പൊന്നാനിയിലെ പുനര്‍ഗേഹം: സ്വപ്ന പദ്ധതിയിൽ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ജീവിതം

Published : Sep 17, 2025, 04:10 PM IST
Punargeham in Ponnani

Synopsis

കടലാക്രമണ ഭീഷണിയിലുള്ള 128 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പൊന്നാനിയിൽ നടപ്പിലാക്കിയ പുനർഗേഹം പദ്ധതി പരാജയം. ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളിൽ തന്നെ താമസക്കാരുടെ ജീവിതം ദുരിതപൂർണ്ണമായി.

 

ടലാക്രമണ ഭീഷണിയിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാനാണ് കേരള സർക്കാർ പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കിയത്. തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റര്‍ പരിധിക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനായിട്ടാണ് ലൈഫ് മിഷന് കീഴിൽ പുനർഗേഹം പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലും പുനർഗേഹം പദ്ധതിയുടെ ഭാഗമായി 128 കുടുംബങ്ങളെ പുതുതായി പണിത ഭവന സമുച്ചയത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. 2021 സെപ്റ്റംബർ 16-ന് ഉദ്ഘാടനം ചെയ്തപ്പോൾ വലിയ പ്രതീക്ഷകളോടെയായിരുന്നു കുടുംബങ്ങൾ പുതിയ വീടുകളിൽ പ്രവേശിച്ചത്. എന്നാൽ, വെറും അഞ്ചു വർഷത്തിനകം തന്നെ, ഗുണഭോക്താക്കളുടെ ജീവിതം ദുരിതക്കടലിലാണെന്ന് തെളിയിക്കുന്നതാണ് അവിടെ നിന്നുള്ള കാഴ്ചകൾ.

മലിനജലത്തിന്‍റെ ദുരന്തം

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കെട്ടിട നിർമ്മാണ ചട്ടം പാലിക്കാതെയാണ് സര്‍ക്കാര്‍ പുനർഗേഹങ്ങൾ നിര്‍മ്മിച്ചിട്ടുള്ളത് എന്നതിന് തെളിവാണ് പൊന്നാനിയിലെ 128 വീടുകളും. ഈ പദ്ധതിയിൽ സര്‍ക്കാര്‍ മലിനജല സംസ്കരണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. വീടുകൾക്ക് മുൻപിലും ബ്ലോക്കുകൾക്കിടയിലും ഇന്ന് ശുചിമുറികളിലെ മലിനജലം കെട്ടിക്കിടക്കുന്നു. ചെറിയ മഴ പെയ്താൽ തന്നെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ്, വെള്ളം വീടിനുള്ളിലേക്ക് കയറുന്ന അവസ്ഥയാണ്. ദുര്‍ഗന്ധവും കൊതുകുകളുടെ ആക്രമണവും സഹിച്ച്, കുട്ടികൾ അടക്കം പലരും ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. പരാതികൾ പറഞ്ഞു മടുത്ത താമസക്കാർ ഇപ്പോൾ എല്ലാം സഹിച്ച് ജീവിക്കുകയാണ്.

വീടുകൾക്ക് വിള്ളൽ

ഉദ്ഘാടനം കഴിഞ്ഞ് വെറും എട്ട് മാസം കഴിഞ്ഞപ്പോൾ തന്നെ വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങി. ഇപ്പോൾ 16 ബ്ലോക്കുകളിലായി കുറഞ്ഞത് രണ്ട് വീടുകളിൽ എങ്കിലും അപകടകരമായ വിള്ളലുകൾ കാണാം. ആർക്കും ഇതുവരെയായും വീട്ടു നമ്പർ പോലും നൽകിയിട്ടില്ല. വീടുകളുടെ നിർമ്മാണത്തിനായി ശരാശരി 10 ലക്ഷം രൂപ ചെലവഴിക്കപ്പെട്ടിട്ടും താമസക്കാർക്ക് സുരക്ഷിതമായ ആശ്രയമായി ഈ വീടുകൾ മാറിയിട്ടില്ല.

പാലിക്കാത്ത വാഗ്ദാനങ്ങൾ

പുനർധിവാസത്തിനൊപ്പം കുട്ടികൾക്ക് ഒരു മൈതാനം, മെഡിക്കൽ സൗകര്യം, സൗജന്യ കുടിവെള്ളം, ഓഡിറ്റോറിയം, സ്റ്റോർ, മാലിന്യ സംസ്കാരണം തുടങ്ങിയ നിരവധി അനുബന്ധ സൗകര്യങ്ങൾ കൂടി പുനർഗേഹം പദ്ധതിയുടെ പേരില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇവിടെ താമസിക്കുന്നവര്‍ ആരും തന്നെ ഇതുവരെയായും അത്തരത്തിലൊന്നും അവിടെ കണ്ടെത്തിയിട്ടില്ല. കുട്ടുകളുടെ മൈതാനത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്ത് കല്യാണ മണ്ഡപത്തിന്‍റെ പണി നടക്കുകയാണ്. സൗജന്യമായി നൽകുമെന്ന് പറഞ്ഞിരുന്ന കുടിവെള്ളത്തിന്‍റെ ബില്ലുകൾ താമസക്കാരെ തേടിയെത്തുന്നു.

പരിശോധനയും ക്രമക്കേടുകളും

വിള്ളലുകൾക്കും മലിനജല പ്രശ്നങ്ങൾക്കും പിന്നാലെ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ നടത്തിയ പരിശോധനയിൽ, കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പലതും ലംഘിക്കപ്പെട്ടതും മലിനജല സംസ്കരണ സംവിധാനത്തിലെ വീഴ്ചകളും ഗുരുതര ക്രമക്കേടുകളാണെന്ന് കണ്ടെത്തി. പിന്നാലെ പൊന്നാനി ഹാർബർ എൻജിനീയറിങ് വകുപ്പിലെ മുൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

തടവിലായ ജീവിതം

128 കുടുംബങ്ങളെ കടലാക്രമണ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ആരംഭിച്ച പദ്ധതി, ഇന്ന് അക്ഷരാര്‍ത്ഥത്തിൽ ‘ദുരിത ഗേഹം’മായിമാറി. വീടുകൾക്ക് ചുറ്റും മലിനജലവും വിള്ളലുകളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, സമീപത്തെ മണൽ ഖനനം കൊണ്ടുള്ള ഭീഷണിയും എല്ലാം കൂടി പുനര്‍ഗേഹത്തിലെ കുടുംബങ്ങളുടെ ജീവിതം തടവിലാക്കപ്പെട്ടിരിക്കുന്നു. പുനരധിവാസം സർക്കാർ നേട്ടപ്പട്ടികയിലെ ഒരു പദ്ധതിയാകാം, അത് ഉദ്യോഗസ്ഥർക്ക് ഒരു വെറും ജോലി മാത്രമാകാം. പക്ഷേ, ഗുണഭോക്താക്കൾക്ക്, അത് ജീവിതവും പ്രതീക്ഷയും തന്നെയാണ്. എന്നാൽ ആ പ്രതീക്ഷകൾ ഇന്നിവിടെ ചോരുകയാണെന്നതാണ് യാഥാർത്ഥ്യം.

 

 

PREV
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം