
എം.ടിയില്ലാത്ത അദ്ദേഹത്തിന്‍റെ ആദ്യത്തെ ജന്മദിനമാണിന്ന്. ‘എം.ടി വാസുദേവന്‍ നായര്‍’ എന്ന പേരില്‍ സമഗ്രവും ആധികാരികവുമായ ജീവചരിത്രം അടുത്ത മാസമാണ് പുറത്തിറങ്ങുന്നത്. ഡോ. കെ. ശ്രീകുമാറാണ് പുസ്തകം രചിച്ചിരിക്കുന്നത്. എം.ടിക്കൊപ്പമുള്ള അനുഭവം അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിനോട് പങ്കുവയ്ക്കുന്നു.
ജീവചരിത്രം എഴുതുന്നതിൽ എം.ടിക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് കേട്ടിട്ടുണ്ട്? പിന്നെങ്ങനെ ഇത് സംഭവിച്ചു? എന്തുകൊണ്ട് താങ്കൾ?
എം. ടി സാറുമായി ഒരുപാട് വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നു എനിക്ക്. ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ അറിയാമായിരുന്നു. എന്നിട്ടും ഒരു ജീവചരിത്ര പുസ്തകം എഴുതാമെന്ന തോന്നലോ ആഗ്രഹമോ ഒന്നും തന്നെ മനസിൽ ഉണ്ടായിരുന്നില്ല.
സാറിന്റെ ജാഫർഖാൻ കോളനിയിലുള്ള ഫ്ലാറ്റിൽ സാറിനെ കാണാൻ ഇടയ്ക്ക് ഞാൻ ചെല്ലാറുണ്ട്. തുഞ്ചൻപറമ്പിന്റെ ആവശ്യത്തിനാവും മിക്കവാറും. അതുപോലെ ഒരാവശ്യത്തിന് ചെന്നപ്പോൾ എം.എം ബഷീർ മാഷും അവിടെ ഉണ്ടായിരുന്നു. മാഷാണ്, 'സാറിന്റെ അനുവാദത്തോട് കൂടി നീ അദ്ദേഹത്തിന്റെയൊരു ജീവചരിത്രം എഴുതണം' എന്ന് പറയുന്നത്.
പെട്ടെന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി. സാറാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല. സാറിന് താല്പര്യമുണ്ടോ എന്നും അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു, 'എനിക്ക് അതിനുള്ള ധൈര്യമില്ല'. വീണ്ടും ബഷീർ മാഷ് നിർബന്ധം തുടർന്നു. 'സാറിന്റെ സഹകരണം ഉണ്ടെങ്കിൽ നമുക്ക് ആലോചിക്കാം' എന്നായിരുന്നു അപ്പോഴും എന്റെ മറുപടി. സാറാണെങ്കിൽ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ ഒന്നും പറഞ്ഞിട്ടുമില്ല. അന്നവിടുന്നു പോന്നു.
ഇടയ്ക്കെല്ലാം ഞാനവിടെ ചെല്ലും. സാറാണെങ്കിൽ ഇതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ബഷീർ മാഷാണെങ്കിൽ എന്നോട് 'അത് ചെയ്ത് തുടങ്ങിയില്ലേ' എന്നൊക്കെ ചോദിക്കുന്നുമുണ്ട്. അങ്ങനെ ഒരു ദിവസം ഞാൻ സാറിനോട് 'നമുക്ക് സംസാരിക്കാമോ' എന്ന് ചോദിച്ചു. അപ്പോൾ സാറ് സമ്മതിച്ചു.
ഒരു മണിക്കൂറാണ് ഞാനവിടെ സാറിനെ കേൾക്കാനും എഴുതാനുമായി പോകാറ്. ആദ്യമൊക്കെ സാറ് വലിയ താല്പര്യമൊന്നും കാണിച്ചില്ല. പറഞ്ഞ് തുടങ്ങിയാലും വേറെ ഏതെങ്കിലും വിഷയത്തിലേക്ക് പോകും. പല ദിവസങ്ങളിലും ഉദ്ദേശിക്കുന്നതൊന്നും സംസാരിക്കാൻ പറ്റുന്നില്ല. അപ്പോൾ ഞാനും കരുതി ഇത് വേണ്ട, നടക്കില്ല.
പക്ഷേ, പിന്നെ അദ്ദേഹത്തിന്റെ മട്ട് മാറി. ഞാൻ ചെന്നിരിക്കുമ്പോൾ തന്നെ ഓരോരോ കാര്യങ്ങൾ ഓർത്തെടുത്ത് പറയാൻ തുടങ്ങി. സാറിനും താല്പര്യമുണ്ടിപ്പോൾ എന്ന് മനസിലായി. അതോടെ ഞാനും അത് ഗൗരവത്തോടെ എടുക്കാൻ തുടങ്ങി.
ഞാൻ ചെല്ലാത്ത ദിവസങ്ങളിൽ ഞാനെന്താ ചെല്ലാത്തത് എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെ ഇത് ഗൗരവമുള്ളൊരു ജീവചരിത്ര രചനയായി. വളരെ യാദൃച്ഛികമായിട്ടാണ് വന്നുപെട്ടതെങ്കിലും പിന്നെപ്പിന്നെ കാര്യങ്ങൾ പറയാനൊക്കെ സാറിന് വലിയ ഉത്സാഹമായിരുന്നു.
അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഞാൻ ഓർത്തെടുക്കുകയും ശേഖരിക്കുകയും ചെയ്ത വിവരങ്ങളും എല്ലാം ചേർത്താണ് ഈ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.
സംസാരിക്കാൻ പിശുക്കുള്ള ആളാണ് എം.ടി എന്നാണ് പൊതുവേ പറയാറ്?
സാറിന് എല്ലാക്കാലത്തും സംസാരം കുറവായിരുന്നു. ഒന്നുകിൽ സാറിന് ഇഷ്ടമുള്ള വിഷയം ആയിരിക്കണം. അല്ലെങ്കിൽ താല്പര്യം ഉള്ള ആളോടായിരിക്കണം സംസാരിക്കുന്നത്. ഈ രണ്ട് കാര്യങ്ങളും വളരെ പ്രധാനമാണ്.
ഞാൻ മാതൃഭൂമിയിൽ ജോലി ചെയ്യുന്ന കാലത്ത് ആഴ്ചപ്പതിപ്പിന്റെ കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി സംസാരിക്കാറുണ്ടായിരുന്നു. അതുപോലെ തുഞ്ചൻ പറമ്പിൽ വന്ന ശേഷം തുഞ്ചൻപറമ്പിൽ വച്ചും, സാറിന്റെ വീട്ടിലും ഫ്ലാറ്റിലും വച്ചും, തുഞ്ചൻപറമ്പിലെ ഓരോ കാര്യങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. ആ സംസാരമെല്ലാം വളരെ കാര്യമായിട്ടുള്ള സംസാരമായിരുന്നു.
പക്ഷേ, അദ്ദേഹത്തിന് ഒന്നുരണ്ട് കാര്യങ്ങൾ വളരെ പ്രധാനമാണ്. ഒന്ന്, ഇപ്പോൾ ഒരു സംസാരത്തിന്റെ ആവശ്യമുണ്ടോ എന്ന് സാറ് തീരുമാനിക്കണം. പിന്നെ പറയാൻ ഒരു വിഷയം ഉണ്ടാകണം. വെറുതെ സമയംകൊല്ലിയായിട്ട് സാറിനോട് സംസാരിക്കാൻ വരുന്നവരെയൊക്കെ സാറ് തിരിച്ചയക്കുക തന്നെയാണ് ചെയ്യാറ്. സംസാരിക്കാൻ താല്പര്യമില്ല എന്ന് തന്നെ പറയും.
ഒന്നര വർഷക്കാലം ഒന്നരമണിക്കൂറു വരെയൊക്കെ എന്നോട് സ്വന്തം ജീവിതാനുഭവങ്ങൾ മുഴുവനും പറഞ്ഞ, വാചാലനായ ഒരു എംടിയെയാണ് എനിക്ക് പരിചയം. സംസാരത്തിൽ ഒട്ടും പിശുക്ക് കാണിക്കാത്ത, വളരെ ധാരാളിത്തമുള്ള ഒരു എം.ടിയെ.
എം.ടിക്കൊപ്പം ഡോ. കെ ശ്രീകുമാര്‍
നമുക്കറിയാത്ത ഒരു എം.ടി കൂടിയുണ്ടാകുമോ ഈ പുസ്തകത്തിൽ?
എന്താണ് എം.ടിയെ കുറിച്ച് പുതുതായി പറയാനുള്ളത് എന്നത് ജീവചരിത്രം എഴുതി തുടങ്ങിയപ്പോൾ എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരുന്നു. കാരണം, എം.ടിയുടെ കഥ, നോവൽ, തിരക്കഥ, മറ്റ് രചനകൾ സാഹിത്യം, പത്രപ്രവർത്തനം ഇവയെ കുറിച്ചെല്ലാം ആളുകൾക്ക് ഒരുപാട് അറിയാവുന്നതാണ്. ഒരുപാട് പുസ്തകങ്ങളിൽ പരാമർശങ്ങളുമുണ്ട്.
പിന്നെ, വ്യക്തിപരമായിട്ടുള്ള കാര്യങ്ങളിൽ തന്നെ നിന്റെ ഓർമ്മയ്ക്ക്, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി എന്നതൊക്കെ പോലെ ഒരുപാട് ആത്മകഥാപരമായിട്ടുള്ള പുസ്തകങ്ങൾ ഉണ്ട് താനും. അതിനാൽ, ഇനിയെന്ത് എന്നത് വലിയ വെല്ലുവിളി ആയിരുന്നു.
എന്നാൽ, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ അദ്ദേഹം എന്നോട് വെളിപ്പെടുത്തി. അതുപോലെ, മാതൃഭൂമിയിൽ നിന്നും ആദ്യഘട്ടത്തിൽ പോയപ്പോൾ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിച്ചിരുന്നു. ഉപജീവനത്തിനായി പല വേഷങ്ങളും കെട്ടിയിട്ടുള്ള ഒരാൾ കൂടിയാണ് അദ്ദേഹം.
ഉദാഹരണത്തിന് ക്ലാസിക് ബുക്ക് ട്രസ്റ്റ് എന്നൊരു പ്രസാധനശാല തുടങ്ങുന്നു. തെക്കേപ്പാട്ട് മെഡിക്കൽസ് എന്ന മെഡിക്കൽ സ്റ്റോർ തുടങ്ങുന്നു. സാഹസികത ഇഷ്ടപ്പെട്ട് ഒരു ജീപ്പ് വാങ്ങുന്നു. എന്നിട്ട്, 'സാഹസികത നമുക്ക് ഭാവനയിൽ കാണാൻ മാത്രമേ പറ്റൂ' എന്ന് പറഞ്ഞ് അത് വിറ്റുകളയുന്നു. അത് കൂടാതെ ഒരു ബിസ്ക്കറ്റ് കമ്പനിയുടെ പാർട്‍ണറായി മാറുന്നു. ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങുന്നു. ഒരു ഈവനിംഗ് പത്രം തുടങ്ങാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തെങ്കിലും അത് പൂർത്തിയാവാതെ പോകുന്നു. ഈ അനുഭവങ്ങളെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അത് കൂടാതെ അദ്ദേഹത്തിന്റെ വളരെ വിചിത്രങ്ങളായിട്ടുള്ള ചില സ്വഭാവങ്ങളുണ്ട്. ബീഡിവലിയും മദ്യപനവുമായിട്ടൊക്കെ ബന്ധപ്പെട്ട് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിൽ വരുന്നുണ്ട്. പിന്നെ, പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ വലിയൊരു ഇഷ്ടക്കാരനും, അത് ഫോട്ടോ എടുത്ത് തെളിയിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങൾ കൂടി ജീവചരിത്രത്തിൽ കൊണ്ടുവരാനായി ശ്രമിച്ചിട്ടുണ്ട്.
പിന്നെ, സാറിനെതിരെ പല കാലങ്ങളിലും വന്നിട്ടുള്ള വിയോജിപ്പുകളും എതിർപ്പുകളും വിമർശനങ്ങളും എല്ലാമുണ്ട്. പല വിഷയങ്ങളിലും പ്രതികരിക്കാത്ത ആളാണ് എം.ടി എന്ന വിമർശനമുണ്ട്. അതിന് മറുപടിയായി പെരിങ്ങോം ആണവനിലയം, മുത്തങ്ങ വെടിവെപ്പ്, നോട്ട് നിരോധനം, ചാലിയാറിന്റെ പ്രശ്നങ്ങൾ പോലെയൊക്കെയുള്ള സാമൂഹികപ്രശ്നങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടുണ്ട് ആ അനുഭവങ്ങൾ പറയുന്നുണ്ട്.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിരുന്ന കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ഏകാധിപത്യത്തെ കുറിച്ച് സംസാരിച്ച കാര്യങ്ങളൊക്കെയുമുണ്ട്. 'വാക്ക് കൊത്തിയ കാലങ്ങൾ' എന്ന അധ്യായത്തിൽ ഇതൊക്കെയും കാണാം.
നമുക്ക് അറിയാവുന്ന എം.ടി പൂർണമായും ഈ പുസ്തകത്തിൽ ഉണ്ട്. ഒപ്പം നമുക്ക് അറിയാത്ത എം.ടിയെയും ഒരുപാട് കാണാം. മാത്രമല്ല, വ്യക്തിപരമായി എനിക്ക് അറിയാവുന്ന ഒരു എം.ടിയെ കൂടി ഞാനിതിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതൊരുപക്ഷേ എനിക്ക് മാത്രം പറയാനാവുന്ന കാര്യങ്ങളാവാം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിന്‍റെ കീഴില്‍ പ്രവർത്തിച്ച ആളാണ്. പത്രാധിപരായ എം.ടി എങ്ങനെയാണ്?
ആഴ്ചപ്പതിപ്പിൽ മൂന്നര നാല് വർഷത്തോളം സാറിന്റെ കൂടെയുണ്ടായിരുന്ന ആളാണ് ഞാൻ. മാതൃഭൂമിയിൽ ട്രെയിനിയായിട്ട് വന്നു. അതിനുശേഷം ട്രെയിനിംഗ് പൂർത്തിയാകുമ്പോഴാണ് അതുവരെ ഉണ്ടായിരുന്ന കെ.വി രാമകൃഷ്നും ശത്രുഘ്നനും മാറി എ. സഹദേവനും ഞാനും ആഴ്ചപ്പതിപ്പിൽ വരുന്നത്.
ഒരിക്കൽ എറണാകുളം ജില്ലയിലെ കുഗ്രാമമായിരുന്ന കണയന്നൂരിലിരുന്ന് ഞാൻ ആരാധിച്ചിരുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിനടുത്ത്, അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ സാധിക്കുക എന്നത് വലിയ സുകൃതമായിട്ടാണ് ഞാൻ കാണുന്നത്.
ആഴ്ച്ചപ്പതിപ്പിന്റെ കാര്യങ്ങളൊക്കെയും അദ്ദേഹം സംസാരിക്കും. ഒരുപാട് സംസാരങ്ങളൊന്നും ഇല്ല, പക്ഷേ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയും. 'സാഹിത്യപത്രപ്രവർത്തനം' എന്താണ് എന്നുള്ളൊരു ബേസിക്ക്സ് എനിക്ക് കിട്ടിയത് സാറിൽ നിന്നും തന്നെയാണ്.
നമ്മളെടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ ധൈര്യവും സാറ് തന്നിട്ടുണ്ട്. ഞാൻ വരുന്ന കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പഴയ കവികൾ മാത്രം നിറഞ്ഞുനിന്നൊരു കാലമായിരുന്നു. അന്ന് സാറ് എന്നോട് പറഞ്ഞു, 'പഴയ കവികൾ മാത്രം പോരാ, പുതിയ കവികൾക്ക് കൂടി അവസരം കൊടുക്കണം'.
അങ്ങനെ ആഴ്ചപ്പതിപ്പിന്റെ ആദ്യഭാഗത്ത് സുഗതകുമാരി, എം.എൻ പാലൂർ, വിഷ്ണു നാരായണൻ നമ്പൂതിരി, ഒഎൻവി കുറുപ്പ്, പാലാ നാരായണൻ നായർ പോലെയുള്ളവരുടെ കവിതകൾ വരുമ്പോൾ മറുഭാഗത്ത് അൻവർ അലി, കെആർ ടോണി, വിഎം ഗിരിജ, അനിത തമ്പി, പിഎൻ ഗോപികൃഷ്ണൻ, വീരാൻകുട്ടി തുടങ്ങിയവരുടെ കവിതകൾ നൽകി തുടങ്ങി.
അതിന് കുറേ എതിർപ്പുകളുമുണ്ടായി. ആഴ്ചപ്പതിപ്പിന്റെ കവിതയുടെ നിലവാരം താണുപോകുന്നു, വൃത്തമില്ലാത്ത കവിതകൾ വരുന്നു തുടങ്ങിയ പരാതി എംടിയുടെ അടുത്ത് തന്നെ എത്തി. അന്ന് സാറ് എന്നെ പ്രതിരോധിച്ച് കൊണ്ട്, 'ഇതിലെ കവിതകൾ ഞാൻ കാണുന്നുണ്ട്. ആ കവിതകളുടെ ഗുണനിലവാരത്തെ കുറിച്ച് മറ്റൊരാളുടെ അഭിപ്രായം സ്വീകരിക്കേണ്ടതില്ല' എന്ന് പറഞ്ഞ് തുടക്കക്കാരനായ ഒരു സാഹിത്യ പത്രപ്രവർത്തകന് എല്ലാവിധ ധൈര്യവും തരികയായിരുന്നു.
എല്ലാ സമയത്തും നമ്മളെടുക്കുന്ന തീരുമാനങ്ങൾക്ക് നമ്മളോടൊപ്പം നിന്നിരുന്ന ഒരാളായിരുന്നു. ആവശ്യമില്ലാതെ ക്ഷുഭിതനായിട്ടില്ല. വേണ്ട രീതിയിൽ, വേണ്ട സമയത്ത് ഉപദേശങ്ങൾ തന്ന് ഒരുനല്ല മാർഗനിർദ്ദേശിയായി, ഒരു ബന്ധുവിനെ പോലെ കൂടെനിന്ന ആളായിരുന്നു. അദ്ദേഹം മാതൃഭൂമിയിൽ നിന്നും പോയപ്പോൾ അവിടെ തുടരാൻ താല്പര്യം ഇല്ലാതെ കണ്ണൂരിലേക്കും കാസർകോട്ടേക്കും ഒക്കെ സ്ഥലംമാറ്റം വാങ്ങി പോവുകയാണ് ഞാൻ ചെയ്തത്.
പിന്നീട്, ഞാൻ വാരാന്തപ്പതിപ്പിന്റെ ചുമതലയായിരുന്ന സമയത്ത് ഒരുപാട് രചനകളൊക്കെ അദ്ദേഹം ചെയ്ത് തന്നിട്ടുണ്ട്. കുഞ്ഞുണ്ണി മാഷെ കുറിച്ച്, കെ.ടി മുഹമ്മദിനെ കുറിച്ച്. വിഷുക്കാലത്തെയും ഓണസ്മരണകളെയും കുറിച്ച്, കോഴിക്കോടിൻ്റെ ഗതകാലചരിത്രത്തെ കുറിച്ച് ഒക്കെ അദ്ദേഹം എന്നോട് വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. എന്നോട് ഒരുപാട് വാത്സല്യം കരുതിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. ശ്രീകുമാരൻ എന്നായിരുന്നു വിളിച്ചിരുന്നത്. അതിൽതന്നെ അദ്ദേഹത്തിന്റെ കരുതലുണ്ടായിരുന്നു.
എഴുത്തുകാർ സ്വന്തം രചനകളെ കുറിച്ച് നിർത്താതെ പറയുന്ന/ പറയേണ്ടി വരുന്ന കാലത്ത് എം.ടിയെ ഓർക്കുമ്പോൾ?
സെൽഫ് മാർക്കറ്റിംഗിന്റെ കാലമാണിത്. നമ്മളെഴുതുന്ന ഒരു രചനയെ കുറിച്ച് നമ്മൾ തന്നെ വാചാലനാവുക, ഇല്ലാത്ത മേന്മകൾ അതിനുണ്ടെന്ന് നടിക്കുക ഇതൊക്കെ അതിൽ വരും. നമ്മുടെ എഴുത്തുകാർ 'ഞാൻ, ഞാൻ, ഞാൻ' എന്നതിന് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു സമയത്താണ് നമ്മൾ എം.ടിയെ കണ്ട് പഠിക്കേണ്ടത്. എം.ടി ഒരിക്കലും സ്വന്തം രചനകളെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കാറില്ല.
അതേസമയം, പത്രാധിപരായിരിക്കെ തന്നെ സ്വന്തം സെൻസിബിലിറ്റിയെ മറികടന്നുകൊണ്ട് നാരായണപിള്ളയുടെയും സക്കറിയയുടേയും കഥകൾ വരുന്നു 'ജോർജ്ജ് ആറാമന്റെ കോടതി'യും, 'മുരുകനെന്ന പാമ്പാട്ടി'യും, മേതിലിന്റെ 'സൂര്യവംശം' നോവലും പോലെയുള്ള എം.ടിയുടെ രചനാസംവേദനത്തെ കടന്നു നിൽക്കുന്ന രചനകളെ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നു.
പുതിയ എഴുത്തുകാരിലെ സ്പാർക്ക് അനുസരിച്ച് അവരെ കണ്ടെത്തുന്നു. അവരുടെ രചനകളിൽ വളരെ മാസ്മരികമായ ചില സ്പർശങ്ങൾ അദ്ദേഹം നൽകാറുണ്ട്. തലക്കെട്ടിലോ, വാചകത്തിലോ, തുടക്കത്തിലോ, അന്ത്യത്തിലോ അദ്ദേഹത്തിന്റെ ചെറിയ ഒരു കൈപ്പാട് വന്ന് കഴിയുമ്പോൾ ആ കഥയ്ക്ക് അല്ലെങ്കിൽ ആ നോവലിന്റെ തലം തന്നെ മാറുകയും അതിന്റെ ഗരിമ ഉയരുകയും ചെയ്യുമെന്ന് തോന്നാറുണ്ട്.
ഇക്കാലത്ത് നാം മാതൃകയാക്കേണ്ടുന്ന പത്രാധിപരാണ് അദ്ദേഹം എന്ന് തോന്നാറുണ്ട്. അദ്ദേഹത്തിന് സെൽഫ് മാർക്കറ്റിംഗിന്റെ ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെ വലിയ രീതിയിൽ വായിച്ച് വിലയിരുത്താനുള്ള ഒരു ആരാധകവൃന്ദം ഉള്ള സമയത്താണ് അദ്ദേഹം സജീവമായി പത്രപ്രവർത്തനരംഗത്തും സാഹിത്യരചനാ രംഗത്തും തിരക്കഥാരചനയിലും ഒക്കെ ഒരുപോലെ നിന്നത്.
'എം.ടി വാസുദേവൻ നായർ', എന്തുകൊണ്ടാണ് പുസ്തകത്തിന് ഇങ്ങനെ ഒരു തലക്കെട്ട്? അദ്ദേഹത്തിന്റെ മുഴുവൻ പേര്, വിശേഷണങ്ങളും ഇല്ല.
നാമറിയുന്ന ഏറ്റവും നല്ലൊരു ആത്മകഥയുടെ പേര് 'ഏണസ്റ്റ് ഹെമിംഗ്‍വേ' എന്നാണ്. അതുപോലെ, മലയാളത്തിൽ 'എം.ടി' എന്ന പേരിൽ പുസ്തകം ഇറങ്ങിയിട്ടുണ്ട്. 'എം.ടി വാസുദേവൻ നായർ' എന്ന പേരിൽ ഒരു പുസ്തകം ഇറങ്ങിയിട്ടില്ല. അങ്ങനെയാണ് സമഗ്രമായ ആ ജീവിതകഥയ്ക്ക് ‘എം.ടി വാസുദേവൻ നായർ’ എന്ന പേര് തന്നെ വേണം എന്ന് തീരുമാനിക്കുന്നത്.
അങ്ങനെയൊരു പേരുമതിയെന്ന് ആഗ്രഹം തോന്നിയപ്പോള്‍ അത് പി. കെ രാജശേഖരനെ പോലെയുള്ള സുഹൃത്തുക്കളുമായിട്ടൊക്കെ ആലോചിച്ചു. പിന്നീട്, ആ ടൈറ്റിൽ മാത്രം മതിയെന്ന് പ്രസാധകരെ അറിയിക്കുകയായിരുന്നു.
പുസ്തകം പൂർത്തിയാകും മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിയോഗം…
എം.ടിയുടെ മരണം ഒരു പിടിവള്ളി നഷ്ടപ്പെട്ട അവസ്ഥയാണ് എനിക്കുണ്ടാക്കിയത്. അതുവരെ കിട്ടിയിരുന്നൊരു സുരക്ഷ പെട്ടെന്ന് ഇല്ലാതാവുന്ന ഒരവസ്ഥ, അനിശ്ചിതാവസ്ഥ. 10 ദിവസത്തെ അതിദുരിതങ്ങൾ കടന്നാണ് അദ്ദേഹം വേദനകളുടെ ലോകത്ത് നിന്നും മോചിതനാകുന്നത്. എന്നാൽപ്പോലും, ആ വേർപാട് ഉൾക്കൊള്ളുക പ്രയാസം തന്നെ ആയിരുന്നു.
ഈ ഒരു പുസ്തകം അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു. ഇത് ഇറങ്ങിക്കാണണം എന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ പുസ്തകം പ്രസിദ്ധീകരിക്കുക, ആദ്യകോപ്പി അദ്ദേഹത്തിന് സമർപ്പിക്കുക, അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള വേദിയിൽ അത് പ്രകാശനം ചെയ്യുക എന്നതൊക്കെ എന്റെയും സ്വപ്നമായിരുന്നു. പലപ്പോഴും അദ്ദേഹം തന്നെ 'എന്തായി നമ്മുടെ പുസ്തകം' എന്ന് ചോദിച്ചിട്ടുണ്ട്.
അഞ്ച് തവണ ഹോസ്പിറ്റലിലായ ശേഷമാണ് അദ്ദേഹം മരിക്കുന്നത്. മൂന്നാം തവണ ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിലെത്തിയപ്പോഴും എന്നോട് ചോദിച്ചത് 'നമ്മുടെ പുസ്തകം എന്തായി' എന്നാണ്. അദ്ദേഹം ഉള്ളപ്പോൾ ഒരു പുസ്തകം വരുന്നതിന്റെ ഒരു കരുത്തും ആത്മവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വിയോഗത്തോടെ അത് കുറച്ചൊക്കെ ചോർന്നുപോയി എന്നത് യാഥാർത്ഥ്യമാണ്.
എങ്കിലും, ഈ പുസ്തകം ഞാനദ്ദേഹത്തിന് കൊടുത്ത വാക്കാണ്. അദ്ദേഹത്തിന്റെ 91 -ാം പിറന്നാളിന് കർക്കടകത്തിലെ ഉത്രട്ടാതി(ആഗസ്ത് 13) യിൽ ആ ജീവചരിത്രം പ്രകാശനം ചെയ്യപ്പെടുന്നു. അദ്ദേഹത്തിന് നൽകിയ വാക്ക് ഞാൻ പാലിക്കുന്നു.
ഈ പുസ്തകത്തിന്റെ കാര്യത്തിൽ എനിക്ക് പ്രതിബദ്ധതയുള്ളതും എംടിയോട് മാത്രമാണ്. ഈ മൂന്ന് വർഷക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും സംഘർഷാത്മകമായ, ഏറ്റവും തിരക്കേറിയ, ഏറ്റവും ആശങ്കാജനകമായ ഒരു കാലമായിരുന്നു. ഒപ്പം തന്നെ എം.ടി മാത്രമായിരുന്നു ഇന്നലെ പുസ്തകം പ്രസ്സിലേക്ക് പോകുന്നത് വരെയും മനസിൽ. അതിനാൽ, അവാച്യമായ സന്തോഷത്തിന്റെ നാളുകളും കൂടി ആയിരുന്നു അത്.