
തമിഴ്‌നാട്ടിലെ കീഴടി പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരായിരുന്നു കെ. അമർനാഥ് രാമകൃഷ്ണ. കീഴടിയിൽ 2014–15, 2015–16 വർഷങ്ങളിൽ നടന്ന പുരാവസ്തു ഖനനങ്ങൾക്ക് നേതൃത്വം നൽകിയത് അമർനാഥ് രാമകൃഷ്ണ ആയിരുന്നു. ഡൽഹി, ഹൈദരാബാദ്, ഗോവ, ചെന്നൈ, ബെംഗളൂരു, ഗുവാഹത്തി, മൈസൂരു എന്നിവിടങ്ങളിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസുകളിൽ വിവിധ ഉന്നത പദവികൾ വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള പുരാവസ്തുഗവേഷകനാണ് അമർനാഥ് രാമകൃഷ്ണ. നിലവിൽ ഗ്രേറ്റർ നോയിഡയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നാഷണൽ മിഷൻ ഓൺ മോണ്യുമെന്റ്സ് ആൻഡ് ആന്റിക്വിറ്റീസിൽ ഡയറക്ടർ (ആർക്കിയോളജി) കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന അഗോറ 26 (AGORA '26) ൽ 'കീഴടിയും ഇന്ത്യയുടെ ഭൂതകാലത്തിന്റെ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംസാരിക്കാനായി അമർനാഥ് രാമകൃഷ്ണയും എത്തുന്നു.
മധുര, ശിവഗംഗ ജില്ലകളുടെ അതിർത്തിയിലായി വൈഗ നദീതീരത്തിന് സമീപം 110 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കീഴടി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെൻ്റും (ടിഎൻഎഡി) നടത്തിയ ഖനനത്തിൽ റേഡിയോകാർബൺ ഡേറ്റിംഗ് വഴി ബിസി ആറാം നൂറ്റാണ്ടിലെ ഒരു സംഘകാലത്തുള്ള ജനവാസകേന്ദ്രമാണു കീഴടി എന്ന് കണ്ടെത്തിയിരുന്നു.
ആദിമ ഇന്ത്യൻ ചരിത്രത്തിലെ സിന്ധു നദീതട സംസ്കാരത്തിന് ദ്രവീഡിയൻ നാഗരികതയുമായി ബന്ധമുണ്ടെന്ന സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ആയിരുന്ന അമർനാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ കണ്ടെത്തലുകൾ ഇന്ത്യൻ പുരാവസ്തുഗവേഷണ രംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ഇന്ത്യയുടെ ആദിമചരിത്രത്തെപ്പറ്റി കാലങ്ങളായി രൂപപ്പെട്ട ധാരണകൾ എല്ലാം തന്നെ തിരുത്തികുറിക്കുന്ന ഈ കണ്ടെത്തലുകൾ ലോകചരിത്രത്തിൽ ദ്രാവിഡ നാഗരികതയുടെ പ്രാധാന്യം മുന്നോട്ടുവയ്ക്കുന്നതായിരുന്നു.
എന്നാൽ വർഷങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിൽ കണ്ടെത്തിയ റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാടും ഗവേഷണത്തിന് നേതൃത്വം നൽകിയ അമർനാഥ് രാമകൃഷ്ണയെ സ്ഥലം മാറ്റിയതും വലിയ വിവാദങ്ങൾക്കും, സംസ്ഥാന- കേന്ദ്ര സർക്കാരുകൾ തമ്മിലെ തർക്കങ്ങൾക്കും വഴിതെളിച്ചിരുന്നു.
നവംബർ 28 ന് കീഴടി ഉദ്ഖനനത്തെ കുറിച്ചും ഇന്ത്യൻ ഭൂതകാലത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കാൻ അമർനാഥ് രാമകൃഷ്ണ അഗോറ വേദിയിലെത്തും. വൈകുന്നേരം 3 മണി മുതൽ 4 മണി വരെയാണ് സെഷൻ. കീഴടി ഗവേഷണത്തെ കുറിച്ച് 'The Dig: Keeladi and The Politics of India's Past' എന്ന പുസ്തകമെഴുതിയ മാധ്യമപ്രവർത്തക കൂടിയായ സൗമ്യ അശോക് ആണ് അമർനാഥ് രാമകൃഷ്ണയുമായി സംസാരിക്കുന്നത്. ഇന്ത്യൻ പുരാവസ്തു ഗവേഷണത്തെ കുറിച്ചും, കീഴടി ഉദ്ഖനനത്തെ കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശങ്ങളും അമർനാഥ് രാമകൃഷ്ണയുമായി പങ്കുവെക്കാം, ഏഷ്യാനെറ്റ് ന്യൂസ് അഗോറ 26 ലേക്ക് വരൂ.