കുട്ടിക്കര്‍ഷകരുടെ പശുക്കളെ കൊന്നത് കപ്പത്തോലോ, അതില്‍ സയനൈഡ് ഉണ്ടോ; അത്ര വില്ലനോ കപ്പത്തോല്‍?

Published : Jan 04, 2024, 04:50 PM ISTUpdated : Jan 04, 2024, 08:40 PM IST
കുട്ടിക്കര്‍ഷകരുടെ പശുക്കളെ കൊന്നത് കപ്പത്തോലോ, അതില്‍ സയനൈഡ് ഉണ്ടോ; അത്ര വില്ലനോ കപ്പത്തോല്‍?

Synopsis

കപ്പയില്‍ ഉഗ്രവിഷമായ സയനൈഡ് ഉണ്ടോ; അത്ര വില്ലനാണോ നമ്മുടെ കപ്പയില?   

മലയാളിയുടെ എക്കാലത്തെയും പ്രിയ വിഭവമാണ് കപ്പ. 'കപ്പയും ബീഫും', 'കപ്പയും മത്തിയും' എന്നൊക്കെയുള്ള കോമ്പിനേഷന്‍ പറയുമ്പോഴേ മലയാളിയുടെ നാവില്‍ കൊതിയൂറും. നാട്ടിന്‍പുറത്തെ സാധാരണ തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍വരെ മെയിന്‍ മെനുവാണ് കപ്പ. വലിയ വില കൊടുക്കാതെ വിശപ്പകറ്റാമെന്നതിനാല്‍ സാധാരണക്കാരന്റെ ഇഷ്ട ഭക്ഷണം കൂടിയാണ് കപ്പ. ഇല്ലായ്മയുടെ കാലത്ത്, വീട്ടില്‍ വിരുന്നുകാര്‍ അധികം വന്നാല്‍ അല്ലെങ്കില്‍ പറമ്പില്‍ കുറേ പണിക്കാര്‍ ഉണ്ടെങ്കില്‍ കപ്പയാണ് അന്നത്തെ മുഖ്യഭക്ഷണം. രുചികരമെന്നതിലുപരി വിലക്കുറവ് തന്നെയാണ് അന്നേരം കപ്പക്ക് സ്വീകാര്യത കൂട്ടിയത്. കാലമെത്രെയായിട്ടും കപ്പ മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 

തൊടുപുഴയിലെ കുട്ടിക്കര്‍ഷകരുടെ പശുക്കള്‍ ചത്തപ്പോള്‍, കപ്പയെ കുറിച്ച് സംശയങ്ങള്‍ പലരും ചോദിക്കുന്നു. 'കപ്പയില്‍ സയനൈഡോ?' എന്നാണ് പലരുടെയും ചോദ്യം. രുചിയെന്തെന്ന് അറിയും മുമ്പേ മരിക്കുന്ന ഉഗ്ര വിഷമായ സയനൈഡ് ഉണ്ടോ നമ്മുടെ കപ്പയില്‍? 

നോക്കാം...

 

Also Read: ഒടുവിലൊരു മലയാളി കണ്ടെത്തി സയനൈഡിന്റെ രുചി; മരണമായിരുന്നു അതിന്റെ വില!

 

ആരാണ് ഈ കപ്പ?

പണ്ടുകാലത്ത് ആടും പശുവും മരിച്ചീനിയിലയോ റബറിലയോ കടിക്കാതിരിക്കാന്‍ കര്‍ഷകര്‍ വളരെ ശ്രദ്ധിച്ചിരുന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പഴമക്കാരുടെ മനസ്സിലുള്ള ശാസ്ത്രബോധം തന്നെയാണ് ആ ശ്രദ്ധക്കു പിന്നില്‍. അഥവാ ആടോ പശുവോ ഇത്തരം ഇലകള്‍ കടിച്ചാല്‍ കര്‍ഷകന്‍ പല പ്രതിവിധികളും പയറ്റാറുണ്ട്. 

tapioca root അല്ലെങ്കില്‍ cassava എന്നാണ് ഇംഗ്ലീഷുകാര്‍ കപ്പയെ വിളിക്കുന്നത്. manihot esculenta എന്നാണ് ശാസ്ത്രനാമം. സൗത്ത് അമേരിക്കയിലാണ് കപ്പ പിറവികൊണ്ടത് എന്നാണ് രേഖകളിലുള്ളത്. എന്നാല്‍, ലോകമെമ്പാടും കപ്പ പല രൂപത്തില്‍ ഭക്ഷണമാണ്. ഏറ്റവും കൂടുതല്‍ കൃഷിയുള്ളത് ആഫ്രിക്കയിലാണ്. മരിച്ചീനി ചെടിയുടെ വേരായ കപ്പയില്‍ പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ വളരെയധികം കുറവാണ്. അതിനാല്‍ തന്നെ വലിയ പോഷകാംശമുള്ള വിഭവങ്ങളില്‍ ഒന്നല്ല കപ്പ. കാര്‍ബോഹൈട്രേറ്റ് ആണ് കൂടുതല്‍. 

 

Also Read: മറക്കാനൊന്നും പറ്റൂല്ല, സ്നേഹിച്ചു വളർത്തിയതല്ലേ, ഇനി വലിയ തൊഴുത്ത് പണിയണം, മൃഗ ഡോക്ടറാവണം': മാത്യുവും ജോർജും

 

കപ്പയില്‍ സയനൈഡോ?

കപ്പതൊലിയില്‍ അടങ്ങിയ സയനൈഡ് അംശമാണ് കുട്ടിക്കര്‍ഷകന്റെ പശുക്കളുടെ ജീവനെടുത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. അപ്പോള്‍ കപ്പയില്‍ സയനൈഡുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തം. അത് എത്രയുണ്ടെന്നാണ് അടുത്ത ചോദ്യം. മൃഗങ്ങളെ പോലെ മനുഷ്യനെയും ഇത് ബാധിക്കുമോ?

പ്രകൃതിദത്തമായ നൈട്രജന്‍ അടങ്ങിയിട്ടുള്ള ഒരു secondary matabolites ആണ് സയാനോജെനിക് ഗ്ലൈക്കോസൈഡ്. മരിച്ചീനിയില്‍ പ്രതിരോധ ഏജന്റായാണ് ഇത് നിലകൊള്ളുന്നത്. ലിന്‍മാരിന്‍ എന്ന സയോജനിക് ഗ്ലൂക്കോസൈഡ് ആണ് മരിച്ചീനിയില്‍ കൂടുതലുള്ളത്. ഈ ലിന്‍മാരിന്‍ ആണ് കപ്പയിലെ ഹൈഡ്രജന്‍ സയനൈഡ് ഉല്‍പാദനത്തിന് കാരണമാവുന്നത്. വിഷലിപ്തമായ സംയുക്തമാണ് ഹൈഡ്രജന്‍ സയനൈഡ്. ഇത് ശ്വസനപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും മരണം വരെ സംഭവിക്കാന്‍ കാരണമാവുകയും ചെയ്യും.  

വേവിക്കാത്ത കപ്പയില്‍ സയോജനിക് ഗ്ലൈക്കോസൈഡിന്റെ അളവ് ഓരോ മരച്ചീനി വര്‍ഗത്തിലും വ്യത്യസ്തമായിരിക്കും. അവ വളരുന്ന സാഹചര്യം, വെള്ളത്തിന്റെ അളവ്, മണ്ണിന്റെ ഘടന എന്നിങ്ങനെ ആശ്രയിച്ചിരിക്കും അളവ്. കയ്പുള്ള കപ്പയില്‍ ഹൈഡ്രജന്‍ സയനൈഡിന്റെ അളവ് കയ്പില്ലാത്ത കപ്പയിലേതിനേക്കാള്‍ കൂടുതലാണ്. 

കപ്പത്തൊലിയിലും മരച്ചീനിയിലയിലുമാണ് ഇതിന്റെ അംശം കൂടുതലുള്ളത്. തൊലി കളയുക, കുതിര്‍ക്കുക, ശരിയായ സംസ്‌കരണം, പാചക രീതി തുടങ്ങിയതിലൂടെ കപ്പയിലെ ഈ സയനൈഡ് അംശത്തെ ഗണ്യമായി കുറക്കാന്‍ കഴിയും. 

വെയിലത്ത് ഉണക്കിയെടുക്കുന്ന കപ്പയില്‍ സയനൈഡ് വളരെ കുറവാണ്. ഒരു കിലോ അസംസ്‌കൃത കപ്പയില്‍ ഏകദേശം 15 മുതല്‍ 50 മില്ലിഗ്രാം വരെയാണ് ഹൈഡ്രജന്‍ സയനൈഡിന്റെ സാന്നിധ്യം. എന്നാല്‍, കയ്പുള്ള കപ്പയില്‍ ഇത് 400 മില്ലിഗ്രാം വരെയാവാം. 

മരിച്ചീനിയില്‍ അടങ്ങിയ സയനൈഡ് അംശം വളരെ കുറവായതിനാല്‍ തന്നെ അത് ശരിയായി പ്രോസസ്സ് ചെയ്യുന്നതോടെ ഒരിക്കലും അപകടകരമാവുന്നില്ല. ഇതെല്ലാം അറിയാവുന്നതിനാലാണ് കപ്പ പാചകം ചെയ്യുമ്പോള്‍ വെള്ളം ഊറ്റിക്കളയുന്നത്. തൊലി കളഞ്ഞ കപ്പക്കഷണം കടിച്ചുതിന്നുമ്പോഴും പ്രശ്‌നമില്ല. എന്നാല്‍, വേവിക്കാത്ത കപ്പ കുറേ കഴിക്കുമ്പോള്‍ ഒരു ചൊരുക്ക് ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.

കപ്പത്തൊലിയില്‍ സയനൈഡ് അംശം ഉണ്ടെങ്കിലും ഒന്ന് കടിച്ചുപോയാല്‍ കാലികള്‍ക്ക് ജീവഹാനി സംഭവിക്കില്ല. എന്നാല്‍, വന്‍തോതില്‍ കപ്പത്തൊലി അകത്ത് പ്രവേശിക്കുന്നത് കാലികളെ ഗുരുതരാവസ്ഥയിലെത്തിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം