
മൂന്ന് പതിറ്റാണ്ട് നീണ്ട വംശീയ യുദ്ധത്തില്‍പ്പെട്ട് ജീവരക്ഷയ്ക്കായി ജാഫ്നയിലെ സ്വന്തം വീടുകളിൽ നിന്നും ഇറങ്ങിയോടിയത് ലക്ഷങ്ങളാണ്. അവരൊരു അഭയതീരമായി കണ്ടത് തൊട്ടടുത്തുള്ള തമിഴ്നാടിനെ, ഇന്ത്യയെ. ഒരു തരത്തില്‍ പറഞ്ഞാല്‍ പൂർവ്വിക മണ്ണിലേക്കുള്ള മടങ്ങിവരവ്. പക്ഷേ, അത് അത്ര കാല്പനികമായൊരു മടങ്ങി വരവായിരുന്നില്ല. മറിച്ച് ജീവനും കൈയില്‍ പിടിച്ചുള്ള ഓട്ടമായിരുന്നു, പലായനമായിരുന്നു. സിംഹളരും തമിഴ് വംശജരും തമ്മിലുള്ള വംശീയ യുദ്ധത്തിന്‍റെ ബാക്കിയായിരുന്നു ആ ഓട്ടം.
2022-ല്‍ പുറത്തുവിട്ട ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിലെ 108 അഭയാർത്ഥി ക്യാമ്പുകളിലായി 58,843 ഇന്ത്യന്‍ വംശജരായ ശ്രീലങ്കൻ അഭയാർത്ഥികൾ താമിസിച്ചിരുന്നു. ഏകദേശം 34,135 അഭയാർത്ഥികൾ ക്യാമ്പുകൾക്ക് പുറത്ത് താമസിക്കുന്നു. 1970 -കൾ മുതല്‍ 2000 -വരെയുള്ള കാലത്തിനിടെ ശ്രീലങ്കയില്‍ നടന്ന സംഹള - തമിഴ് വംശീയ യുദ്ധത്തില്‍ നിന്നും ജീവന്‍ രക്ഷിച്ചെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളില്‍ ബാക്കിയായവരുടെ കണക്കാണിത്. അവരില്‍ ചിലരിന്നും ഗവിയിലെ തോട്ടം മേഖലയില്‍ ഓരോ ദിവസവും അതിജീവനത്തിനായി പോരാടുന്നു. സമൂഹത്തിലെ അരികുകൾ തേടിയുള്ള യാത്രയില്‍ ഹോംസിക്നെസ് ഫോട്ടോ സീരിസിലെ ഒരു സ്ഥലം ഗവിയാണ്. അവിടുത്തെ കാഴ്ചകളും അനുഭവങ്ങളുമാണ്.
(പ്രാദേശിക ഉത്സവത്തിന് പോകാനൊരുങ്ങി നില്‍ക്കുന്ന ഗവിയിലെ തമിഴ് തൊളിലാളികൾ.)
ഓട്ടം തുടങ്ങുന്നു
എഴുപതുകളില്‍ ശ്രീലങ്കന്‍ തീരത്ത് നിന്നുള്ള ബോട്ടുകൾ തമിഴ്നാടിന്‍റെ തീരത്തെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ശ്രീലങ്കൻ തമിഴ് അഭയാര്‍ത്ഥി ഒരു പ്രശ്നവിഷയമായിരുന്നു. തമിഴ്‍നാടിന് അത് കൂറെകൂടി വൈകാരിക പ്രശ്നമായിരുന്നുവെന്നത് തന്നെ കാരണം. അഭയാര്‍ത്ഥികൾക്കായി താത്കാലിക ക്യാമ്പുകള്‍ തമിഴ്നാടിൽ ഉയര്‍ന്നു. ഭാഷാ പ്രശ്നം മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് തയ്യാറായി. അങ്ങനെ ഒഡീഷയിലെ മൽക്കാൻഗിരി, കർണാടകയിലെ സുള്ള്യ, കൊല്ലത്ത് കൊളത്തൂപ്പുഴ, പത്തനംതിട്ടയിൽ ഗവി എന്നിവിടങ്ങളിൽ അഭയാർത്ഥി പുനരധിവാസ ക്യാമ്പുകൾ ഉയർന്നു.
ബ്രീട്ടീഷ് ഭരണകാലത്ത്, ശ്രീലങ്കയിലെ തേയില, ഏലം, കാപ്പി തോട്ടങ്ങളിലേക്ക് നിർബന്ധിതമായും അല്ലാതെയും എത്തിചേര്‍ന്ന തമിഴ് വംശജരുടെ പിന്മുറക്കാരെ പുറത്താക്കാന്‍, 1949 -ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ വര്‍ഷം മുതല്‍ ശ്രീലങ്കന്‍ സിംഹള ഭരണകൂടം ശ്രമിച്ച് കൊണ്ടേയിരുന്നു. ഭരണകൂട വേട്ട കനത്തപ്പോൾ തമിഴ് പ്രതിരോധവും ഉയർന്നു. പ്രതിരോധം, സൈനിക ഇടപെടലിന് വഴിതെളിച്ചു. തൊഴിലാളികളായി വന്നവരുടെ പിന്മുറക്കാരിൽ ചിലർ പോരാട്ടവും മറ്റ് ചിലര്‍ പലായനവും തെരഞ്ഞെടുത്തു. ഇന്ത്യന്‍ തീരം തേടിയുള്ള നാലിലേറെ പതിറ്റാണ്ട് നീണ്ട പലായനത്തിന്‍റെ തുടക്കം അവിടെ നിന്നായിരുന്നു.
(ഗവിയിലെ ഒരു തൊഴിലാളി കുടുംബത്തിന്‍റെ വീടിന്‍റെ ഉൾവശം)
ഗവിയിൽ
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭത്തിന്‍റെ ഭാഗമായി 1975 -ൽ കേരളത്തിൽ കെഎഫ്ഡിസി (Kerala Forest Development Corporation) ആരംഭിച്ച ശേഷമാണ് ഒരു പുനരധിവാസ ക്യാമ്പ് ഗവിയില്‍ ഉയരുന്നത്. അന്ന്, ക്യാമ്പുകളിലെ മനുഷ്യരെ ഉപയോഗിച്ച് വനവിഭവ ശേഖരണത്തിലായിരുന്നു സർക്കാറിന്‍റെ ഊന്നൽ. വംശീയ സംഘർഷത്തിനിടെ തലനാരിഴയ്ക്ക് ജീവന്‍ രക്ഷിച്ച് ഓടിയെത്തിയ മനുഷ്യർ, പല സംസ്ഥാനങ്ങളിലെ വനമേഖലയ്ക്ക് സമീപത്തേക്കും വനത്തിനുള്ളിലെ തോട്ടം സെറ്റില്‍മെന്‍റുകളിലേക്കും പുനരധിവസിപ്പിക്കപ്പെട്ടതും ഇതേ കാലത്ത്. ബ്രിട്ടീഷ് - ശ്രീലങ്കന്‍ തോട്ടങ്ങളിലെ തമിഴ് തൊഴിലാളികളുടെ പിന്മുറക്കാർ അങ്ങനെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തോട്ടം തൊഴിലാളികളായി മാറി.
കേരളത്തിലെ കൊല്ലം ജില്ലയിലെ കൊളത്തൂപ്പുഴയിൽ ഒരു പുനരധിവാസ തോട്ടം തന്നെ സ്ഥാപിക്കപ്പെട്ടു. ഏകദേശം ആയിരത്തിയഞ്ഞൂറോളം തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാർത്ഥികൾ എണ്‍പതുകളോടെ ഗവിയിലെ കെഎഫ്ഡിസിയുടെ കാപ്പി, ഏലം, തേയില തോട്ടങ്ങളിലേക്ക് അയക്കപ്പെട്ടു. കാലം മാറിമറിഞ്ഞു. ഇതിനിടെ തമിഴ് അവകാശവാദത്തെ നിഷ്ക്കരുണം തുടച്ച് നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ ഭരണകൂടം ഉപേക്ഷിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരുകൾ മാറിവന്നു. രാഷ്ട്രീയമായ ഉലച്ചിലുകൾ കേന്ദ്ര സര്‍ക്കാരിന്‍റെ പാരിസ്ഥിതിക നയവ്യതിയാനത്തിന് കാരണമായി.
1970 -ൽ ഗവിക്ക് സമീപ പ്രദേശങ്ങൾ വരെ ഉൾപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ടൈഗർ റിസർവ് ഫോറസ്റ്റ് പ്രഖ്യാപിക്കുന്നു. '80 -കളില്‍ ഹാബിറ്റാറ്റ് പ്രോട്ടക്ഷന്‍ ആന്‍റി പോച്ചിംഗ് പദ്ധതികൾ, 1990 -ൽ ഐഇഡിപി വഴി സെറ്റില്‍മെന്‍റിലെ കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ, 2000 -ല്‍ ഇക്കോ ടൂറിസം പദ്ധതി. പദ്ധതികളുടെ വരവ് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗവിയിലെ തോട്ടങ്ങളിലും പ്രതിഫലിച്ചു തുടങ്ങി. സംരക്ഷിത വനമെന്ന നയം ക്വാർട്ടേഴ്‌സുകളുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും തടസ്സം നിന്നു. തോട്ടത്തിലെ കെട്ടിടങ്ങളുടെ അറ്റക്കുറ്റപ്പണികൾ പലപ്പോഴും വൈകി. ചിലപ്പോൾ നിന്നു. ഇതിനിടെ ഗവിയിൽ താമസിക്കുന്ന മനുഷ്യരുടെ കുടിയിറക്കം സർക്കാരും പ്രോത്സാഹിപ്പിച്ച് തുടങ്ങിയിരുന്നു.
(ഗവിയിലെ സഞ്ചാരികളുടെ വഴികാട്ടി രമേഷ്)
രമേഷ്
ചിത്രങ്ങൾക്കായി കണ്ട ഒരാൾ രമേഷായിരുന്നു. ഗവിയിലെ കുളിര് തേടി വരുന്ന സഞ്ചാരികൾക്ക് വഴികാട്ടിയായ രമേഷ്, ശ്രീലങ്കൻ തമിഴ് വംശജനാണ്. അദ്ദേഹത്തിന്‍റെ പിതൃസഹോദരങ്ങൾ സുള്ള്യ, ഊട്ടി, കുളത്തൂപ്പുഴ തുടങ്ങിയ പുനരധിവാസ കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. കുടുംബ ബന്ധങ്ങൾ ഉറപ്പിക്കാന്‍ മകന്‍ രമേശ് വിവാഹം കഴിച്ചത് സുള്ള്യയിൽ നിന്ന്. ഇവിടെ നിന്ന് ഇറങ്ങിയാൽ പോകാനൊരു വഴിയും തെളിയുന്നില്ലെന്ന് ഗവിയുടെ വഴികാട്ടി പറയുന്നു. ഏട്ട് സെന്‍റ് കോളനിക്കാരുടെ കഥയും മറ്റൊന്നല്ല. അവശേഷിക്കുന്നത് വെറും മൂന്ന് കുടുംബങ്ങൾ മാത്രം. മറ്റുള്ളവരെല്ലാം മറ്റിടങ്ങൾ തേടിപ്പോയി. പോകാനിടമില്ലാത്തതിനാല്‍ പെട്ടുപോയവർ. അവർക്കും മുന്നിലൊരു വഴികാട്ടിയായുള്ളത് കെഫ്ഡിസി തന്നെ. പിന്നെ സർക്കാരും. പക്ഷേ, പദ്ധതികളും പ്രഖ്യാപനങ്ങളും വൈകുന്നത് ജീവിതത്തെ തന്നെ നിശ്ചലമാക്കുന്നു.
പദ്ധതികൾ
സെറ്റില്‍മെന്‍റില്‍ നിന്നും പുറത്ത് പോകുന്നതിന് റീബിൽഡ് കേരള ഡെവലപ്‌മെന്‍റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി സര്‍ക്കാര്‍ പദ്ധതി വന്നു. ചിലരൊക്കെ പദ്ധതി പ്രകാരം പണം വാങ്ങി തമിഴ്നാട്ടിലേക്കും കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്കും സ്ഥലങ്ങൾ തേടിപ്പോയി. മറ്റ് ചിലര്‍ രമേശനെയും എട്ട് സെന്‍റിലെ ജയശങ്കറിനെയും പോലെ അവിടെ തന്നെ തുടർന്നു. എന്നാൽ, പണം വാങ്ങിപ്പോയവരില്‍ പലരും പല കാലങ്ങളിലായി തിരികെ വന്നെന്നും കെഎഫ്ഡിസി മുന്‍ മാനേജറായിരുന്ന ബഷീർ സി എ പറയുന്നു. ഇന്ന് ഗവിയിലെ സെറ്റില്‍മെന്‍റില്‍ നിന്നുള്ള കുറച്ചെങ്കിലും കുടുംബങ്ങൾക്ക് ആശ്വാസമാകുന്നത് ഇക്കോ ടൂറിസം പദ്ധതിയാണ്.
(പ്രാദേശിക ഉത്സവത്തില്‍ പങ്കെടുക്കുന്ന തമിഴ് തൊഴിലാളികൾ)
2025 ജനുവരിയില്‍ പുനരധിവാസത്തിന്‍റെ കാലാവധി തീര്‍ന്നു. സർക്കാർ പുതിയ പുനരധിവാസ പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയമപരമായി അനുമതി കഴിഞ്ഞെങ്കിലും നിലവിൽ പുതിയൊരു സംവിധാനം രൂപപ്പെട്ടിട്ടില്ല. അതിനാൽ നിലവിലുള്ള പദ്ധതികൾ തുടരും. പക്ഷേ, പുതിയ പദ്ധതികൾ നടപ്പാക്കുന്നതിൽ തടസമുണ്ടാകുമെന്നും മുന്‍ കെഫ്ഡിസി എംഡി ജോർജി പി മാത്തച്ചന്‍ പറയുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി രാജു കെ ഫ്രാന്‍സിസ് ചുമതല ഏറ്റെടുത്തിട്ട് അധിക ദിവസമായില്ല.
നിലവില്‍ ഗവിയിലെ വിവിധ സെറ്റില്‍മെന്‍റുകളിലായി 168 സ്ഥിരം തൊഴിലാളികളും 76 താത്കാലിക തൊഴിലാളികളും ഇവരെയെല്ലാം ആശ്രയിച്ച് കഴിയുന്ന 222 പേരുമാണ് ഉള്ളത്. ഇവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മീനാര്‍ കോളനിയിലെ താമസക്കാരനായ കുഞ്ഞിരാജന്‍ സര്‍ക്കാറിന് ചില നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നേയുള്ളൂവെന്നാണ് കുഞ്ഞിരാജനും പറയുന്നത്. ഗവിയിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ഒഴിപ്പിക്കണമെന്നാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി അംഗീകരിച്ച കടുവ ഉപപദ്ധതിയിൽ വ്യവസ്ഥ ചെയ്യുന്നത്. പെരിയാർ കടുവ സംരക്ഷണ കേന്ദ്രം ഒരു റിസർവ് വനമായതിനാൽ ഗവിയിൽ ഏലം തുടങ്ങിയ കൃഷി തുടരാൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയങ്ങളുടെ അനുമതി കെഎഫ്ഡിസിക്ക് ലഭിക്കേണ്ടതുണ്ട്. പാട്ടക്കാലാവധി തീര്‍ന്നതിനാല്‍ അത് അസാധ്യമാകും. പതിറ്റാണ്ടുകളായി ജീവിച്ച മണ്ണിൽ നിന്നും വീണ്ടുമൊരു യാത്രയ്ക്ക് ഒരുങ്ങണോയെന്ന ഭയാശങ്കയുടെ ചൂടിലാണ് ഗവിയിലെ പുനരധിവാസ കേന്ദ്രങ്ങളിലെ ഓരോ ജീവിതവും.
( ദീപു ഫിലിപ്പ് : സ്വതന്ത്ര ഫോട്ടോഗ്രാഫറായ ദീപു ഫിലിപ്പ്, സമൂഹത്തിലെ അരികുവത്ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഫോട്ടോ ഡോക്യുമെന്‍റേഷനാണ് ചെയ്യുന്നത്. ഇന്ത്യയിലെമ്പാടും സഞ്ചരിച്ചിട്ടുള്ള ദീപു. കേരളം, ആന്ധ്ര,കശ്മീർ, തമിഴ്നാട്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെ കുറിച്ച് ചെയ്തിട്ടുള്ള ഫോട്ടോ ഡോക്യുമെന്‍റേഷനാണ് ഹോം സിക്നെസ് സീരിസ്.)