
മലയാളികൾക്ക് ആമുഖങ്ങൾ ആവശ്യമില്ലാത്ത കലാകാരനാണ് ജോബ് കുര്യൻ. ഭൂരിപക്ഷം മലയാളികളും തങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും ഏകാന്തതയിലും വിരഹത്തിലും ജോബ് കുര്യനെ കേട്ടിട്ടുണ്ടാവും. പദയാത്ര മുതൽ നിഴൽ വരെ മലയാളികൾ ഒരു ചെറുമൂളൽപോലെ കൂടെകൊണ്ടുനടന്ന നിരവധി ഗാനങ്ങൾ. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച അഗോറയിൽ ജോബ് കുര്യനുമായുള്ള പ്രജുല ബാലകൃഷ്ണന്റെ സംവാദം ശ്രദ്ധേയമായിരുന്നു. തന്റെ സംഗീത യാത്രയും വ്യക്തിജീവിതത്തെയും കുറിച്ച് വാചാലനായ ജോബ് കുര്യൻ തന്നെ സ്വാധീനിച്ച സംഭവങ്ങളെയും സംഗീതത്തിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ചും കാണികളോട് സംവദിച്ചു.
ആലപ്പുഴ സ്വദേശിയായ ജോബ് കുര്യൻ ഗായകനും ഗാനരചയിതാവുമാണ്. കേരളത്തിന്റെ തനതായ നാടൻ സംഗീതപാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ അദ്ദേഹത്തിന്റെ സംഗീതശൈലി, ലോകസംഗീതത്തിന്റെയും ആൾട്ടർനേറ്റീവ് ഫോക്ക് സംഗീതത്തിന്റെയും സ്വാധീനങ്ങൾ സമന്വയിപ്പിക്കുന്നതാണ്. ശാസ്ത്രീയ സംഗീതം, സമകാലിക സംഗീതം, പോപ്പ്, ആൾട്ടർനേറ്റീവ് സംഗീതം തുടങ്ങി വിവിധ ശൈലികൾക്ക് അദ്ദേഹം തന്റെ സംഗീതത്തിൽ ഇടം നൽകുന്നു.
‘കേരളത്തിലെ സ്വതന്ത്ര സംഗീതത്തിന്റെ മുഖം’ (പി. ജയചന്ദ്രൻ മെമ്മോറിയൽ അവാർഡ്സ്), ‘ഈ വർഷത്തെ ഇൻഡി ഐക്കൺ’ (റെസൊണൻസ് അവാർഡ്സ്), സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ (SIIMA) മികച്ച പിന്നണിഗായകനുള്ള പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ജോബ് കുര്യനെ തേടിയെത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന സംഗീതജീവിതത്തിനിടയിൽ, സ്വതന്ത്ര സംഗീതരംഗത്തും മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംഗീതത്തിലൂടെ ശക്തമായ ആഖ്യാനങ്ങൾ തീർക്കുന്ന അദ്ദേഹത്തിന്റെ സവിശേഷമായ ശൈലിയും വൈകാരികമായ ആവിഷ്കാരമികവും ‘പദയാത്ര’, ‘ഭാവം’, ‘കണ്ണോട്’ തുടങ്ങിയ ഗാനങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ‘മ്യൂസിക് മോജോ’, ‘സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്’ തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യവും ‘താളം’ (2008), ‘ഹോപ്പ് പ്രോജക്ട്’ (2017) തുടങ്ങിയ സംരംഭങ്ങളിലെ പങ്കാളിത്തവും അദ്ദേഹത്തെ വേറിട്ട കലാകാരനെന്ന നിലയിൽ അടയാളപ്പെടുത്തി.
‘അന്താരാഷ്ട്ര സംഗീതശൈലിയിൽ ആവിഷ്കരിക്കപ്പെടുന്ന കേരളത്തിന്റെ ആത്മാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംഗീതം, സംഗീതലോകത്ത് ഇന്നും തനതായ ഇടം നിലനിർത്തുന്നു. സ്വതന്ത്ര സംഗീതസംരംഭങ്ങൾക്കപ്പുറം, മലയാള ചലച്ചിത്രരംഗത്തെ പ്രമുഖ സംഗീതസംവിധായകരുടെയെല്ലാം സംഗീതസംവിധാനത്തിൽ അദ്ദേഹം ശബ്ദസാന്നിധ്യം അറിയിച്ചിട്ടുണ്ട്. അവിയൽ, ശങ്കർ ടക്കർ, വെൻ ചായ് മെറ്റ് ടോസ്റ്റ് തുടങ്ങിയ പ്രശസ്ത സംഗീതബാൻഡുകൾക്കൊപ്പവും ഗ്രാമി പുരസ്കാരജേതാവായ റിക്കി കേജിനൊപ്പവും കന്നഡ ചലച്ചിത്രസംഗീതരംഗത്തെ ശ്രദ്ധേയനായ ചരൺ രാജിനൊപ്പവും അദ്ദേഹം സഹകരിച്ചിട്ടുണ്ട്.
ആധികാരികതയും വൈകാരിക ആഴവും നിറഞ്ഞ സംഗീതാവിഷ്കാരങ്ങളിലൂടെ ശ്രദ്ധേയനായ ജോബ് കുര്യന്റെ ഓരോ സൃഷ്ടിയും ജീവിതാനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ്. തന്റെ സംഗീതത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “എന്തായാലും, ഞാൻ യഥാർത്ഥത്തിൽ ആരാണെന്നതിന്റെ വിപുലമായ ആവിഷ്കാരമാണ് എന്റെ സംഗീതം.” അതെ അതിനെ അടിവരയിടന്നതാണ് ജോബിന്റെ ഓരോ ഗാനങ്ങളും.
പദയാത്ര എന്ന തന്റെ ഗാനം പിറവിയെടുക്കാനുണ്ടായ സാഹചര്യവും, മുല്ല, എന്താവോ തുടങ്ങീ ഗാനങ്ങളുടെ ചിത്രീകരണത്തെ കുറിച്ചും പറഞ്ഞ ജോബ്, പത്ത് വർഷങ്ങൾക്ക് മുൻപ് ചെയ്ത 'കണ്ണോട് കണ്ണായിടാം' തുടങ്ങിയ തന്റെ ഗാനങ്ങൾ ഇപ്പോൾ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ വൈറലാവുന്നതിലുള്ള സന്തോഷവും ചർച്ചയിൽ പ്രകടിപ്പിച്ചു.
സിനിമയിൽ നിന്നും വഴിമാറി സ്വന്തന്ത്ര സംഗീതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്നും ജോബ് ചർച്ചയിൽ പരാമർശിക്കുകയുണ്ടായി. സിനിമയിൽ പാടുന്നതും സംഗീതം നൽകുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, സിനിമ പോലെ വലിയ മുതൽ മുടക്കുള്ള കാര്യത്തിൽ സംഗീതം നൽകുമ്പോൾ പലപ്പോഴും കോമ്പ്രമൈസ് ചെയ്യേണ്ടി വരുമെന്നും അത് തനിക്ക് കഴിയില്ലെന്നും ജോബ് വ്യക്തമാക്കി.
പത്ത് പാട്ടുകൾ അടങ്ങുന്ന തന്റെ പുതിയ ആൽബം അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങുമെന്നും തന്റെ ഭ്രാന്തൻ ചിന്തകളുടെ മറ്റൊരു പതിപ്പാണ് ആൽബത്തിലെ ഗാനങ്ങളെന്നും ജോബ് പറയുന്നു. എംആർഐ സ്കാനിങ് എടുക്കാൻ പേടിയുള്ള താൻ, തന്റെ ആ പേടിയെ ആൽബത്തിലെ ഒരു ഗാനമാക്കി താൻ മാറ്റിയിട്ടുണെന്നും ജോബ് പറയുന്നു. കെ.എസ് ചിത്ര, റെക്സ് വിജയൻ, അവിയൽ ബാന്റ്, നെടുമുടി വേണു, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജീവിത പങ്കാളി ആതിര, തന്റെ സുഹൃത്തുക്കൾ തുടങ്ങീ നിരവധി പേർ തന്റെ സംഗീത യാത്രയിൽ എങ്ങനെയാണ് പ്രചോദനമായതെന്നും വ്യക്തിജീവിതത്തിലും ഇവരൊക്കെ എങ്ങനെയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ചർച്ചയിൽ ജോബ് വ്യക്തമാക്കി.