Latest Videos

അറുപത് ജോഡി ഷൂ കൊണ്ടുള്ള സ്മാരകം; ഇത് നിഷ്ഠൂരമായി കൊന്നുതള്ളിയ മനുഷ്യരുടെ ഓര്‍മ്മയ്ക്ക്

By Ginu SamuelFirst Published Mar 7, 2019, 4:09 PM IST
Highlights

അലങ്കരിച്ച സ്വർണം പൂശിയ പടവുകൾ സ്റ്റെയർകേസ് XVII- യിൽ ഞങ്ങൾ പാർലമെൻറ്  യാത്ര ആരംഭിക്കുന്നു.. മനോഹരങ്ങളായ ഗ്ലാസ് ജാലകങ്ങൾ, സമ്പന്നമായ അലങ്കാര വസ്തുക്കൾ എന്നിവ പാർലമെന്‍റ്  ബിൽഡിംഗിന്‍റെ പ്രധാന ആകർഷണങ്ങൾ ആണ്. ഈ കെട്ടിടം പണിയിക്കുവാൻ മുടക്കിയ തുക ഒരു ചെറിയ പട്ടണം തന്നെ പണിതുയർത്തുവാൻ പര്യാപ്തമാണ്.

മൂന്നു ദിവസത്തെ വിയന്ന സന്ദർശനത്തിന് ശേഷം നേരെ പോകുന്നത് ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക്  ആണ്. വിയന്നയിൽ നിന്നും ഏകദേശം മൂന്നര മണിക്കൂർ തീവണ്ടി യാത്രയുണ്ട് ബുഡാപെസ്റ്റിലെ കെല്ലെറ്റി സ്റ്റേഷനിലേക്ക്.

ഡാന്യൂബ് നദിയുടെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്ന ബുദയും  പെസ്റ്റും  ചെയിൻ ബ്രിഡ്ജിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു പട്ടണങ്ങളും ചേർന്നാണ് 'ബുഡാപെസ്റ്റ്' എന്ന പേരായത്. റെയിൽവേ സ്റ്റേഷനിൽ എത്തി എയർ ബീ എൻബിയിൽ വീട് ബുക്ക് ചെയ്തിരുന്ന സായിപ്പിനെ വിളിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽനിന്ന് നേരെ വെച്ചുപിടിച്ചോളാൻ നിർദേശം കിട്ടി. ഗൂഗിൾ മാപ്പു നോക്കി എങ്ങനെയൊക്കെയോ താമസസ്ഥലത്ത് എത്തിച്ചേർന്നു. ഇന്നല്ലെങ്കിൽ നാളെ താഴേക്ക് പതിക്കും എന്ന് വീമ്പിളക്കി നിൽക്കുന്ന ഒരു മൂന്നു നില കെട്ടിടം. നൂറ്റാണ്ടുകൾക്കു മുമ്പ് പണികഴിപ്പിച്ച ഈ കെട്ടിടം പായലിനോടും പൂപ്പലിനോടും ഒരിക്കലും വിട പറയാൻ ഉദ്ദേശമില്ല എന്ന അഹങ്കാരത്തിൽ അങ്ങനെ തലയുയർത്തി നിൽക്കുന്നു. കെട്ടിടം പണിതപ്പോൾ എപ്പോഴോ പെയിന്‍റ് അടിച്ചതിനുശേഷം പിന്നീടൊരിക്കലും പെയിന്‍റ് ആ കെട്ടിടത്തിന്‍റെ ഏഴയലത്തു പോലും പോയിട്ടില്ല എന്നുള്ളതാണ് വസ്തുത. പുറത്തു നിന്ന് നോക്കിയാൽ അങ്ങനെ തോന്നുമെങ്കിലും അകത്തേക്ക് കയറിയാൽ വളരെ മനോഹരമായി സജ്ജമാക്കിയിരിക്കുന്ന മുറികൾ.

കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം അകത്തേക്ക് കടക്കാൻ

സായിപ്പിന്‍റെ വക ഒരു പത്തുമിനിറ്റ് ബുഡാപെസ്റ്റിനെപ്പറ്റി ഒരു സ്റ്റഡി ക്ലാസ്സുണ്ടായിരുന്നു. ഇനിയെന്തെങ്കിലുമുണ്ടെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ്  യാത്ര പറഞ്ഞ് സായിപ്പ് താൻ താമസിക്കുന്ന അടുത്ത ഗ്രാമത്തിലേക്ക് സ്കൂട്ട് ആയി. നല്ല യാത്രാക്ഷീണം കാരണം ഭക്ഷണം കഴിച്ചിട്ട് എത്രയും വേഗം ഉറങ്ങണം. ഹങ്കേറിയൻ പാർലമെൻറ് സന്ദർശനമാണ് നാളത്തെ ആദ്യ പരിപാടി. അതിനായി ഗൈഡഡ് ടൂർ ഒക്കെ ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടാണ് വരവ്. ഇംഗ്ലീഷിൽ ഉള്ള ടൂർ വളരെ പരിമിതം ആയതുകൊണ്ട് രാവിലത്തെ സ്ലോട്ട് മാത്രമേ കിട്ടിയുള്ളൂ.

രാവിലെ ഒരു കുളിയൊക്കെ പാസ്സാക്കി ഞങ്ങൾ പാർലമെന്‍റ്  സമ്മേളനത്തിന് പുറപ്പെട്ടു. കനത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം അകത്തേക്ക് കടക്കാൻ. എല്ലാവര്‍ക്കും ചെവിയിൽ തിരുകാൻ ഹെഡ്സെറ്റും തന്നു. ഞങ്ങളെ പാർലമെന്‍റിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

ഹങ്കേറിയൻ പാർലമെൻറ്  ബിൽഡിങ്ങിനെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ
1885 -ൽ നിർമ്മാണം തുടങ്ങി, 40 ദശലക്ഷം ഇഷ്ടികകൾ ഉപയോഗിച്ച് 691 മുറികൾ ഉള്ള ഈ പാർലമെന്‍റ്  മന്ദിരം നിർമ്മിക്കാൻ ആയിരത്തോളം തൊഴിലാളികൾ 17 വർഷമെടുത്തു. അലങ്കാരങ്ങൾക്ക് 22-2ct സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത്. പാർലമെൻറ്  മന്ദിരത്തിനുള്ള ഏറ്റവും നല്ല ഡിസൈൻ കണ്ടെത്തുന്നതിനായി, 1880 -ൽ ഒരു മത്സരം നടത്തി, ഹംഗേറിയൻ വാസ്തുശില്പിയായ Imre Steindl വിജയിച്ചു. നിയോ ഗോത്തിക് ആർക്കിടെക്ചർ അധിഷ്ഠിതമായ ഈ മന്ദിരം ലോകത്തിലെ ഏറ്റവും വലിയ പാർലമെന്‍റ് മന്ദിരങ്ങളിൽ മൂന്നാമതാണ്. നിർഭാഗ്യമെന്നു പറയട്ടെ ഈ പാർലമെന്‍റ്  മന്ദിരത്തിന്‍റെ പണി പൂർത്തീകരിക്കുന്നതിന് മുമ്പേ ഇതിന്‍റെ ആർകിടെക്ട് പൂർണ അന്ധനായി മാറുകയും അദ്ദേഹം 1902 -ൽ മരണമടയുകയും ചെയ്തു.

ഗൈഡ് ഞങ്ങളെയും കൊണ്ട് പാർലമെന്‍റ്  ചുറ്റിനടന്നു കാണിക്കുകയാണ്. ഏകദേശം അൻപതു മിനിറ്റ് ആണ് ടൂർ. പ്രസിദ്ധമായ ഹങ്കേറിയൻ കിരീടം പാർലമെൻറ്  മന്ദിരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന ഈ കിരീടം കാണാമെങ്കിലും ചിത്രങ്ങൾ പകർത്തുന്നതിനു വിലക്കുണ്ട്.
 
അലങ്കരിച്ച സ്വർണം പൂശിയ പടവുകൾ സ്റ്റെയർകേസ് XVII- യിൽ ഞങ്ങൾ പാർലമെൻറ്  യാത്ര ആരംഭിക്കുന്നു.. മനോഹരങ്ങളായ ഗ്ലാസ് ജാലകങ്ങൾ, സമ്പന്നമായ അലങ്കാര വസ്തുക്കൾ എന്നിവ പാർലമെന്‍റ്  ബിൽഡിംഗിന്‍റെ പ്രധാന ആകർഷണങ്ങൾ ആണ്. ഈ കെട്ടിടം പണിയിക്കുവാൻ മുടക്കിയ തുക ഒരു ചെറിയ പട്ടണം തന്നെ പണിതുയർത്തുവാൻ പര്യാപ്തമാണ്.

സിഗരറ്റ് മാറിപ്പോകാതിരിക്കാൻ ഹോൾഡറുകൾക്ക് നമ്പറും ഇട്ടിട്ടുണ്ട്


 
അവിടെ ഞങ്ങളെ ആകർഷിച്ച മറ്റൊരു കാര്യം പിച്ചളയിൽ തീർത്ത സിഗരറ്റ് ഹോൾഡറുകൾ ആണ്. ശ്വാസകോശം സ്പോഞ്ചു പോലെയാണ്, എങ്കിലും  ചില പാർലമെന്‍റ്  അംഗങ്ങൾ അത് സിഗരറ്റിന്‍റെ പുക വലിച്ചു കയറ്റാൻ ഉപയോഗിക്കുന്നു. പറഞ്ഞു വരുന്നത് ഹങ്കറിയിലെ ചില പാർലമെന്‍റ്  അംഗങ്ങളെ കുറിച്ചാണ്‌. പാർലമെന്‍റിനകത്തു സിഗരറ്റ് വലിച്ചുകൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് ഒരു അവിശ്വാസപ്രമേയത്തിനു വോട്ട് ചെയ്യണം എന്നിരിക്കട്ടെ. വിഷമിക്കണ്ട സിഗററ്റ് കളയാതെ തന്നെ വോട്ടിങ്ങിൽ പങ്കെടുത്തിട്ട് മടങ്ങിവന്നു ശ്വാസകോശത്തിലേക്കു പുക വലിച്ചു കയറ്റാം. അതിനായാണ് ഈ പിച്ചളയിൽ തീർത്ത സിഗരറ്റ് ഹോൾഡറുകൾ. ഇനി സിഗരറ്റ് മാറിപ്പോകാതിരിക്കാൻ ഹോൾഡറുകൾക്ക് നമ്പറും ഇട്ടിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ ഏറിയ പങ്കും യഹൂദന്മാർ ആയിരുന്നു

പാർലമെന്‍റ്  ടൂറും മ്യൂസിയം സന്ദര്‍ശനവും കഴിഞ്ഞശേഷവും ഞങ്ങൾ കുറച്ചു പടം പിടുത്തത്തിൽ വ്യാപൃതരായി. അതിനു ശേഷം ഞങ്ങൾ ഡാന്യൂബ് നദിക്കരയിലുള്ള 'ഷൂസ് ഓൺ ദി ഡാന്യൂബ് റിവർ' എന്ന സ്മാരകം കാണുവാനായി പുറപ്പെട്ടു. ലോക മഹായുദ്ധകാലത്ത് നാസി ചായ്‌വുള്ള  'ആരൊ ക്രോസ് പാർട്ടി' കൊന്നുതള്ളിയ മൂവായിരത്തിഅഞ്ഞൂറ് മനുഷ്യരുടെ ഓർമക്കായി ഡാന്യൂബ് നദിയുടെ തീരത്ത് ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ Can Togay നിർമ്മിച്ചതാണ് ഈ ഇരുമ്പിൽ തീർത്ത അറുപതു ജോഡി ഷൂസ് കൊണ്ടുള്ള സ്മാരകം. കൊല്ലപ്പെട്ടവരിൽ ഏറിയ പങ്കും യഹൂദന്മാർ ആയിരുന്നു.

അതുകൂടാതെ ധാരാളം ആളുകളെ ഓസ്ട്രിയയിൽ ഉള്ള നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് കടത്തി എന്നും പറയപ്പെടുന്നു. ബുഡാപെസ്റ്റിലേക്കുള്ള യാത്രയിലെ വേദനിപ്പിക്കുന്ന ഒരു സ്മാരകം ആണ് 'ഷൂസ് ഓൺ ദി ഡാന്യൂബ് റിവർ.' രണ്ടു ലോക മഹാ യുദ്ധങ്ങൾ, ലഹളകൾ, പ്രക്ഷോഭങ്ങൾ, വിപ്ലവങ്ങൾ എന്നിവ അതിജീവിച്ച് ഡാന്യൂബ് നദിയുടെ കരയിൽ പാർലമെൻറ്  മന്ദിരം ഇങ്ങനെ തലയുയർത്തി നിൽക്കുമ്പോഴും 'ഷൂസ് ഓൺ ദി ഡാന്യൂബ് റിവർ' എന്ന സ്മാരകം ഒരു വിങ്ങലായി മനസ്സിൽ നിലകൊള്ളുന്നു.

ഫേസ്ബുക്ക്: https://www.facebook.com/journeywithGinu

click me!