തീക്ഷ്ണമായ എഴുത്ത്, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ; മീന കന്ദസാമിയുമായി സംവദിക്കാം 'അഗോറ'യിൽ

Published : Nov 22, 2026, 10:01 AM IST
meena kandasamy

Synopsis

പുതിയ കാലത്തെ പ്രക്ഷോഭങ്ങളെ കുറിച്ചും എന്തുകൊണ്ട് തനിക്ക് എഴുതാതിരിക്കാൻ കഴിയില്ല എന്നതിനെ കുറിച്ചുമെല്ലാം വിശദമായി സംസാരിക്കാൻ മീന കന്ദസാമി ഏഷ്യാനെറ്റ് ന്യൂസ് അഗോറ വേദിയിൽ എത്തുകയാണ്

'ഈ വലിയ മോശം ലോകത്തെക്കുറിച്ച് എനിക്ക് എല്ലാം അറിയാമെന്നാണ് പതിനേഴോ പതിനെട്ടോ വയസ്സുള്ളപ്പോൾ ഞാൻ കരുതിയിരുന്നത്. ചെറുപ്പമായിരിക്കുമ്പോൾ ലോകം കറുപ്പും വെളുപ്പും മാത്രമാണ്. ആ നിഷ്കളങ്കതയിൽ ജീവിക്കാൻ വളരെ എളുപ്പമാണ്. ആ പ്രായത്തിൽ എളുപ്പത്തിൽ വിപ്ലവം സൃഷ്ടിക്കാം, പ്രത്യാഘാതങ്ങളെ ഭയക്കാതെ അതിക്രമങ്ങളിൽ നിന്ന് ഇറങ്ങിപ്പോകാം, പൊതുവെ കൂടുതൽ റിസ്ക് എടുക്കാനും കഴിയും'- തന്നിലെ എഴുത്തുകാരി രൂപപ്പെട്ടതിനെ കുറിച്ച് മീന കന്ദസാമി പറഞ്ഞതാണിത്. 2006 ൽ മീന കന്ദസാമി തന്‍റെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചപ്പോൾ, സാഹിത്യലോകത്തിന് മീന കന്ദസാമിയെ എങ്ങനെ ഉൾക്കൊള്ളണമെന്ന് അറിയില്ലായിരുന്നു. സ്ത്രീവിമോചനത്തെയും ജാതിവിവേചനത്തെയും സാമൂഹ്യനീതിയെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണ്ണമായ ചോദ്യങ്ങളെ ഭംഗിവാക്കുകൾ കൊണ്ട് അവർ മറച്ചുവെച്ചില്ല. തീക്ഷ്ണതയും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയുമാണ് മീന കന്ദസാമിയുടെ എഴുത്തിന്‍റെ മുഖമുദ്ര. പുതിയ കാലത്തെ പ്രക്ഷോഭങ്ങളെ കുറിച്ചും എന്തുകൊണ്ട് തനിക്ക് എഴുതാതിരിക്കാൻ കഴിയില്ല എന്നതിനെ കുറിച്ചുമെല്ലാം വിശദമായി സംസാരിക്കാൻ മീന കന്ദസാമി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ' (AGORA) വേദിയിൽ എത്തുകയാണ്.

എഴുത്തിലെയും നിലപാടിലെയും വ്യക്തത

നോവലിസ്റ്റ്, കവയിത്രി, വിവർത്തക, ആക്റ്റിവിസ്റ്റ് എന്നിങ്ങനെ ഏത് നിലകളിൽ പരിശോധിച്ചാലും നിലപാടുകളിലെ വ്യക്തത ആണ് മീന കന്ദസാമിയുടെ എഴുത്തിന്‍റെ സവിശേഷത. വിയോജിപ്പിന്‍റെയും പ്രതിരോധത്തിന്റെയും യഥാർത്ഥ ശബ്ദമാകാൻ രാഷ്ട്രീയ ബോധ്യങ്ങളുള്ള എഴുത്തുകാരി തന്നോട് തന്നെ സത്യസന്ധത പുലർത്തണമെന്ന് മീന കന്ദസാമി എഴുത്തിന്‍റെ തുടക്ക കാലത്തിൽ തന്നെ തിരിച്ചറിഞ്ഞു. സ്ത്രീയെന്ന നിലയിലോ ഭാഷയുടെ പേരിലോ ജാതിയുടെ പേരിലോ താനൊരിക്കലും ലജ്ജിക്കേണ്ടതില്ല എന്നതിൽ അവർക്ക് വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രശസ്തിക്കോ പുരസ്കാരങ്ങൾക്കോ വേണ്ടി ഭാഷയിലോ നിലപാടിലോ ഒരു വിട്ടുവീഴ്ചയ്ക്കും അവർ ഇക്കാലമത്രയും തയ്യാറായിട്ടുമില്ല.

ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ പീഡന പരാതി ഉയർന്നപ്പോൾ, പരാതി ഉന്നയിച്ച സ്ത്രീകൾക്ക് നിരുപാധിക പിന്തുണ നൽകാൻ മുൻനിരയിൽ മീന കന്ദസാമിയുണ്ടായിരുന്നു. വൈരമുത്തുവിന്‍റെ പേര് കളങ്കപ്പെടുത്താനുള്ള ഏതോ ബ്രാഹ്മണ ഗൂഢാലോചനയാണ് ആരോപണങ്ങളെന്ന വാദമുയർന്നപ്പോഴും തന്‍റെ എഴുത്തിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം തനിക്കെതിരാവും എന്ന് അറിയാമായിരുന്നിട്ടും നിലപാടിൽ നിന്ന് അണുവിട മാറാൻ മീന കന്ദസാമി തയ്യാറായില്ല. ഗ്ലോബൽ സൗത്തിൽ എഴുത്തുകാരിയായി ജീവിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകൾ പോരാടേണ്ട അവസ്ഥയാണെന്നും മീന കന്ദസാമി ഒരിക്കൽ പറയുകയുണ്ടായി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പ്രധാന കൃതികൾ

തമിഴ്നാട്ടിൽ ജനിച്ച മീന കന്ദസാമി, പ്ലസ് ടു പഠന കാലത്തു തന്നെ എഴുത്തുകാരിയായി അടയാളപ്പെടുത്തപ്പെട്ടു. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സോഷ്യോ ലിംഗ്വിസ്റ്റിക്സിൽ പിഎച്ച്ഡിയും കരസ്ഥമാക്കി. ആദ്യ പുസ്തകമായ 'ടച്ച്' (Touch) 2006-ലാണ് പ്രസിദ്ധീകരിച്ചത്. 'മിസ് മിലിറ്റൻസി' (Ms Militancy), 'ടുമോറോ സംവൺ വിൽ അറസ്റ്റ് യു' (Tomorrow Someone Will Arrest You) എന്നിവയാണ് മറ്റു കവിതാ സമാഹാരങ്ങൾ. 'ദി ജിപ്സി ഗോഡസ്' (The Gypsy Goddess), 'വെൻ ഐ ഹിറ്റ് യു' (When I Hit You), 'എക്സ്ക്വിസിറ്റ് കാഡവേഴ്സ്' (Exquisite Cadavers), 'ഫീൽഡ്‌വർക്ക് ആസ് എ സെക്സ് ഒബ്ജക്റ്റ്' (Fieldwork as a Sex Object) എന്നീ നോവലുകളും ഏറെ ചർച്ച ചെയ്യപ്പെട്ടു. കൂടാതെ തിരുക്കുറൾ, പെരിയാറിന്‍റെയും തമിഴ് കവയിത്രികളുടെയും കൃതികൾ തുടങ്ങിയവ വിവർത്തനം ചെയ്തു. റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിലെ ഫെലോയും പെൻ ഹെർമൻ കെസ്റ്റൻ പുരസ്കാര ജേതാവുമായ മീന കന്തസാമിയുടെ കൃതികൾ 27 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദളിത് മീഡിയ നെറ്റ്‌വർക്കിന്റെ ദ്വൈവാരികയായ 'ദി ദളിത്' എഡിറ്ററായി പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ ടൈം മാസികയുടെ 'നെക്സ്റ്റ് ഇന്ത്യ' പട്ടികയിലും മീന കന്ദസാമി ഇടം പിടിച്ചു.

മീന കന്ദസാമിയെ കേൾക്കാം, 'അഗോറ'യിലേക്ക് വരൂ

നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്ന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ധരെയും ചിന്തകരെയും ഒരുമിപ്പിക്കുന്ന വേദിയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'അഗോറ'. ജെൻ സി പ്രക്ഷോഭത്തെ കുറിച്ച് ഒരു മില്ലെനിയലിന്‍റെ പ്രതികരണം, ഹിസ്റ്ററി ഈസ് ഫ്യൂച്ചർ, എന്തുകൊണ്ട് എഴുതാതിരിക്കാൻ കഴിയില്ല എന്നീ മൂന്ന് സെഷനുകളിലാണ് മീന കന്തസാമി പങ്കെടുക്കുന്നത്. നവംബർ 27 മുതൽ 29 വരെ തിരുവനന്തപുരത്തെ കനകക്കുന്നിലാണ് ആശയ മഹോത്സവം നടക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്നു തന്നെ രജിസ്റ്റർ ചെയ്യൂ.

PREV
Read more Articles on
click me!

Recommended Stories

‘ജീവിക്കുന്ന ഫോസിലിന്റെ’ കാവൽക്കാരി; ‘ഗ്രീൻ ഓസ്കാർ’ തിളക്കവുമായി ഡോ. ബർഖ സുബ്ബ ഏഷ്യാനെറ്റ് ന്യൂസ് അഗോറയിലേക്ക്!
അഗോറയിലെ രുചിക്കൂട്ട്: പ്രതിസന്ധികളെ തോൽപ്പിച്ച് ആബിദ റഷീദ് ഉയർത്തിയ വിജയകഥ!