കേരള ടൂറിസം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുമാണ്. സ്ലോ ടൂറിസം, ഉത്തരവാദിത്ത ടൂറിസം, ഏകീകൃത ലൈസൻസിങ് അതോറിറ്റി എന്നിവയിലൂടെ ഈ വെല്ലുവിളികളെ നേരിടാനും സുസ്ഥിരമായൊരു ടൂറിസം മേഖല കെട്ടിപ്പടുക്കാനുമാകുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ് അഗോറയിൽ
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിലും സാമൂഹിക ജീവിതത്തിലും ടൂറിസം മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 1991-ൽ 'ചേസിംഗ് ദി മൺസൂൺ' എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ മഴയും പച്ചപ്പും തേടി യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകാൻ തുടങ്ങി. 'ദൈവത്തിന്റെ സ്വന്തം നാട്' (God's Own Country) എന്ന ബ്രാൻഡിംഗിലൂടെ ലോകശ്രദ്ധ നേടിയ കേരളം, ഇന്ന് മൺസൂൺ ടൂറിസത്തിലൂടെയും ആയുർവേദ-വെൽനസ് ടൂറിസത്തിലൂടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഉൾപ്പെടെ വലിയതോതിൽ ആകർഷിക്കുന്നുണ്ട്. എന്നാൽ സമീപ കാലത്ത് കേരള ടൂറിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.2017-ലെ ഓഖി, 2018-ലെ മഹാപ്രളയം, തുടർന്നുണ്ടായ ഉരുൾപൊട്ടലുകൾ, കൊവിഡ് മഹാമാരി എന്നിവ കനത്ത തിരിച്ചടിയാണ് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് നൽകിയത്. 2019-ൽ 11.5 ലക്ഷം വിദേശ സഞ്ചാരികൾ എത്തിയിരുന്ന സ്ഥാനത്ത്, 2025-26 ൽ അത് എട്ടേകാൽ ലക്ഷത്തിൽ താഴെ മാത്രമാണ്. ഈ സാഹചര്യത്തിലാണ് 'കാലാവസ്ഥ മാറുമ്പോൾ ടൂറിസം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം ഏഷ്യാനെറ്റ് ന്യൂസിന്റെ ഐഡിയ ഫെസ്റ്റ് അഗോറ വിശദമായി ചർച്ച ചെയ്തത്. ടൂറിസം മന്ത്രി പി സി വിഷ്ണുനാഥും ഡോ. മുഹമ്മദ് നഹറുമായിരുന്നു പാനലിസ്റ്റുകൾ. രവിശങ്കർ ആയിരുന്നു മോഡറേറ്റർ.
വേണം സ്ലോ ടൂറിസം
കേരളത്തിന്റെ ടൂറിസം നമ്മൾ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കുമ്പോൾ അത് കേരളത്തിന്റെ പ്രകൃതിയുമായി ബന്ധപ്പെടുത്തി തന്നെയാണ് നമ്മൾ മാർക്കറ്റ് ചെയ്തിരുന്നതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. 'ഗോഡ്സ് ഓൺ കൺട്രി'എന്നൊരു ബ്രാൻഡിങ് തന്നെ വന്നത് നമ്മുടെ പ്രകൃതിസൗന്ദര്യവും മഴയും കായലുകളും മലനിരകളും നമ്മുടെ പ്രശാന്തസുന്ദരമായ അന്തരീക്ഷവും ഒക്കെ പരിഗണിച്ചാണ്. അതായത് പ്രകൃതിയെ ചൂണ്ടിക്കാട്ടിയാണ് നമ്മൾ സഞ്ചാരികളെ ആകർഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിക്കുണ്ടാക്കുന്ന ആഘാതങ്ങൾ ആദ്യം ബാധിക്കുന്നത് നമ്മുടെ ടൂറിസം മേഖലയെ ആണ്. പ്രവചനാതീതമായ കാലാവസ്ഥാ മാറ്റവും മേഘവിസ്ഫോടനങ്ങളും അപ്രതീക്ഷിത മഴയും മലയോര മേഖലകളായ വയനാടിനെയും മൂന്നാറിനെയും തകർക്കുമ്പോൾ, കടൽക്ഷോഭവും തീരശോഷണവും കോവളം, ശംഖുമുഖം തുടങ്ങിയ ലോകപ്രശസ്ത ബീച്ചുകളെ ഇല്ലാതാക്കുന്നുവെന്ന് മന്ത്രി പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. പണ്ട് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ ശംഖുമുഖത്ത് നടത്തിയിട്ടുണ്ട്. എന്നാലിന്ന് ശംഖുമുഖത്ത് സഞ്ചാരികളെ സ്വീകരിക്കാനുള്ള ബീച്ച് പോലുമില്ല. വയനാട്ടിലാകട്ടെ ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മാത്രമുണ്ടായ ദുരന്തം പോലും, വയനാട് ദുരന്തം എന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ടൂറിസം മേഖലയെ മാസങ്ങളോളം സ്തംഭിപ്പിക്കുന്ന അവസ്ഥയുണ്ടായെന്ന് മന്ത്രി വിമർശിച്ചു. ആഗോളതലത്തിൽ തന്നെ 'എക്സ്ട്രീം വെതർ ഇവന്റുകൾ' (Extreme Weather Events) വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള നയരൂപീകരണമാണ് അനിവാര്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് കേരള ടൂറിസം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി അനിയന്ത്രിതമായ 'മാസ് ടൂറിസ'മാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ (Sustainable) ടൂറിസം എന്നതിൽ നിന്ന് മാറി, സഞ്ചാരികളുടെ എണ്ണം മാത്രം കൂട്ടുന്ന പ്രവണത പ്രകൃതിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ആലപ്പുഴയിലെ കായലുകളിൽ അനധികൃത ഹൗസ്ബോട്ടുകൾ നിറയുന്നതും, മൂന്നാർ പോലുള്ള സ്ഥലങ്ങളിൽ ക്യാരിയിങ് കപ്പാസിറ്റി മറികടന്ന് നിർമ്മാണങ്ങളും സഞ്ചാരികളുടെ തിരക്കും ഉണ്ടാകുന്നതും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കും. പല വിനോദസഞ്ചാര കേന്ദ്രങ്ങളും 'ചായയിൽ മുക്കിയ ബിസ്കറ്റ്' പോലെ ദുർബലമായ അവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു. സാധാരണഒരു മഴ പെയ്യുമ്പോഴത്തേക്കും എല്ലാം കൂടി ഇടിഞ്ഞുപൊളിയുന്ന അവസ്ഥയുണ്ട്. ഈ പ്രതിസന്ധികളെ മറികടക്കാൻ കേരളത്തെ ഒരു 'ക്ലൈമറ്റ് റെസിലിയന്റ്' (Climate Resilient) ഡെസ്റ്റിനേഷനാക്കി മാറ്റേണ്ടതുണ്ട്. എത്ര സഞ്ചാരികൾ വരുന്നു എന്നതിനേക്കാൾ, അവർ എത്ര ദിവസം താമസിക്കുന്നു എന്നതിനും അവർക്ക് ലഭിക്കുന്ന മികച്ച അനുഭവങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്. ഇതിനായി ലോകമെമ്പാടും പ്രചാരത്തിലുള്ള 'സ്ലോ ടൂറിസം' (Slow Tourism), ഉത്തരവാദിത്ത ടൂറിസം (Responsible Tourism) എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകണം. തിരക്കേറിയ കേന്ദ്രങ്ങളിൽ നിന്ന് മാറി, ഇതുവരെ അധികം അറിയപ്പെടാത്ത പുതിയ കായലുകളെയും ഗ്രാമങ്ങളെയും ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരണമെന്ന് മന്ത്രി നിർദേശിച്ചു.
ലൈസൻസിങ് അതോറിറ്റി നിർബന്ധം
കേരള ടൂറിസം മേഖല നേരിടുന്ന പ്രധാന ഭരണപരമായ പ്രതിസന്ധി, ലൈസൻസിംഗ് അധികാരം വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്നു എന്നതാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഹൗസ്ബോട്ടുകൾ, ഹോംസ്റ്റേകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, അഡ്വഞ്ചർ ടൂറിസം എന്നിവയ്ക്ക് 1950-ലെ പഞ്ചായത്ത് ആക്റ്റ് പ്രകാരം പഞ്ചായത്തുകളോ എക്സൈസ്, പോർട്ട് തുടങ്ങിയ മറ്റ് വകുപ്പുകളോ ആണ് അനുമതി നൽകുന്നത്. ഇതുമൂലം ഇവയുടെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കാൻ ടൂറിസം വകുപ്പിന് യാതൊരു നിയന്ത്രണവുമില്ല. വെഞ്ഞാറമൂട് അമ്യൂസ്മെന്റ് പാർക്കിലുണ്ടായതുപോലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ, അത് പഞ്ചായത്ത് ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിൽ കൂടി, പൊതുസമൂഹത്തിലും മാധ്യമങ്ങളിലും അത് 'കേരള ടൂറിസത്തിന്റെ' വീഴ്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇതിനുപുറമെ കെ.എസ്.ആർ.ടി.സി, വൈദ്യുതി, ഇറിഗേഷൻ, വനം, കൃഷി എന്നിങ്ങനെ വിവിധ വകുപ്പുകൾ ടൂറിസം വകുപ്പിന്റെ ഏകോപനമില്ലാതെ സ്വന്തം നിലയ്ക്ക് 'പാർട്ട്-ടൈം' ടൂറിസം പദ്ധതികൾ നടത്തുന്നത് ടൂറിസം വകുപ്പിനെ സംബന്ധിച്ച് വെല്ലുവിളി ആണെന്ന് മന്ത്രി പറഞ്ഞു. കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേതുപോലെ അഡ്വഞ്ചർ ടൂറിസത്തെയും മറ്റ് അനുബന്ധ മേഖലകളെയും നിയന്ത്രിക്കാൻ, ടൂറിസം വകുപ്പിനെ ഒരു ഏകീകൃത ലൈസൻസിംഗ്, റെഗുലേറ്ററി അതോറിറ്റിയാക്കി മാറ്റുന്നതിനുള്ള നിയമനിർമ്മാണം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇനി ഭാവി ഇമ്മേഴ്സീവ് ടൂറിസത്തിന്
മറ്റൊരു പ്രധാന വിഷയം കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ഭക്ഷ്യ-കാർഷിക മേഖലയെയും അതുവഴി ടൂറിസത്തെയും ബാധിക്കുന്നു എന്നതാണെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നുവന്നു. കേരളത്തിന്റെ തനത് ഭക്ഷണരീതി സഞ്ചാരികളുടെ പ്രധാന ആകർഷണമാണെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലം കോഴിക്കോട്-തലശ്ശേരി ബിരിയാണിയുടെ പ്രധാന ചേരുവകളായ 'കൈമ' (വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നത്), 'ജീരകശാല' (വയനാട്ടിൽ കൃഷി ചെയ്യുന്നത്) എന്നീ അരികളുടെ ലഭ്യത കുറയുകയും പരമ്പരാഗത ബിരിയാണി ബസ്മതി അരിയിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതിന് പരിഹാരമായി കൃഷിയെയും ടൂറിസത്തെയും സംയോജിപ്പിക്കുന്ന സമഗ്രമായ സമീപനമാണ് വേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള നെല്ലിനമായ കേരളത്തിന്റെ 'പൊക്കാളി' കൃഷിയെ ഒരു ആഗോള അഗ്രി-ടൂറിസം ഉൽപ്പന്നമാക്കി മാറ്റാനാകും. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ മേഘാലയയിൽ നടപ്പിലാക്കുന്ന പദ്ധതി ഇതിന് മികച്ച ഉദാഹരണമാണെന്ന് ഡോ. മുഹമ്മദ് നഹർ പറഞ്ഞു. അവിടെ കാലാവസ്ഥയെ അതിജീവിക്കുന്ന വിളകൾ കൃഷി ചെയ്യുന്നതിനൊപ്പം, ആ ഉൽപ്പന്നങ്ങൾ പ്രാദേശികമായിത്തന്നെ വിറ്റഴിക്കാൻ മൗസിൻറാമിൽ 'റെയിൻ മ്യൂസിയം' പോലുള്ള പദ്ധതികളിലൂടെ സഞ്ചാരികളെ ആകർഷിക്കുന്നു. സമാനമായ രീതിയിൽ കേരളത്തിൽ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെയും മറ്റും കൃഷിയെയും ടൂറിസത്തെയും കോർത്തിണക്കാനാകും. പ്രകൃതിഭംഗി മാത്രം കാണിച്ച് സഞ്ചാരികളെ ആകർഷിക്കുന്നതിന് പകരം, അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക കൃഷിയും ഭക്ഷണവും സംസ്കാരവും ഉൾപ്പെടുന്ന ഒരു 'ഇമ്മേഴ്സീവ് ടൂറിസം' ഇക്കോസിസ്റ്റം വളർത്തിയെടുത്താൽ മാത്രമേ കേരള ടൂറിസത്തിന് ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽപ്പുള്ളൂവെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു.


