
ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രധാന മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വാദമായിരുന്നു ജനസംഖ്യാ നിയന്ത്രണം. 1970കള്‍ മുതല്‍ക്കേ ജനസംഖ്യാ നിയന്ത്രണം ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും ഏറ്റെടുത്തു. ലോകത്തെ ജനസംഖ്യയുടെ നാല്‍പത് ശതമാനവുമുണ്ടായിരുന്ന ചൈനയും ഇന്ത്യയുമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിന് പ്രധാനമായി ഊന്നല്‍ കൊടുത്തത്. സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി വലിയ പ്രചാരണ പരിപാടികള്‍ നടന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കയും മറ്റ് വികസിത, വികസ്വര ഏഷ്യന്‍ രാജ്യങ്ങളും ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ത്വരിതമായ പദ്ധതികള്‍ നടപ്പാക്കി. ചൈനയിലെ ഒറ്റക്കുട്ടി സമ്പ്രദായം വിവാദങ്ങളാല്‍ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും 40 വര്‍ഷമാണ് ഈ നയം ചൈനീസ് സർക്കാർ തുടര്‍ന്നത്.
കുടുംബാസൂത്രണ പദ്ധതിയിലൂടെ ഇന്ത്യയും ഏറെ മുന്നോട്ട് പോയി. ജനസംഖ്യാപെരുപ്പം ലോകസാമ്പത്തിക രംഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്നും വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നുമായിരുന്നു പ്രധാന വാദം. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ജനങ്ങളിലെത്തില്ലെന്നും കുടുംബ-സാമൂഹികാവസ്ഥക്ക് കോട്ടം തട്ടുമെന്നൊക്കെ ശാസ്ത്രീയമായി ഉന്നയിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ ജനസംഖ്യാ പെരുപ്പവും മനുഷ്യവംശം നേരിടുന്ന വെല്ലുവിളിയായി ഗണിക്കപ്പെട്ടു.
ലോകത്താകമാനം സംയോജിതമായ പദ്ധതികളിലൂടെ ജനസംഖ്യ നിയന്ത്രണ വിധേയമാകുന്നതാണ് പിന്നീട് കണ്ടത്. വികസിത രാജ്യങ്ങളിലും ചൈനയിലും ജപ്പാനിലുമെല്ലാം ജനസംഖ്യ കുറഞ്ഞ് വരുകയും ജനന നിരക്ക് താഴുകയും ചെയ്തു. എന്നാല്‍, ഈ കാലത്തിനിടക്ക് ആഗോള സാമ്പത്തിക, സാങ്കേതിക രംഗം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. കൃഷി മുതലുള്ള എല്ലാ അടിസ്ഥാന മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ വലിയ കുതിച്ചുചാട്ടമുണ്ടായി. തത്ഫലമായി ഭക്ഷ്യ വസ്തുക്കളടക്കമുള്ള അടിസ്ഥാന ഉല്‍പ്പാദന രംഗത്തും വര്‍ധനവുണ്ടായി. ഇന്ത്യയും ചൈനയുമടക്കം വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ പോലും ഉല്‍പാദന മിച്ചമുണ്ടാകുന്ന അവസ്ഥയുണ്ടായി. അതേസമയം, ഭരണരംഗത്തെ അസ്ഥിരതയും ആഭ്യന്തര സംഘര്‍ഷവും കാരണം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രാവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ആഗോള ജനസംഖ്യയിൽ അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായതെന്നത് യാഥാർഥ്യമാണ്. ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍, ശാസ്ത്രത്തിന്റെ വളർച്ച, കാര്‍ഷിക മേഖലയിലെ സാങ്കേതികവത്കരണം എന്നിവ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായി. ജനസംഖ്യാ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ വെറും 70 വർഷത്തിനുള്ളിലാണ് മനുഷ്യ ജനസംഖ്യ മൂന്നിരട്ടിയായി വർധിച്ചത്. 1950-ൽ 250 കോടി ജനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2020-ൽ 770 കോടിയായി ഉയര്‍ന്നു. ലോക ജനസംഖ്യ 100 കോടിയിലെത്താന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 800 കോടി കടന്നു.
2011 ആയപ്പോഴേക്കും ലോകജനസംഖ്യ 700 കോടിയായി. ഏഷ്യന്‍ രാജ്യങ്ങളാണ് ലോകജനസംഖ്യയുടെ സിംഹഭാഗവും സംഭാവന ചെയ്തത്. ചൈനയും ഇന്ത്യയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടര്‍ന്നു. നിലവില്‍ യുഎന്നിന്‍റെ കണക്കുപ്രകാരം ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതായി. ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങൾ പ്രകാരം വരും ദശകങ്ങളിലും ഈ വർധനവ് തുടരും. 2030 ൽ 8.6 ബില്യൺ, 2050 ൽ 9.8 ബില്യൺ, 2100 ൽ 11.2 ബില്യൺ എന്നിങ്ങനെയായിരിക്കും ജനസംഖ്യാ വർധനവെന്നും പറയുന്നു. എന്നാല്‍ പുതിയ പഠനങ്ങളില്‍ യുഎന്‍ നിഗമനം പോലെ ജനസംഖ്യ അത്രകണ്ട് വര്‍ധിക്കില്ലെന്നും പറയുന്നു.
മാറിയ സാമൂഹിക, ജോലി, കുടുംബ സാഹചര്യങ്ങളില്‍ ലോകമെമ്പാടും പ്രത്യുൽപാദന നിരക്കുകൾ ഇപ്പോൾ കുറയുന്നതായാണ് കണക്കുകള്‍ പറയുന്നത്. പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം മിക്ക രാജ്യങ്ങളിലും കുറഞ്ഞുവരുന്നു. അതോടൊപ്പം പ്രത്യുല്‍പാദന നിരക്കിലും ഇടിവുണ്ടാകുന്നു. കേരളത്തിലടക്കം ഈ മാറ്റത്തിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങി. 2020 ലെ ഒരു പഠനം പ്രവചിക്കുന്നത് 2100 ൽ ആഗോള ജനസംഖ്യ മുമ്പ് പ്രവചിച്ചതിനേക്കാൾ 200 കോടി കുറവായിരിക്കുമെന്നാണ്. ലോകജനസംഖ്യക്ക് അതിവേഗം വാർധക്യം പ്രാപിക്കുമെന്നും ഈ മാറ്റം തൊഴിൽ, കുടുംബ, സാമൂഹിക വ്യവസ്ഥയെ ഒന്നടങ്കം ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ലോകമെമ്പാടുമുള്ള ജനനനിരക്ക് കുത്തനെ കുറയുകയും ആളുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച 2020 ലെ ഒരു പഠനത്തില്‍, 2064 ൽ ആഗോള ജനസംഖ്യ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും പിന്നീട്, ജനസംഖ്യ വളർച്ചയുടെ ഗ്രാഫ് താഴോട്ടാകുമെന്നും 2100 ആകുമ്പോഴേക്കും 8.8 ബില്യണായി കുറയുമെന്നും പ്രവചിക്കുന്നു. 2019 ൽ യുഎൻ പ്രവചിച്ചതിനേക്കാൾ 200 കോടി ജനങ്ങളുടെ കുറവാണ് ലാന്‍സെറ്റ് പഠനം പറയുന്നത്.
പകുതി രാജ്യങ്ങളിലും ഇതിനകം തന്നെ ജനനനിരക്ക് ജനസംഖ്യാ നിരക്കിന് താഴെയാണ്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയ്ക്ക് കാരണമാകുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായ ഇന്ത്യ, മെക്സിക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍പ്പോലും ജനനനിരക്ക് മന്ദഗതിയിലാണ്. ജപ്പാൻ, ഹോങ്കോംഗ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയുൾപ്പെടെ ഏഷ്യയിലെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ അൾട്രാ ലോ ഫെർട്ടിലിറ്റി എന്ന വെല്ലുവിളി അഭിമുഖീകരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഗോള ജനസംഖ്യ ചരിത്രത്തിലെ ആദ്യത്തെ ഇടിവിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസം, തൊഴിൽ വിപണി, ആരോഗ്യ സേവനങ്ങൾ, ഗർഭനിരോധന മാർഗങ്ങൾ എന്നിവയും സ്ത്രീ ശാക്തീകരണവും പ്രത്യുൽപാദന നിരക്ക് കുറയുന്നതിന് കാരണമായെന്നാണ് വിലയിരുത്തല്‍. നിലവില്‍ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രത്യുൽപാദന നിരക്ക് ഉള്ള ആഫ്രിക്കയിൽ (4.1 ), ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി നൈജീരിയ മാറുമെങ്കിലും (നിലവില്‍ 23 കോടി) ലോകത്താകമാനമുള്ള ട്രെന്‍ഡ് ആഫ്രിക്കയും പിന്തുടരും. തൊഴില്‍ സുരക്ഷ, മെച്ചപ്പെട്ട വരുമാനം എന്നിവയുള്ള സ്ത്രീകള്‍ക്ക് പ്രസവത്തിലും പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തിലും താല്‍പ്പര്യം കുറയുന്നതായും പഠനങ്ങള്‍ പറയുന്നു. ഉയർന്ന ജീവിതച്ചെലവുകളും ദമ്പതികളെ കുട്ടികളെ പ്രത്യുല്‍പാദിപ്പിക്കുന്നതില്‍ നിന്ന് വിലക്കുന്നു.
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ വിപണിയില്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് യുഎസ് പഠനത്തില്‍ കണ്ടെത്തി. ഡെൻമാർക്കിൽ വരുമാനത്തില്‍ 20 ശതമാനമാണ് ലിംഗ വ്യത്യാസം. ദക്ഷിണ കൊറിയയിൽ, ലിംഗ വേതന വ്യത്യാസം 34.6 ശതമാനമാണ്. സ്ത്രീകളുടെ ഉയർന്ന തൊഴിൽ പങ്കാളിത്തവും ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കും തമ്മില്‍ പരസ്പരബന്ധമുണ്ടെന്നും പഠനങ്ങൾ പറയുന്നു. അതോടൊപ്പം 1920നും 2020നും ഇടയിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. ആരോഗ്യമേഖലയിലെ നൂതനമായ കണ്ടെത്തലുകളും ആധുനിക ചികിത്സാ രീതിയും ആയുര്‍ദൈര്‍ഘ്യം ഇനിയും വര്‍ധിപ്പിക്കുമെന്ന് അടിവരയിടുന്നു.
തിരിച്ചുനടക്കുന്ന ലോകം
ജനസംഖ്യയും ജനനനിരക്കും കുറയുന്നത് സാമ്പത്തികമായി പിന്നോട്ടടിക്കാന്‍ കാരണമാകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ലോകസാമ്പത്തിക ശക്തികള്‍ അടക്കം തങ്ങളുടെ രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒറ്റക്കുട്ടി നയം അവതരിപ്പിച്ച് 40 വർഷത്തിനുശേഷം ചൈന തങ്ങളുടെ നയം പൊളിച്ചുമാറ്റിയെന്ന് മാത്രമല്ല, പിന്നോട്ട് നടക്കുകയും ചെയ്യുന്നു. പ്രസവം വര്‍ധിപ്പിക്കുന്നതിനായി സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായമടക്കം ചൈന വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദമ്പതികള്‍ക്ക് ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. 1960 കൾക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്ക് ചൈന അനുഭവിക്കുകയാണെന്ന് ഏറ്റവും പുതിയ സെൻസസ് കാണിക്കുന്നു.
റഷ്യയിലും സമാനമായ സ്ഥിതിയാണ്. അമ്മയാകാന്‍ തയ്യാറുള്ള യുവതികള്‍ക്ക്, അവര്‍ വിദ്യാര്‍ഥികളാണെങ്കില്‍ കൂടി സാമ്പത്തിക സഹായം റഷ്യ വാഗ്ദാനം ചെയ്യുന്നു. ലോക രാഷ്ട്രീയത്തില്‍ തങ്ങളുടെ അധീശത്വം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ജനസംഖ്യ വര്‍ധിപ്പിക്കണമെന്നാണ് യുഎസ് ഭരണകൂടത്തിന്‍റെയും നിലപാട്. ഗര്‍ഭനിരോധന നിയന്ത്രണമടക്കമുള്ള ട്രംപിന്‍റെ നയത്തെ ഇതിന്‍റെ ഭാഗമായി കാണുന്നു. ജപ്പാനിലും ദക്ഷിണകൊറിയയിലും സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന രാജ്യങ്ങളാണ് രണ്ടും. കൂടുതല്‍ കുട്ടികള്‍ ജനിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങളാണ് രണ്ട് രാജ്യങ്ങളും നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചും രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. യൂറോപ്പില്‍, മുൻ വർഷത്തെ അപേക്ഷിച്ച് 2023 ൽ 0.2% കുറവ് രേഖപ്പെടുത്തി.
ഇന്ത്യയിലെ സാഹചര്യം
ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുടെ രാജ്യമായി മാറിയെങ്കിലും ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജനസംഖ്യ വര്‍ധിക്കുന്നുണ്ടെങ്കിലും, മുന്‍കാലങ്ങളെ അപേക്ഷിച്ച് വളര്‍ച്ച മന്ദഗതിയിലാണ്.1970ല്‍ രാജ്യത്ത് 1000 പേര്‍ക്ക് ജനന നിരക്ക് 39.76 ആയിരുന്നെങ്കില്‍, 2025ല്‍ 2025ല്‍ 16.55 ആകുമെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ 16.15ആയിരുന്നു. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് (ഒരു സ്ത്രീ ജന്മം നല്‍കുന്ന കുട്ടികളുടെ എണ്ണം) നിലവില്‍ 1.98 ആയി ചുരുങ്ങി. 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പ്രകാരം, ഇന്ത്യയിലെ ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണമായ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (TFR) 2.0 ൽ എത്തി. ഈ നിരക്ക് 2000 ലെ ദേശീയ ജനസംഖ്യാ നയവുമായും 2017 ലെ ദേശീയ ആരോഗ്യ നയത്തില്‍ ലക്ഷ്യമിട്ട 2.1 നിരക്കിനെ മറി കടന്നെങ്കിലും 1.98 എത്തിയത് ആശങ്കയോടെയാണ് നോക്കി കാണുന്നത്.
കേരളത്തിലെ സാഹചര്യം
ദേശീയതലത്തില്‍ നടപ്പാക്കിയ കുടുംബാസൂത്രണം ഏറ്റവും വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനനനിരക്കിലും ഫെര്‍ട്ടിലിറ്റി നിരക്കിലും ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ് കേരളത്തിലെ നിരക്ക്. 2021ല്‍ കേരളത്തിലെ ജനനനിരക്ക് 12.1 ആയി താഴ്ന്നു. ജനന നിരക്കില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ് കേരളത്തിലെ നിരക്ക്. പ്രത്യുല്‍പാദന നിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. 2020ലെ കണക്കനുസരിച്ച് 1.5 ആണ് കേരളത്തിലെ പ്രത്യുല്‍പാദന നിരക്ക്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2024-ൽ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായി. 2014-ൽ 5.34 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ, 2024ല്‍ 3.45 ലക്ഷം കുട്ടികളാണ് ജനിച്ചത്. കുട്ടികള്‍ കുറയുന്ന പ്രവണത എല്ലാ ജില്ലകളിലും കാണുന്നു.
കുട്ടികളുണ്ടാകാനുള്ള യുവതലമുറയുടെ വിമുഖത, വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, അണുകുടുംബ വ്യവസ്ഥ എന്നിവയാണ് കേരളത്തിലും കുട്ടികള്‍ കുറയുന്നതിന്‍റെ കാരണമെന്നും വിലയിരുത്തുന്നു. 2021ല്‍ കേരളത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ 16.5 ശതമാനമാണ് വയോജനങ്ങളുടെ എണ്ണമെങ്കില്‍ 2031ഓടുകൂടി അത് 21 ശതമാനമായി ഉയരുമെന്നും പറയുന്നു. അതായത് ഉല്‍പാദന ക്ഷമതയുള്ള ആളുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ആയുര്‍ദൈര്‍ഘ്യത്തിലും കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലും വികസിത രാജ്യങ്ങള്‍ക്കൊപ്പവുമാണ്. 2020ലെ പ്ലാനിങ് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ ദൈര്‍ഘ്യം 77.8 വര്‍ഷവും പുരുഷന്മാരുടേത് 72.5 വര്‍ഷവുമാണ്.
സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍
ജനസംഖ്യ കുറയുന്ന പ്രവണതയെ പോസിറ്റീവായിട്ടല്ല മുന്‍നിര രാജ്യങ്ങള്‍ കാണുന്നത്. നിലവിലെ സാമ്പത്തിക-രാഷ്ട്രീയ രംഗത്തെ വലിയ മാറ്റങ്ങള്‍ക്ക് ജനസംഖ്യ കുറയുന്നത് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ജനസംഖ്യ കുറയുന്നത് സാമ്പത്തിക രംഗത്തെ തകര്‍ച്ചക്കും അതുവഴി ആഗോള രാഷ്ട്രീയത്തിലുണ്ടാകുന്ന അപ്രമാദിത്തത്തിനും കോട്ടം തട്ടുമെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വം കരുതുന്നത്. ജനസംഖ്യ കുറയുന്നത് വഴി, ഉല്‍പാദിപ്പിക്കപ്പെടുന്ന ചരക്കുകള്‍ ഉപഭോഗം ചെയ്യാന്‍ ആളില്ലാതെ വരുകയും തൊഴില്‍ നഷ്ടവും വന്‍തോതിലുള്ള ഉല്‍പാദനക്കുറവും നേരിടുമെന്നും വിദഗ്ധര്‍ മുന്നില്‍കാണുന്നു.
രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ആശങ്കക്ക് ഇന്ത്യയില്‍ തന്നെ ഉദാഹരണം കാണാം. കുടുംബാസൂത്രണം കൃത്യമായി നടപ്പാക്കി ജനസംഖ്യ കുറച്ച കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടുന്ന കേന്ദ്ര ഫണ്ടുകളില്‍, ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിഹിതമാണ് ലഭിക്കുന്നത്. അതുപോലെ, ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍ക്രമീകരിക്കുന്നത് വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റ് നഷ്ടമുണ്ടാക്കുമെന്നും ദേശീയ രാഷ്ട്രീയത്തില്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി കുറയുമെന്നും വാദിക്കുന്നു. അതുകൊണ്ട് തന്നെ ജനസംഖ്യാടിസ്ഥാനത്തിലുല്ള മണ്ഡല പുനര്‍നിര്‍ണയത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നു.