സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത മലയാളി അഭിഭാഷകന്‍ കെ വി വിശ്വനാഥനെ കുറിച്ചറിയാം

By Dhanesh RavindranFirst Published May 19, 2023, 3:19 PM IST
Highlights

ഭരണഘടനാ, ക്രിമിനല്‍ നിയമങ്ങള്‍, വാണിജ്യ നിയമങ്ങള്‍, പാപ്പരത്ത നിയമം, മധ്യസ്ഥത തുടങ്ങിയ നിയമ മേഖലയില്‍ വലിയ പ്രാവീണ്യമുള്ള അഭിഭാഷകനാണ് കെ വി വിശ്വനാഥന്‍. 


രമോന്നത കോടതിയിലെ ന്യായാധിപ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി എത്തുകയാണ്. ഈക്കുറി സുപ്രീം കോടതി അഭിഭാഷകരിൽ നിന്ന് നേരിട്ട് ജഡ്ജി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മലയാളിയായ കെ.വി വിശ്വനാഥനാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ 2030 ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായും സ്ഥാനം ഏറ്റെടുക്കും. ആരാണ് കെ വി വിശ്വനാഥന്‍ ? 

മലയാളിയും സുപ്രീം കോടതി അഭിഭാഷകനുമായ കെ വി വിശ്വനാഥനും ഛത്തീസ്ജഡ് സ്വദേശിയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ പ്രശാന്ത് കുമാര്‍ മിശ്രയുമാണ് പുതുതായി സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. കൊളീജീയം ശുപാർശ നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരെയും കേന്ദ്രം ജഡ്ജിമാരായി നിയമിച്ചത്. പാലക്കാട് കൽപ്പാത്തിയിൽ 1966 മെയ് 16 -നാണ് അദ്ദേഹത്തിന്‍റെ ജനനം. കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്ന് അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് നിയമ ബിരുദമെടുത്താണ് അദ്ദേഹം നിയമരംഗത്തേക്ക് കടക്കുന്നത്. 1988 -ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്‍റോൾമെന്‍റ് നേടിയ അദ്ദേഹം പിന്നീട് തട്ടകം ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. 2009 -ല്‍ അദ്ദേഹം സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തി. 2013 രാജ്യത്തിന്‍റെ അഡീഷണൽ സോളിസിറ്റർ ജനറലായും ചുമതല വഹിച്ചു. 

ഭരണഘടനാ, ക്രിമിനല്‍ നിയമങ്ങള്‍, വാണിജ്യ നിയമങ്ങള്‍, പാപ്പരത്ത നിയമം, മധ്യസ്ഥത തുടങ്ങിയ നിയമ മേഖലയില്‍ വലിയ പ്രാവീണ്യമുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. സുപ്രീം കോടതി നിരവധി കേസുകളിൽ അദ്ദേഹത്തെ അമീക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. അവസാനമായി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയതിനെതിരായ കേസിൽ അമിക്കസ് ക്യൂറി എന്ന നിലയ്ക്ക് നൽകിയ റിപ്പോർട്ട്, രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യം ഏറെ ചർച്ച ചെയ്ത സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട കേസിലും ഭരണഘടനാ ബെഞ്ചിന് മുന്‍പാകെയും കെ വി വിശ്വനാഥൻ ഹാജരായിരുന്നു. വാട്സ്ആപ്പ് സ്വകാര്യതയുമായി ബന്ധപ്പെട്ട ഹർജിയിലടക്കം കെ വി വിശ്വനാഥന്‍റെ വാദങ്ങൾ ഏറെ ചർച്ചയായിരുന്നു. 

കേരളത്തിൽ നിന്നുമുള്ള നിരവധി കേസുകളിലും അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം, ഭിന്നശേഷി അധ്യാപക സംവരണം എന്നിവ അടക്കമുള്ള കേസുകളിലാണ് ജഡ്ജിയായി ഉയർത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹാജരായ കേരളത്തിൽ നിന്നുള്ള കേസുകൾ. സുപ്രീം കോടതി അഭിഭാഷകരിൽ നിന്ന് നേരിട്ടാണ് കൊളീജിയം കെ വി വിശ്വനാഥനെ പരമോന്നത കോടതിയിലെ ജഡ്ജി സ്ഥാനത്തേക്ക് ഉയർത്തുന്നത്. നിലവിൽ ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരാണ് സുപ്രീം കോടതിയിലെ മറ്റ് മലയാളി ജഡ്ജിമാർ.  ജസ്റ്റിസ് കെ എം ജോസഫ് അടുത്ത മാസം സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കും.   

2031 മേയ് 25 വരെയാണ് കെ വി വിശ്വനാഥിന്‍റെ കാലാവധി. ജസ്റ്റിസ് ജെ ബി പര്‍ദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോൾ കെ വി വിശ്വനാഥൻ രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തും. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാകും കെ വി വിശ്വനാഥൻ. അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കുയരുന്ന നാലാമത്തെ വ്യക്തിയെന്ന പ്രത്യേകതയും ജസ്റ്റിസ് കെ വി വിശ്വനാഥനെ തേടിയെത്തും. പാലക്കാട് കൽപ്പാത്തി സ്വദേശിയായ ജയ്ശ്രീയാണ് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍റെ ഭാര്യ, മകൾ സുകന്യ വിശ്വനാഥൻ അഭിഭാഷകയാണ്, ഇളയ മകൾ സുവർണ്ണ വിശ്വനാഥൻ വിദ്യാർത്ഥിയാണ്.
 

 

click me!