ഡിജിറ്റൽ ഇന്ത്യയിലൂടെ സേവനങ്ങളിലെ അഴിമതി കുറയ്ക്കാനായെന്നും എഐ തൊഴിൽരംഗത്ത് മാറ്റങ്ങൾ വരുത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് അഗോറയിൽ രാജീവ് ചന്ദ്രശേഖറും ക്രിസ് ഗോപാലകൃഷ്ണനും പറഞ്ഞു

എഐയുടെ കാലത്ത് ഇന്ത്യയുടെ സാങ്കേതിക ഭാവിയും തൊഴിൽസാധ്യതകളും നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് സർക്കാർ ആണ്. യുവാക്കൾക്ക് മികച്ച തൊഴിലവസരം സൃഷ്ടിക്കുകയും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന വിധത്തിൽ നിരവധി സംരംഭങ്ങൾ രാജ്യത്ത് തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ

ലോകരാജ്യങ്ങൾക്കിടയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ഇന്ത്യയ്ക്കാവും. അത്തരത്തിൽ സാങ്കേതിക വിദ്യ എങ്ങനെയാണ് ഇന്ന് രാജ്യത്തിന്റെയും കേരള സംസ്ഥാനത്തിന്റെയും മുന്നേറ്റത്തിന് ഇടം സൃഷ്ടിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട ചർച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച അഗോറയിൽ നടക്കുകയുണ്ടായി. മുൻ കേന്ദ്രമന്ത്രിയും നിലവിലെ നേമം എംഎൽയുമായ രാജീവ് ചന്ദ്രശേഖർ, ഇൻഫോസിസ് സഹസ്ഥാപകനായിരുന്ന ക്രിസ് ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു ചർച്ച നയിച്ചത്. ഡോ ടോണി തോമസ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. എഐ വരുന്നതോടെ തൊഴിൽ ഘടനയിൽ വലിയ മാറ്റങ്ങൾ വരുമെന്ന് ചർച്ചയിൽ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതും ബിസിനസ് നടത്തുന്നതും പഠിക്കുന്നതും ജോലി ചെയ്യുന്നതും ഭരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നതുമുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവസരങ്ങൾ, നൂതനാശയങ്ങൾ, ഉത്തരവാദിത്തം, സമൂഹത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളും ഇത് ഉയർത്തുന്നു.

ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽനിന്ന് നിർമിതബുദ്ധി തുറന്നിടുന്ന പുതിയ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കുമാണ് ഇന്നത്തെ ചർച്ച പ്രധാനമായും കേന്ദ്രീകരിച്ചത്. ബിപിഎൽ മൊബൈൽ സ്ഥാപിക്കുകയും പിന്നീട് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ സാങ്കേതിക സംരംഭകനെന്ന നിലയിലും നയരൂപകർത്താവെന്ന നിലയിലുമുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഇൻഫോസിസിന്റെ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഇന്ത്യൻ സാങ്കേതിക വ്യവസായത്തെ ആഗോളതലത്തിൽ മത്സരക്ഷമമായ നിലയിലെത്തിക്കുന്നതിൽ വഹിച്ച പങ്കും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

യുപിഐയും ആധാറും നിലവിൽ വരുന്നതിന് മുമ്പ് ഡിജിറ്റൽ ഇടപാടുകളും പൊതുസേവനങ്ങളും ലഭ്യമാക്കാൻ വലിയ സമയവും രേഖാപരമായ നടപടികളും ആവശ്യമായിരുന്നു. എന്നാൽ ഇന്ന് മൊബൈൽ ഫോണിലൂടെ പണമിടപാടുകൾ നടത്താനും സേവനങ്ങൾ ലഭ്യമാക്കാനും വ്യക്തിത്വം തെളിയിക്കാനും സാധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ഈ പരിവർത്തനത്തിൽ അടുത്തറിയുകയും നേരിട്ട് പങ്കാളിയാവുകയും ചെയ്ത മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഇനി കൈവരിക്കേണ്ട ലക്ഷ്യങ്ങളും വിശദീകരിക്കണമെന്ന് അവതാരകൻ രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു.

2015-16 കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ താനും ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ സദസ്സിലുണ്ടായിരുന്നുവെന്നും സംരംഭകരെ സൃഷ്ടിക്കുന്നതിനോ യൂണികോൺ കമ്പനികൾ രൂപീകരിക്കുന്നതിനോ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഭരണസംവിധാനത്തെ എങ്ങനെ പരിവർത്തനം ചെയ്യാമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ആധാർ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും യുപിഐ ഉൾപ്പെടെയുള്ള വിവിധ സംവിധാനങ്ങൾ കൂട്ടിച്ചേർത്ത ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും ചെയ്തതോടെ പൗരന്മാരും സർക്കാരും തമ്മിലുള്ള ഇടപെടലുകളിൽ ഇടനിലക്കാരുടെ സ്വാധീനം ഗണ്യമായി കുറഞ്ഞുവെന്നും ആദ്യമായി ഒരു പൗരന് സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന സാഹചര്യമുണ്ടായി. വരിനിൽക്കേണ്ടതില്ല, ആരെയും വിളിക്കേണ്ടതില്ല, കൈക്കൂലി നൽകേണ്ടതില്ല. ഏറ്റവും പ്രധാനമായി, അർഹതപ്പെട്ട വ്യക്തിക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

"2014-ൽ വിവിധ സംസ്ഥാനങ്ങളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കായി (ബിപിഎൽ) കാർഡുകൾ വിതരണം ചെയ്തിരുന്നു. അന്ന് ഞാൻ കർണാടകയിലായിരുന്നു. സംസ്ഥാനത്ത് വിതരണം ചെയ്ത ബിപിഎൽ കാർഡുകളുടെ എണ്ണം അവിടത്തെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയിലധികമായിരുന്നു. വ്യാജ ഗുണഭോക്താക്കളുടെയും ക്രമക്കേടുകളുടെയും വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു ഈ കണക്ക്. ഡിജിറ്റൽ ഇന്ത്യ പ്രധാനമായും രണ്ട് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ഒന്നാമതായി, സർക്കാരും പൗരന്മാരും തമ്മിലുള്ള വിശ്വാസം ശക്തിപ്പെട്ടു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണിത്. രണ്ടാമതായി, സർക്കാർ സേവനങ്ങളും സബ്‌സിഡികളും വിതരണം ചെയ്യുന്നതിലെ ചോർച്ചയും അഴിമതിയും വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു." രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

നിർമിതബുദ്ധിയെക്കുറിച്ചുള്ള ചർച്ചകളിൽ ആദ്യം ഉയരുന്ന ചോദ്യം അത് മനുഷ്യരുടെ തൊഴിലുകൾ ഇല്ലാതാക്കുമോ എന്നതാണെന്ന് അവതാരകൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ മാറ്റങ്ങളെ എങ്ങനെ നേരിടണം, അവർക്ക് എന്തൊക്കെ കഴിവുകൾ ആർജിക്കണം, നിലവിലുള്ള പഠനരീതികൾ തുടരുന്നത് മതിയോ തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇതിന് മറുപടിയായി ക്രിസ് ഗോപാലകൃഷ്ണൻ ചൂഡണികാണിച്ച കാര്യങ്ങളും ശ്രദ്ധേയമായിരുന്നു.

"പാശ്ചാത്യ രാജ്യങ്ങളിലും അമേരിക്കയിലും ഏതാനും കമ്പനികൾ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. എന്നാൽ ഇന്ത്യയിൽ അടിസ്ഥാന ഡിജിറ്റൽ പൊതുസൗകര്യങ്ങൾ സർക്കാർ ഒരുക്കുകയും അതിന് മുകളിൽ സ്വകാര്യ മേഖലയുടെ നൂതനാശയങ്ങളും സംരംഭകത്വവും വളരുകയും ചെയ്യുന്ന മാതൃകയാണ് വികസിച്ചത്. ഈ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന വലിയൊരു വിഭാഗം വിവരങ്ങൾ പൊതുമേഖലയിൽ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ നാം കൂടുതൽ ഉപയോഗപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട് അടുത്തതായി സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന വിപ്ലവം ഡിജിറ്റൽ വായ്പാ മേഖലയിലാണ്. യുപിഐ ഇടപാടുകൾ, ജിഎസ്ടി നെറ്റ്‌വർക്ക് വിവരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വ്യക്തികൾക്കും ചെറുകിട സംരംഭങ്ങൾക്കും വായ്പ ലഭ്യമാക്കാൻ സാധിക്കും. സാമ്പത്തിക ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിലും ഇത് നിർണായകമാകും." ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

‘സാങ്കേതികവിദ്യകളിൽ ഏറ്റവും മാറ്റംമ് സൃഷ്ടിക്കാൻ കഴിവുള്ളത് എഐ’

"ഇതുവരെ കണ്ട കമ്പ്യൂട്ടർ-വിവരസാങ്കേതിക വിദ്യകളിൽ ഏറ്റവും വലിയ പരിവർത്തനം സൃഷ്ടിക്കാൻ സാധ്യതയുള്ള സാങ്കേതികവിദ്യയാണ് എഐ. കാരണം, ആദ്യമായി മനുഷ്യനേക്കാൾ ഉയർന്ന ബുദ്ധിശേഷിയുള്ള ഒരു സംവിധാനം നമുക്ക് മുന്നിലെത്തുകയാണ്. നമ്മുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും എഐ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. നാം എന്ത് കാണണം, എന്ത് വായിക്കണം, എന്ത് വാങ്ങണം, എങ്ങനെ ഇടപാടുകൾ നടത്തണം തുടങ്ങിയ കാര്യങ്ങളിൽ അൽഗോരിതങ്ങൾ ഇതിനകം തന്നെ നിർണായക പങ്കുവഹിക്കുന്നു. ഭാവിയിൽ വായ്പ അനുവദിക്കുന്നതും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങളിലും എഐയുടെ സ്വാധീനം വർധിക്കും. അതായത്, മനുഷ്യർക്ക് പകരം യന്ത്രങ്ങൾ കൂടുതൽ തീരുമാനങ്ങൾ എടുക്കുന്ന ലോകത്തിലേക്കാണ് നാം നീങ്ങുന്നത്. ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകും. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ആദ്യം മാറേണ്ടത് വിദ്യാഭ്യാസ സമ്പ്രദായമാണ്. എഐയുടെ സാധ്യതകൾ ഉൾക്കൊള്ളുന്ന രീതിയിൽ പാഠ്യപദ്ധതിയും പഠനരീതികളും പരിഷ്കരിക്കേണ്ടതുണ്ട്. എഐയുടെ വരവോടെ പ്രശ്നപരിഹാരത്തിനും ചിന്താപ്രക്രിയയുടെ ചില ഭാഗങ്ങൾക്കും യന്ത്രങ്ങളുടെ സഹായം തേടാൻ കഴിയും. അതിനാൽ വിദ്യാർഥികൾ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ എങ്ങനെ ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റം അനിവാര്യമാണ്." ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.

എഐ ആദ്യം വലിയ തോതിൽ സ്വാധീനിച്ച മേഖലകളിലൊന്നാണ് സോഫ്റ്റ്‌വെയർ വികസനമെന്നും . കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന വിദ്യാർഥികൾ പ്രോഗ്രാമിങ് ഭാഷകളും കോഡ് എഴുതാനുള്ള രീതികളും പഠിക്കുന്നുണ്ട്. എന്നാൽ ഇത്തരം പല ജോലികളും എഐക്ക് ഏറ്റെടുക്കാൻ കഴിയും. അതിനാൽ പാഠ്യപദ്ധതിയും സോഫ്റ്റ്‌വെയർ വികസനരീതികളും പുനഃക്രമീകരിക്കേണ്ടിവരുംമെന്നും അദ്ദേഹം പറയുന്നു.

YouTube video player