
സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമായ പശ്ചിമ ഘട്ടത്തില്‍ നിന്നും പുതിയ രണ്ട് നിഴല്‍ത്തുമ്പികളെ കൂടി കണ്ടെത്തി. ഇതോടെ കേരളത്തിൽ ഇപ്പോൾ 17 ഇനം നിഴൽത്തുമ്പികളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് എന്നിവിടങ്ങളിലാണ് മലയാളികള്‍ അടക്കമുള്ള ഗവേഷക സംഘം പുതിയ നിഴല്‍ത്തുമ്പികളെ കണ്ടെത്തിയത്. ആര്യനാട് കണ്ടെത്തിയ തുമ്പിക്ക് 'ചോപ്പന്‍ നിഴല്‍ത്തുമ്പി'യെന്നും (Protosticta sanguinithorax-ഇംഗ്ലീഷ് പേര്: Crimson Shadowdamsel), സിന്ധുദുര്‍ഗ്ഗില്‍ കണ്ടെത്തിയതിന് 'കൊങ്കണ്‍ നിഴല്‍ത്തുമ്പി'യെന്നുമാണ് (Protosticta shambhaveei-ഇംഗ്ലീഷ് പേര്: Konkan Shadowdamsel) പേര് നല്‍കിയിരിക്കുന്നത്. ഗവേഷണ പ്രബന്ധം സൂടാക്‌സ (Zootaxa) എന്ന അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഗവേഷകനായ ഡോ.എഫ്. സി ഫ്രേസര്‍, നീലഗിരി കുന്നുകളില്‍ നിന്നും കണ്ടെത്തിയ ചെമ്പന്‍ നിഴല്‍ത്തുമ്പിയോടാണ് (Protosticta sanguinostigma) ഈ പുതിയ തുമ്പികള്‍ക്ക് ഏറ്റവും സാമ്യമുള്ളത്. എന്നാല്‍, ശരീരത്തിലെ പ്രധാന നിറം, പിന്‍കഴുത്തിന്‍റെയും ചെറുവാലുകളുടെയും ജനനേന്ദ്രിയത്തിന്‍റെയും ആകൃതി എന്നിവയിലെ വ്യത്യാസം തിരിച്ചറിഞ്ഞതിലൂടെ ഇവ വേറെ ജൈവജാതികള്‍ ആണെന്ന് ഗവേഷക സംഘത്തിലെ മലയാളിയായ ഡോ.വിവേക് ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇവ തമ്മില്‍ ജനിതകപരമായ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
(ചോപ്പന്‍ നിഴല്‍ത്തുമ്പി - ആൺ)
ഡോ.വിവേക് ചന്ദ്രനോടൊപ്പം റെജി ചന്ദ്രന്‍ (സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസ്, കേരളം), ഡോ.ദത്തപ്രസാദ് സാവന്ത് (ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബട്ടര്‍ഫ്ളൈസ്), ഡോ.പങ്കജ് കൊപാര്‍ഡെ (എം.ഐ.ടി വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റി, പൂനെ), ഹേമന്ത് ഒഗലെ, അഭിഷേക് റാണെ (ഇരുവരും മഹാരാഷ്ട്രയിലെ പ്രകൃതി നിരീക്ഷകര്‍), ഡോ.കൃഷ്ണമേഖ് കുണ്ടെ (നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ബെംഗളൂരു) എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍. പശ്ചിമഘട്ടം നിഴല്‍ത്തുമ്പികളുടെ വൈവിധ്യമേറെയുള്ള മേഖലയാണെന്ന് ഗവേഷകര്‍ വിലയിരുത്തി. വനങ്ങളുടെ ആരോഗ്യ സൂചകങ്ങളായ തുമ്പികളെ പറ്റി കൂടുതല്‍ പഠനങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഒറ്റക്കാഴ്ചയില്‍ ഒരുപോലെ, പക്ഷേ വ്യത്യസ്തം
പശ്ചിമഘട്ട മേഖല ഇന്നും സങ്കീര്‍ണ്ണമായ ജൈവസമൃദ്ധിയാല്‍ സമ്പന്നമാണ്. നേര്‍ക്കാഴ്ചയില്‍ വളരെ സാമ്യമുള്ള സ്പീഷീസുകളിലെ വ്യത്യാസം രൂപശാസ്ത്രപരവും ജനിതകവുമായ സൂക്ഷ്മപഠനങ്ങളിലൂടെ മാത്രമേ തെളിയിക്കാന്‍ കഴിയൂ. ചോപ്പന്‍ നിഴല്‍ത്തുമ്പിയും കൊങ്കണ്‍ നിഴല്‍ത്തുമ്പിയും ചെമ്പന്‍ നിഴല്‍ത്തുമ്പിയില്‍ നിന്നും വ്യത്യസ്തമായ സ്പീഷീസാണെന്ന് കണ്ടെത്തിയതും ഇത്തരം സൂക്ഷ്മ പഠനത്തിലൂടെയാണ്.
(കൊങ്കൺ നിഴൽത്തുമ്പി - ആണ്‍)
1922-ലെ ഒരു സ്പീഷീസ് പഠനത്തില്‍ ഇവയെ Protosticta sanguinostigma എന്ന വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരുന്നത്. തിളങ്ങുന്ന ചുവന്ന (ക്രിംസണ്‍) നിറത്തിലുള്ള നെഞ്ചിന്‍ ഭാഗമാണ് (thorax) ചോപ്പന്‍ നിഴല്‍ത്തുമ്പിയുടെ പ്രത്യേകത. അതേസമയം, ബ്രൗണ്‍ നിറത്തിലുള്ള നെഞ്ച്, തവിട്ട് നിറത്തിലുള്ള തടിച്ച വരകളുള്ള കണ്ണ് എന്നിവ കൊങ്കണ്‍ നിഴല്‍ത്തുമ്പിയില്‍ കാണാം. ശരീരനിറം, പ്രോതോറാക്‌സ് ആകൃതി, വാല്‍ ഭാഗത്തിലെ (caudal appendages) വ്യത്യാസങ്ങള്‍, പ്രജനനാവയവങ്ങളുടെ ഘടന, DNA അടിസ്ഥാനത്തിലുള്ള ഭിന്നതകള്‍ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ ഇവയെ സ്വതന്ത്ര സ്പീഷീസുകളായി കണക്കാക്കാമെന്ന് ഗവേഷണ സംഘം വിലയിരുത്തി. COI gene പഠനത്തില്‍, ചെമ്പന്‍ നിഴല്‍ത്തുമ്പിയോട് താരതമ്യം ചെയ്തപ്പോള്‍ 10% - 11% വരെ ഇവയ്ക്ക് ജനിതക വ്യത്യാസമുണ്ടെന്നും കണ്ടെത്തി.
മെയ്-സെപ്റ്റംബര്‍ മാസങ്ങളില്‍ തിരുവനന്തപുരം ആര്യനാട്ടെ ചെറിയ വനസ്രോതസ്സുകളിലെ ഒഴുക്കിലാണ് ചോപ്പന്‍ നിഴല്‍ത്തുമ്പിയെ കണ്ടെത്തിയത്. ഇവ പുല്ലുകളും ഇലകളും നിറഞ്ഞ താഴ്ന്ന സ്ഥലങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്. കൊങ്കണ്‍ നിഴല്‍ത്തുമ്പിയെ ജൂണ്‍-ജൂലൈ മാസങ്ങളില്‍ അംബോലി പ്രദേശത്തെ ഉയര്‍ന്ന ജലസ്രോതസ്സുകളിലാണ് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തില്‍ ഇവയെ താഴ്ന്ന പ്രദേശങ്ങളിലും കണ്ടെത്തി. ഇവ സാധാരണയായി മുളങ്കാടുകളില്‍ ജീവിതം മുന്നോട്ട് നീക്കുന്ന ഇനമാണ്.