർത്തകൾ അവരോട് പങ്ക് വെക്കുമ്പോൾ പറയുന്നത് അമ്മാ, എല്ലാ ക്യാമ്പസിലും ഇതൊക്കെ ഉണ്ടാകും,  but അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നടക്കേണ്ട ബോധം നമുക്കുണ്ടാകണം എന്ന്. ശരിയാണ്, അങ്ങനെയുള്ളവർ ചെറിയൊരു ശതമാനം മാത്രമേ കാണൂ, എങ്കിലും അതൊരു വലിയ സാമൂഹ്യ വിപത്തായി മാറുന്നത് നമ്മുടെ കൺമുന്നിലൂടെയാണ്.

ഞങ്ങൾ ആർക്കെങ്കിലും ഒരാൾക്ക് എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ കിടക്കാൻ പോകുന്നതിനു മുൻപ് നാലുപേരും പരസ്പരം തോളോട് തോൾ ചേർന്ന് കെട്ടിപ്പിടിച്ച് പരസ്പരം കൈമാറുന്ന ഒരു വാത്സല്യ ചുംബനമുണ്ട്. എല്ലാം മറന്ന് മനസ്സിനെ ഉർജ്ജസ്വലമാക്കാനുള്ള ഞങ്ങളുടെ സ്നേഹ മരുന്നാണ് അത്.  ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ടീം മെമ്പേഴ്‌സ് എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കുന്നത് കാണാറില്ലേ? അതിന് ശേഷം അവരിൽ പ്രകടമാവുന്ന ഒരു ഉണർവ്വുണ്ട്. അതുപോലെ ഒന്ന്, എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒരു സ്‌നേഹ ഔഷധം, ഫലം സുനിശ്ചിതം.

 

 

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം