കടുവയല്ല കാടിന്‍റെ രക്ഷകൻ, അത് ഈ കുഞ്ഞൻ പ്രാണികൾ! അഗോറയിൽ പ്രാണികളുടെ രഹസ്യ ലോകം വെളിപ്പെടുത്തി ഗീത അയ്യർ

Published : Nov 28, 2026, 09:13 PM IST
Mopla grasshopper

Synopsis

വനങ്ങളുടെ നിലനിൽപ്പിനും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്കും പ്രാണികൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് പ്രകൃതിശാസ്ത്രജ്ഞയായ ഗീത അയ്യർ സംസാരിക്കുന്നു. കടുവകളെക്കാൾ പ്രാണികളുടെ സാന്നിധ്യമാണ് ഒരു വനത്തിന്‍റെ അടിസ്ഥാനമെന്നും അവയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു.

നമ്മുടെ പ്രകൃതിയിലും വനങ്ങളിലും കാണപ്പെടുന്ന പ്രാണികളുടെ പ്രാധാന്യത്തെക്കുറിച്ചും വന്യജീവി സംരക്ഷണത്തിൽ അവയ്ക്ക് ലഭിക്കേണ്ട പരിഗണനയെക്കുറിച്ചും ഗൗരവമായ ചിന്തകൾ ഉയർന്നുവരുന്ന കാലമാണിത്. പ്രാണികളുടെ പ്രാധാന്യത്തെ കുറിച്ച് കാടിനെ കാടാക്കിമാറ്റുന്ന അതിന്‍റെ ജീവിതത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഗോറയിൽ സംസാരിച്ചത് പ്രകൃതിശാസ്ത്രജ്ഞയായ ഗീത അയ്യർ. പ്രാണികളെ പലരും അത്ര പ്രാധാന്യമുള്ളതായി കാണാറില്ലെന്ന് മാത്രമല്ല, അവയെ ഉപദ്രവകാരികളായ ജീവികളായി മാത്രമാണ് കരുതുന്നത്, എന്നാൽ, വനങ്ങളുടെ നിലനിൽപ്പിനും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയ്ക്കും പ്രാണികൾ അത്യന്താപേക്ഷിതമാണെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് ഗീത അയ്യർ.

കടുവയും 'കീസ്റ്റോൺ സ്പീഷീസും'

വനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ കടുവകളെ പലപ്പോഴും വനത്തിന്‍റെ 'കീസ്റ്റോൺ സ്പീഷീസ്' ആയി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, ഒരു വനത്തിന്‍റെ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്നതിലും, മണ്ണിലെ പോഷകങ്ങളുടെ പുനരുപയോഗത്തിലും, പരാഗണത്തിലും അതുവഴി കാടിന്‍റെ വളർച്ചയ്ക്കും പ്രാണികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗീത ചൂണ്ടിക്കാട്ടി. കടുവകൾ ഇല്ലാതായാൽ വനം തകരുമെന്ന ധാരണ തെറ്റാണെന്നും ഇന്ത്യൻ ചീറ്റകൾക്ക് വംശനാശം വന്നിട്ടും ഇന്ത്യയിൽ കാടുകൾ ഇല്ലാതായില്ലല്ലോയെന്ന് ഗീത ഉദാഹരിച്ചു.

കടുവകളെക്കാൾ പ്രാണികളുടെ സാന്നിധ്യമാണ് ഒരു വനത്തിന്‍റെ അടിസ്ഥാനം. കടുവകളെ 'ഫ്ലാഗ്ഷിപ്പ് സ്പീഷീസ്' ആയി കാണുന്നതിലൂടെ ജനശ്രദ്ധയും സംരക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും, അത് മാത്രം പോരെന്നും പ്രാണികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സർവേകളും അത്യാവശ്യമാണെന്നും ഗീത ചൂണ്ടിക്കാട്ടി. കടുവകളെ സംരക്ഷിക്കുമ്പോൾ അവയ്ക്ക് ആവശ്യമായ വലിയ വനമേഖല സംരക്ഷിക്കപ്പെടുന്നതിലൂടെ മറ്റ് ജീവികളും സംരക്ഷിക്കപ്പെടുന്നുണ്ടെന്നെന്ന് വാദിക്കാം എന്നാലും പ്രാണികളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അതൊരു കാടിന്‍റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.

പരാഗണവും പോഷകചക്രവും

പ്രകൃതിയിലെ പല പ്രധാന പ്രവർത്തനങ്ങളിലും പ്രാണികൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. പരാഗണത്തെക്കുറിച്ച് പറയുമ്പോൾ തേനീച്ചകൾ മാത്രമല്ല, നിശാശലഭങ്ങൾ, ഈച്ചകൾ, വണ്ടുകൾ തുടങ്ങിയ നിരവധി പ്രാണികൾ അതിൽ പങ്കാളികളാകുന്നുണ്ട്. കൂടാതെ, ചത്ത ജന്തുക്കളെയും മാലിന്യങ്ങളെയും വിഘടിപ്പിച്ച് മണ്ണിലേക്ക് മാറ്റാനും, സസ്യങ്ങളുടെ വളർച്ചയ്ക്കും പ്രാണികൾ സഹായിക്കുന്നു. പ്രാണികളുടെ സിൽക്ക് ഉത്പാദനം, ഔഷധഗുണങ്ങൾ തുടങ്ങിയ 'സൂപ്പർ പവറുകളെ' കുറിച്ചുള്ള ഗവേഷണങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ചർച്ചയിൽ നിർദ്ദേശിക്കപ്പെട്ടു.

ഗവേഷണവും സംരക്ഷണവും

വന്യജീവി സംരക്ഷണത്തിൽ കടുവകൾ, ആനകൾ തുടങ്ങിയ വലിയ മൃഗങ്ങൾക്ക് ലഭിക്കുന്ന ശ്രദ്ധയും ഫണ്ടും പ്രാണികളെക്കുറിച്ചുള്ള പഠനങ്ങൾക്കും സംരക്ഷണത്തിനും വേണ്ടത്ര ലഭിക്കുന്നില്ലെന്നത് ഒരു പോരായ്മയായി ഗീത അയ്യാർ ചൂണ്ടിക്കാണിച്ചു. കേരളത്തിലും കർണാടകയിലും വനം വകുപ്പുകളുടെയും ഗവേഷകരുടെയും സഹകരണത്തോടെ നടന്ന ചില പ്രവർത്തനങ്ങളും, 'മാത്ത് സാങ്ച്വറി' പോലുള്ള ആശയങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയിൽ പ്രാണികൾക്കായി പ്രത്യേക സംരക്ഷിത മേഖലകളും മ്യൂസിയങ്ങളും വേണമെന്ന ആശയവും ഗീത മുന്നോട്ട് വച്ചു.

തദ്ദേശവാസികളുടെ പങ്കാളിത്തം

വനത്തോട് ചേർന്ന് ജീവിക്കുന്ന തദ്ദേശവാസികൾക്ക് പ്രാണികളെക്കുറിച്ചും വനത്തെക്കുറിച്ചുമുള്ള അറിവുകൾ ഉപയോഗപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം ഏറെയാണ്. തദ്ദേശവാസികളെ ഉൾപ്പെടുത്തിയും, ശാസ്ത്രജ്ഞരും തദ്ദേശവാസികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഗവേഷകർക്ക് വനങ്ങളിൽ പ്രവേശിച്ച് പ്രാണികളെക്കുറിച്ച് പഠിക്കാനുള്ള അനുമതിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടതും അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രാണികൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞ്, അവയുടെ സംരക്ഷണത്തിനും പഠനത്തിനുമായി കൂടുതൽ ശ്രദ്ധ നൽകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഗീത അയ്യർ ചൂണ്ടിക്കാട്ടി.

ഗീത അയ്യർ

ശാസ്ത്രത്തിലും പരിസ്ഥിതി വിദ്യാഭ്യാസത്തിലും 26 വർഷത്തിലേറെ പരിചയമുള്ള ഗീത അയ്യർ ഒരു പ്രകൃതിശാസ്ത്രജ്ഞയും, വിദ്യാഭ്യാസ വിദഗ്ദ്ധയും, സ്വതന്ത്ര കൺസൾട്ടന്‍റുമാണ്. മദ്രാസ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ പിഎച്ച്ഡി നേടിയ അവർ പാഠ്യപദ്ധതി വികസനം, അധ്യാപക പരിശീലനം, ജൈവവൈവിധ്യ വിദ്യാഭ്യാസം എന്നീ മേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രാണികൾ, നിശാശലഭങ്ങൾ, ചിത്രശലഭങ്ങൾ എന്നിവയെ തേടി പശ്ചിമഘട്ടം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഫീൽഡ് വർക്ക് ചെയ്തിട്ടുണ്ട്. പ്രാണികളെയും പരിസ്ഥിതി വിദ്യാഭ്യാസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ബിഎൻഎച്ച്എസ്, മദ്രാസ് നാച്ചുറലിസ്റ്റ് സൊസൈറ്റി, ഇൻടാക് എന്നിവയുടെ ആജീവനാന്ത അംഗമാണ്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങൾ എന്ത് വായിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?' എഡിറ്റർമാരെ വെല്ലുവിളിക്കുന്ന അൽഗോരിതങ്ങൾ; മാധ്യമരംഗം മാറുന്ന വഴികളെ കുറിച്ച് അഗോറയിൽ ചർച്ച
നിയാണ്ടർത്താൽ മനുഷ്യനെ വേണമെന്ന് വിചാരിച്ചാൽ തിരിച്ചുകൊണ്ടു വരാൻ പറ്റും, ജീവശാസ്ത്രരംഗത്തെ അസാധാരണ മുന്നേറ്റങ്ങൾ വിശദമാക്കി ഏഡ്രിയൻ വുൾഫ്സൺ