ജീനോം ലാബിൽ മാറ്റിയെഴുതുന്പോൾ എറ്റവും വലിയ നേട്ടവും, അപകടവും വേഗമാണ്.അതിവേഗം സാങ്കേതിക വിദ്യ വളരുമ്പോൾ മാറി നിൽക്കാൻ ആർക്കുമാകില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കുതിപ്പ് ജീവശാസ്ത്രത്തിലും മാറ്റങ്ങളുണ്ടാക്കും. ആദ്യമാര് ഓടിയെത്തും എന്നതാണ് ചോദ്യം

തിരുവനന്തപുരം: പരിണാമത്തിന്റെ ഭാവിയെന്താണ്. ലാബിൽ മനുഷ്യകുലത്തിൻ്റെ ഭാവി തീരുമാനിക്കപ്പെടുമോ? ഏകാധിപത്യ ഭരണകൂടങ്ങൾ മനുഷ്യരുടെ സ്വതന്ത്ര ചിന്താഗതിയെ വരെ എഡിറ്റ് ചെയ്ത് കളയുമോ? ഇതെല്ലാം സമീപഭാവിയിൽ നടന്നേക്കാമെന്ന് പറയുന്നു അമേരിക്കൻ ജനിതക ശാസ്ത്രജ്ഞൻ ഏഡ്രിയൻ വുൾഫ്സൺ. ഏഷ്യാനെറ്റ് ന്യൂസിന്റെ അഗോറ ആശയോത്സവത്തിന്റെ രണ്ടാം ദിനം ജീവശാസ്ത്ര രംഗത്തെ അസാധാരണ മുന്നേറ്റങ്ങളും അത് തുറന്നിടുന്ന സാധ്യകളുമായിരുന്നു ഒരു പ്രധാന ചർച്ചാ വിഷയം. നിയാണ്ടർത്താൽ മനുഷ്യനെ വേണമെന്ന് വിചാരിച്ചാൽ തിരിച്ചുകൊണ്ടു വരാൻ പറ്റുമെന്നാണ് ഏഡ്രിയൻ വുൾഫ്സൻ പറയുന്നത്. ഡിഎൻഎയെ മാറ്റിയെഴുതാനുള്ള സാങ്കേതിക വിദ്യയാണ് ജെനൈറോ സ്ഥാപകൻ സ്വപ്നം കാണുന്നത്.

അടുത്ത രണ്ട് മൂന്ന് വർഷങ്ങൾക്കകം ഈ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമുണ്ടാകുമെന്നുമാണ് അവകാശവാദം. സാധ്യതകളും അപകടങ്ങളും അവിടെ അവസാനിക്കുന്നില്ല. പരിണാമം മെല്ലെ മെല്ലെയാണ് ഓരോ മാറ്റവും നടപ്പാക്കിയത്. ജീനോം ലാബിൽ മാറ്റിയെഴുതുന്പോൾ എറ്റവും വലിയ നേട്ടവും, അപകടവും വേഗമാണ്.അതിവേഗം സാങ്കേതിക വിദ്യ വളരുമ്പോൾ മാറി നിൽക്കാൻ ആർക്കുമാകില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ കുതിപ്പ് ജീവശാസ്ത്രത്തിലും മാറ്റങ്ങളുണ്ടാക്കും. ആദ്യമാര് ഓടിയെത്തും എന്നതാണ് ചോദ്യം. നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ വേഗം കുറയും, ആ സമയം കൊണ്ട് മറ്റൊരാൾ ഓടി മുന്നിലെത്തും. ഇത് അപകടമെന്നാണ് ഏഡ്രിയാന്റെ പക്ഷം.

ഏകാധിപത്യ രാജ്യങ്ങൾ സാങ്കേതിക വിദ്യ കൈക്കലാക്കിയാൽ ജനത്തിന്റെ ചിന്താശേഷി വരെ നിയന്ത്രിക്കപ്പെടാം. സ്വാതന്ത്ര്യബോധത്തിന് പകരം അനുസരണ എഡിറ്റ് ചെയ്ത് കയറ്റിയാൽ മനുഷ്യത്വത്തിന്റെ ഭാവിയെന്താകുമെന്ന് ചോദ്യം. എന്തും സംഭവിക്കാവുന്ന കാലത്ത് വേണ്ടത് നയമാണ്. ആ നയം രൂപീകരിക്കാൻ ആഗോള ധാരണ വേണം. അതിന് വൈകിക്കൂടെന്ന് ഓർമ്മിപ്പിച്ചാണ് ഏഡ്രിയൻ അവസാനിപ്പിച്ചത്. ലോകത്തൊരിടത്ത് നിന്നും ഇത്രയും മികച്ച ചോദ്യങ്ങൾ തന്നെ തേടിയെത്തിയിട്ടില്ലെന്ന് ഏഡ്രിയന്റെ തന്നെ സാക്ഷ്യം. തലച്ചോറിന് തീപിടിപ്പിച്ച സെഷൻ അവസാനിച്ചത് ഇഷ്ടം പോലെ പണവും ഒരു നൈതിക കെട്ടുപാടുകളുമില്ലാത്ത സ്വാതന്ത്രവും കിട്ടിയാൽ ഏഡ്രിയൻ ലാബിൽ ഏത് തരം ജീവൻ സൃഷ്ടിക്കുമെന്ന ചോദ്യത്തിലായിരുന്നു, ഉത്തരം ലളിതമാണ് ഭക്ഷ്യസുരക്ഷയാണ് സ്വപ്നം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം